ഒരു സാധാരണക്കാരിയുടെ (അ)സാധാരണ ജീവിതം

യാസീന്‍ അശ്‌റഫ് No image

ഹനാ ശലബി ജനിച്ച വര്‍ഷം 1982 ഫലസ്തീന്‍കാര്‍ക്ക് മറ്റൊരു ദുരിതവര്‍ഷമായിരുന്നു. ലബനാനില്‍ നിന്ന് ഫലസ്തീന്‍ അഭയാര്‍ഥികളെ ബലമായി പുറത്താക്കിയ വര്‍ഷം. സാബ്ര, ശത്തീയ അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരങ്ങള്‍ കൂട്ടമായി കൊലചെയ്യപ്പെട്ട വര്‍ഷം. അവളുടെ കുടുംബം ബുര്‍ഖിന്‍ എന്ന ഫലസ്തീന്‍ ഗ്രാമത്തിലാണ് - വെസ്റ്റ് ബാങ്കില്‍.
അഭയാര്‍ഥികള്‍ തന്നെ അവരും. ഹനാ ജനിക്കുന്നതിനു വളരെ മുമ്പ് അവരുടെ കുടുംബം ഹയ്ഫയിലായിരുന്നു. ഇസ്രായേലിപട വന്ന് അവരടക്കം ലക്ഷങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
വേട്ടയാടപ്പെടുക എന്ന അവസ്ഥയുടെ മറ്റൊരു പേരാണല്ലോ ഫലസ്തീന്‍. ഹനാക്ക് എട്ടുവയസ്സ്. അവള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത കുടുംബത്തിലെ മുഹമ്മദ് എന്ന ബാലന്‍ പാഞ്ഞുവന്ന് അവളുടെ മുമ്പാകെ മുട്ടുകുത്തി. രക്ഷിക്കൂ എന്നുപറഞ്ഞ് അവന്‍ മുഖം കുത്തിവീണു. തലക്കു പിറകിലായി വലിയൊരു ബുളളറ്റ് ദ്വാരം. ഇസ്രായേലിപടയാളികളിലാരോ വെടി വെച്ചതാണ്.
ദുരിതജീവിതത്തിലെന്ത് ബാല്യം? ഹനാ അന്ന് ഇറങ്ങി, സ്വാതന്ത്ര്യപ്പോരാട്ടത്തില്‍. ഇന്ന്, 33-ാം വയസ്സിലും സ്വതന്ത്രമോഹം അവര്‍ നിലനിര്‍ത്തുന്നു. എന്നാല്‍ ഒട്ടും അപൂര്‍വമല്ലാത്തതും. ഇന്ന് ഇസ്രായേലി ജയിലുകളില്‍ ഉള്ള ഏഴായിരം ഫലസ്തീന്‍ തടവുകാരില്‍ ഓരോരുത്തര്‍ക്കും ഇങ്ങനെ ഓരോ കഥകാണും.

സമരരംഗത്തേക്കിറങ്ങിയ എട്ടുവയസ്സുകാരി ഹനാക്ക് രാഷ്്ട്രീയമോ സയണിസമോ ഒന്നുമറിയില്ലായിരുന്നു. കണ്‍മുന്നില്‍ മരിച്ചുവീണ മുഹമ്മദിനെ കൊന്നവരോടുള്ള രോഷം - അതുമാത്രം. ഫലസ്തീനീ ബാലന്മാര്‍ ഇസ്രായേലി പടയാളികളെ വെറും കല്ലുകള്‍ കൊണ്ട് നേരിടുന്ന കാലം. വാസസ്ഥലങ്ങള്‍ റെയ്ഡ് ചെയ്യാന്‍ നിത്യേനയെന്നോണം വരുന്ന സൈനികര്‍ക്കുനേരെ എറിയാനുള്ള ആയുധമാണ് ഈ കല്ല്. അങ്ങനെ എറിയുന്നവര്‍ക്കായി കല്ലുകള്‍ പെറുക്കിക്കൊടുക്കുന്ന ജോലിയായിരുന്ന ആദ്യം ഹനാ ഏറ്റെടുത്തത്.
ഹനായുടെ പിതാവ് യഹ്‌യ, തന്റെ പത്തുമക്കളെയും സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. പക്ഷേ, സംഘര്‍ഷം അവരെ തേടിയെത്തുകതന്നെ ചെയ്തു. ഹനായുടെ ജേ്്യഷ്ഠന്‍ ഉമര്‍ രഹസ്യമായി ബ്ലാക്ക് പാന്തേഴ്‌സ് എന്ന ഒളിപ്പോരു സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നു. ഗ്രാമങ്ങളില്‍ പെട്ടെന്ന് മുഖം മൂടിയണിഞ്ഞ് എത്തുക, പണിമുടക്കു സമരം സംഘടിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രവര്‍ത്തനരീതി. പക്ഷേ, ഇസ്രായേലി സൈനികരുമായുണ്ടായ കശപിശയില്‍ ഉമറിന് പരിക്കേറ്റു; അങ്ങനെ രഹസ്യം പുറത്തായി.
ഉമറിനു പുറമെ കുടുംബത്തിലെ മറ്റംഗങ്ങളും സമരരംഗത്തിറങ്ങിക്കൊണ്ടിരുന്നു. ഹനായുടെ ജ്യേഷ്ഠത്തി ഹുദയുടെ കല്യാണം ഉറപ്പിച്ചിരുന്നു. മുഹമ്മദ് അല്‍സഅദി എന്നായിരുന്നു അവന്റെ പേര്. അങ്ങനെയിരിക്കെ ഹുദ റേഡിയോയില്‍ വാര്‍ത്ത കേട്ടു. മുഹമ്മദ് അല്‍സഅദി കൊല്ലപ്പെട്ടു. ജോലിക്കുപോകുംവഴി ഇസ്രായേലി സൈന്യം ഒളിയാക്രമണത്തില്‍ വധിക്കുകയായിരുന്നു. അങ്ങനെ ഹുദയും സമരരംഗത്തായി. ഒരു സൈനികനെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവളെ സൈന്യം തടവില്‍ പിടിച്ചിട്ടു.
ശലബികുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്യുന്നത് സൈനികര്‍ പതിവാക്കി. ഈ ഘട്ടങ്ങളിലെല്ലാം പ്രകടമായ ഭയത്തോടെ, എന്നാല്‍ പ്രകടമല്ലാത്ത രോഷത്തോടെ, അവരുടെ അതിക്രമങ്ങള്‍ നോക്കിയിരിപ്പുണ്ടായിരുന്നു ഹനായുടെ ഏറ്റവും ഇളയ ആങ്ങള സാമിര്‍. പട്ടാളക്കാര്‍ വരുമ്പോഴേ അവന്‍ കട്ടിലിനടിയിലൊളിക്കും. അവര്‍ കണ്ടതെല്ലാം തട്ടിമറിച്ചും തല്ലിത്തകര്‍ത്തും രസിക്കും; അവന്റെ സ്‌കൂള്‍ പുസ്തകങ്ങള്‍ വലിച്ചുകീറും; വീട്ടിലെ ഒലീവെണ്ണ ഭരണികളില്‍ മൂത്രമൊഴിക്കും. അങ്ങനെ 13-ാം വയസ്സിലെത്തിയതോടെ അവന്‍ സ്‌കൂളില്‍പോക്ക് നിറുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു തോക്കു സംഘടിപ്പിച്ച് ചെറുത്തുനില്‍പ്പുസംഘത്തില്‍ ചേര്‍ന്നു. ഏറെയും മലമുകളിലാണ് അവന്‍ കഴിഞ്ഞുവന്നത്. ഒടുവില്‍, സാമിര്‍ ചെറുപ്പകാലം കഴിച്ചുകൂട്ടിയ താഴ്‌വരക്ക് തൊട്ടടുത്ത് വെച്ച് 16 പേരോടൊപ്പം അവനെയും ഇസ്രായേലിപട വെടിവെച്ച് കൊന്നു. തിരഞ്ഞുപിടിച്ച കൊലയായിരുന്നു.
സ്വകാര്യങ്ങള്‍ പങ്കുവെക്കുന്ന സഹോദരങ്ങളായിരുന്നു ഹനായും സാമിറും. അവസാനമായി പോരാട്ടത്തിനിറങ്ങിപ്പോകും മുമ്പ് സാമിര്‍ അവളോട് ഉറപ്പുവാങ്ങിയിരുന്നു - എന്റെ മയ്യിത്ത് കട്ടിലില്‍ പൂക്കള്‍ വിതറണം. പ്രത്യേകിച്ച്, ബുര്‍ഖിനില്‍ പരക്കേ കാണുന്ന ചുവപ്പ് ഹനൂന്‍ പൂക്കള്‍.
2005-ലായിരുന്നു സാമിറിന്റെ മരണം. ഏറെ വൈകാതെ ഹനായെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത് ഇസ്രായേലികളല്ല. ഫലസ്തീന്‍ അതോറിറ്റിയായിരുന്നു. സാമിറിന്റെ കൊലക്ക് പകരം ചോദിക്കാന്‍ വേണ്ടി ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു എന്നായിരുന്നു ആരോപണം. അധികൃതര്‍ അവളെ പലദിവസം ചോദ്യം ചെയ്തു. അവള്‍ ആരോപണം നിഷേധിച്ചപ്പോള്‍ ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. തരിച്ചുപോയ മുഖവുമായി അവള്‍ വീണു.
പിന്നീട്, ഇസ്രായേലി അധികൃതര്‍ തന്നെ അവളെ അറസ്റ്റ് ചെയ്തു. ഇരുട്ടുനിറഞ്ഞ ഭൂഗര്‍ഭഅറയിലായിരുന്നു ചോദ്യം ചെയ്യല്‍. ശാരീരികവും മാനസികവുമായ കൊടിയ മര്‍ദ്ദനം. അവള്‍ വഴങ്ങിയില്ല. മാസങ്ങള്‍ നീണ്ട പീഢനങ്ങള്‍ക്കു ശേഷം അവള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഡീറ്റന്‍ഷന്‍ വിധിച്ചു. അധികൃതര്‍ക്ക് ഇഷ്ടം പോലെ അടിച്ചേല്‍പ്പിക്കാവുന്നതും നീതിന്യായ മാനദണ്ഡങ്ങള്‍ ബാധകമല്ലാത്തതുമാണ്, സുരക്ഷാതാല്‍പര്യത്തിനെന്നുപറയുന്ന ഈ തടങ്കല്‍. ആറുമാസത്തേക്കായിരുന്നു തടവ്. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും ആറുമാസത്തേക്ക് നീട്ടി. അങ്ങനെ പലതവണ അത് നീട്ടി.
അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം 2011-ല്‍ ഒക്ടോബര്‍ 18-ന്, ഹനായെ അവര്‍ ഹശാറോണ്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു.

മോചനം ഒറ്റക്കായിരുന്നില്ല. മൊത്തം 1027 ഫസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു. ഫലസ്തീന്‍ സംഘടനയായ ഹമാസ് പിടിച്ചുവെച്ചിരുന്ന ഗിലിയദ് ഷാലിദ് എന്ന ഒരേയൊരു ഇസ്രായേലി സൈനികനെ മോചിപ്പിക്കുന്നതിന് പകരമായിട്ടായിരുന്നു അത്.
തല്‍ക്കാലം അങ്ങനെ വാക്കുപാലിച്ച ഇസ്രായേല്‍, നാലുമാസം കഴിഞ്ഞ് 2012 ഫെബ്രുവരി 16-ന് ഹനായെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു സൈനികനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കി എന്ന ആരോപണമാണ് ഇക്കുറി. പക്ഷേ, ഹനാ ചോദ്യം ചെയ്യലിനൊന്നും നിന്നുകൊടുത്തില്ല; മോചനമാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം തുടങ്ങി.
അവര്‍ വിരട്ടിനോക്കി. ഒറ്റക്ക് നിരാഹാരം കിടന്നിട്ടെന്ത് ഫലം? സമരം ആരറിയാന്‍? പക്ഷേ ഹനാ ഉറച്ചുനിന്നു. അതേസമയം ലോകത്ത് പലേടത്തും ഈ നിരാഹാരസമരം വാര്‍ത്തയായിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ എങ്ങും നടന്നു - ഹനാ അറിഞ്ഞില്ലെങ്കിലും.
സമരം ഒന്നരമാസം കഴിഞ്ഞപ്പോഴേക്കും ഹനാ അവശയായിരുന്നു. മരണം കാത്ത് അവള്‍ കിടന്നു.
ഒരിക്കല്‍ ഇടക്കിടെ വഴുതിപ്പോകുന്ന ഓര്‍മ തിരിച്ചുകിട്ടിയപ്പോള്‍ ഹനാ കണ്ണുതുറന്നു. അവള്‍ മനസ്സിലാക്കി, താന്‍ ഹയ്ഫയിലാണ്. ഇത് അവിടത്തെ ഇസ്രായേലി ആശുപത്രിയാണ്.
ഹയ്ഫ! തന്റെ കുടുംബത്തിന്റെ താന്‍ കണ്ടിട്ടില്ലാത്ത, സ്വദേശം. സ്വദേശം, വീട് തുടങ്ങിയ വാക്കുകള്‍ക്ക് ഫലസ്തീനികളുടെ അവബോധത്തില്‍ സ്വര്‍ഗീയമായ ഒരു അര്‍ഥവായ്പുണ്ട്. താന്‍ മരിക്കുന്നത് മാതൃദേശത്താണല്ലോ എന്ന ചിന്തയില്‍ ഹനായുടെ ചുണ്ടില്‍ പുഞ്ചിരിവിടര്‍ന്നു. അവളത് മൃദുവായി പറയുകയും ചെയ്തു.
അത് കേട്ട പാറാവുകാര്‍ വിവരം ജയിലധികൃതരെ അറിയിച്ചു. എന്തായാലും അതിന് ഫലമുണ്ടായി. ഹനായെ ഹയ്ഫക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ കല്‍പനയിറങ്ങി.
ആ സമയത്തെല്ലാം ഇസ്രായേല്‍ അധികൃതര്‍ ഒരു പോംവഴി തേടുന്നുണ്ടായിരുന്നു. അങ്ങനെ, നിരാഹാര സമരം 47 ദിവസം പിന്നിട്ടപ്പോള്‍ ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഹനായെ മോചിപ്പിച്ചു. പക്ഷേ അതിലും ഒരു ചതി ഒളിപ്പിച്ചുവെച്ചിരുന്നു. മോചിപ്പിച്ചാല്‍ ഗസ്സാ പ്രദേശത്തേക്ക് അയക്കണം എന്ന് ഉപാധിയുണ്ടായിരുന്നു. ഹനായോ കുടുംബമോ അറിയാതെയായിരുന്നു, ജനീവാകരാര്‍ ലംഘനമെന്ന് ആംനസ്റ്റി വിശേഷിപ്പിച്ച ഈ ഉപാധി. ഹനാ ഗസ്സയിലേക്ക് നാടുകടത്തപ്പെട്ടു.
2012 മാര്‍ച്ച് 29-നായിരുന്നു ഹനായുടെ മോചനം. ബലം പ്രയോഗിച്ചുള്ള നാടുകടത്തലിനൊപ്പം മറ്റൊരു ഉപാധിയും ഉണ്ടായിരുന്നു; മൂന്നുവര്‍ഷം ഗസ്സായില്‍ കഴിഞ്ഞശേഷം വെസ്റ്റ് ബാങ്കിലേക്ക് തിരിച്ചുചെല്ലാന്‍ അനുവദിക്കും എന്ന്. അതനുസരിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ അവര്‍ ബുര്‍ഖിനിലെത്തേണ്ടതായിരുന്നു. ഇസ്രായേല്‍ വീണ്ടും വാക്ക് തെറ്റിച്ചു. - ഫലസ്തീന്‍ അതോറിറ്റിയും.
ജീവിതത്തിനു വേണ്ടിയാണീ പോരാട്ടമെന്ന് ഹനാ പറയുന്നു. ജീവിക്കലും അതിജീവിക്കലുമാണ് ചെറുത്തുനില്‍പ്പ് - അതെത്ര വേദനയുണ്ടാക്കിയാലും. പിതാവിന് അവളെ ഒരു മൃഗഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അവള്‍ക്ക്, വക്കീലാകണമെന്നും. ഇന്നും ഹനാ സ്വപ്‌നം കാണുന്നുണ്ട്, വിശാലമായ ലോകത്ത് യഥേഷ്ടം യാത്രചെയ്ത്, ഏറെ സ്‌നേഹിക്കുന്ന സ്വദേശമെന്ന തടവറക്കപ്പുറത്തും ജീവനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ നടത്താന്‍.
(ഹനാ ശലബിയുമായി നടത്തിയ അഭിമുഖത്തെ ആധാരമാക്കി റംസി ബാറൂദ് എഴുതിയ ലേഖനത്തോടു കടപ്പാട്)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top