പരമമായ സ്‌നേഹം പ്രപഞ്ച സത്യത്തിനാവട്ടെ!

അമല്‍ No image

രിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കപ്പെട്ട വ്യക്തികളാണ് പ്രവാചകന്മാര്‍. ആദംനബി മുതല്‍ മുഹമ്മദ് നബിവരെ നീണ്ടുനില്‍ക്കുന്ന സകല പ്രവാചകന്മാരും മനുഷ്യകുലത്തിന്റെ സ്‌നേഹം പിടിച്ചുപറ്റിയവരാണ്. എന്തുകൊണ്ട് പ്രവാചകന്മാര്‍ സ്‌നേഹിക്കപ്പെടുന്നു? സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരോ, രാജാക്കന്മാരോ, വിദ്യാഭ്യാസമുള്ളവരോ, മികച്ച ജോലിയുള്ളവരോ ഒന്നും ആയിരുന്നില്ല പ്രവാചകന്മാര്‍. മറിച്ച് പ്രപഞ്ചസത്യം മനുഷ്യരിലേക്കെത്തിക്കാന്‍ ദൈവം തമ്പുരാന്‍, തെരഞ്ഞെടുത്ത വ്യക്തികളായിരുന്നു അവര്‍. എല്ലാ പ്രവാചകന്മാരും ജനസമൂഹത്തോട് വിളിച്ചോതിയത് ഈ സത്യമാണ്. ആ സത്യമാണ് ജനങ്ങളെ അവരിലേക്കടുപ്പിച്ചതും. അവരെ അകമഴിഞ്ഞ് സ്‌നേഹിക്കാനിടയാക്കിയതും.
മന:ശാസ്ത്രത്തിലെ ചില സിദ്ധാന്തങ്ങള്‍ (Mslow's Hierachy of needs) മനുഷ്യന്റെ വളര്‍ച്ചയെ ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു. ഓരോ ഘട്ടത്തിലും അവന് വ്യത്യസ്തമായ ആവശ്യമാണ് (needs) ഉണ്ടാക്കുന്നത്. ആദ്യം അത് ഭക്ഷണം, പാനീയം, വസ്ത്രം തുടങ്ങിയ മൗലിക ആവശ്യങ്ങളും പിന്നീട് സുരക്ഷിതത്വം, സ്‌നേഹം, അഭിമാനം (esteem) എന്നിങ്ങനെയും ഒടുവിലായി മനുഷ്യന്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത്. Self Autnalisation എന്ന അവസ്ഥയാണ്.
സ്വന്തം യാഥാര്‍ഥ്യമാകുന്നത് ഒരുവന്‍ അവന്റെ ആത്മാവിനെ തിരിച്ചറിയുന്നതിലൂടെയാണ്. ആത്മാവിനെ തിരിച്ചറിയുന്നതോ പ്രപഞ്ചസത്യം അനുഭവിക്കുന്നതിലൂടെയും. ആരാണ് മനുഷ്യന്‍ എന്താണ് അവന്റെ നിയോഗം, എവിടേക്കാണവന്റെ യാത്ര എന്നതിനെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കുന്നതോടെ ഇത് സാധ്യമാകുന്നു. ഈ അവസ്ഥയിലെത്തിച്ചേര്‍ന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതം സമാധാനപൂര്‍ണമാണ്. ഭാവി പ്രതീക്ഷ നല്‍കുന്നതാണ്. മനുഷ്യരിലേക്കയക്കപ്പെട്ട പ്രവാചകന്മാര്‍ ചെയ്ത ദൗത്യം ഇതാണ്. മനുഷ്യ നിയോഗത്തിന്റെ യാഥാര്‍ഥ്യം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു. അധ്യായം അശ്ശുഅറാഇല്‍ വിവിധ പ്രവാചകന്മാര്‍ അവരുടെ ജനങ്ങളോട് ഇങ്ങനെ പറഞ്ഞതായി കാണുന്നു. 'നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? സംശയം വേണ്ട ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്. അതിനാല്‍ അല്ലാഹുവെ സൂക്ഷിക്കുക, എന്നെ അനുസരിക്കുക. ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണ്.'
പ്രവാചകന്മാരിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത് അവരുടെ ആത്മീയമായ വെളിച്ചമായിരുന്നു. അത് അവരുടെ അകവും പുറവും പ്രകാശപൂരിതമാക്കി. അത് മറ്റുള്ളവരുടെ ഹൃദയത്തിലും വിതറി. സത്യസന്ദേശം മനുഷ്യജീവിതത്തെ അര്‍ഥപൂര്‍ണമാക്കി. അവരുടെ ഭാവി സുരക്ഷിതമാക്കി. അതുകൊണ്ടാണല്ലോ യുദ്ധക്കളത്തിലേക്ക് ആവേശപൂര്‍വം ഓടിച്ചെല്ലുന്ന സ്വഹാബിമാരെയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാകുമ്പോഴും അല്ലാഹു അഹദ് (അല്ലാഹു ഏകന്‍) എന്ന പ്രപഞ്ച സത്യത്തില്‍ ഉറച്ചുനിന്നവരെയും ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. നീണ്ടകാത്തിരിപ്പിനൊടുവില്‍ ദൈവം സമ്മാനിച്ച തന്റെ പ്രിയപുത്രനെ ഇബ്‌റാഹിം നബി ബലിനല്‍കാന്‍ തയ്യാറാവുന്നതും എല്ലാത്തിനപ്പുറമുള്ള പരമമായ സ്‌നേഹം സത്യത്തിനോടാകുന്നതു കൊണ്ടാണ്.
റസൂലിന്റെ ജീവിതമാതൃക പിന്‍പറ്റുന്ന ഒരുപാട് ജനങ്ങളെ നാമിന്ന് കാണുന്നു. അത് പ്രവാചകനെന്ന വ്യക്തിയോടുള്ള ആദരവിനപ്പുറം പ്രവാചകനുയര്‍ത്തിപ്പിടിച്ച സത്യത്തിനോടുള്ള ആദരവ് കാരണമാണ്. പ്രവാചകന്മാര്‍ നമുക്കായി വിട്ടേച്ചു പോയത് സമ്പത്തോ പ്രതാപമോ ഒന്നുമല്ല. പരമോന്നതമായ സത്യം മാത്രമാണല്ലോ.
അധ്യായം അല്ലൈലില്‍ അല്ലാഹു പറയുന്നു. 'തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്. അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയയും അത്യുന്നതമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അവന് നാം ഏറ്റവും എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും സ്വയം പൂര്‍ണത നടിക്കുകയും അത്യുന്നതമായതിനെ തള്ളിപ്പറയുകയും ചെയ്തുവോ അവനെ നാം ഏറ്റവും ക്ലേശമായതില്‍ കൊണ്ടെത്തിക്കും.'' ശരിയില്‍ നിന്നും ഉന്നതമായ ശരിയിലേക്കുള്ള ഒരു യാത്രയാണ് ഈ ജീവിതം കൊണ്ട് സാധ്യമാകേണ്ടത്. എല്ലാ നമസ്‌കാരത്തിലും മനുഷ്യന്‍ പ്രാര്‍ഥിക്കുന്നത് 'നീ ഞങ്ങളെ നേരായ മാര്‍ഗത്തിലേക്ക് നയിക്കേണമേ' എന്നാണല്ലോ. ഈ ജീവിതയാത്രയില്‍ വിവിധങ്ങളായ വ്യക്തികള്‍ നമ്മിലൂടെ കടന്ന് പോകുന്നു. വ്യത്യസ്തമമായ അനുഭവങ്ങള്‍ നമുക്കുണ്ടാകുന്നു. ഇവയെല്ലാംതന്നെ അത്യുന്നതമായതിലേക്കുള്ള യാത്രയെ സഹായിക്കുന്നതാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സൗഹൃദങ്ങള്‍, സ്‌നേഹബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ സത്യത്തെ അടിസ്ഥാനപ്പെടുത്തിയാവണം. അങ്ങനെ അത്യുന്നതമായതിനെ ജീവിതം കൊണ്ട് സത്യപ്പെടുത്താന്‍ സാധിച്ച മനുഷ്യനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top