മഴയുടെ അര്‍ഥങ്ങള്‍

ശമീര്‍ബാബു കൊടുവള്ളി No image

      ജലം, വായു, വെളിച്ചം എന്നീ പ്രകൃതി പ്രതിഭാസങ്ങള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവന്റെ ആധാരശിലകളാണ്. ഇവ കൂടാതെ ജീവിതം അസാധ്യം. ഇവയില്‍ ജലത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ജീവന്റെ ഉല്‍പത്തി ജലത്തില്‍ നിന്നാണല്ലോ. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും ജലമാണ്. ജലം ഭൂമിയുടെ തണുപ്പും ചൂടും നിലനിര്‍ത്തുന്നു. മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമയമാണ്. ജലത്തിന്റെ അഭാവം മൂലമാണ് മരുഭൂമികള്‍ ഉണ്ടാവുന്നത്. അതിന്റെ ലഭ്യത മൂലമാണ് ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ ഉണ്ടാവുന്നത്. ദൈവം സംവിധാനിച്ച പ്രകൃതിദത്തമായ മഴയാണ് ജലത്തിന്റെ ഉറവിടം.
ദൈവത്തിന്റെ അനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് ഇസ്‌ലാമികദര്‍ശനം മഴയെ പരിചയപ്പെടുത്തുന്നത്. ജീവന്റെ നിലനില്‍പുമായി ബന്ധപ്പെട്ടാണ് മഴ അനുഗ്രഹമാവുന്നത്. സ്വത്വത്തില്‍ ദൈവബോധം ദൃഢീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അത് ദൃഷ്ടാന്തമാവുന്നത്. മഴയെ അനുഗ്രഹമായി ചിത്രീകരിക്കുന്ന വിശുദ്ധവേദത്തിലെ സൂക്തങ്ങള്‍ ഇപ്രകാരമാണ്: 'മാനത്തു നിന്ന് അനുഗൃഹീതമായ മഴ നാം വര്‍ഷിച്ചു. അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു; അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും, നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. ഇപ്രകാരം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്' (ഖാഫ്:911). മഴയെ ദൃഷ്ടാന്തമായി വര്‍ണ്ണിക്കുന്ന ഒരു സൂക്തം ഇതാണ്: 'രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍, ദൈവം മാനത്തുനിന്ന് ജീവിതവിഭവം(മഴ) ഇറക്കിത്തരുന്നതില്‍, അതുവഴി മൃതഭൂമിയെ ചൈതന്യവത്താക്കുന്നതില്‍, കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍...എല്ലാത്തിലും ചിന്തിക്കുന്ന ജനത്തിന് അടയാളങ്ങളുണ്ട്' (അല്‍ജാഥിയ:5).
ആധ്യാത്മികവും ധൈഷണികവുമായ മാനങ്ങള്‍ മഴ മനുഷ്യസ്വത്വത്തിന് പകര്‍ന്നുനല്‍കുന്നുണ്ട്. ആത്മീയമായി മഴ മനുഷ്യനെ ആനന്ദതുന്ദിലനാക്കുന്നു. നവോന്മേഷവും നവ്യാനുഭൂതിയും നവഭാവനയും പകരുന്നു. മഴ പ്രമേയമായി വരുന്ന കവിതകളും കഥകളും ഇത്തരം ആനന്ദനിമിഷത്തിന്റെ ആവിഷ്‌കാരങ്ങളാണ്: 'കാറ്റുകളെ അയക്കുന്നത് ദൈവമാണ്. അങ്ങനെ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനുദ്ദേശിക്കുംപോലെ മേഘത്തെ ആകാശത്തു പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ വര്‍ഷിക്കുന്നത് നിനക്കു കാണാം. അങ്ങനെ അവന്‍ തന്റെ ദാസന്മാരില്‍നിന്ന് താനിച്ഛിക്കുന്നവര്‍ക്ക് ആ മഴ എത്തിച്ചുകൊടുക്കുന്നു.അതോടെ അവര്‍ ആഹ്ലാദഭരിതരാകുന്നു' (അര്‍റൂം:48).
ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്ത് അതിനെ വെടിപ്പാക്കുന്നത് മഴവെള്ളം ഉപയോഗിച്ചുകൊണ്ടാണ്. ആത്മാവിന്റെ അഴുക്കുകളെ നീക്കി അതിന് വെണ്മയും സൗന്ദര്യവും ഉറപ്പുവരുത്തുന്നതും മഴവെള്ളം ഉപയോഗിച്ചുകൊണ്ടു തന്നെയാണ്: 'ദൈവം തന്നില്‍നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിച്ചുതരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍നിന്ന് പൈശാചികമായ മ്ലേഛത നീക്കികളയാനുമായിരന്നു അത്; ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്താനും' (അല്‍ അന്‍ഫാല്‍:11).
ധൈഷണികമായി മനുഷ്യസ്വത്വത്തെ മഴ ത്രസിപ്പിക്കുന്നത് അതിലടങ്ങിയ ദൃഷ്ടാന്തങ്ങളിലൂടെയാണ്. ശാസ്ത്രീയമായി മഴ ഉണ്ടാകുന്ന പ്രക്രിയ അത്ഭുതകരമാണ്. സമുദ്രത്തിലെ നുരകളില്‍നിന്ന് രൂപപ്പെടുന്ന കുമിളകള്‍ നിരന്തരം പൊട്ടുമ്പോള്‍ അതിലടങ്ങിയ ജലകണങ്ങള്‍ നീരാവിയായി ആകാശത്തേക്കുയരും. നിശ്ചിത ഡിഗ്രിയില്‍ സൂര്യന്‍ ജലത്തെ ബാഷ്പീകരിക്കുമ്പോഴാണ് അത് നീരാവിയാവുന്നത്. താപത്തിന്റെ ഫലമായി നീരാവിയാകുമ്പോള്‍ ഉപ്പുരസം പോലുള്ള എല്ലാ കലര്‍പ്പുകളെയും അത് ഉപേക്ഷിക്കുകയും ജലതന്മാത്രകളായ ഹൈഡ്രജനെയും ഓക്‌സിജനെയും മാത്രം അവശേഷിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് കാറ്റ് അവയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും. ഈ ജലകണങ്ങള്‍ ആകാശത്ത് മേഘപടലങ്ങളായി മാറും. നിശ്ചിത അനുപാതത്തില്‍ കാറ്റ് അവയെ വിവിധ ഭാഗങ്ങളില്‍ വ്യാപിപ്പിക്കുന്നു. കാറ്റിലടങ്ങിയ ഈര്‍പ്പത്തിന്റെ ഫലമായി മേഘങ്ങള്‍ കൂടുതല്‍ ഘനീഭവിക്കും. കാറ്റിനേക്കാള്‍ കൂടുതല്‍ ഘനമുള്ളതിനാല്‍ ഘനീഭവിച്ച മേഘങ്ങളില്‍നിന്ന് മഴത്തുള്ളികള്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിശ്ചിത തോതില്‍ വര്‍ഷിക്കുകയും ചെയ്യുന്നു. ഉപ്പുരസം പോലുള്ള കലര്‍പ്പുകളോടു കൂടിയാണ് മഴ വര്‍ഷിക്കുന്നതെങ്കില്‍ ഭൂമി മുഴുവന്‍ ഊഷരമായിപ്പോകുമായിരുന്നു. മഴയുണ്ടാകുന്ന ഈ പ്രക്രിയ വലിയ ദൃഷ്ടാന്തമായിട്ടാണ് വിശുദ്ധവേദം രേഖപ്പെടുത്തുന്നത്: 'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍! നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?' (അല്‍വാഖിഅ:68-70).
'ദൈവം കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചുചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കി കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അപ്പോള്‍ അവക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ വര്‍ഷിക്കുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. താനിച്ഛിക്കുന്നവര്‍ക്ക് അതിനെ അവനെത്തിക്കുന്നു. താനിച്ഛിക്കുന്നവരില്‍നിന്ന് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്' (അന്നൂര്‍:43).
ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി നഷ്ടപ്പെടുന്നതിലും അത് മഴയായി തിരികെ ലഭിക്കുന്ന പ്രക്രിയയിലും മറ്റൊരു വിസ്മയവും കാണാം. ഒരു സെക്കന്റില്‍ 16 മില്യണ്‍ ടണ്‍ ജലമാണ് ബാഷ്പീകരണത്തിലൂടെ ഭൂമിയില്‍നിന്ന് നഷ്ടപ്പെടുന്നത്. എന്നാല്‍ ഒരു സെക്കന്റില്‍ ഭൂമിക്ക് തിരികെ ലഭിക്കുന്ന മഴയുടെ ശരാശരി അളവും 16 മില്യണ്‍ ടണ്‍ തന്നെ. അതായത് ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെട്ട ജലം മഴയിലൂടെ ലഭിക്കുന്നുവെന്നര്‍ഥം. പ്രസ്തുത മഴവെള്ളം ഭൂഗര്‍ഭ അറകളില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു: 'നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ ജലമിറക്കി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതിനെ വറ്റിച്ചുകളയാനും നമുക്ക് സാധിക്കും' (അല്‍മുഅ്മിനൂന്‍:18).
മഴയടക്കമുള്ള അനുഗ്രഹങ്ങളെയും ദൃഷ്ടാന്തങ്ങളെയും ദൈവം പ്രപഞ്ചത്തില്‍ സംവിധാനിച്ചത്, ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കി ദൈവത്തെ തിരിച്ചറിഞ്ഞ് ധര്‍മത്തിന്റെ വഴിത്താരയില്‍ ജീവിതത്തെ ആവിഷ്‌കരിക്കന്നതിനു വേണ്ടിയാണ്. വിശുദ്ധവേദം പറയുന്നു: 'അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ത്തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്കു കാണിച്ചുകൊടുക്കും. ഈ വേദഗ്രന്ഥം സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകും വിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍' (ഫുസ്സിലത്ത്:53). 'നിങ്ങള്‍ക്ക് ഭയവും പ്രതീക്ഷയും ഉണര്‍ത്തുന്ന മിന്നല്‍പിണര്‍ കാണിച്ചുതരുന്നതും മാനത്തുനിന്ന് ജലമിറക്കിത്തന്ന് അതിലുടെ ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ തെളിവുകളുണ്ട്' (അര്‍റൂം:24).
ഇന്ന് മഴ രസാനുഭൂതിയുള്ളതും വിസ്മയാവഹവും അല്ലാതായിരിക്കുന്നു. ചെറ്റപ്പുരകളും ഓലമേഞ്ഞ വീടുകളുമായിരുന്നു കേരളത്തില്‍ നേരത്തെ കൂടുതലും ഉണ്ടായിരുന്നത്. പിന്നീടവ ഓടിട്ട വീടുകള്‍ക്ക് വഴിമാറി. അപ്പോഴൊക്കെ മണിക്കൂറുകളോളം മഴ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യാറുണ്ടായിരുന്നു നാം. മഴയെ അധികരിച്ച് കവിതയും കഥയും എഴുതി നാം. മഴയുടെ അര്‍ഥങ്ങളിലേക്കും പൊരുളുകളിലേക്കും ആഴ്ന്നിറങ്ങി നാം. പുറത്ത് വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ആസ്വദിച്ച് ഉറങ്ങാന്‍ എന്തൊരു രസമായിരുന്നു. ഇപ്പോള്‍ നമ്മുടെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് പുറത്ത് ധാരാളം മഴ പെയ്താലും വീടിനുള്ളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. പ്രകൃതിബോധം വേണ്ടുവോളം ഉറപ്പാക്കി ജൈവപ്രകൃതിയെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു നാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top