അധികാരം അമാനത്താണ്

ഫാത്തിമ കോയക്കുട്ടി No image

'അല്ലയോ ദാവൂദ് ! താങ്കളെ നാം ഭൂമിയില്‍ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ താങ്കള്‍ ജനങ്ങളില്‍ നീതിപൂര്‍വം ഭരിക്കുക. സ്വേഛകളെ പിന്‍പറ്റരുത്. അത് താങ്കളെ ദൈവികമാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകളയും. ദൈവികമാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുന്നവരാരോ അവര്‍ക്കുള്ളത് കഠിന ദണ്ഡനമാകുന്നു.'

ദാവൂദ് നബി(അ)യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറഞ്ഞതാണ് പ്രസ്തുത സൂക്തം. അധികാരത്തില്‍ വിരാജിക്കുന്നവര്‍ അല്ലാഹുവിനോടും ജനങ്ങളോടും ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങളോട് നീതിപൂര്‍വ്വം വര്‍ത്തിക്കല്‍ അവരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും പഠിപ്പിക്കുകയാണ് അല്ലാഹു ഈ ആയത്തിലൂടെ ചെയ്യുന്നത്.

മനുഷ്യന്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പായുന്ന കാലമാണിത്. നേതൃസ്ഥാനം ഭാരിച്ച ഉത്തരവാദിത്തവും ബാദ്ധ്യതയുമാണെന്നും പരലോകത്ത് അതിന്റെ പേരില്‍ അല്ലാഹുവിനോട് ഉത്തരം ബോധിപ്പിക്കേണ്ടിവരും എന്നും അധികമാരും ചിന്തിക്കുന്നില്ല. അധികാരത്തിലേക്കാഗതമാകുന്നവര്‍ അറിയേണ്ട ഒരുപാടുകാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അധികാരം ഒരലങ്കാരമല്ല. അതൊരമാനത്താണ്. അതിന്റെ ഓരോ മേഖലകളും അതിസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതാണ്. ഇബ്‌നുഉമര്‍(റ) നിന്ന് നിവേദനം. നബി (സ)പറഞ്ഞു. 'അറിയുക! നിങ്ങള്‍ ഓരോരുത്തരും രക്ഷാധികാരികളാണ്. നിങ്ങളുടെ കീഴിലുള്ളവരെ കുറിച്ച് ഉത്തരം ബോധിപ്പിക്കേണ്ടവരുമാണ്. ജനങ്ങളുടെ നേതാവ് തന്റെ പ്രജകളെക്കുറിച്ച് ഉത്തരവാദിത്തമുള്ളവരാണ്' (സ്വഹീഹുമുസ്‌ലിം). അപ്പോള്‍ അധികാരങ്ങളും  ഉത്തരവാദിത്തങ്ങളും ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന ബോധത്തോടെ വേണം അവ കൈകാര്യം ചെയ്യാന്‍.

അബൂമൂസല്‍ അശ്അരി (റ) വിനെയും മുഅദുബ്‌നു ജബല്‍ (റ) വിനെയും യമനിലെ ഭരണകര്‍ത്താക്കളായി അയക്കുമ്പോള്‍ നബി (സ) അവരോട് ഉപദേശിക്കുന്ന പാഠങ്ങള്‍ അഭിനവയുഗത്തിലെ ഓരോ അധികാരികളും അറിഞ്ഞിരിക്കേണ്ടതാണ്. പ്രവാചകന്‍ (സ) അരുളുന്നു. നിങ്ങള്‍ ജനങ്ങൡ എളുപ്പമുണ്ടാക്കുക. പ്രയാസമുണ്ടാക്കരുത്. അവര്‍ക്ക് സന്തോഷമുണ്ടാക്കുക. വെറുപ്പുണ്ടാക്കരുത്. നിങ്ങള്‍ ഏകോപിച്ചുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുക. പരസ്പരം ഭിന്നിക്കരുത്. ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അധ്യാപനങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഇസ്‌ലാമിനു പഠിപ്പിക്കാനുളളത്. വര്‍ഗപക്ഷപാതത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല. സഹിഷ്ണുതയുടെ വര്‍ത്തമാനമാണതിനു പറയാനുള്ളത്. നീതിയുടെ ബലിഷ്ഠപാഠമാണതു പഠിപ്പിക്കുന്നത്. പക്ഷാന്തരത്തിലേക്കും വര്‍ഗീയതയിലേക്കും ക്ഷണിക്കുന്നവനും അതില്‍ യുദ്ധം ചെയ്യുന്നവനും നമ്മളില്‍പ്പെട്ടവനല്ലായെന്നതാണ് പ്രവാചകന്‍ (സ) നമുക്കുതരുന്ന പാഠം. അതാണ് നമ്മുടെ മാതൃകാധ്യാപനം.

നേതൃസ്ഥാനം ആവശ്യപ്പെട്ട് തന്നെ സമീപിക്കുന്നവരെ നബി(സ) പരമാവധി നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു കാര്യത്തില്‍ നേതൃത്വം ആവശ്യപ്പെട്ടുവന്ന അബൂദര്‍റ്(റ) വിനോട് പ്രവാചകന്‍(സ) പറഞ്ഞു.: 'അബൂദര്‍റേ, താങ്കള്‍ ആ കാര്യത്തില്‍ അശക്തനാണ്. നേതൃത്വം അല്ലാഹുവില്‍നിന്നുള്ള സൂക്ഷിപ്പുസ്വത്താണ്. തങ്ങളുടെ ബാധ്യത നിര്‍വഹിക്കാത്തവര്‍ക്കും നീതികാണിക്കാത്തവര്‍ക്കും നേതൃത്വസ്ഥാനം അന്ത്യനാളില്‍ ഖേദവും അപമാനവുമായി ഭവിക്കുന്നതാണ്.'

അധികാരത്തിന്റെ ഓരോ ദിവസവും ഓരോ നിമിഷവും ജനസേവനത്തിന് സന്നദ്ധത കാണിക്കുകയെന്നതാണ് ഓരോ അധികാരസ്ഥരുടെയും ബാധ്യത. ഭൂമിയില്‍ നീതി നടപ്പിലാക്കുവാനും അനീതി ഇല്ലാതാക്കുവാനുമാണ്, അവന്റെ പ്രവര്‍ത്തനം വഴിതെളിയിക്കേണ്ടത്. അണികളുടെ ആവശ്യങ്ങളില്‍ സജീവ സാന്നിധ്യമായിരിക്കണം അവര്‍ക്കുണ്ടായിരിക്കേണ്ടത്. ക്രിയാത്മകതയോടും കാര്യക്ഷമതയോടും കൂടി പ്രവര്‍ത്തന നിരതരാകേണ്ടവരാണ് അധികാരികള്‍. താന്‍ ഏതൊരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിന്റെ സാധ്യതക്ക് എന്തു ത്യാഗവും സഹിക്കാനുള്ള നിസ്വാര്‍ത്ഥമായ സമര്‍പ്പണ മനോഭാവം അവര്‍ക്കുണ്ടാകേണ്ടതുണ്ട്. പരാജയം നേരിടുമ്പോള്‍ ധൈര്യം വിടാതെ പിന്നെയും പിന്നെയും ഉത്സാഹത്തോടും വിശ്വാസത്തോടും കൂടി പ്രവര്‍ത്തിക്കുവാനുള്ള കഴിവും തോല്‍വിയില്‍ നിന്നു പാഠം പഠിക്കാനുള്ള സന്നദ്ധതയും ഉള്‍ക്കൊള്ളുന്ന ധീരോദാത്തമായ കഴിവും അധികാരികള്‍ക്കുണ്ടായേതീരു. വിനയമാരിക്കണം അവരുടെ മുഖമുദ്ര. അനുയായികളുടെ നേട്ടങ്ങളെ പ്രശംസിക്കുകയും വേണം. കാര്യവിചാരത്തോടുകൂടി പ്രവര്‍ത്തിക്കുന്നവരായിരിക്കണം നേതാക്കന്മാര്‍. താന്‍ പ്രവര്‍ത്തിച്ചുവരുന്ന രംഗങ്ങളെ സംബന്ധിച്ചുള്ള സകല വിവരങ്ങളും, ലക്ഷ്യപ്രാപ്തിക്കായി കഠിനാധ്വാനം ചെയ്യാനുള്ള മനോഭാവവും അവര്‍ക്കുണ്ടായേ മതിയാകൂ. പ്രേരണാശക്തിയിയാണ് ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ആയുധം. അനുയായികളെയും ജനങ്ങളെയും തന്റെ അഭിപ്രായത്തോട് യോജിപ്പിക്കാനുള്ള കഴിവ് നേതൃഗുണങ്ങളില്‍ മുഖ്യമാണ്. നീതിയും മാന്യതയും സൗമ്യതയും നേതാക്കളുടെ വ്യക്തിത്വത്തിന്റെ ഉജ്ജ്വല പ്രതീകമായി മാറണം. സൂക്ഷിക്കേണ്ടത് സൂക്ഷിക്കാനും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കാനും നേതൃത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പ്രജകളുടെ പ്രയാസങ്ങള്‍ക്ക് യഥാസമയം പരിഹാരം കാണുന്ന ഭരണാധികാരി ഇഹത്തിലും പരത്തിലും പ്രതിഫലാര്‍ഹനായി മാറുന്നു. അപ്പോഴാണ് ജനസേവനം പുണ്യകര്‍മമായി മാറുന്നത്. ചരിത്രത്തില്‍ നിന്ന് അതിന്റെ മഹിതമാതൃകകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. പള്ളിയില്‍ ഇഅ്തികാഫിനിരുന്ന ഇബ്‌നു അബ്ബാസ് (റ) ദുഖിതനായ ഒരു വ്യക്തിയെ കാണുകയുണ്ടായി. അദ്ദേഹത്തോട് കാര്യമന്വേഷിച്ചപ്പോള്‍ തന്റെ മേലുള്ള കടബാധ്യതയുടെ പേരിലാണ് എന്ന് അറിയുകയും അയാളുടെ ബാധ്യത വീട്ടുവാന്‍ വേണ്ടി ഇബ്‌നു അബ്ബാസ് (റ) ഇഅ്തികാഫിനെ മുറിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. ഇതിന്റെ കാരണം ആരാഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) യുടെ റൗളയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറയുകയുണ്ടായി, 'ഈ ഖബറിന്റെ ഉടമസ്ഥന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യം വീട്ടുന്നതിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ആ ആവശ്യം വീട്ടുകയും ചെയ്താല്‍ അത് പത്തുവര്‍ഷം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ അവന് ഉത്തമമാണ.് ഇത്തരം മാതൃകകളാണ് ഏതൊരു ജനസേവകനേയും സ്വാധീനിക്കേണ്ടത്.' 

അധികാരം അലങ്കാരമായി കരുതാതെ, യോഗ്യതയുള്ളവര്‍ ഉത്തരവാദിത്തബോധത്തോടുകൂടി അതു കൈകാര്യം ചെയ്യുമ്പോള്‍ അതൊരു സ്വാലിഹായ അമലായി മാറുന്നു. അല്ലാത്തപക്ഷം അതു പാപവുമാണ്. അഴിമതിയും അക്രമവും സ്വജനപക്ഷപാതവും നാശത്തിലേക്ക് വഴിനടത്തുക. അത്തരം സാഹചര്യങ്ങള്‍ സമൂഹത്തില്‍ അശാന്തിയും അരാജകത്വവും വിതയ്ക്കുന്നു. അതിനു കാരണമായവര്‍ ഫിര്‍ഔനിനും നംറൂദിനും ഖാറൂനിനുമൊപ്പം നാളെ പരലോകത്ത് നരകത്തിന്റെ വിറകായിമാറുന്നു. മറിച്ച് നീതിപൂര്‍വകമായ നിയമ വ്യവസ്ഥ പാലിച്ചുകൊണ്ട് അധികാരം കൈകാര്യം ചെയ്യുന്നവര്‍ക്ക് അല്ലാഹു പരലോകത്ത് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം നല്‍കുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലാഹുവിന്റെ തണലല്ലാതെ മറ്റു തണലൊന്നുമില്ലാത്ത അന്ത്യനാളില്‍ അതു നല്‍കപ്പെടുന്നത് ഏഴുകൂട്ടര്‍ക്കാണ്. അതിലെ ആദ്യവിഭാഗം നീതിമാനായ ഭരണാധികാരിയാണ്. ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയാല്‍ അത്തരം ഭരണാധികാരികളെ നമുക്ക് കാണാന്‍ കഴിയും. വീട്ടുകാര്യം പറയാന്‍വന്ന ഭൃത്യനു മുമ്പില്‍ വിളക്കിനെ ഊതിയണച്ചുകൊണ്ട് പൊതുസ്വത്ത് സംരക്ഷിച്ച ഉമറുബ്‌നു അബ്ദുല്‍ അസീസും ജനക്ഷേമമന്വേഷിക്കാന്‍ വേഷപ്രഛന്നനായി അന്തിയുടെ അന്ത്യയാമങ്ങളെ പകലാക്കി മാറ്റിയ ഉമര്‍(റ)വും പത്തിരട്ടിലാഭത്തില്‍ തന്റെ കച്ചവടച്ചരക്കുകള്‍ പാവങ്ങള്‍ക്കായി നീക്കിവെച്ച ഉസ്മാന്‍(റ)വും തന്റെ വിജ്ഞാനസീമകള്‍കൊണ്ട് ഭരണീയരെ സംസ്‌കരിച്ച് മാതൃകാഭരണം കാഴ്ചവെച്ച അലി(റ)വും ലോകനേതൃത്വങ്ങള്‍ക്ക് എന്നും വഴികാട്ടിയാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top