അറബ് മുസ്‌ലിം യാത്രകള്‍ -3

നജ്ദ.എ No image

ഹജ്ജ്
ഇസ്‌ലാമിന്റെ അഞ്ചാമത്തെ തൂണാണ് ഹജ്ജ്. വിശുദ്ധ ആരാധനാലയമായ കഅ്ബയിലേക്കുള്ള തീര്‍ഥാടനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എ.ഡി. 622-ലാണ് ഹജ്ജിന് ആദ്യമായി ആഹ്വാനം ചെയ്യപ്പെടുന്നത്. യാത്രകള്‍ക്കും തീര്‍ത്ഥാടനത്തിനും ഇസ്‌ലാമിലുള്ള സ്ഥാനം ഇത് സൂചിപ്പിക്കുന്നു. ആദിമമനുഷ്യന്‍ മുതലുള്ള യാത്രകളുടെ പ്രതീകാത്മക പുനരവതരണമാണതെന്ന് പറയാവുന്നതാണ്. ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളിലൊന്നാണത്. ജിഹാദിന്റെ ഒരു രൂപം എന്നും പറയാം. കഴിഞ്ഞുപോയ പാപങ്ങളെല്ലാം മായ്ക്കപ്പെട്ട്, പിറന്നുവീണ കുഞ്ഞിനെപ്പോലെ വ്യക്തിയെ ശുദ്ധനാ/യാക്കുന്നു ഹജ്ജ്. തീര്‍ത്ഥാടകര്‍ അല്ലാഹുവിന്റെ അതിഥികളും. അവര്‍ക്കുള്ള പ്രതിഫലം സ്വര്‍ഗമാകുന്നു. ഇസ്‌ലാമിലെ തന്നെ ദുരന്തങ്ങളുടെയും തോല്‍വികളുടെയും ഒരു കാലത്ത്, പെണ്ണിനും ആണിനും ഒരുപോലെ അല്ലാഹുവില്‍നിന്നും ഹജ്ജിനായുള്ള ആഹ്വാനം വളരെ വിചിത്രമായി തോന്നാം. അത്യുന്നതനായ അല്ലാഹുവിന്റെ മുന്നില്‍ ലോകത്താകെയുള്ള മുസ്‌ലിംകളുടെ സംഗമമാണത്.
മധ്യകാല ഇസ്‌ലാമില്‍ തീര്‍ഥാടനങ്ങളുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പരിണിതികള്‍ ഏറെ പ്രധാന്യമുള്ളവയാണ്. എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന,് വിഭിന്ന ജാതികളില്‍ നിന്ന്, സാമൂഹിക നിലവാരങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ അവരുടെ വീടുകള്‍ വിട്ടിറങ്ങി ഈയൊരു ആരാധനാകര്‍മത്തിന്നായി കാതങ്ങള്‍ താണ്ടുന്നു. തീര്‍ഥാടനാനുഭവങ്ങളാല്‍ സംമ്പുഷ്ടമായൊരു സഞ്ചാരസാഹിത്യ(അദ്ബു രിഹ്‌ല)ത്തിന് വഴിവെക്കുന്നു. അതോടൊപ്പം വിദൂരദേശങ്ങളുടെ വിശേഷങ്ങളും വിവരണങ്ങളും. ഒരു വലിയ കൂട്ടായ്മയുടെ ഭാഗമാണെന്ന തിരിച്ചറിവും അതുണ്ടാക്കുന്നു.

രിഹ്‌ല
ചൈനയില്‍ പോയിട്ടായാലും അറിവ് ആര്‍ജിക്കണമെന്ന് പ്രവാചകന്‍ മുഹമ്മദ് അനുചരരോട് പറഞ്ഞിട്ടുണ്ട്. അറിവ് നേടാനുള്ള യാത്രകള്‍ (രിഹ്‌ല), മധ്യ ആധുനിക മുസ്‌ലിം പണ്ഡിതന്മാരുടെയും, നിയമജ്ഞരുടെയും, സാധാരണക്കാരുടെയും വരെ പ്രധാനപ്പെട്ട ജീവിതലക്ഷ്യം തന്നെയായി മാറി. ഫെര്‍നാന്റ് ബ്രാന്റല്‍ പറയുന്നു. നാല് തരം അന്വേഷണങ്ങളാണ് തീര്‍ഥാടനങ്ങളിലടങ്ങിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളും ചുറ്റുവട്ടവും സന്ദര്‍ശിക്കുക, അറിവാര്‍ജിക്കുക, അംഗീകാരവും അധികാരവും നേടുക, പിന്നെ അടക്കാനാവാത്ത സഞ്ചാരതൃഷ്ണ ശമിപ്പിക്കുക എന്നിവയാണവ.
ഈ നാല് അന്വേഷണങ്ങളും ഇബ്‌നു ജുബൈറിന്റെയും ഇബ്‌നുബത്തൂത്തയുടെയും യാത്രകളില്‍ കാണാം. അറിവിനായുള്ള അന്വേഷണം മഹത്തരമാണ്. ഇമാം ബുഖാരിയും അഹ്്മദ് ഇബ്ന്‍ ഹമ്പലുമൊക്കെ അറിവ് തേടി ഒരുപാട് സഞ്ചരിച്ചവരാണ്. ഒരു ചെറിയ അംശം അറിവിനായി, അതിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ പണ്ഡിതര്‍ ദൂരയാത്രകള്‍ ചെയ്തിരുന്നു. 15-ാം നൂറ്റാണ്ട് വരെ ഇത്തരം യാത്രകള്‍ സജീവമായിരുന്നു. ദിവസവും മാസവും കണക്കാക്കാന്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ ഉപയോഗിക്കുന്നതും യാത്രികര്‍ക്ക് ഏറെ സഹായകമായിരുന്നു. നക്ഷത്രങ്ങള്‍, പ്രത്യേകിച്ച് ധ്രുവനക്ഷത്രം രാത്രികളില്‍ ദിക്കറിയാന്‍ സഹായിച്ചു. പുഴക്കരയിലൂടെയുളള യാത്രകളും സഹായകമായി. ഭൂമിയില്‍ സഞ്ചാരികള്‍ക്കായി ഇത്തരം അനുഗ്രഹങ്ങളൊരുക്കിയതിന് യാത്രികര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടുമിരുന്നു.(സൂറ 16:15)

വാണിജ്യവും യാത്രകളും
വാണിജ്യ-വ്യവഹാരങ്ങളോടും യാത്രകളോടുമുളള മത-സാംസ്‌കാരിക മാനസിക മനോഭാവങ്ങള്‍ ഏതൊരു സമൂഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നവയാണ്, അതിന്റെ സ്വഭാവമെന്തായിരിക്കുമെന്നും ഏതെല്ലാം മൂല്യങ്ങള്‍ അതില്‍ പ്രതിഫലിക്കുമെന്നും മനസ്സിലാക്കാവുന്നതുമാണ്. പുരാതന ഗ്രീക്ക്, അലക്‌സാഡ്രിയന്‍, ഫിനീഷ്യന്‍ സംസ്‌കാരങ്ങള്‍ കച്ചവടത്തോടും പര്യവേക്ഷണങ്ങളോടും അഭിനിവേശവും സജീവതയും പുലര്‍ത്തിയിരുന്നു. അവരുടെ മുന്നിലുള്ള വന്‍ സമുദ്രങ്ങളോട് ആദരവോടുകൂടിയുള്ള ഭയം നിലനിര്‍ത്തികൊണ്ടുതന്നെ, അവരുടെ നഗരങ്ങള്‍ വലിയ പര്യവേക്ഷണ കേന്ദ്രങ്ങളായി മാറി. ഫിനീഷ്യരെ പോലെ, കച്ചവടത്തിനായും മത്തിനായും അറിവിനായും മുസ്‌ലിംകളും പുതിയ വഴികള്‍ കണ്ടെത്തി. കരയിലൂടെയും കടലിലൂടെയുമുളള ഒരു ബൃഹദ് കച്ചവട സഞ്ചാര പാരമ്പര്യം അറബികള്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രവഴികളില്‍ അവര്‍ക്ക് ആധിപത്യവുമുണ്ടായിരുന്നു. ആഫ്രിക്കന്‍ അറബ് കച്ചവടക്കാര്‍, പൂര്‍വാഫ്രിക്കന്‍ തീരം വഴിയുള്ള ഒമാനി സ്വാഹിലി മണ്‍സൂണ്‍ പാതകള്‍ പിന്തുടരുന്നതില്‍ നിപുണരായിരുന്നു.
സ്വര്‍ണ്ണക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു അത്. പായ്കപ്പലിന്റെ കണ്ടുപിടുത്തം, കടല്‍യാത്രകള്‍ വേഗമേറിയതും സുരക്ഷിതവുമാക്കി. എട്ടാം നൂറ്റാണ്ടോടെ അറബ് കച്ചവടക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനോരത്ത് മെര്‍ച്ചന്റ് കോളനികള്‍ സ്ഥാപിച്ചു. യാത്രകള്‍ക്ക് ഇസ്‌ലാം നല്‍കിയ പ്രോത്സാഹനത്തിന്റെ പരിണിതിയായിരുന്നു അത്. യാത്ര ഒരു പ്രകൃതിയായുള്ള ചോദനയാണെങ്കിലും, അറബ് സംസ്‌കാരത്തില്‍ ഏറെ വികസിച്ചിരുന്നതാണെങ്കിലും ഇസ്‌ലാം അതിന് ആക്കം കൂട്ടുകയാണുണ്ടായത്.
12-ാം നൂറ്റാണ്ടുമുതല്‍ 16-ാം നൂറ്റാണ്ട് വരെ കച്ചവടം സര്‍വതിനെയും കീഴൊതുക്കി. അറബികളും പേര്‍ഷ്യക്കാരും ഇന്ത്യക്കാരും ചൈനക്കാരും മറ്റു ജനങ്ങളും മതങ്ങളെയും വിവിധ പ്രാദേശിക പാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് ഇന്ത്യക്കും ചൈനക്കും യൂറോപ്പിനുമിടയിലുള്ള റിലേ കച്ചവടത്തില്‍ പങ്കെടുത്തിരുന്നു.

അറിവിന്റെ വ്യാപനം
അബ്ബാസിദ് ഭരണാധികാരികള്‍ ബൈത്തുല്‍ ഹിക്മ സ്ഥാപിച്ചപ്പോള്‍, ഗ്രീക്ക് പേര്‍ഷ്യന്‍ സംസ്‌കൃതഭാഷകളില്‍ നിന്നും പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്താനായി മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത, ഹിന്ദു, ബുദ്ധ, പാഗന്‍, സബഇയന്‍, സൗരാഷ്ട്രിയന്‍ പണ്ഡിതര്‍ ബാഗ്ദാദിലേക്ക് കുതിച്ചു. പേര്‍ഷ്യയിലെ ഷൗിറശലെുൗ വിദ്യാലയം അത്തരമൊരു പ്രധാന വിജ്ഞാന സ്രോതസ്സായിരുന്നു. ആ ലൈബ്രറിയിലെ വിശാലശേഖരത്തില്‍ ഭൂമിശാസ്ത്രത്തിലെ പ്രശസ്തകൃതികളും ഉണ്ടായിരുന്നു. അലക്‌സാന്‍ഡ്രിയയില്‍ ജീവിച്ചിരുന്ന രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് എഴുത്തുകാരന്‍ ടോളമിയായിരുന്നു അന്നത്തെ താരം. ടോളമിയുടെ എഴുത്തുകള്‍ ഭൂമിയുടെ വലിപ്പവും ആകൃതിയുമളക്കാനും, കരയുടെ പ്രത്യേകതകള്‍ മനസ്സിലാക്കാനും ഭൂപടം വരക്കാനുമൊക്കെ മുസ്‌ലിം പണ്ഡിതര്‍ക്ക് പ്രചോദനമായി. ടോളമിയുടെയും യൂക്ലിഡിന്റെയും അരിസ്‌റ്റോട്ടിലിന്റെയും പഠനങ്ങളും, പേര്‍ഷ്യയില്‍ നിന്നും ഇന്ത്യയില്‍നിന്നുമുള്ള ശാസ്ത്രകൃതികളും, ജ്യോതിശാസ്ത്രത്തിലും ഗണിത-ഭൂമിശാസ്ത്രത്തിലും തങ്ങള്‍ക്കുള്ള അറിവുകള്‍ അധികരിപ്പിക്കാന്‍ മുസ്‌ലിം ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് മക്കയുടെ ദിശ അറിയാനും കലണ്ടറുണ്ടാക്കാനുമായിരുന്നു അവ ഉപയോഗപ്പെടുത്തിയിരുന്നത്. പേരുകേട്ട മുസ്‌ലിം ശാസ്ത്രജ്ഞരില്‍ ചിലരായ അല്‍ഫറാഗ്നിയും അല്‍ബിറൂനിയും യാഖൂബിയും വിവരശേഖരണാര്‍ഥം ഒരുപാട് സഞ്ചരിച്ചിരുന്നു. കച്ചവടമാര്‍ഗങ്ങളായിരുന്നു അവരും യാത്രക്കുപയോഗിച്ചിരുന്നത്. ഏറ്റവും വിലപിടിപ്പുള്ള കച്ചവടവസ്തു പുസ്തകമായിരുന്നു. ഗ്രന്ഥശാലകള്‍ ഒരു ഭരണാധികാരിയുടെ പ്രൗഢി അളക്കാനുള്ള മാര്‍ഗവും പണ്ഡിതരോടുള്ള ഉദാരസമീപനത്തിന്റെ തെളിവുമായിരുന്നു. പലപ്രദേശങ്ങളില്‍ പകര്‍പ്പുകളുണ്ടായത്, ചില കൃതികള്‍ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മുസ്‌ലിം സംസ്‌കാരത്തിന്റെ വൈവിധ്യവും ചലനാത്മകയും അറിവും മറ്റ് കച്ചവടവസ്തുക്കളും പുതിയ കണ്ടുപിടുത്തങ്ങളും ലഭ്യമാക്കുകയും ലാഭത്തിനും പെരുമക്കുമായി അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
സ്‌പെയിന്‍ മുതല്‍ ചൈന വരെ പരന്നിരുന്ന ദാറുല്‍ ഇസ്‌ലാമിന്റെ വിഭിന്ന സംസ്‌കാരങ്ങളെ ഒരുമിച്ച് നിര്‍ത്തിയത് കച്ചവടവും യാത്രകളുമായിരുന്നു. കച്ചവടമാര്‍ഗങ്ങള്‍ സാംസ്‌കാരികബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചു. റോമാസാമ്രാജ്യത്തിലെ പുരാതന രാജപാതകള്‍ തമ്മിലും. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ഹാന്‍ വംശത്തിലെ വു ചക്രവര്‍ത്തിയുടെ കാലത്തെ കച്ചവടത്തിന്റെ വാതിലുകള്‍ തുറന്ന ചൈനീസ് പാതകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തിയത് ഏഷ്യന്‍ മുസ്‌ലിം കച്ചവടക്കാരായിരുന്നു. സമൂഹങ്ങളും വാണിജ്യപാതകളും തമ്മിലുള്ള ഈ ബന്ധത്തില്‍ ചരക്കുകള്‍ക്കപ്പുറത്ത് പലതും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍, ഒരു യാത്രികന്‍ ഒരു ബുദ്ധസന്യാസിയെ കൈറോവില്‍ കണ്ടുമുട്ടാം, ഡമസ്‌കസില്‍ പഠനം നടത്തുന്ന ആഫ്രിക്കന്‍ ആല്‍ക്കെമിസ്റ്റിനെ കാണാം; പേര്‍ഷ്യയില്‍ വൈദ്യം പഠിപ്പിക്കുന്ന നൈസ്റ്റോറിയന്‍ ക്രിസ്ത്യന്‍ ഭിഷഗ്വരനെയും കാണാമെന്ന് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് എഡുക്കേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
കലാകാരന്മാരും കൈതൊഴില്‍ വിദഗ്ധരുമാണ് ധാരാളമായി സഞ്ചരിച്ചിരുന്ന മറ്റൊരു കൂട്ടര്‍. അലങ്കാരപണികള്‍, ചിത്രകല, വാസ്തുകല, കാലിഗ്രഫി എന്നിവ മുസ്‌ലിം സാമ്രാജ്യങ്ങളില്‍ വ്യാപിപ്പിച്ചത് രാജകൊട്ടാരങ്ങളിലെ ജോലിക്കാരായിരുന്ന അവരായിരുന്നു.
അറബിഭാഷയും മുസ്‌ലിം ആരാധനാരീതികളും സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ലോകമാകെയുള്ള മുസ്‌ലിംകള്‍ അറബിഭാഷയില്‍ പ്രാര്‍ഥനകള്‍ ഉരുവിടുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും അവരെ ഒരുമയില്‍ നിര്‍ത്താന്‍ സഹായകമായിരുന്നു. പല പ്രാദേശികഭാഷകളും അറബിക്ക് വഴിമാറി. ഇസ്‌ലാമിക പാണ്ഡിത്യത്തിന്റെ ഭാഷയായി അറബി മാറി.
മക്കയുടെ ദിശയിലേക്ക് (ഖിബ്‌ല) മുഖം തിരിച്ചുള്ള നമസ്‌കാര രീതി മുസ്‌ലിംകള്‍ക്ക് ഭൂമിശാസ്ത്രപരമായ ഒരു അഭിവിന്യാസം നല്‍കി. കഴിവും പ്രാപ്തിയുമുള്ള ഏതൊരു മുസ്‌ലിമിനും ഹജ്ജെന്ന മക്കായാത്ര നിര്‍ബന്ധമാണ്. എത്ര പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും, ഏതൊരു മുസ്‌ലിമിന്റെയും ഉള്ളില്‍ അവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം വളര്‍ന്നുകൊണ്ടേയിരിക്കും. നമസ്‌കാരത്തെപോലും, ഇതും വിശ്വാസികള്‍ തമ്മിലുള്ള ബന്ധത്തെ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേക സ്ഥലവുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്നു. പ്രായോഗിക തലത്തില്‍, റോഡുകളും തുറമുഖങ്ങളും കിണറുകളും നിര്‍മ്മിക്കാനും അറ്റകുറ്റപണികള്‍ നടത്താനുമൊക്കെയുള്ള കാലം കൂടിയാണ് ഹജ്ജനുബന്ധ മാസങ്ങള്‍. തീര്‍ത്ഥാടകരാല്‍ എന്നും നിറയുന്ന വഴികളായതിനാലുമാണത്. മക്കയെ കൂടാതെയുള്ള മറ്റ് ചരിത്രപ്രദേശങ്ങളും അവര്‍ സന്ദര്‍ശിച്ചിരുന്നു. അവരില്‍ സാധാരണക്കാര്‍ മുതല്‍ പണ്ഡിതരായ ഇബ്‌നു ജുബൈര്‍, ഇബ്‌നു ബത്തൂത്ത വരെയും സമ്പന്ന ഭരണാധികള്‍ വരെയുള്ളവരും ഉള്‍പ്പെട്ടിരുന്നു.
മുസ്‌ലിം സംസ്‌കാരത്തിന്റെയും മതത്തിന്റെയും യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഗുണങ്ങള്‍ ജനങ്ങളെയും പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയും ബന്ധിപ്പിക്കാന്‍ സഹായകമാണ്.
പശ്ചിമേഷ്യയിലെ അസൂയാവഹമായ ഇസ്‌ലാം ആധിപത്യത്തെ മറികടക്കാനുള്ള ത്വര യൂറോപ്യരില്‍ വളരുകയായിരുന്നു. അറബ് പണ്ഡിതകൃതികളില്‍നിന്ന് തന്നെയാണ് അവര്‍ ലോകഭൂപടങ്ങള്‍ വികസിപ്പിക്കുന്നതും. വലിയ പ്രദേശങ്ങളുടെ ഭൂപടം വരക്കാന്‍ സ്വാഭാവികമായും മറ്റു യാത്രക്കാരുടെ സഹായം അത്യന്താപേക്ഷിതവുമായിരുന്നു.
നമസ്‌കാരവും ഹജ്ജുമൊക്കെ സമയാധിഷ്ഠിത കര്‍മങ്ങളായതിനാല്‍ സമയം കൃത്യമായി അളക്കാനും ജ്യോതിശാസ്ത്രത്തിലും നിരീക്ഷണത്തിലും പാടവമുള്ളവരാവേണ്ടിയിരുന്നു. സൂര്യന്റെ നിഴലളന്നും ചന്ദ്രന്റെ വിവിധ ഘട്ടങ്ങള്‍ അളന്നുമായിരുന്നു അവരത് ചെയ്തിരുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയുടെ ദിശ നിര്‍ണയിച്ചതും കടല്‍മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചതും ഈ ഒരാവശ്യത്തില്‍ നിന്നാണ്.
9-ാം നൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുകാലഘട്ടത്തില്‍ ഒരുപാട് അറബ് ഭൂമിശാസ്ത്രജ്ഞരുണ്ടായിരുന്നു. ചില കൃതികളില്‍ പക്ഷികളെയും മൃഗങ്ങളെയും വരെ പ്രതിപാദിച്ചിരുന്നു. ചിലതില്‍ വേഷങ്ങളെയും സംസ്‌കാരങ്ങളെയും വിവരിച്ചിരുന്നു. ഗണിത-ഭൂമിശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന അല്‍ഫറാഗ്നിയുടെയും അല്‍ബിറൂനിയുടെയും കണ്ടുപിടുത്തങ്ങളെ വികസിപ്പിച്ചാണ് കൊളംബസ് പിന്നീട് തന്റെ യാത്രകള്‍ക്കുപയോഗിക്കുന്നത്. longitude ഉം Latitude ഉം ഉപയോഗിച്ച് അല്‍ ബിറൂനി കണ്ടുപിടിച്ച ഭൂപടമാതൃക യൂറോപ്യര്‍ക്ക് പുതിയതായിരുന്നു. അവര്‍ അത് പിന്നെ സാര്‍വത്രികമാക്കുകയായിരുന്നു.
മുസ്‌ലിം കപ്പിത്താന്മാര്‍ക്ക് കടല്‍മാര്‍ഗങ്ങളുടെ അപാരമായ അറിവുണ്ടായിരുന്നു. തലമുറകള്‍ കൈമാറിയ അത്തരം അറിവുകള്‍ ഏറെക്കുറെ രഹസ്യമായി തന്നെ നിലനിന്നിരുന്നു. ലളിതമായ യുക്തിയും ചില നാവിക ഉപകരണങ്ങളും ഉപയോഗിച്ച് മനസ്സിലോര്‍ത്തും ചിലത് എഴുതിയുമായിരുന്നു കടല്‍മാര്‍ഗങ്ങള്‍ സംരക്ഷിച്ചത്. നക്ഷത്രങ്ങളും അവര്‍ക്ക് തുണയായി. വലിയ ൈചനീസ് പടക്കപ്പലുകളില്‍ അത്തരം ചില മുസ്‌ലിം കപ്പിത്താന്മാര്‍ ജോലി ചെയ്തിരുന്നതായി ഇബ്‌നു ബത്തൂത്ത പറയുന്നുണ്ട്.
ഇസ്‌ലാമിക ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ സംഭാവന atsrolabe എന്ന നക്ഷത്രദൂരമാപകയന്ത്രമായിരുന്നു. അതിന്റെ ആദ്യകാല മാതൃകകള്‍ വികസിപ്പിച്ചത് ഗ്രീക്കുകാരായിരുന്നെങ്കിലും മുസ്‌ലിംഗണിതശാസ്ത്രജ്ഞരും കലാകാരും ചേര്‍ന്നാണത് കൃത്യവും വിദഗ്ധവുമാക്കിയത്.
1498-ല്‍ പൂര്‍വാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വാസ്‌കോഡഗാമയുടെ യാത്രയുടെ അവസാനപാദത്തില്‍ അദ്ദേഹത്തിന് വഴികാട്ടിയത് അഹ്മദ് ഇബ്‌നു മജീദെന്ന് പറയപ്പെടുന്ന ഒരു മുസ്‌ലിം കപ്പിത്താനായിരുന്നു. മുസ്‌ലിംകള്‍ അദ്യമായി ഇന്ത്യയിലെത്തിയത് എ.ഡി 711-ലാണ്. ഇസ്‌ലാമിനോടൊപ്പം യാത്രയോടും വാണിജ്യത്തോടും സാഹസികതയോടുമുള്ള വലിയ താല്‍പര്യങ്ങള്‍ കടന്നുവരികയും 14-ാം നൂറ്റാണ്ടുവരെ അത് നിലനില്‍ക്കുകയും ചെയ്തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top