മലയാളക്കരയിലെ മുസ്‌ലിം വനിതാ സംഘടനകള്‍ 3 മുസ്‌ലിം വിമന്‍സ് അസോസിയേഷന്‍, എറണാകുളം

സദ്‌റുദ്ദീന്‍ വാഴക്കാട് No image

      സമൂഹ പുനര്‍നിര്‍മാണത്തിനു വേണ്ടി സ്ത്രീശക്തി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രായോഗികമായി തെളിയിച്ച മുസ്‌ലിം വനിതാ സംഘടനയാണ്, ''എറണാകുളം ജില്ലാ മുസ്‌ലിം വിമന്‍സ് അസോസിയേഷന്‍''. ഏഴ് വനിതാ ഹോസ്റ്റലുകള്‍, പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള മാതൃകാ അനാഥശാല, സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഒട്ടേറെ സേവന പദ്ധതികള്‍, വരുമാന സ്രോതസ്സായ നാല് ഫ്‌ളാറ്റൂകള്‍ തുടങ്ങിയ ബഹുമുഖ സംരംഭങ്ങള്‍ എറണാകുളം ടൗണില്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ അരനൂറ്റാണ്ടു കാലമായി പ്രവര്‍ത്തന രംഗത്തുള്ള വിമന്‍സ് അസോസിയേഷന് സാധിച്ചിട്ടുണ്ട്.

1963-ലാണ്, ''വിമന്‍സ് അസോസിയേഷന്‍'' രൂപീകരിക്കപ്പെട്ടത്. ഖദീജ സെയ്തു മുഹമ്മദ്, മൈമൂന്‍ അബ്ദുല്‍ ഖാദിര്‍, ഐഷ ബീവി മുഹമ്മദ്, അസ്മ മായിന്‍കുട്ടി, ഉമ്മുസല്‍മ മരിക്കാര്‍, ഹഫ്‌സ ഷംസുദ്ദീന്‍ തുടങ്ങിയവരായിരുന്നു അസോസിയേഷന്‍ രൂപീകരണത്തിന് മുന്‍കൈയെടുത്തത്. ചീഫ് എഞ്ചിനീയര്‍ ടി.പി.കുട്ട്യാമു സാഹിബ്, ചരിത്രകാരന്‍ സെയ്ദു മുഹമ്മദ്, മജീദ് മരിക്കാര്‍, മൂസാ സാഹിബ്, കെ.സി.എം മേത്തര്‍, മായിന്‍ കുട്ടി സാഹിബ്, സാലേ മുഹമ്മദ് ഇബ്‌റാഹിം സേട്ട്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ തുടങ്ങിയവരുടെ പിന്തുണയും പ്രോല്‍സാഹനവും സംഘടനയുടെ പിറവിക്ക് നിമിത്തമായി. രൂപീകരണത്തിന് മുന്നോടിയായി രണ്ട് ആലോചനാ യോഗങ്ങള്‍ നടക്കുകയുണ്ടായി.1963 ആഗസ്റ്റ് 12-നു ഐഷ ബീവി മുഹമ്മദിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ എം.ഹലീമാ ബീവിയായിരുന്നു അധ്യക്ഷ. 1963 ഡിസംബര്‍ 15-നു അസ്മാ മായിന്‍കുട്ടിയുടെ വീട്ടില്‍ ഫാത്വിമ റഹ്മാന്റെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേര്‍ന്നു. അതില്‍, ഫാത്വിമ റഹ്മാന്‍ (ചെയര്‍മാന്‍), ഖദീജ സെയ്തു മുഹമ്മദ് (കണ്‍വീനര്‍), മൈമൂന്‍ അബ്ദുല്‍ ഖാദിര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എം. ഹലീമാ ബീവി, മിസിസ് ഐഷാ ബീവി മുഹമ്മദ്, ഉമ്മുസല്‍മ മരിക്കാര്‍, മിസിസ് പി.കെ.കുഞ്ഞാലു, അസ്മാ മായിന്‍ കുട്ടി, സുലേഖ മുഹമ്മദ് ബാബു, സൈനബ മമ്മു, ഫാത്വിമ സെയ്ദുമുഹമ്മദ്, നബീസാ മുഹമ്മദ്,ഫാത്വിമ അബ്ദുല്‍ഖാദിര്‍, നബീസാ കൊച്ചുണ്ണി, സുഹ്‌റാബി വി.മുഹമ്മദലി, സഫിയാ അബ്ദുല്‍ അസീസ്, ഫാത്വിമ ആലി മുഹമ്മദ്, മിസിസ് കെ.സി.എം മേത്തര്‍, ഷരീഫ ഹംസ, ഹഫ്‌സ ഷംസുദ്ദീന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. രക്ഷാധികാരി അംഗത്വം (1000 രൂപ), ആജീവനാന്ത അംഗത്വം (100 രൂപ), സാധാരണ അംഗത്വം (12 രൂപ) എന്നിങ്ങനെ മൂന്ന് വിധം അംഗത്വ പദ്ധതി ആവിഷ്‌കരിച്ച് അഡ്‌ഹോക് കമ്മിറ്റി പ്രചാരണം ആരംഭിച്ചു.

ഏതാനും മാസങ്ങള്‍ക്കകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200-ല്‍ പരം പേര്‍ അസോസിയേഷനില്‍ മെമ്പര്‍മാരായി. 1964 ഏപ്രില്‍ 24-നു മുനവ്വിറുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ നടന്ന പ്രത്യേക യോഗത്തില്‍ പുതിയ ഭാരവാഹികളും പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുക്കപ്പെട്ടു. ഫാത്വിമ റഹ്മാന്‍ (പ്രസിഡന്റ്), അസ്മാ മായിന്‍കുട്ടി, ഖദീജാബായ്, സുഹ്‌റാബി വി.മുഹമ്മദലി (വൈസ് പ്ര.), ഖദീജ സൈദുമുഹമ്മദ്, സുലൈഖ മുഹമ്മദ് ബാബു (സെക്രട്ടറിമാര്‍), മൈമൂന്‍ അബ്ദുല്‍ഖാദിര്‍ (ഖജാന്‍ജി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍, നേരത്തെ അഡ്‌ഹോക് കമ്മിറ്റിയിലുണ്ടായിരുന്ന ചിലര്‍ക്കു പുറമെ മിസിസ് ഇ.കെ മുഹമ്മദ്, മിസിസ് വി.കെ ഹംസ, ഖദീജ നാദിര്‍ഷ, അമീന അബൂബക്കര്‍, മിസിസ് പി.ബി. ഖാദര്‍, സുഹ്‌റ അസീസ്, അസ്മ മമ്മു, നാസ്‌നി ഷുക്കൂര്‍, സൈനബ ഹംസ, ഹലീമ ബീവി, നിസാ ബാവ, മിസിസ് ഷാഹുല്‍ ഹമീദ്, നൂര്‍ജഹാന്‍ അലി കുഞ്ഞി, നബീസ മുഹമ്മദ് എന്നിവര്‍ അംഗങ്ങളായിരുന്നു.

എറണാകുളത്ത് ഒരു മുസ്‌ലിം വിമന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കാനും പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനുമായിരുന്നു അസോസിയേഷന്റെ ആദ്യ തീരുമാനങ്ങള്‍. വിദ്യാഭ്യാസവും ജോലിയും ലക്ഷ്യം വെച്ച് എറണാകുളം ടൗണിലെത്തുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഹോസ്റ്റല്‍ പണിയുകയെന്നത് 1964 കാലത്ത് വളരെ ദീര്‍ഘദൃഷ്ടിയുള്ളതും ധീരവുമായ തീരുമാനമായിരുന്നു. മൈമൂന്‍ അബ്ദുല്‍ ഖാദിര്‍ ചെയര്‍പേഴ്‌സനായി ഇതിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു. എറണാകുളം കൃഷ്ണ സ്വാമി ക്രോസ് റോഡിനു കിഴക്കു വശത്ത് പത്ത് സെന്റ് സ്ഥലം കണ്ടെത്തി. അഞ്ച് സെന്റിന് 5000 രൂപ അസോസിയേഷന്‍ ഫണ്ടില്‍നിന്ന് നല്‍കുകയും, അഞ്ച് സെന്റ് സ്ഥലമുടമകളായിരുന്ന എ.എസ് ബാവ കുടുംബം ദാനമായി നല്‍കുകയും ചെയ്തു. 1966 ജൂലൈയില്‍ മിസിസ് സാലേ മുഹമ്മദ് ഇബ്‌റാഹിം സേട്ട് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ജൂലൈ ഒന്നിനു നടന്ന പ്രത്യേക സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പങ്കെടുക്കുകയും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു. കെട്ടിട നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കുവാനായി 1966 നവം.12-ന് ഒരു ''ഫാന്‍സി സെയില്‍''സംഘടിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ നിര്‍മിച്ച വീട്ടുപകരണങ്ങള്‍, മിഠായികള്‍, അച്ചാറുകള്‍, പലഹാരങ്ങള്‍, ഉടുപ്പുകള്‍ തുടങ്ങിയവയുടെ വില്‍പനയിലൂടെ ചെറിയൊരു ഫണ്ട് ശേഖരിക്കാനായി. 1968-മാര്‍ച്ച് ഒന്നിന് ഇതേ ലക്ഷ്യത്തോടെ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 'സ്റ്റാര്‍ നൈറ്റ്' സംഘടിപ്പിച്ചു. 50000 രൂപയിലധികം ഇതിലൂടെ സമാഹരിച്ചു. എം.ഇ.എസ് കേന്ദ്ര കമ്മിറ്റി ഒരു ലക്ഷം രൂപ ലോണ്‍ നല്‍കി വിവിധ ജില്ലകളില്‍നിന്ന് സംഭാവനകള്‍ ലഭിക്കുകയും ചെയ്തു.

ഇ.കെ.സി.എം മേത്തര്‍, ഹാജി. പി.എം. മായിന്‍ കുട്ടി, എ.ബി മുഹമ്മദ് എന്നിവരുള്‍പ്പെടുന്ന ഉപകമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ 1969 സെപ്തംബര്‍ 6-ാം തിയ്യതി അന്നത്തെ കേരള വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 60 പേര്‍ക്ക് താമസിക്കാവുന്ന ഇരു നിലകെട്ടിടമാണ് ആദ്യം നിര്‍മിച്ചത്. 1980-ല്‍ സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയറിന്റെ ഗ്രാന്റോടു കൂടി മൂന്നാം നില പണിത ഹോസ്റ്റലില്‍ ഇപ്പോള്‍ 125 പേര്‍ക്ക് താമസ സൗകര്യമുണ്ട്. പാലാരിവട്ടം കളവത്തു റോട്ടിലെ Working Women's Htsoel and Day Care Center(1995), അരങ്ങത്ത് ക്രോസ് റോഡില്‍ യതീംഖാന കാമ്പസില്‍ സ്ഥിതിചെയ്യുന്ന ശാന്തി ഭവന്‍-മൂന്നു നിലകെട്ടിടം (1997), മഹല്‍ ഹോസ്റ്റല്‍-മൂന്നു നില (1998), മൗലാനാ അബ്ദുല്‍ കലാം ആസാദ് മെമ്മോറിയല്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍-രണ്ടു നില (2000), ശാന്തി ഭവന്‍ അനക്‌സ്-56 ബെഡുകള്‍ (2002), ഓജിന്‍ ഹോസ്റ്റല്‍ (2003) എന്നിങ്ങനെ ഏഴു ഹോസ്റ്റലുകള്‍ അസോസിയേഷന് കീഴിലുണ്ട്. ഇതിനു പുറമെ, യതീംഖാനയുടെയും മറ്റു സേവന പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക സ്രോതസ്സായി, ചിറ്റൂര്‍ റോഡില്‍ തന്‍സീല്‍ ബില്‍ഡിംഗില്‍ 5200 sqft ഉള്ള നാല് ഫ്‌ളാറ്റുകളും അസോസിയേഷന് ഉണ്ട്.

1970 ല്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള അനാഥ ശാലയാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയേണ്ട സംരംഭം. സി.പി ഉമ്മര്‍ റോഡിലെ ഒരു വാടക കെട്ടിടത്തില്‍ 30 കുട്ടികളുമായിട്ടായിരുന്നു തുടക്കം. അതേ വര്‍ഷം, പുല്ലേപടി അരങ്ങത്ത് ക്രോസ് റോഡില്‍ കെട്ടിടം പണിതു. 65 കുട്ടികളോടെയാണ് പുതിയ കെട്ടിടത്തില്‍ അനാഥശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ 200 കുട്ടികള്‍ക്ക് താമസസൗകര്യമുണ്ട്. പതിവ് അനാഥ ശാലകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കുടുംബാന്തരീക്ഷം അനുഭവിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സ്വഭാവ രൂപീകരണം, വിവാഹം തുടങ്ങിയവയിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അനാഥശാല നടത്തിയിട്ടുള്ളത്. അന്തേവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും വനിതാ വിവാഹ ഫണ്ടും ഏര്‍പ്പെടുത്തികൊണ്ട് മാതൃക കാണിക്കാനും അനാഥശാലക്ക് കഴിഞ്ഞു. വിവിധ പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും റാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഫാത്വിമാ റഹ്മാനായിരുന്നു ഓര്‍ഫനേജിന്റെ മുഖ്യ ശില്‍പി.

ടൈലറിംഗ് സെന്റര്‍, പ്രിന്റിംഗ് പ്രസ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, എംബ്രോയിഡറി പരിശീലനം, നോട്ടുബുക്ക് നിര്‍മാണ യൂണിറ്റ് തുടങ്ങിയ തൊഴില്‍ പരിശീലന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി അസോസിയേഷന്‍ ആരംഭിക്കുകയുണ്ടായി. 1983-ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രസ് ആരംഭിച്ചത്. 1984-ല്‍ കേരള ഗവണ്‍മെന്റിന്റെ സഹായത്തോടെ ടൈലറിംഗ് സെന്റര്‍ തുടങ്ങി.വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ടുബുക്കുകളും ഡ്രസ്സുകളും ഇവിടെത്തന്നെ നിര്‍മിച്ചുകൊണ്ട് മാതൃകയാകാനും അസോസിയേഷനു കഴിഞ്ഞു. ഇവയില്‍ നിന്നുള്ള വരുമാനം യതീംഖാനയിലെ കുട്ടികളുടെ പേരില്‍ തന്നെ ബാങ്കില്‍ നിക്ഷേപിക്കുന്നു.

വിധവകള്‍ക്കു വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് മറ്റൊന്ന്. ''ഹെല്‍പേജ് ഇന്ത്യ ഇന്റര്‍ നാഷണലി''ന്റെ സഹായത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. അനാഥ കുട്ടികളെക്കാള്‍, 65-70 വയസ്സു പ്രായമുള്ള അഗതികളായ വൃദ്ധരാണ് സമൂഹത്തില്‍ കൂടുതലുള്ളതെന്ന് ഇതിനുവേണ്ടി അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാവുകയുണ്ടായി. 1996 മുതല്‍ 125 പേര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കിത്തുടങ്ങി. പിന്നീടത് 175 ആയി വര്‍ധിക്കുകയുണ്ടായി. ഇതിനുപുറമെ വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മാണം, ചികിത്സ തുടങ്ങിയവക്കുവേണ്ടി ദരിദ്രര്‍ക്ക് ഒട്ടേറെ ധനസഹായങ്ങള്‍ അസോസിയേഷന്‍ നല്‍കിവരുന്നു. നേതൃ ചികിത്സാക്യാമ്പ്, കാന്‍സര്‍ നിര്‍ണയ ക്യാമ്പ്, തുടങ്ങിയ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും കൊരട്ടി കുഷ്ഠ രോഗാശുപത്രിയിലെ രോഗികള്‍ക്ക് വസ്ത്രം-ധനസഹായം എന്നിവ നല്‍കുകയും ചെയ്യുന്നു. ഇങ്ങനെ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക സേവനരംഗത്ത് മുദ്ര പതിപ്പിച്ച എറണാകുളം മുസ്‌ലിം വിമന്‍സ് അസോസിയേഷന്റെ സ്ഥാപനങ്ങളില്‍ പ്രമുഖര്‍ സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ഫഖ്‌റുദ്ദീന്‍ അലി അഹ്മദ്, എ.എം റഹീം, ഇന്ദിരാ ഗാന്ധി, എ.കെ ആന്റണി, ഇ.അഹ്മദ്, കെ.വി തോമസ്, മദര്‍ തെരേസ, മുഹ്‌സിന കിദ്വായ്, ജസ്റ്റിസ് ഫാത്വിമ ബീവി, മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ ഉദാഹരണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top