താരാട്ടും ഡോക്ടറേറ്റും

ഫൗസിയ ഷംസ് No image

പെണ്‍മക്കളെ കെട്ടിക്കാനൊരുങ്ങുമ്പോള്‍ എന്തായിരിക്കും സ്ത്രീധനമായി കൊടുക്കേണ്ടത് എന്നതായിരുന്നു കുറച്ചുകാലം മുമ്പുവരെയുള്ള ചോദ്യം. എന്നാലിന്ന് വിവാഹമാലോചിക്കുമ്പോള്‍ പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ആധിയും ജിജ്ഞാസയും തുടര്‍ന്നും പഠിക്കാനയക്കുമോ ജോലിക്കയക്കുമോ എന്നായി മാറിയിട്ടുണ്ട്. പുസ്തകത്താളുകള്‍ അടച്ചുവെച്ച് പേന മൂലക്കുവെച്ച് ചട്ടിയും കലവും മാത്രം പിടിക്കേണ്ടതാണ് ഇനിയുള്ള കാലമെന്ന് മംഗലം കഴിഞ്ഞുള്ള കാലത്തെക്കുറിച്ച് ചില പെണ്‍കുട്ടികളെങ്കിലും ധരിച്ചിട്ടുണ്ട്. കെട്ട്യോനും കുട്ടികളുമായാല്‍ പിന്നൊന്നും നടക്കില്ലെന്ന പൊതുധാരണ തിരുത്തി അക്കാദമിക ഗവേഷണ രംഗത്തുനിന്ന് ഒരുപാട് പെണ്‍കുട്ടികളും അവരെ ആ നിലയിലെത്തിക്കാന്‍ കൂടെനിന്ന ഭര്‍ത്താക്കന്മാരും കുടുംബവും നമുക്ക് മുമ്പിലേക്കു വരികയാണ്.

തസ്‌നീമിനന്ന് 19 വയസ്സേ ഉള്ളൂ. മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനി. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ ്ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്  എം.ഇ.എസ് എഞ്ചിനീയറിംഗ് കോളെജ് ലക്ചറായ ബദീഉസ്സമാനുമായുള്ള വിവാഹം നടന്നത്. പ്രൊഫസര്‍ കമാല്‍ പാഷയുടെയും പ്രഫസര്‍ ഹബീബ പാഷയുടെയും മകളായ തസ്‌നീമിന് തുടര്‍ന്നു പഠിക്കാനനുവദിക്കണമെന്ന് ഭര്‍തൃവീട്ടുകാരോട് നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അത്തരമൊരു ചുറ്റുപാടിലുള്ളവനായിരുന്നു വരന്‍. പഠിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തസ്‌നീമിനു തന്നെ. പത്താം ക്ലാസ്സ് പ്രീഡിഗ്രി പരീക്ഷകളില്‍ സ്‌കൂള്‍ കോളെജ് ടോപ്പറായിരുന്നെങ്കിലും എഞ്ചിനീയറിംഗിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ശരാശരിക്കു തൊട്ടു മുകളിലായി ഒരു പോക്കങ്ങനെ പോകുകയായിരുന്നു. പിന്നീട് വിവാഹ ശേഷം അവള്‍ ഉയര്‍ന്ന മാര്‍ക്കോടെ ഉയരങ്ങള്‍ കീഴടക്കുന്നതാണ് കണ്ടത്.

മൂന്ന് ആണ്‍മക്കളുടെ ഉമ്മയായി കാര്യപ്രാപ്തിയോടെ കുടുംബജീവിതം നയിക്കുമ്പോള്‍ തന്നെയാണ് അക്കാദമിക് രംഗത്തെ മികച്ച ഇടം കണ്ടെത്താനുള്ള ശ്രമം ഫലപ്രാപ്തിയിലെത്തിയതും. വിവാഹത്തിനു വേണ്ടി പഠനവും പഠനത്തിനു വേണ്ടി വിവാഹവും പ്രസവവും തസ്‌നീം മാറ്റിവെച്ചില്ല. എല്ലാം ജീവിതത്തിന്റെ ഭാഗമെന്നപോലെ കൂടെ കൊണ്ടുനടന്നു കഠിന്വാധ്വാനത്തോടെയും അര്‍പണബോധത്തോടെയും ലക്ഷ്യബോധത്തോടെയും പഠനമേഖലയില്‍ മുന്നേറിയതിനാലാണ് തസ്‌നീമിന് ആഗ്രഹിച്ചതുപോലെ ഡോക്ടറേറ്റ് നേടാനായത്.

വിവാഹ ശേഷം ഹോസ്റ്റലില്‍ താമസിച്ച് എഞ്ചിനീയറിംഗ് ബിരുദ പഠനം തുടര്‍ന്ന തസ്‌നീമിന് ബിരുദം പൂര്‍ത്തിയായ ഉടനെയായിരുന്നു ആദ്യ കുഞ്ഞ് പിറന്നത്. അന്ന് എഞ്ചിനീയറിംഗ് അധ്യാപന ജോലിക്ക് ബിരുദം മതിയായിരുന്നതിനാല്‍, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളെജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അന്ന് കുട്ടിക്ക് ആറുമാസം പ്രായമേ ആയിട്ടുണ്ടായിരുന്നുളളൂ. നാലുവര്‍ഷത്തെ ജോലിക്കു ശേഷമാണ് എം.ടെക് ചെയ്യണമെന്നുതോന്നിയത്. രണ്ടുതവണ എഴുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. മൂന്നാമത്തെ തവണ ഗേറ്റ് കിട്ടിയേ അടങ്ങൂവെന്ന വാശിയുണ്ടായിരുന്നു. അധ്യാപനജോലിയില്‍ നിന്നും ലീവെടുത്ത് അലീഗര്‍ യൂനിവേഴ്റ്റിയില്‍ പി.എച്ച.ഡിക്കു പോകുന്ന ഭര്‍ത്താവിനൊപ്പം കൂടണമെങ്കില്‍ എം.ടെക് അഡ്മിഷനും അതു കിട്ടാന്‍ ഗേറ്റ് യോഗ്യതയും അത്യാവശ്യമാണെന്നതു തന്നെ കാരണം. അങ്ങനെ ലക്ഷ്യബോധത്തോടെ പഠിക്കാനുറച്ചപ്പോള്‍ വലിയൊരു കടമ്പയായി തോന്നിയ ഗേറ്റ് കടന്നു. അങ്ങനെ 2008-ല്‍ ബദീഉസ്സമാന്‍ തസ്‌നീം ദമ്പതികള്‍ അലീഗര്‍ സര്‍വകലാശാല കാമ്പസിനകത്തെ പഠിതാക്കളായി. ഒരുപക്ഷേ കുട്ടികളുമായി അലിഗറില്‍ പഠനത്തിനെത്തിയ ആദ്യ മലയാളി ദമ്പതികള്‍ ഇവരാകും. പിന്നീട് ഒരുപാട് ദമ്പതികള്‍ക്ക് പഠനത്തിനായി അലീഗറിലെത്താന്‍ ഇവരുടെ സാഹസം ധൈര്യം പകര്‍ന്നു.

എന്നാല്‍ പറയുന്നത്ര എളുപ്പമൊന്നുമല്ല പഠനവും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോവുക എന്നത്. അതിനെക്കുറിച്ച് നല്ല ബോധ്യം തസ്‌നീമിനുണ്ടായിരുന്നു. 'രണ്ടുപേരും കോളെജില്‍ നിന്നും ലീവെടുത്താണ് പഠിക്കുന്നത്. ആകെയുള്ളത് രണ്ടുപേരുടെയും സ്റ്റൈപ്പെന്റും എം.ഇ.എസ്. കോളേജ് നല്‍കുന്ന ചെറിയ തുകയും.  നാലു വയസ്സുള്ള മൂത്ത മകനെ എല്‍.കെ.ജിയില്‍ ചേര്‍ത്തു. ഒന്നര വയസ്സുമാത്രമേ രണ്ടാമത്തെ മോന് ആയിട്ടുള്ളൂ. കാലാവസ്ഥ അത്ര യോജിച്ചതുമല്ല. തണുപ്പ് ചിലപ്പോള്‍ മൂന്ന് ഡിഗ്രിവരെ താഴും. ചൂടാണെങ്കില്‍ 45 ഡിഗ്രിവരെ ഉയരും. ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി കറണ്ടുപോകുന്ന അവസ്ഥ. സാഹചര്യങ്ങളെയത്രയും ഒരുപോലെ നേരിട്ടുവേണം പഠനം മുന്നോട്ടുനീക്കാന്‍. രണ്ടാളും പഠിതാക്കളായതിനാല്‍ കുട്ടിയെ നോക്കാന്‍ ആളില്ലാതെ പറ്റില്ല. അന്യ നാടായതിനാല്‍ അവിടുത്തുകാരെ അങ്ങനെ ഏല്‍പിച്ചു പോകാനുള്ള ധൈര്യവും ഇല്ല .നാട്ടില്‍ നിന്നു കൊണ്ടുപോകുന്ന ആളുകള്‍ക്കാണെങ്കില്‍ ഡല്‍ഹി അവസ്ഥകള്‍ അത്ര പിടിക്കുന്നുമില്ല. രണ്ടോ മൂന്നോ മാസത്തേക്കെന്നു പറഞ്ഞു ഓരോരുത്തരെ കൊണ്ടുപോകും. എന്നാലും വീട്ടില്‍ കുട്ടിയെ നോക്കാനുള്ള ആളുകളെ കൂടെക്കൂടെ മാറ്റേണ്ടിയും വന്നു. അങ്ങനെ ആറ് ചേച്ചിമാരെ കൊണ്ടുവന്നു'. തസ്‌നീം പറയുന്നു. ഇങ്ങനെ പ്രതികൂല അവസ്ഥകളെ നേരിടേണ്ടി വന്നതിനാല്‍ അതൊക്കെ മുന്നില്‍കണ്ട് അന്നന്നു പഠിക്കാനുള്ള പാഠഭാഗങ്ങള്‍ അന്നന്നു തന്നെ പഠിച്ചുതീര്‍ത്തു. 'ഏതു സമയത്താണ് മക്കള്‍ക്ക് അസുഖം വരിക, കുട്ടികളെ നോക്കാന്‍ ആളില്ലാതാവുക എന്നറിയില്ലല്ലോ.' പഠിക്കുകയും പഠിച്ച  ഭാഗങ്ങള്‍  റിവിഷന്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. അലീഗഡ് കാമ്പസിലെ ദിനങ്ങള്‍ തസ്‌നീം ഓര്‍ക്കുന്നത് ഇങ്ങനെ. 2010-ല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോളില്‍ എം.ടെക് പൂര്‍ത്തീകരിച്ചത് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്കുമായി. അലീഗറില്‍ തന്നെ തന്റെ പ്രിയ അധ്യാപകരായ ഡോ: യൂസുഫുസ്സമാന്‍ ഖാനും ഡോ: ഉമര്‍ ഫാറൂഖിനും കീഴില്‍ പി.എച്ച.ഡി ചെയ്യാനായിരുന്നു ആഗ്രഹമെങ്കിലും ചില അസൗകര്യങ്ങളാല്‍ കാലിക്കറ്റ് എന്‍.ഐ.ടിയില്‍ പി.എച്ച്.ഡി ക്കു ചേര്‍ന്നു.2011-ലായിരുന്നു ഇത്.്

ഒരു പെണ്ണിന് സമൂഹത്തില്‍ അവളാഗ്രഹിച്ച എന്തെങ്കിലുമൊന്ന് ആവണമെങ്കില്‍ കുടുംബത്തില്‍ മാത്രമല്ല ത്യാഗങ്ങള്‍ അനുഭവിക്കേണ്ടത്. സമൂഹത്തോടു തന്നെ പൊരുതേണ്ടി വരും. നമ്മുടെ പൊതു ഇടങ്ങളൊന്നും തന്നെ സ്ത്രീ സൗഹൃദപരമല്ലായെന്നതുതന്നെയാണതിനു കാരണം. അത്തരമൊരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു തസ്‌നീമിന്റെ പി.എച്ച്.ഡി പഠനകാലം. ഗവേഷണ വിദ്യാര്‍ഥിനികളായ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ചുരുക്കം ചില യൂനിവേഴ്‌സിറ്റികള്‍ മാത്രമാണ് സ്റ്റെപ്പെന്റോടുകൂടിയ ലീവ് അനുവദിക്കുന്നത്. ഉളള യൂനിവേഴ്‌സിറ്റികള്‍ തന്നെ സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് ഈ ആനുകൂല്യം മുടക്കാന്‍ ശ്രമിക്കും. വലിയ എടങ്ങേറിനൊന്നും വയ്യെന്നു പറഞ്ഞ് പഠിതാക്കളായ സ്ത്രീകളും ഒഴിഞ്ഞു മാറും. പി.എച്ച്.ഡി റെഗുലേഷനിലെ മുെലൃ ഴീ്‌ലൃിാലി േീള കിറശമ ിീൃാ െഎന്ന വാചകത്തില്‍ പിടിച്ച് ശ്രമം നടത്തിനോക്കാമെന്നുറച്ചു തസ്‌നീം. ശമ്പളത്തോടുകൂടി ആറ് മാസം പ്രസവാവധിയും കുട്ടികളുടെ പരിപാലനത്തിനായി  രണ്ട് വര്‍ഷം അധിക അവധിയും അനുവദിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നിയമം നിലനില്‍ക്കെ പ്രസവ അവധിയെടുക്കുന്ന ഗവേഷണ വിദ്യാര്‍ഥിനികള്‍ക്ക് സ്റ്റൈപെന്റ് നല്‍കാതിരിക്കാനാവില്ലെന്നായിരുന്നു തസ്‌നീമിന്റെ വാദം. ഈ അപേക്ഷ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന് ബോധ്യമായതിനാല്‍ സറ്റൈപെന്റോടുകൂടിയ ലീവ് അനുവദിച്ചു കിട്ടി. അപസ്മാരരോഗം കണ്ടുപിടിക്കുന്നതില്‍ ഋഋഴ സിഗ്നലുകളുടെ ഉപയോഗമായിരുന്നു ഗവേഷണ വിഷയം. ഒരു ഗവേഷണ വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മുഖ്യമായത് നല്ലൊരു ഗൈഡിനെ ലഭിക്കുയെന്നതാണ്. ഡോ. പോള്‍ ജോസഫിനെപ്പോലൊരാളെ കിട്ടിയത് തസ്‌നീം ഭാഗ്യമായി കരുതുന്നു.

ഗവേഷണ പഠന രംഗത്തേക്കുള്ള യാത്രയില്‍ ഒരുപാട് ആളുകളെ കാണാനും ഒരുപാട് യാത്രകള്‍ ചെയ്യാനും കഴിഞ്ഞ തസ്‌നീമിന് റോമിലേക്കുള്ള യാത്രയില്‍ ഗവേഷണ രംഗത്തുള്ള ഒട്ടേറെ പേരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യം അനുഭവിക്കുന്നതായി തോന്നി.

തന്റെ ഗവേഷണ മേഖലയില്‍ മാത്രമല്ല, സമയത്തെയും സൗകര്യത്തെയും  വരുതിയിലാക്കിക്കൊണ്ട് സാമൂഹിക പ്രാസ്ഥാനിക മേഖലകളിലും അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് തസ്‌നീമിനോട് സംസാരിച്ചാല്‍ മനസ്സിലാകും. അലീഗഡില്‍ പഠിക്കുമ്പോള്‍ വാരാന്ത ക്ലാസ്സുകളിലും ഡോ:ബാസിഗ ദുറുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസ്സുകളിലും പങ്കെടുക്കുമായിരുന്നു. അതുപോലെ കോഴിക്കോട് എന്‍.ഐ.ടിയില്‍ ചേര്‍ന്നപ്പോഴും അത് തുടര്‍ന്നു. എന്‍.ഐ.ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ കരുതുന്ന തസ്‌നീം ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് കോളെജില്‍ അസോ: പ്രൊഫസറാണ്. 

 

 

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top