ആണും പെണ്ണും ഖുര്‍ആനില്‍ സാമൂഹ്യപദവിനിര്‍ണയമോ?

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഖുര്‍ആനിലെ സ്ത്രീ-12
ഇസ്‌ലാമിക വീക്ഷണത്തില്‍ ആണിനാണോ പെണ്ണിനാണോ പ്രഥമ പദവി? ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത? ഈ ചോദ്യം അണ്ടിയാണോ മാവാണോ മൂത്തത് എന്ന ചോദ്യം പോലെ അപ്രസക്തമാണ്.
ഭൂമിയിലെ മനുഷ്യന്റെ ആദ്യാവസ്ഥ മകന്‍, മകള്‍ എന്നതാണല്ലോ. ഇതില്‍ ഇസ്‌ലാം പ്രാധാന്യവും ശ്രേഷ്ഠതയും കല്‍പിച്ചത് മകള്‍ക്കാണ്. പെണ്‍മക്കളെ പോറ്റിവളര്‍ത്തുന്നത് ആണ്‍മക്കളെ സംരക്ഷിക്കുന്നതിനേക്കാള്‍ മഹത്തരവും പുണ്യകരവുമാണ്. 'ആരെങ്കിലും പ്രായപൂര്‍ത്തിയെത്തുംവരെ രണ്ട് പെണ്‍മക്കളെ പോറ്റിവളര്‍ത്തിയാല്‍ അവനും ഞാനും ഇങ്ങനെയാണ് അന്ത്യനാളില്‍ വരികയെന്ന് പറഞ്ഞ് പ്രവാചകന്‍ തന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു.' (മുസ്്‌ലിം)
പ്രവാചകന്‍ പറയുന്നു: 'ആരെങ്കിലും മൂന്നുപെണ്‍കുട്ടികളെ അല്ലെങ്കില്‍ അവരെപ്പോലുള്ള സഹോദരിമാരെ പോറ്റിവളര്‍ത്തുകയും അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുകയും അവര്‍ പ്രാപ്തരാകും വരെ കാരുണ്യം ചൊരിഞ്ഞുകൊടുക്കുകയും ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗം നിര്‍ബന്ധമാക്കുന്നു.' ഒരാള്‍ ചോദിച്ചു: ' രണ്ടുപെണ്‍കുട്ടികളെ വളര്‍ത്തിയാലോ?' പ്രവാചകന്‍ പ്രതിവചിച്ചു: 'രണ്ടു പെണ്‍കുട്ടികളെ പോറ്റിവളര്‍ത്തിയാലും.'
സഹോദരന്‍, സഹോദരി എന്നിവരിലും ഇസ്്‌ലാം പെണ്ണിനാണ് ആണിനേക്കാള്‍ സ്ഥാനവും പരിഗണനയും നല്‍കുന്നത് എന്നിത് വ്യക്തമാക്കുന്നു.
മാതാവ്, പിതാവ് എന്ന അവസ്ഥയിലും പെണ്ണിനാണ് ആണിനേക്കാള്‍ ഇസ്‌ലാം പ്രാധാന്യം കല്‍പിച്ചത്.
അബൂഹുറയ്‌റയില്‍നിന്ന് നിവേദനം: ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, എന്റെ ഏറ്റം മികച്ച സഹവാസത്തിന് അര്‍ഹന്‍ ആരാണ്? അവിടന്ന് അരുള്‍ ചെയ്തു: 'നിന്റെ മാതാവ്'. അയാള്‍ ചോദിച്ചു: 'പിന്നെ ആരാണ്?'  പ്രവാചകന്‍ പ്രതിവചിച്ചു: ' നിന്റെ മാതാവ്.' അയാള്‍ വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' പ്രവാചകന്‍ പറഞ്ഞു: ' നിന്റെ മാതാവു തന്നെ' അയാള്‍ ചോദിച്ചു: 'പിന്നെ ആരാണ്?' നബി (സ) പറഞ്ഞു: 'നിന്റെ പിതാവ്.' (ബുഖാരി, മുസ്‌ലിം)
മറ്റൊരു നിവേദനമനുസരിച്ച് ഇപ്രകാരമാണ്. ' അല്ലാഹുവിന്റെ പ്രവാചകരെ, ഏറ്റം മെച്ചപ്പെട്ട സഹവാസം അര്‍ഹിക്കുന്നത് ആരാണ്? അവിടന്ന് അരുള്‍ ചെയ്തു: ' നിന്റെ മാതാവ്, പിന്നെയും നിന്റെ മാതാവ്, പിന്നെയും നിന്റെ മാതാവു തന്നെ. പിന്നെ നിന്റെ പിതാവ്. പിന്നീട് നിന്നോട് അടുത്തടുത്ത് നില്‍ക്കുന്നവരും.'
ഖുര്‍ആനില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ മാതാപിതാക്കളുടെ കാര്യം പരാമര്‍ശിച്ച് പിന്നീട് പിതാവിനെ ഉപേക്ഷിച്ച് മാതാവിന്റെ കാര്യം മാത്രം വിശദീകരിക്കുകയാണുണ്ടായത്. ഖുര്‍ആനും മാതാവിനാണ് പിതാവിനേക്കാള്‍ പരിഗണന നല്‍കിയതെന്നര്‍ഥം. അല്ലാഹു പറയുന്നു: 'മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കണം. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.' (31:14)
'മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്. ഗര്‍ഭം ചുമന്നതും പ്രസവിച്ചതും കൂടി മുപ്പതുമാസമാണ്.' (46:15)
മക്കളുടെയും സഹോദരിമാരുടെയും മാതാക്കളുടെയും കാര്യത്തില്‍ മുഖ്യപരിഗണന പെണ്ണിനാണ് നല്‍കിയതെങ്കിലും ഇതൊന്നും പദവി നിര്‍ണയം ഉദ്ദേശിച്ചല്ലെന്നത് സുവിദിതവും അനിഷേധ്യവുമത്രെ. അപ്രകാരംതന്നെ ദമ്പതികള്‍ക്കിടയില്‍ സംരക്ഷണ ബാധ്യതയും മേല്‍നോട്ട ഉത്തരവാദിത്തവും പുരുഷനാണ്. അതും പദവി നിര്‍ണയം ഉദ്ദേശിച്ചല്ലെന്ന് വ്യക്തമാണ്.
സ്ത്രീയെക്കാള്‍ പദവിയും സ്ഥാനവും പുരുഷനാണെന്ന് വാദിക്കുന്നവര്‍ ഉദ്ധരിക്കാറുള്ളത് വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളാണ്. അവ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്കറിയാം രണ്ടും ബാധ്യതകള്‍ ഓര്‍മിപ്പിക്കുന്നവയാണ്. പദവി നിര്‍ണയം ഉദ്ദേശിച്ചുള്ളവയല്ല.
1. അല്ലാഹു പറയുന്നു: 'വിവാഹമോചിതര്‍ മൂന്നുതവണ മാസമുറ ഉണ്ടാകുന്നതുവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റം അര്‍ഹരത്രെ. സ്ത്രീകള്‍ക്ക് ബാധ്യതയുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.' (2:228)
'എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ പദവിയുണ്ട്' എന്ന ഭാഗം വിശദീകരിച്ച് ശഹീദ് സയ്യിദ് ഖുത്വുബ് എഴുതുന്നു: 'എനിക്കു തോന്നുന്നത് സൂക്തഘടനയില്‍ ഇങ്ങനെയൊരു പ്രസ്താവം കൊണ്ടുവന്നത് കാത്തിരിപ്പുകാലം കഴിയുംമുമ്പെ തന്റെയടുത്തേക്ക് അവളെ തിരിച്ചുവിളിക്കാനുളള അവകാശം പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ വേണ്ടിയാണെന്നാണ്. മൊഴിചൊല്ലി അവളെ പറഞ്ഞയച്ചത് പുരുഷനായതുകൊണ്ടാണ് ഈ അവകാശം അല്ലാഹു പുരുഷനുതന്നെ വകവെച്ചുകൊടുത്തത്. പറഞ്ഞയച്ചത് പുരുഷനായിരിക്കെ തിരിച്ചെടുക്കാനോ വിളിക്കാതെ അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാനോ ഉളള അവകാശം സ്ത്രീക്ക് കൊടുക്കുന്നത് യുക്തിസഹമല്ലല്ലോ. പുരുഷനിലപാടിന്റെ സ്വഭാവം അയാള്‍ക്ക് നല്‍കുന്ന അവകാശമാണത്. ഈയൊരു പരിപ്രേക്ഷ്യത്തില്‍ മാത്രം അയാള്‍ക്ക് ലഭിച്ചൊരു പദവിയും. അല്ലാതെ അധികമാളുകളും ധരിച്ചിട്ടുള്ളതും അനവസരത്തില്‍ ഉദാഹരിക്കാറുളളതുമായ ഒരു കേവലാര്‍ഥം അതിനില്ല.' (ഖുര്‍ആന്റെ തണലില്‍. ഭാഗം: 1 പുറം: 497)
2. അല്ലാഹു പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെ കാര്യങ്ങള്‍ കൊണ്ടുനടത്തുന്നവരാണ്. അല്ലാഹു മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റുളളവരേക്കാള്‍ കഴിവുകൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.' (4:34)
ഈ സൂക്തത്തിലെ 'ഖവ്വാം' എന്നതിന് പലരും അര്‍ഥം നല്‍കാറുളളത് കൈകാര്യകര്‍ത്താക്കളെന്നും മേല്‍നോട്ടക്കാരെന്നുമാണ്. എന്നാല്‍ യഥാര്‍ഥ അര്‍ഥം അതല്ല. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു:' ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കാര്യങ്ങള്‍ നല്ല നിലക്ക് കൊണ്ടുനടത്താനും നേല്‍നോട്ടംവഹിക്കാനും അതിനാവശ്യമായത് സജ്ജീകരിക്കാനും ഉത്തരവാദപ്പെട്ട ആള്‍ക്കാണ് അറബിയില്‍ 'ഖവ്വാം' അല്ലെങ്കില്‍ 'ഖയ്യിം' എന്നുപറയുന്നത്.' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം: ഒന്ന് പുറം 310)
ശഹീദ് സയ്യിദ് ഖുത്വുബ് എഴുതുന്നു: 'പുരുഷന്റെ ഈ രക്ഷാധികാരം ഒരു കാരണവശാലും വീട്ടിലും മനുഷ്യസമൂഹത്തിലും സ്ത്രീയുടെ വ്യക്തിത്വത്തെ വൃഥാവിലാക്കില്ല. നേരത്തെ നാം വ്യക്തിമാക്കിയതു പോലെ അവളുടെ പൗരാവകാശങ്ങളെ വിഫലമാക്കുകയില്ല. രക്ഷാധികാരം ഗൗരവമായ ഈ സ്ഥാപനത്തിന്റെ ഭരണനിര്‍വഹണത്തിനും പരിരക്ഷണത്തിനും വേണ്ടിയുളള ഒരു ഉദ്യോഗം മാത്രമാണ്. ഏത് സ്ഥാപനത്തിലും ചിലര്‍ക്ക് ചില പദവികള്‍ നിര്‍ണയിക്കുന്നത് അതിലെ മറ്റു പങ്കാളികളുടെയോ തൊഴിലാളികളുടെയോ വ്യക്തിത്വത്തെയും അവകാശങ്ങളെയും വിഫലമാക്കുകയില്ല. മാത്രമല്ല, മറ്റു ചില സ്ഥലങ്ങളില്‍ പുരുഷന്റെ രക്ഷാധികാരത്തിന് ഇസ്്‌ലാം പരിധി വെക്കുകയും രക്ഷാധികാരത്തിന്റെ ഗുണമായ കനിവും കാരുണ്യവും കാവലും ശാരീരികവും ധനപരവുമായ ബാധ്യതകളും കുടുംബത്തോടും കുട്ടികളോടുമുണ്ടാകേണ്ട മര്യാദകളുമെല്ലാം വിവരിക്കുകയും ചെയ്തതായി കാണാം.' (ഖുര്‍ആന്റെ തണലില്‍ ഭാഗം: 239)
പുരുഷനാണ് സ്ത്രീയെക്കാള്‍ പദവിയെന്ന് മേല്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ വാദിക്കുന്നവര്‍ രണ്ടു കാരണങ്ങളാണ് എടുത്തുകാണിക്കാറുള്ളത്.
1. ശാരീരികമായ പ്രത്യേകത; കായികകരുത്തിന്റെ പേരില്‍ നല്‍കപ്പെടുന്ന സ്ഥാനവും ജോലിയും ഉത്തരവാദിത്തവും മഹത്വത്തിന്റെയോ പദവിയുടെയോ ശ്രേഷ്ഠതയുടെയോ അടിസ്ഥാനവും മാനദണ്ഡവുമാണെങ്കില്‍ മഹാമല്ലന്മാരായ ഖലാസികളാണ് സാഹിത്യകാരന്മാരേക്കാളും കലാകാരന്മാരേക്കാളും ചിന്തകന്മാരേക്കാളും പണ്ഡിതന്മാരേക്കാളും പദവിയും ശ്രേഷ്ഠതയും മഹത്വവുമുള്ളവരെന്നു പറയേണ്ടി വരും. വിശുദ്ധഖുര്‍ആന്‍ ഇത്തരമൊരു വിഡ്ഢിത്തം പറയില്ലെന്നുമുറപ്പ്.
2. സമ്പത്ത് ചെലവഴിക്കുന്നുവെന്നത്. ഒരാള്‍ സമ്പത്ത് ചെലവഴിക്കുന്നത് പദവിനിര്‍ണയത്തിന്റെയും ശ്രേഷ്ഠതയുടെയും അടിസ്ഥാനമാണെങ്കില്‍ ഉദാരമതികളായ ധനികര്‍ ലോകത്തിന് മഹത്തായ അറിവും ചിന്തയും മറ്റും നല്‍കിയ പണ്ഡിതന്മാരേക്കാളും ശാസ്ത്രജ്ഞരേക്കാളും വിപ്ലവകാരികളേക്കാളും സാങ്കേതിക വിദഗ്ധരേക്കാളും പദവിയും ശ്രേഷ്ഠതയുമുള്ളവരാണെന്ന് സമ്മതിക്കേണ്ടി വരും. അതും ഖുര്‍ആന്‍ പറയില്ലെന്നുറപ്പ്.
യഥാര്‍ഥത്തില്‍ ഇവിടെ ഉദ്ധരിച്ച ഒന്നാം സൂക്തത്തിന്റെ ഉദ്ദേശ്യം ശഹീദ് സയ്യിദ് ഖുത്വുബ് വ്യക്തമാക്കിയ പോലെ വിവാഹമുക്തയെ മടക്കിയെടുക്കാനുള്ള അവകാശത്തെ സംബന്ധിച്ചു മാത്രമാണ്. രണ്ടാമത്തെ സൂക്തം കുടുംബത്തിന്റെ സംരക്ഷണബാധ്യത പുരുഷനാണെന്ന് വ്യക്തമാക്കുന്നതും.
ഈ രണ്ടുകാര്യവും സ്ത്രീ നിര്‍വഹിക്കുന്ന ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയേക്കാള്‍ മഹത്തരമോ ശ്രേഷ്ഠമോ പദവിയുള്ളതോ അല്ല. അതിനാലാണ് ഖുര്‍ആന്‍ മാതാപിതാക്കളുടെ കാര്യംപറഞ്ഞ് ആരംഭിച്ച ശേഷം മാതാവിന്റെ ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും മാത്രം പരാമര്‍ശിച്ചത്. ഇക്കാര്യം ശഹീദ് സയ്യിദ് ഖുത്വുബ് ഇങ്ങനെ വ്യക്തമാക്കുന്നു. 'തീര്‍ച്ചയായും അല്ലാഹു സ്ത്രീക്ക് ധര്‍മയുദ്ധം നിര്‍ബന്ധമാക്കിയിട്ടില്ല. അത് അവള്‍ക്ക് നിഷിദ്ധമാക്കിയിട്ടുമില്ല. ആണുങ്ങള്‍ മാത്രം പോരാതെ വരികയും അവള്‍ കൂടി പങ്കെടുക്കേണ്ടത് ആവശ്യമായി വരികയും ചെയ്ത ഘട്ടത്തില്‍ ഇസ്‌ലാം അവളെ ധര്‍മയുദ്ധത്തില്‍ നിന്ന് തടഞ്ഞിട്ടില്ല. ഒറ്റപ്പെട്ട ചില സ്ത്രീകള്‍ ഇസ്്‌ലാമിക യുദ്ധങ്ങളില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുള്ളതായി ചരിത്രമുണ്ട്. ആണുങ്ങളെ ശുശ്രൂഷിക്കാനോ ഭക്ഷണം കൊണ്ടുപോകാനോ അല്ല, യുദ്ധം ചെയ്യാനായി പടക്കളത്തിലെത്തിയവരായിരുന്നു ആ ധീരവനിതകള്‍. പക്ഷെ, ആവശ്യകതയും അനിവാര്യതയും ഇല്ലാത്തതിനാല്‍ അതു വളരെ കുറവായിരുന്നുവെന്നുമാത്രം. പക്ഷെ, ഇതൊരു പൊതുവായ അടിസ്ഥാനവും ആയിരുന്നിട്ടില്ല. ഏതായാലും ആണുങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ പെണ്ണുങ്ങള്‍ക്ക് അല്ലാഹു യുദ്ധം നിര്‍ബന്ധമാക്കിയിട്ടില്ലെന്നതു നേര് തന്നെ. 'യുദ്ധം പെണ്ണുങ്ങള്‍ക്ക് നിര്‍ബന്ധമാക്കാത്തത് അവള്‍ യോദ്ധാക്കളായ പുരുഷന്മാരെ പ്രസവിക്കുന്നവളായതുകൊണ്ടാണ്. ശരീരഘടനകൊണ്ടും മാനസിക ഘടനകൊണ്ടും അത്തരം ആണുങ്ങളെ പ്രസവിക്കാനും അവരെ യുദ്ധത്തിനും ജീവിതത്തിനും ഒരുപോലെ സന്നദ്ധതയുള്ളവരാക്കി വളര്‍ത്താനും സുസജ്ജയാണവര്‍. ഈ രംഗത്ത് അവര്‍ കൂടുതല്‍ കഴിവുളളവളും പ്രയോജനമുളളവളുമാകുന്നു. മാനസികമായും ശാരീരികമായും ഈ ജോലിക്ക് സന്നദ്ധമാകുന്ന രീതിയിലാണ് അവളുടെ ശില്‍പഘടനയിലെ ഓരോ കോശവും നിലകൊള്ളുന്നത്. അതുകൊണ്ട് അവള്‍ ആ ജോലിയില്‍ പ്രാപ്തയുമാണ്. ഇത് പ്രത്യക്ഷത്തില്‍ നാം കാണുന്ന അവളുടെ ബാഹ്യമായ ശരീര ഘടനയുടെ മാത്രം വിഷയമല്ല. അവളുടെ സൃഷ്ടിയുടെ ആദിദശയായ അണ്ഡനിക്ഷേപം മുതല്‍ അവിടുന്നങ്ങോട്ട് സ്രഷ്ടാവ് ആണോ പെണ്ണോ ആയി നിര്‍ണയിക്കുന്നതുമുതല്‍ ഓരോ ഘട്ടത്തിലും അത് പ്രകടമാണ്. തുടര്‍ന്ന് ശാരീരിക വ്യത്യാസങ്ങളും മാനസിക പ്രതിഭാസങ്ങളും വ്യക്തമാവുന്നു. മനുഷ്യവംശത്തിന്റെ ദീര്‍ഘകാല താല്‍പര്യം പരിഗണിച്ചാല്‍ അവളുടെ ഈ നിലയാണ് കൂടുതല്‍ പ്രയോജനപ്രദമെന്ന് കാണാവുന്നതാണ്. യുദ്ധം പുരുഷന്മാരെ കൊന്നൊടുക്കുമ്പോള്‍ സ്ത്രീകളെ അവശേഷിപ്പിക്കുന്നു. അഥവാ പുരുഷനാശത്തിന്റെ വിടവ് നികത്താനുളള സന്താനോല്‍പാദന നിമിത്തങ്ങള്‍ സമൂഹത്തിനായി ഉപേക്ഷിക്കുന്നുവെന്നര്‍ഥം.' (ഖുര്‍ആന്റെ തണലില്‍, ഭാഗം: 3, പുറം: 222-223)
മറ്റൊരു തലത്തില്‍ നോക്കിയാല്‍ ആയുധങ്ങളേക്കാള്‍ എത്രയോ മടങ്ങ് ശക്തിയും സ്വാധീനവും അക്ഷരങ്ങള്‍ക്കുണ്ട്. അവയുടെ പ്രയോഗം ആയുധപ്രയോഗത്തേക്കാള്‍ മഹത്തരവും പ്രതിഫലനമുണ്ടാക്കുന്നതുമാണ്. ആയുധം എതിരാളിയുടെ ശരീരത്തെ കീഴ്‌പ്പെടുത്തി ശവമാക്കി മാറ്റുമ്പോള്‍ അക്ഷരങ്ങള്‍ ശത്രുവിന്റെ മനസ്സിനെയും ശരീരത്തെയും കീഴ്‌പ്പെടുത്തി കൂടെ പൊരുതുന്ന മിത്രമാക്കി മാറ്റുന്നു. അതിനാല്‍ സാമൂഹിക പദവിയിലും ശ്രേഷ്ഠതയിലും ആണോ പെണ്ണോ പ്രഥമസ്ഥാനത്തെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമാണ്. അതുകൊണ്ടുതന്നെ തത്സംബന്ധമായ ഏത് ചര്‍ച്ചയും തീരെ അനാവശ്യവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top