അകലങ്ങളിലേക്ക്‌ ഓടി മറഞ്ഞ പെണ്‍കുട്ടി;

ശീരമ No image

``വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍
വയ്യാത്ത കിടാങ്ങളെ
ദീര്‍ഘ ദര്‍ശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍''
കവിവാക്യം അന്വര്‍ത്ഥമാകും വിധത്തിലുള്ള പല സംഭവങ്ങളും മനസ്സില്‍ തട്ടാറുണ്ട്‌. കൊച്ചുകുഞ്ഞുങ്ങള്‍ എപ്പോഴും അവരുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ.്‌ അതു ചിലപ്പോള്‍ ഒരു പൂവിലൂടെയാകാം. കുഞ്ഞു വളപ്പൊട്ടുകളാകാം, അവര്‍ വരച്ചിരിക്കുന്ന ചിത്രങ്ങളാകാം. അതുമല്ലെങ്കില്‍ മടിയില്‍ കയറിയിരുന്നുള്ള ചുടുചുംബനങ്ങളാകാം...
അധ്യാപകര്‍ ധരിക്കുന്ന വസ്‌ത്രങ്ങളെപ്പോലും സസൂക്ഷ്‌മം വീക്ഷിച്ച്‌ അവര്‍ അഭിപ്രായങ്ങള്‍ പറയും...
വലിയ ക്ലാസുകള്‍ കൈകാര്യം ചെയ്‌തിരുന്ന സമയത്താണ്‌ ഒന്നാം ക്ലാസുകാരെ പഠിപ്പിക്കാനായുള്ള ഒരവസരം എനിക്കു ലഭിച്ചത്‌.
മുതിര്‍ന്ന കുട്ടികളോടുള്ളതിനേക്കാളും ക്ഷമയും കരുതലും വേണം ആ കുഞ്ഞുങ്ങളോടിപെടാന്‍. അല്‍പം ആശങ്കയോടെ ക്ലാസിലേക്കു നടന്ന എനിക്ക്‌ അവരുടെ നിഷ്‌കളങ്ക സ്‌നേഹം കൗതുകമുളവാക്കി. ദിവസവും ഓടി വന്ന്‌ ഒരു ഉമ്മ തന്നതിനു ശേഷം മാത്രം ക്ലാസിലിരിക്കുന്ന ഒരു സുന്ദരിക്കുട്ടിയുമുണ്ടായിരുന്നു അവിടെ. ആതിര എന്ന കുസൃതിക്കുരുന്ന്‌, പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണവള്‍ക്ക്‌. കേട്ടാലൊടുങ്ങാത്തവയും. വളരെ നിഷ്‌കളങ്കമായ മുഖം... ദിവസവും ക്ലാസില്‍ കയറിയയുടന്‍ കയ്യില്‍ അവള്‍ വരച്ച ഒരു ചിത്രവുമായി ഓടിവരും. ഞാനതു വാങ്ങി നോക്കി മടക്കി പുസ്‌തകത്തില്‍ വെക്കും. `ഹായ്‌ നന്നായല്ലോ' എന്ന ഒരു വാക്കുമതി മൂപ്പര്‍ക്ക്‌. ഇതേ ചിത്രം തന്റെ സുഹൃത്തുക്കള്‍ക്കും നല്‍കാറുണ്ട്‌.
ഒരുപാടു ചിത്രങ്ങളായപ്പോള്‍ ഞാനവയെല്ലാമെടുത്ത്‌ ഒരു വലിയ ഫയലിലാക്കി വെച്ചു. ഒരു ചിട്ട പോലെ ചെറിയ ചെറിയ പല ചിത്രങ്ങളുമായി ദിവസവും അവളെത്തി. സ്‌കൂളവധിയടുത്ത ഒരു ദിവസം ``മിസ്സേ മിസ്സിനു തന്ന ചിത്രങ്ങളെല്ലാം മിസ്സ്‌ എന്തു ചെയ്‌തു, കളഞ്ഞോ'' എന്ന ഒരു ചോദ്യമവളുന്നയിച്ചു.
``എന്തു പറ്റി ആതിരാ... നീയെന്താ അങ്ങിനെ ചോദിക്കാന്‍''?
``അതോ... ഞാനിതുപോലെ കുറെ ചിത്രങ്ങള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ജീപ്പില്‍ കൂടെവരുന്ന ചേച്ചിമാര്‍ക്കും കൊടുത്തിരുന്നു... അതൊന്നും ഇപ്പോള്‍ അവരുടെ കയ്യിലില്ല...''
വളരെ സങ്കടത്തോടെയാണവള്‍ പറഞ്ഞത്‌. പിറ്റേദിവസം ഞാന്‍ ക്ലാസില്‍ പോകുമ്പോള്‍ അവള്‍ തന്ന ചിത്രക്കൂമ്പാരങ്ങളുടെ ഫയലുകളുമെടുത്താണ്‌ പോയത്‌.
പുതിയ ചിത്രവുമായി വന്ന അവള്‍ക്ക്‌ ഞാന്‍ മുമ്പവള്‍ നല്‍കിയ ചിത്രങ്ങള്‍ മുഴുവനും കാണിച്ചുകൊടുത്തു. സന്തോഷം കൊണ്ടാവാം... ആ കുഞ്ഞു കണ്ണു നനഞ്ഞിരി്‌ക്കുന്നത്‌ ഞാന്‍ കണ്ടു. ഒരു നിറഞ്ഞ പുഞ്ചിരിയുമായി അവള്‍ ക്ലാസിലിരിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.
പിറ്റേന്ന്‌ രാവിലെ അവളെന്തോ താങ്ങിപ്പിടിച്ചു കൊണ്ട്‌ വരാന്തയിലൂടെ പോകുന്നത്‌ ഞാന്‍ സ്റ്റാഫ്‌റൂമില്‍ നിന്നും കണ്ടു. ക്ലാസില്‍ കയറിയ ഉടനെ തിടുക്കപ്പെട്ട്‌ ഒരു വലിയ കവര്‍ അവള്‍ എനിക്ക്‌ നേരെ നീട്ടി. ``എന്തായിത്‌'' ആ കവറിനകത്ത്‌ എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷയായി...
ഞാന്‍ നോക്കുമ്പോള്‍ ഒരു ഫ്രെയിം ചെയ്‌ത വലിയ ചിത്രമായിരുന്നു. ഞാനത്ഭുതത്തോടെ അവളെ നോക്കി നിന്നു. ``ഇത്‌ ടീച്ചറെടുത്തോളൂ...''
അന്നു സ്‌കൂള്‍ വിട്ടപ്പോള്‍ അവളുടെ അച്ഛന്‍ എന്നെ കാണാനായി വന്നു. അയാള്‍ അവിടെ നിന്നും ട്രാന്‍സ്‌ഫറായി. കുട്ടിയുടെ ടി.സി വാങ്ങിക്കാന്‍ വന്നിരിക്കുകയാണ്‌.
``ആതിരയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്‌ ടീച്ചറേ ഇത.്‌'' അവള്‍ ഇത്‌ ടീച്ചര്‍ക്കു തരണമെന്ന്‌ വാശിപിടിച്ചിരിക്കുകയാണ്‌. ടീച്ചര്‍ അതു വാങ്ങിവെക്കണം. അല്ലെങ്കില്‍ അവള്‍ക്ക്‌ വിഷമമാവും. അവളുടെ ഒരു സന്തോഷത്തിന്‌...''
അയാള്‍ പോയപ്പോള്‍ ഞാനാ ചിത്രം വീണ്ടുമെടുത്തു നോക്കി. ദൂരേയ്‌ക്ക്‌ ഓടി മായുന്ന ഒരു പെണ്‍കുട്ടി ആ ചിത്രത്തിലുണ്ടായിരുന്നു. ഒരു നല്ല ഭാവിയിലേക്കായി ഓടിയണയാന്‍ എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട്‌ ഞാനാചിത്രം സൂക്ഷിച്ചു വെച്ചു. അടുത്ത വര്‍ഷം അതേ ക്ലാസിലെ കുട്ടികളുടെ അടുത്തെത്താന്‍ സാഹചര്യം കിട്ടിയപ്പോള്‍ എന്റെ കണ്ണുകള്‍ ആതിരയെ വെറുതെ തെരഞ്ഞു.
ആ ചിത്രം കാണുമ്പോള്‍ ഞാനെപ്പോഴും അവളെ ഓര്‍ക്കും. വളര്‍ന്ന്‌ വലുതാകുമ്പോള്‍ അവള്‍ ഈ മിസ്സിനെ ഓര്‍ക്കുമോ ആവോ? (കോഴിക്കോട്‌ ദേവഗിരി ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്‌ ലേഖിക)
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top