വിനോദത്തോടൊപ്പം ലാഭവും നേടിത്തരുന്ന ഒരു വാണിജ്യ സംരംഭമായി പ്രാവ് വളര്‍ത്തല്‍ മാറിയിരിക്കുന്നു. 'കളങ്കമില്ലാത്ത പക്ഷികള്‍' എന്ന അപരനാമത്തിലാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രാവുകളെ വളര്‍ത്തുമ്പോള്‍ അതിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കി പ്രത്യുല്‍പാദനം നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കിത്തീര്‍ക്കാം.
രണ്ട് മുട്ടകളാണ് സാധാരണയായി പ്രാവുകള്‍ ഇടുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളാകട്ടെ ആണും പെണ്ണും. ഇവ തന്നെ ജോഡികളാകുന്നു. കൂടുതല്‍ നല്ല ഗുണമുള്ളവക്കു വേണ്ടി പല രീതിയില്‍ ജോഡികളാക്കാം. വ്യത്യസ്ത ജോഡികളില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെയും ജോഡികളാക്കാം. ഒരു ജോഡിയിലുണ്ടാവുന്ന ആണ്‍ പ്രാവിനെയും മുമ്പത്തെ ജോഡിയിലുണ്ടായ പെണ്‍ പ്രാവിനെയും ചേര്‍ത്ത് ജോഡികളാക്കിയാല്‍ കൂടുതല്‍ മേന്മയുള്ളതാവും. ജോഡിയായിക്കഴിഞ്ഞാല്‍ ആണ്‍ പ്രാവാണ് ഏത് സ്ഥലമാണ് മുട്ടയിടാന്‍ അനുയോജ്യമെന്ന് തീരുമാനിക്കുന്നത്.
ഇണചേര്‍ന്ന് കഴിഞ്ഞ് ഏകദേശം പത്ത് മുതല്‍ പന്ത്രണ്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ 48 മണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ട് മുട്ടകള്‍ ഇടുന്നു. ആദ്യത്തേത് വൈകീട്ട് ഏഴ് മണിക്കും രണ്ടാമത്തേത് രണ്ടാമത്തെ ദിവസം രാത്രി പത്തുമണിക്കുമാണ് ഇടുക. രണ്ടാമത്തെ മുട്ടയിട്ടതിന് ശേഷമേ പൂര്‍ണ്ണമായ അടയിരിപ്പ് തുടങ്ങുകയുള്ളൂ. ചില പ്രാവുകള്‍ ആദ്യമുട്ട ഇടുന്ന ദിവസം മുതല്‍ അടയിരിപ്പ് തുടങ്ങുകയാണെങ്കില്‍ ആദ്യം ഇടുന്ന മുട്ട ഒന്നരദിവസം മുമ്പേ വിരിയും. ഇങ്ങനെയാവുമ്പോള്‍ ആദ്യം വിരിയുന്ന കുഞ്ഞുങ്ങള്‍ കൂടുതല്‍ ശക്തിയുള്ളവരായിരിക്കും. തന്മൂലം ഭക്ഷണം സ്വീകരിക്കാനുള്ള കഴിവ് കൂടുതല്‍ ഉണ്ടാവുക ആദ്യം വിരിഞ്ഞതിനായിരിക്കും. കാലക്രമത്തില്‍ രണ്ടാമത് വിരിയുന്ന കുഞ്ഞ് ശോഷിച്ചു പോവുകയും ക്രമേണ ചത്ത് പോവുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ആദ്യം ഇടുന്ന മുട്ട മാറ്റി ഡമ്മി മുട്ട വെച്ചുകൊടുക്കണം. രണ്ടാമത്തെ മുട്ട ഇട്ടതിന് ശേഷം ഡമ്മി മുട്ടമാറ്റി ശരിക്കുള്ള മുട്ട വെക്കാം. ഡമ്മി മുട്ട തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം വെക്കണം.
ആണ്‍ പ്രാവിന്റെ അടയിരിപ്പ് കാലത്ത് പത്ത് മണി മുതല്‍ വൈകിയിട്ട് നാല് മണിവരെയാണെങ്കില്‍ പെണ്‍പ്രാവ് ബാക്കിയെല്ലാസമയവും അടയിരിക്കും. മുട്ടവിരിയാന്‍ ശരാശരി പതിനെട്ട് ദിവസം വേണം.
കൊക്കിന്റെ അറ്റത്തുള്ള പല്ല് പോലെ മുനയുള്ള ഒരു ഭാഗം കൊണ്ടാണ് പുറന്തോട് തുളച്ച് കുഞ്ഞ് പുറത്ത് വരുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ മുനയുള്ള ഭാഗം അപ്രത്യക്ഷമാകും.
കുഞ്ഞ് പുറത്ത് വന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ പിതൃപ്രാവിന്റെയും മാതൃ പ്രാവിന്റെയും ആമാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ (പീജിയണ്‍ മില്‍ക്ക്) കൊടുക്കാന്‍ തുടങ്ങും. ഇത് പത്ത് ദിവസം വരെ തുടരും. കുഞ്ഞ് മുട്ടകളില്‍ നിന്ന് പുറത്തുവന്ന് 3-4 ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണ് തുറക്കും. ഇതോടെ ധാന്യവും വെള്ളവും കൂടിക്കലര്‍ന്ന ഭക്ഷണം അല്‍പാല്‍പമായി കൊക്കിലൂടെ കൊടുത്ത് തുടങ്ങാം. 21 ദിവസമാവുമ്പോഴേക്ക് സ്വയം പര്യാപ്തത നേടുന്നു. നാല് മുതല്‍ ആറുമാസമാവുമ്പോഴേക്ക് പ്രായപൂര്‍ത്തിയാവുന്നു.