നന്നായി സംസാരിക്കാം

അസ്‌ലം ടി.കെ No image

         പുതിയ ആളുകളുമായി നാം കണ്ടുമുട്ടുമ്പോഴും സാമൂഹ്യ ഇടപെടല്‍ നടത്തുമ്പോഴും നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നു. സാമൂഹ്യ ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാവുകയും ചെയ്യുന്നു. സംസാരങ്ങളെ ബുദ്ധി പരമായ സംഭാഷണങ്ങള്‍, വിവരകൈമാറ്റ സംഭാഷണങ്ങള്‍, സൗഹൃദ സംഭാഷണങ്ങള്‍, നര്‍മ്മ സംഭാഷണങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം.
ഒരു വിദൂഷകനോ നടനോ കാഥികനോ ആവുന്നതിനെക്കാള്‍ കൂടുതല്‍ പരിശീലനം ഒരു നല്ല സംഭാഷണ വിദഗ്ധനാവാന്‍ നാം നേടേണ്ടിയിരിക്കുന്നു.
ശ്രദ്ധിക്കാനുള്ള കഴിവ്, യോജിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ്, മറുപടി പറയുമ്പോള്‍ കേള്‍ക്കാനുള്ള മനസ്സ് മുതലായവ സംസാരകലക്ക് അത്യാവശ്യമാണ്. അല്‍പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും സ്വായത്തമാക്കാന്‍ കഴിയുന്നതാണ് സംസാരമെന്ന കല.
സംസാര കല: നിര്‍ദേശങ്ങള്‍
* ജിജ്ഞാസയും താല്‍പര്യവും പ്രകടിപ്പിക്കുക.
ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ അയാളുടെ സംസാരത്തില്‍ നാം ജിജ്ഞാസയും താല്‍പര്യവും കാണിക്കേണ്ടതാണ്. നമ്മുടെ താല്‍പര്യം സംസാരിക്കുന്ന വ്യക്തിക്ക് പ്രോത്സാഹനമാവുകയും സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. സംസാരിക്കുന്ന വ്യക്തിയുടെ കണ്ണിലേക്ക് ശ്രദ്ധിച്ചുകൊണ്ട് നിങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ ഉറപ്പുവരുത്താവുന്നതാണ്. നിങ്ങള്‍ക്ക് സംസാരിക്കാന്‍ സാവകാശം ആവശ്യമെങ്കില്‍ തുറന്ന ചോദ്യങ്ങളിലൂടെ അയാളുടെ സംസാരം നീട്ടിക്കൊണ്ട് പോകാവുന്നതാണ്.
* സംഭാഷണം; ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ
ഒരു വ്യക്തി തന്നെ നിര്‍ത്താതെ സംസാരിക്കുകയാണെങ്കില്‍ കേള്‍വിക്കാരന് സ്വാഭാവികമായും മടുപ്പ് അനുഭവപ്പെടും. ചില വ്യക്തികള്‍ സംഭാഷണത്തില്‍ സജീവമാകാതിരിക്കാന്‍ കാരണം സഭാകമ്പമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ആ വ്യക്തിയുടെ സഭാകമ്പം ഇല്ലാതാക്കാന്‍ വേണ്ടി നമ്മുടെ സംസാരം ആ വ്യക്തിക്ക് താല്‍പര്യമുള്ള വിഷയങ്ങളിലേക്ക് കൊണ്ടുപോവുകയും അദ്ദേഹത്തെ സംസാരിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. നന്നായി സംസാരിക്കാനുള്ള കഴിവ് പോലെത്തന്നെ പ്രധാനമാണ് ഒരുനല്ല കേള്‍വിക്കാരനാവുക എന്നതും.
* ആത്മഭാഷണം സംഭാഷണമല്ലെന്നറിയുക
സംഭാഷണത്തില്‍ മേല്‍ക്കോയ്മ പുലര്‍ത്താന്‍ മുഴുവന്‍ സമയവും സ്വന്തത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അത് കേള്‍വിക്കാരന് അരോചകമായിത്തീരും. അതൊരിക്കലും ആസ്വാദ്യകരമോ കലാപരമോ ആയിരിക്കില്ല.
* സംസാരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക
ഒരു വ്യക്തി സംസാരിച്ചുകൊണ്ടിരിക്കെ സംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്വന്തം ആശയം പെട്ടെന്ന് തിരുകിക്കയറ്റുന്നത് സംസാര കലയില്‍ പെട്ടതല്ല. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് പറയാനുള്ളത് പൂര്‍ണമായും പറയാന്‍ അവസരം നല്‍കുകയും കേള്‍വിക്കാരന്‍ അംഗീകരിക്കാന്‍ സാധ്യമല്ലാത്തതാണെങ്കില്‍ തന്റെ വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കാവുന്നതുമാണ്.
* പ്രസന്നഭാവം കാത്തുസൂക്ഷിക്കുക
നമ്മുടെ മനസ്സ് എപ്പോഴും സന്തോഷമോ ശാന്തമോ ആയിരിക്കണമെന്നില്ല. എങ്കിലും മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കഴിയുന്നത്ര പ്രസന്നഭാവം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക. സൗഹൃദമായ അന്തരീക്ഷത്തില്‍ മാത്രമേ ഫലപ്രദമായ സംഭാഷണം നടക്കുകയുള്ളൂ. ദുഃഖം, ഭയം, കോപം, അസൂയ, കുശുമ്പ് മുതലായ വികാരങ്ങള്‍ നമ്മുടെ സംസാരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു.
* ചിന്തിക്കുന്നത് പറയാനുള്ള ധൈര്യം കാണിക്കുക
തന്റെ സംസാരത്തിലൂടെ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണപ്രദമായത് നല്‍കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം വളര്‍ത്തുക. നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും സ്വയം വിലയിരുത്തുകയും വേണ്ട മാറ്റത്തിരുത്തലുകള്‍ വരുത്തി മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുക.
* കണ്ണില്‍ നോക്കി സംസാരിക്കുക
നാം ഒരു വ്യക്തിക്ക് നല്‍കുന്ന ഏറ്റവും നല്ല പരിഗണനയാണ് നമ്മോട് സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും അദ്ദേഹത്തിന്റെ നേരെ തിരിച്ചുവെക്കുക എന്നത്. സംസാരിക്കുമ്പോഴും കേള്‍ക്കുമ്പോഴും രണ്ടാമത്തെ വ്യക്തിയുടെ കണ്ണില്‍ നോക്കിയിരിക്കണം. കണ്ണുകള്‍ തമ്മിലുള്ള ബന്ധം സംസാരിക്കാന്‍ പ്രോത്സാഹനവും താല്‍പര്യവും വളര്‍ത്തുന്നു. പുറംതിരിഞ്ഞ് സംസാരിക്കുക, ഇടക്കിടെ ഫോണ്‍ചെയ്യുക, കൂടുതല്‍ തുറിച്ചുനോക്കുക, കൂടുതല്‍ അടുത്തു നിന്ന് സംസാരിക്കുക മുതലായവ ഒഴിവാക്കേണ്ടതാണ്.
* സന്ദേശങ്ങളും ഭാവങ്ങളും യോജിപ്പിക്കുക
സംസാരത്തില്‍ നല്‍കുന്ന സന്ദേശങ്ങള്‍ക്ക് യോജിച്ചതാവണം നമ്മുടെ ഭാവങ്ങള്‍. ഒരു പോസിറ്റീവ് സന്ദേശമാണ് നാം കൈമാറുന്നത് എങ്കില്‍ നമ്മുടെ മുഖഭാവം അതിന് യോജിച്ചതാവണം. സാധാരണ ഭാഷയേക്കാള്‍ ശരീരഭാഷക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്ന് നാം മനസ്സിലാക്കണം. തുറന്ന മനസ്സോടെ കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ വിശ്രമിക്കത്തക്ക രീതിയില്‍ നില്‍ക്കുകയാണെങ്കില്‍ സുഹൃത്തിന്റെ സംസാരം കേള്‍ക്കാന്‍ നിങ്ങള്‍ സന്നദ്ധരാണെന്ന സൂചനയാണത്. എന്നാല്‍ കൈകെട്ടി മുന്നോട്ട് കുനിഞ്ഞ് തലതാഴ്ത്തി നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുന്നു എന്ന സൂചന നല്‍കുന്നു.
* വാക്കുകള്‍ വ്യക്തമായും കേള്‍ക്കത്തക്ക രീതിയിലും സാവധാനത്തിലും ഉച്ചരിക്കുക
വ്യക്തവും സ്പഷ്ടവും, നിര്‍ത്തിനിര്‍ത്തിയുള്ളതുമായ സംസാരം കേള്‍വിക്കാരന് എളുപ്പം മനസ്സിലാകും. അമിതാവേശം സംസാരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും. പറഞ്ഞത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിലൂടെ കഴിയും. മറ്റുള്ളവര്‍ക്ക് അരോചകമാകുന്ന വിധം ഉച്ചത്തില്‍ സംസാരിക്കാതിരിക്കുകയും ചെയ്യുക. മൊബൈല്‍ഫോണില്‍ സംസാരിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. അവസരങ്ങള്‍ക്ക് യോജിച്ച വാക്കുകള്‍ മാത്രം ഉപയോഗിക്കുക.
* സംഭാഷണം ആഹ്ലാദവും ഉന്മേഷദായകവുമാക്കുക
സംസാരം വിവരക്കൈമാറ്റത്തോടൊപ്പം ഊര്‍ജക്കൈമാറ്റം നടത്തുന്നതുമാവണം. അതിനാല്‍ സംഭാഷണത്തില്‍ ആവശ്യത്തിന് നര്‍മവും പോസിറ്റീവ് ഊര്‍ജവും കൈമാറ്റം ചെയ്യാന്‍ ശ്രദ്ധിക്കുക. സംഭാഷണത്തില്‍ പങ്കാളി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതോ നമ്മില്‍നിന്ന് മറച്ചുവെക്കുന്നതോ അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങളോ ഉള്‍പ്പെടുത്താതിരിക്കുക. അത് നെഗറ്റീവ് ഊര്‍ജം കൈമാറ്റം ചെയ്യാന്‍ കാരണമാകും. സംഭാഷണം ആരംഭിക്കുമ്പോള്‍ ഹൃദ്യമായി അഭിവാദ്യം ചെയ്യുന്നതും ചെറിയ ചെറിയ അഭിനന്ദനങ്ങള്‍ ഉള്‍പ്പെടുത്തുന്നതും പങ്കാളിക്ക് സന്തോഷം പകരും.
* ആശീര്‍വാദത്തോടെ അവസാനിപ്പിക്കുക
സംസാരം അവസാനിപ്പിക്കുമ്പോള്‍ ആഹ്ലാദകരമായി അവസാനിപ്പിക്കുക. അവസാനമായി നാം പറയുന്ന വാക്കുകള്‍ പിന്നീട് ഓര്‍ക്കുമ്പോള്‍ മനസ്സ് സന്തോഷിക്കുന്നതാവണം. ദുഃഖമോ വേദനയോ നല്‍കുന്നതായി നമ്മുടെ സംസാരം അവസാനിപ്പിക്കരുത്. വീണ്ടും സംസാരിക്കാനുള്ള താല്‍പര്യം ബാക്കിയാക്കി ഹൃദ്യമായ ആശംസകളോടെ സംസാരം അവസാനിപ്പിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top