ഇണകളുടെ ഭാവി

ടി.പി. ഫൗസിയ കുഞ്ഞിപ്പ, ചേന്നര No image

ഡിസംബര്‍ ലക്കം ആരാമത്തില്‍ ടി.കെ. ഹബീബ ഹുസൈന്‍ എഴുതിയ ഇണകളുടെ ഭാവി എന്ന ലേഖനം നന്നായി. സമൂഹത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് വിവാഹമോചനം. നമ്മുടെ ചുറ്റുപാടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് വിവാഹമോചനം. മതകീയമായ വിവാഹത്തിന്റെ പവിത്രത ഇന്ന് മാറിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ബന്ധം വേര്‍പ്പെടുത്താന്‍ താല്‍പര്യം കാണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം വിവാഹ ജീവിതത്തെ പക്വതയോടെ കാണുന്നില്ല എന്നതാണ്. രണ്ടും മൂന്നും കുട്ടികളുണ്ടായിട്ടും വിവാഹബന്ധം വേര്‍പെടുത്തുന്ന ദമ്പതിമാരും നമ്മുടെ നാട്ടിലുണ്ട്. നാട്ടിലുള്ള കാരണവന്മാര്‍ പരമാവധി ഒത്തുതീര്‍പ്പ് നടത്തി ബന്ധം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങള്‍ക്ക് പരസ്പരം ഒത്തൊരുമയോടുകൂടി ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ദമ്പതിമാരുടെ എണ്ണം കൂടുകയാണ്. വിവാഹ ജീവിതത്തിന്റെ പ്രധാന്യം മനസ്സിലാക്കാതെ വഴക്കും വക്കാണവുമായി ബന്ധം വേര്‍പെടുത്തുന്ന മാതാപിതാക്കളുടെ ഇത്തരം നീചമായ പ്രവൃത്തിയില്‍ ഇല്ലാതാവുന്നത് കുഞ്ഞുങ്ങളുടെ ഭാവിയാണ്. മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിച്ച് വളരേണ്ട കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു. ഭാവിയില്‍ ഇത്തരം ജീവിതം തന്നെയാവും അവരും നയിക്കുക.
വിവാഹമോചനത്തിനു പകരം പ്രവാചക ജീവിതം മാതൃകയാക്കി ജീവിക്കുകയാണെങ്കില്‍ വിവാഹമോചനം തന്നെ ഇല്ലായിരിക്കും തീര്‍ച്ച.

സ്‌നേഹംകൊണ്ട് മാത്രം നമുക്ക് ജീവിക്കാനാകും

സ്‌നേഹംകൊണ്ട് മാത്രം നമുക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സ്‌നേഹത്തെക്കുറിച്ച് ടി.മുഹമ്മദ് വേളം പറഞ്ഞുവെക്കുന്നത്. സ്‌നേഹം, ഇഷ്ടം, പ്രണയം എല്ലാം പ്രിയപ്പെട്ട വാക്കുകളാണ്. സ്‌നേഹത്തെക്കുറിച്ച് എന്തു കിട്ടിയാലും വായിക്കുന്ന ശീലമുണ്ട്. സാധാരണ പറഞ്ഞുവരുന്ന വെറും സ്‌നേഹത്തില്‍നിന്നും ഒരുപാട് വ്യത്യാസമുണ്ട് ഇത്തരം സ്‌നേഹത്തെക്കുറിച്ചുള്ള പറഞ്ഞുവെക്കലുകള്‍.
കെ. തസ്‌നീം, പറവൂര്‍

ദൈവസ്‌നേഹം മണവാളനോടുളളതാണോ?

ആരാമം ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച അബ്ദുല്ല നദ്‌വി കുറ്റൂര്‍ ചരിത്രത്തിലെ സ്ത്രീ എന്ന തലക്കെട്ടില്‍ റാബിയത്തുല്‍ അദവിയ്യ എന്ന മഹതിയെക്കുറിച്ച് പരിചയപ്പെടുത്തുകയുണ്ടായി. വിശുദ്ധമായ ദൈവപ്രേമം ഉത്‌ബോധിപ്പിച്ച്... എന്ന് തുടങ്ങുന്ന - ദൈവത്തെ മണവാളനായി സ്വീകരിച്ച് റാബിയ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടില്ല. റാബിയ ഇസ്‌ലാമിലെ രണ്ടാം മര്‍യമാണെന്ന് ഫരീദുദ്ദീന്‍ അക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വിവിധ വിശദീകരണങ്ങള്‍ വായിക്കുകയുണ്ടായി. ഇസ്‌ലാം ഇങ്ങനെയൊരു ദൈവികസ്‌നേഹം പരിചയപ്പെടുത്തുന്നുണ്ടോ? സൂറത്തില്‍ ഇഖ്‌ലാസിലൂടെ അല്ലാഹു തന്റെ നിഷ്‌ക്കളങ്കതയെ സുവ്യക്തമാക്കുന്നുണ്ടല്ലോ? കൂടാതെ ക്രൈസ്തവ വിശ്വാസമനുസരിച്ച് കന്യാസ്ത്രീയായി ജീവിതം തെരഞ്ഞെടുക്കുന്നവര്‍ ക്രിസ്തുവിന്റെ മണവാട്ടിമാരാണ്. എ.ഡി.1504-ല്‍ രാജസ്ഥാനിലെ മെല്‍ട്ടാ ജില്ലയില്‍ ചൗകരി ഗ്രാമത്തില്‍ ജനിച്ച മീര, ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രണയഭാജനമായിക്കണ്ട് സ്വയം വരിക്കുന്നതായിട്ടാണ് ഹൈന്ദവവിശ്വാസം. എന്നാല്‍ ഇസ്‌ലാമില്‍ ഇത്തരത്തിലുള്ള യാതൊരു കഥകളും ചരിത്രങ്ങളും കാണാന്‍ കഴിയില്ല. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അനിഷേധ്യമായ വാത്സല്യമാണ് ഖുര്‍ആന്‍ വരച്ചുകാട്ടുന്നത്. തന്നെയുമല്ല ഇസ്‌ലാം സന്യാസത്തെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. റാബിയ ഇസ്‌ലാമിലെ രണ്ടാം മര്‍യം എന്നുപരിചയപ്പെടുത്തുമ്പോള്‍ മര്‍യം അല്ലാഹുവിന്റെ മണവാട്ടിയാണെന്ന ധ്വനിയാണ് വായനക്കാര്‍ക്ക് നല്‍കുന്നത്. സൂറത്തുല്‍ മര്‍യം എന്ന അധ്യായം കന്യകയായ മര്‍യമിനെക്കുറിച്ചും മകന്‍ ഈസാ നബി (അ)യെക്കുറിച്ചും വ്യക്തവും സുതാര്യവുമായ അറിവാണ് നമുക്ക് നല്‍കുന്നത്. സര്‍വലോക സംരക്ഷകനായ തന്റെ സൃഷ്ടാവിനോടുള്ള ഭയഭക്തിയും സ്‌നേഹവും ഒരു വിശ്വാസിയെ സംബന്ധിച്ച് വര്‍ണനാതീതമാണ്. ആ ഒരു ഈമാനികമായ വൈകാരിക സ്‌നേഹത്തെ, ജമാല്‍ (സൗന്ദര്യം) എന്ന സവിശേഷ ഗുണത്തിലൂന്നി, പ്രേമഭാജനമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് ആരാധിക്കേണ്ടതെന്ന വ്യാഖ്യാനത്തെ ഖേദത്തോടുകൂടി ശക്തമായി നിഷേധിക്കുന്നു.
നെക്‌സി മുഹമ്മദ്,
ഈരാറ്റുപേട്ട  

മുന്തിയ കാല്‍വെപ്പ്

ബ്രിട്ടീഷുകാരും ജപ്പാന്‍കാരും അവരുടെ ദൗത്യം നമ്മുടെ നാട്ടില്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കിയിരുന്ന കാലത്ത് ഇരകളാക്കപ്പെട്ടവര്‍ ഒരുപാടുണ്ടായിരുന്നു. സാമൂഹ്യശാസ്ത്രം പഠിച്ചപ്പോള്‍ അവരില്‍ വലിയവരെന്ന് പറയപ്പെട്ടവരെ മാത്രം പരിചയപ്പെട്ടു. എന്നാല്‍ നമ്മള്‍ പറഞ്ഞും വായിച്ചും അറിഞ്ഞവരേക്കാള്‍ ഏറെയുണ്ട് ഇനിയും അറിയാത്തവര്‍. സ്വാതന്ത്യദിനത്തിന് മാത്രം സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നമ്മള്‍ കേട്ടു പരിചയിച്ച സ്വാതന്ത്ര്യസമരനേതാക്കളുടെ പേരുകള്‍ മാത്രം ഓര്‍ത്തുവെച്ചാല്‍ മതി. നാടും നാട്ടുകാരും സ്വന്തക്കാരും എനിക്കൊന്ന് എന്ന് ഉറക്കെപ്പറഞ്ഞതിനാല്‍ നാടിനുവേണ്ടി നാടുകടത്തപ്പെട്ടവര്‍ ഒരുപാടുണ്ട്. ചരിത്രത്തില്‍ ഒരുപക്ഷെ അവര്‍ക്ക് ഇടം കിട്ടിയിട്ടുണ്ടാവില്ല. ബെല്ലാരി ജയിലിലും സെല്ലുലാര്‍ ജയിലിലുമൊക്കെ അത്തരം ആളുകള്‍ കഴിഞ്ഞിരുന്നു. സെല്ലുലാര്‍ ജയിലില്‍ നിന്ന് തുറന്നുവിട്ടാലും ആന്തമാനില്‍നിന്ന് എവിടെയും പോകാന്‍ കഴിയാതെ ശിഷ്ടകാലം തളളിനീക്കിയവരെ ബോധപൂര്‍വം മറന്നിരിക്കുകയായിരുന്നു.
ആന്തമാനില്‍ മുസ്‌ലിം കുടുംബങ്ങള്‍ ഉണ്ടായതിന്റെ അന്വേഷണ ചരിത്രം കൂടിയാവണം സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലം. അതിന് വീട്ടിക്കാടന്‍ ഫാത്തിമയിലൂടെ തുടക്കം കുറിച്ചു എന്നുമാത്രം കരുതട്ടെ. ഏറെ മുന്തിയ ഒരു കാല്‍വെപ്പ് തന്നെയാണിതെന്ന് പറയാതെ വയ്യ.
ഉമൈറ. പി.എം, ചൊക്ലി

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top