പുഷ്പിണിയെ ഇസ്‌ലാം അവഗണിക്കുന്നില്ല

ജയ്ഷ എ. നിലമ്പൂര്‍, അല്‍ ജാമിഅഃ ശാന്തപുരം No image

         ഇസ്‌ലാം പ്രകൃതിമതമാണ്. ആയതിനാല്‍ത്തന്നെ അതിന്റെ എല്ലാ വിധികളും വിലക്കുകളും പ്രകൃതിയോടിണങ്ങുന്നതും പ്രകൃതിതേടുന്നതുമാണെന്ന് കാണാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ നിയമങ്ങള്‍ ചില രംഗങ്ങളില്‍ കാണുന്നതും ഈ പ്രകൃതിതത്വമനുസരിച്ചു തന്നെയാണ്. ഈ അടിസ്ഥാനത്തെ മുന്‍നിര്‍ത്തിവേണം ഋതുമതികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസ്സിലാക്കാന്‍.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആണാവട്ടെ പെണ്ണാവട്ടെ, തന്റെ സ്രഷ്ടാവായ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നതിന് പ്രത്യേക സമയമോ സന്ദര്‍ഭമോ ഇല്ല. രാവോ പകലോ എന്ന വ്യത്യാസമില്ലാതെ ഏതു സമയത്തും എവിടെ വെച്ചും പ്രാര്‍ത്ഥിക്കാവുന്നതാണ്. മലമൂത്രവിസര്‍ജനവേളയിലും കുപ്പകളും മാലിന്യം നിറഞ്ഞ ഇടങ്ങളും ഒഴിച്ചുനിര്‍ത്തപ്പെട്ടിട്ടുണ്ട് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യമാണ്.
ഈ കാര്യത്തില്‍ സ്ത്രീക്ക് പ്രത്യേകിച്ച് നിയമമൊന്നുമില്ല. പുഷ്പിണിയാണെങ്കില്‍ പ്രാര്‍ത്ഥനകളും മന്ത്രങ്ങളും നിര്‍ത്തിവെക്കണമെന്ന യാതൊരു നിര്‍ദ്ദേശവും ഇസ്‌ലാമിലില്ല. അപ്പോള്‍ പിന്നെ നമസ്‌കാരം പോലുള്ള ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പ്രത്യേകം ശുദ്ധീകരണം വേണമെന്നാണ് നിര്‍ദ്ദേശം. അതാകട്ടെ, ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധകമാണ്. ഇന്ദ്രിയ സ്ഖലനം, സംയോഗം തുടങ്ങിയ കാര്യങ്ങള്‍ അശുദ്ധിവരുന്ന കാര്യങ്ങളായാണ് ഇസ്‌ലാം എണ്ണിയിട്ടുള്ളത്. അങ്ങനെയുള്ളവര്‍ കുളിച്ച് ശുദ്ധി വരുത്തിയ ശേഷമേ നമസ്‌കരിക്കാവൂ. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ബന്ധപ്പെട്ട ശേഷം ഇരുവരും കുളിച്ചു ശുദ്ധിയായെങ്കില്‍ മാത്രമേ നമസ്‌കരിക്കാന്‍ പാടുള്ളു. ആര്‍ത്തവം എന്നത് ശരീരത്തില്‍നിന്നും മലിന രക്തം വിസര്‍ജിക്കുന്നതായതിനാല്‍ ആ സന്ദര്‍ഭത്തില്‍ അവര്‍ക്ക് നമസ്‌കരിക്കുന്നതിന് വിലക്കുണ്ട്. ആ പ്രതിഭാസം പുരുഷന്‍മാര്‍ക്കില്ലാത്തതിനാല്‍ അവര്‍ക്ക് ആ നിയമം ബാധകമല്ല. ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട കാര്യം, നമസ്‌കരിക്കുക എന്ന അനുഷ്ഠാനം അത്തരം വേളകളില്‍ പാടില്ലെന്നാണ് നിയമമെന്നു വെച്ച് പ്രാര്‍ത്ഥിക്കുന്നതിനോ എന്തിനധികം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പോലുമോ വിലക്കില്ലെന്നതാണ് ശരി.
രജസ്വലകള്‍ പൂന്തോട്ടങ്ങളുടെ അരികിലൂടെ നടന്നുനീങ്ങിയാല്‍ അവ കരിഞ്ഞുപോകുമെന്നും വിളവുകളെ നോക്കിയാല്‍ അവ നശിച്ചുപോകുമെന്നും തുടങ്ങിയ ഒരുപാട് അന്ധവിശ്വാസങ്ങള്‍ പുരാതനകാലം മുതല്‍ക്കേ നിലനിന്ന് പോന്നിരുന്നു. അതിനാല്‍ത്തന്നെ അവരെ ഭാര്യയായാലും മകളായാലും എല്ലാ തരത്തിലും സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തി ഏകാകിനിയായി ഒരു പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരുന്നു. അവരോടൊന്നിച്ച് സഹവസിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതും കഴിക്കുന്നതും തുടങ്ങി അവരുമായി ബന്ധപ്പെട്ടതെല്ലാം അശുദ്ധമായി അവര്‍ കണ്ടിരുന്നു. വര്‍ത്തമാന കാലത്തും ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുണ്ട്.
ആര്‍ത്തവം എന്നുള്ളത് പ്രായപൂര്‍ത്തി എത്തുന്നത് മുതല്‍ വാര്‍ധക്യാവസ്ഥ വരെ ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ നിന്നുണ്ടാകുന്ന രക്തസ്രാവമാണ്. ഒരു ശിശുവിനെ സംരക്ഷിക്കാനുതകുംവിധം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ഒരുക്കപ്പെട്ട ഒരു 'അറ' സ്ത്രീയുടെ ഉദരത്തില്‍ തയ്യാറാക്കപ്പെടുകയാണ്. ഒരു മാസത്തെ കാലാവധിയേ ആ അറക്ക് ഉണ്ടാവുകയുള്ളൂ. അതുകഴിയുമ്പോള്‍ അതിനുള്ളിലെ എല്ലാ സജ്ജീകരണങ്ങളും കാലഹരണപ്പെടുകയും ഉപയോഗശൂന്യമാവൂകയും ചെയ്യുന്നു. അതാണ് രക്തരൂപേണ വിസര്‍ജ്യമായി പുറന്തള്ളപ്പെടുന്നത്. ഇത് മാസം തോറും ആവര്‍ത്തിക്കുന്നു. ഈ പ്രക്രിയയാണ് ആര്‍ത്തവം. കുട്ടികളായാലും മുതിര്‍ന്നവരായാലും മൂന്നുപ്രാവശ്യം തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയോ അസാധാരണമായി വയറിളക്കമുണ്ടാകുകയോ ചെയ്താല്‍ ക്ഷീണിച്ചുപോവും. ക്ഷീണം മാറ്റാന്‍ ഒരു പക്ഷേ ഡ്രിപ്പ് നല്‍കേണ്ടതായും വരും. എന്നാല്‍ അല്ലാഹു ഒരു സ്ത്രീയുടെ ശരീരത്തില്‍ ശിശുവിനെ വളര്‍ത്താന്‍ പാകത്തില്‍ ഒരുക്കിയ സജ്ജീകരണങ്ങളും സംവിധാനങ്ങളും രക്തരൂപത്തില്‍ ഒരാഴ്ചയോളം പുറത്തുപോകുമ്പോള്‍ ശരീരത്തിലെ ഒരവയവം മുറിച്ചുമാറ്റുന്നതു പോലെയാണ് സ്ത്രീകള്‍ക്ക് അനുഭവപ്പെടുക. മാനസികമായും ശാരീരികമായും ഒരുപാട് പിരിമുറുക്കങ്ങളും പ്രയാസങ്ങളും ആ സമയത്ത് അവള്‍ അനുഭവിക്കുന്നു. അതിനാല്‍ത്ത്‌ന്നെ ഇസ്‌ലാമിക ശരീഅത്ത് ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിരിക്കുന്നു. ഇസ്‌ലാം ഒരു പ്രകൃതി മതമായതിനാല്‍ത്തന്നെ മനുഷ്യപ്രകൃതിക്കനുസൃതമായ നിയമങ്ങള്‍ നല്‍കുക എന്നത് അതിന്റെ പ്രത്യേകതയാണ്. അത് ജനങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഈ ദീനിലൂടെ എളുപ്പം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് അല്ലാഹു പ്രയാസം ഉദ്ദേശിക്കുന്നില്ല.'(1)
ഇവിടെ പുരുഷനോട് കാണിക്കാത്ത ഇളവ് ഇസ്‌ലാം സ്ത്രീകളോട് കാണിക്കുന്നു. പുരുഷനെ സംബന്ധിച്ചിടത്തോളം നമസ്‌കാരത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരിളവും നല്‍കുന്നില്ല. യുദ്ധത്തില്‍ പോലും രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം നമസ്‌കരിക്കുമ്പോള്‍ മറ്റേ സംഘത്തോട് യുദ്ധമുഖത്ത് നിന്ന് പോരാടുവാനാണ് ഇസ്‌ലാം കല്‍പ്പിച്ചിരിക്കുന്നത്. അത്രമേല്‍ നിര്‍ബന്ധമായ ഒരു ഇബാദത്തിനെയാണ് ആര്‍ത്തവ കാലത്തെ പ്രയാസം പരിഗണിച്ച് സ്ത്രീകള്‍ നിര്‍വ്വഹിക്കേണ്ടതില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്.
ഒരിക്കല്‍ ഒരു സ്ത്രീ ഉമറുല്‍ ഫാറൂഖിനെ (റ)നെ സമീപിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, എന്റെ ഭര്‍ത്താവ് പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നു. രാത്രി നിന്ന് നമസ്‌ക്കരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോട് പരാതിപ്പെടാന്‍ എനിക്കിഷ്ടമില്ല. ദൈവാരാധനയിലാണല്ലോ അദ്ദേഹം മുഴുകിയിരിക്കുന്നത്.'' ഉമര്‍ (റ) പറഞ്ഞു: 'നല്ലതുതന്നെ, നിന്റെ ഭര്‍ത്താവാണ് യഥാര്‍ഥ ഭര്‍ത്താവ്.'' സ്ത്രീ തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു; ഉമര്‍ തന്റെ പ്രതികരണവും. അപ്പോള്‍ കഅ്ബുല്‍ അസ്ദി ഇങ്ങനെ പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍, ഭര്‍ത്താവ് അയാളുടെ കിടപ്പറയില്‍നിന്ന് അകറ്റുന്നതായി പരാതി പറയുകയാണ് ആ സ്ത്രീ.'' 'അവളുടെ സംസാരം മനസ്സിലാക്കിയ താങ്കള്‍ തന്നെ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുക'' ഉമര്‍ (റ) ആവശ്യപ്പെട്ടു. 'എങ്കില്‍ എനിക്കാ സ്ത്രീയുടെ ഭര്‍ത്താവിനെ കാണണം.'' ആ സ്ത്രീയുടെ ഭര്‍ത്താവ് അവിടെ ഹാജരാക്കപ്പെട്ടു. കഅ്ബ് അദ്ദേഹത്തെ അറിയിച്ചു: 'താങ്കളുടെ ഭാര്യ താങ്കളെപ്പറ്റി പരാതിപ്പെട്ടിരിക്കുന്നു.'' 'ആഹാരത്തിന്റെ കാര്യത്തിലോ പാനീയത്തിന്റെ കാര്യത്തിലോ?'' 'രണ്ടുമല്ല' കഅ്ബ് പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആ സ്ത്രീ പാടി: 'തീര്‍ച്ചയായും സ്ത്രീവിഷയത്തില്‍ ഞാനദ്ദേഹത്തെ വാഴ്ത്തുകയില്ല.' ഇത് കേട്ടപ്പോള്‍ അവളുടെ ഭര്‍ത്താവ് പാടി: 'സ്ത്രീകളിലും ശൃംഗാരത്തിലും എന്നെ വിരക്തനാക്കിയിരിക്കുന്നു.' സൂറത്തുന്നഹ്‌ലിലും സ്പതദീര്‍ഘങ്ങളിലും അവതരിച്ചവ. കഅ്ബ് പാടി: 'അല്ലയോ മനുഷ്യാ, താങ്കള്‍ക്ക് അവളോടു ചില ബാധ്യതകളുണ്ട്്. നാലുകാര്യത്തില്‍ അവള്‍ക്കുള്ള അവകാശം ബുദ്ധിമാന്മാര്‍ക്കൊക്കെ അറിയാം. അതിനാലവ കൊടുക്കുക, ആരോപണമുക്തമാവുക.'(2)
തന്റെ കുടുംബത്തെ അവഗണിച്ചുകൊണ്ട് പാതിരാവില്‍ എഴുന്നേറ്റ് നില്‍ക്കുന്നതിന്റെ, രാത്രി ഉറക്കമൊഴിച്ച് നമസ്‌കരിക്കുക എന്ന ധ്യാന ചിന്തയെ അല്ലെങ്കില്‍ ആരാധനകളോടുള്ള ഈ അഭിനിവേശത്തെ ഇസ്‌ലാം കൈകാര്യം ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ഒരു ആരാധനയിലൂടെയും ദൈവസാമീപ്യം നേടുക എന്ന കാഴ്ചപ്പാടിനെ മൗലികമായിത്തന്നെ ഇസ്‌ലാം അംഗീകരിക്കുന്നില്ല.
ആര്‍ത്തവ സമയത്ത് ഒരു സ്ത്രീക്ക് ദൈവത്തോട് പ്രാര്‍ഥിക്കുക എന്നുള്ളതിനെപ്പോലും അനുവദിക്കാത്ത മതം എന്ന് വായിക്കുന്നതിനു പകരം ദൈവത്തെ ഏത് സമയവും ഓര്‍ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സര്‍വ്വവും ദൈവത്തിലര്‍പ്പിച്ച്, മാനസികവും ശാരീരികവുമായ ഉന്മേഷത്തില്‍ നിര്‍വഹിക്കേണ്ട ആരാധനാകര്‍മമാണ് നമസ്‌കാരം. അതിനാല്‍ത്തന്നെ ആര്‍ത്തവ കാലം ശാരീരികവും മാനസികവുമായി ധാരാളം ക്ലേശം അനുഭവിക്കുന്ന സമയമായതിനാല്‍ അതവള്‍ക്ക് വിലക്കിയതിന്റെ യുക്തി, സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണം കൂടിയാണ്. കാരണം, നമസ്‌കാരം മറ്റു ഇബാദത്തുകളെപ്പോലെയല്ല. കുമ്പിടുകയും നിവരുകയും ചെയ്യുന്ന രൂപത്തിലാണത്. എന്നിരുന്നാലും നമസ്‌കാരം പിന്നീട് ചെയ്തുവീട്ടേണ്ട ആവശ്യമില്ല.
ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ പള്ളിപ്രവേശവും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സ്ത്രീകളുടെ അഭിമാന സംരക്ഷണവും മാനസികമായ ആരോഗ്യ സംരക്ഷവുമാണതിന്റെ യുക്തി. കാരണം പള്ളി എന്നുള്ളത് ദൈവഭവനമാണ്. ധാരാളം ഭക്തജനങ്ങള്‍ വരികയും നമസ്‌കരിക്കുകയും ചെയ്യുന്ന സങ്കേതമാണ്. അങ്ങനെയിരിക്കെ ഏതെങ്കിലും തരത്തില്‍ (രക്തം പുറത്തേക്ക് കാണുകയോ മറ്റോ ചെയ്താല്‍) അപമാനിതയാവുകയാണെങ്കില്‍, പരിഹാസങ്ങള്‍ക്ക് ഇടവരികയാണെങ്കില്‍ അതവളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാവും. ഇത്തരത്തില്‍ സ്ത്രീകളെ പ്രയാസപ്പെടുത്തുന്ന എല്ലാ മേഖലകളിലും അവരെ ചിന്താപരമായി അടക്കുകയാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. നബി (സ) പള്ളിയിലും ആഇശ (റ) റൂമിലുമായിരിക്കെ നബി (സ) തല ആഇശക്ക് നീട്ടിക്കൊടുക്കും.(3)
മറ്റൊരു നിവേദനത്തില്‍: ഒരിക്കല്‍ നബി (സ) ആഇശയോട് പള്ളിയില്‍നിന്നും ഒരു ചെറിയ പായ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. 'ഞാന്‍ ആര്‍ത്തവകാരിയാണെ'ന്ന് ആഇശ മറുപടി പറഞ്ഞു. ഇതുകേട്ട നബി (സ) പറഞ്ഞു: 'നിന്റെ കൈകളിലല്ല ആര്‍ത്തവം.'(4)
ഋതുമതി ആരാധനാലയങ്ങളില്‍ പ്രവേശിച്ചാല്‍ അവ അശുദ്ധമാവുമെന്നുള്ള മറ്റു മതവിഭാഗങ്ങളുടെ കണിശത ഇസ്‌ലാമിനില്ല. പണ്ടുകാലത്തെ സ്ത്രീകളായാല്‍ അതിനെ തടഞ്ഞുവെക്കാന്‍ ഇന്നു കാണുന്ന പാഡ് പോലുള്ള കൂടുതല്‍ ഭദ്രമായ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു. ആയതിനാല്‍ ഇക്കാലത്ത് നല്ല വൃത്തിയുള്ള പാഡ് രക്തം പുറത്ത് കടക്കാത്ത വിധത്തില്‍ ധരിച്ച് പള്ളിയില്‍ ക്ലാസുകള്‍ക്കോ, മറ്റ് പരിപാടികള്‍ക്കോ പങ്കെടുക്കാം എന്നുപോലും ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
പിന്നെ, ആര്‍ത്തവ കാലത്ത് വിലക്കപ്പെട്ട മറ്റൊരു സംഗതിയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസര്‍ഗം. പ്രവാചക പത്‌നിമാരില്‍ നിന്നും നിവേദനം: ഋതുമതിയില്‍ നിന്ന് നബി വല്ലതും ഉദ്ദേശിച്ചാല്‍ അവരുടെ ഗുഹ്യസ്ഥാനം മറക്കുമായിരുന്നു (5). വിസര്‍ജ്യമായി പോവുന്ന ഈ രക്തത്തില്‍ അപകടകാരികളായ ധാരാളം രോഗാണുക്കള്‍ ഉണ്ടാവുന്നു. അതിനാല്‍ത്തന്നെ രോഗം പെട്ടെന്ന് പിടികൂടാനും പരക്കാനും രോഗം ബാധിച്ചാല്‍ മാറാന്‍ പ്രയാസമുള്ള സ്ഥലം ഗുഹ്യഭാഗമായതിനാല്‍ രണ്ടുപേരുടേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇവിടെ ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. കാരണം, രോഗങ്ങളില്‍വെച്ചേറ്റവും തീവ്രമായ രോഗങ്ങളാണ് ലൈംഗിക രോഗങ്ങള്‍. സിഫിലിസ്, ഗൈണോറിയ, എയ്ഡ്‌സ് പോലുള്ളവ സംസര്‍ഗം വഴിയുണ്ടാകുവാന്‍ സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഇസ്‌ലാം താമസ- ഭക്ഷണ സൗകര്യങ്ങള്‍ വിലക്കുവാനോ കിടപ്പറയില്‍നിന്നും ഋതുമതികളെ ആട്ടിയകറ്റുവാനോ കല്‍പ്പിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ല.
നബി പത്‌നി ഉമ്മുസല്‍മയില്‍ നിന്ന്: 'ഒരു ദിവസം ഞാന്‍ നബിയോടൊപ്പം ഒരു പുതപ്പില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ എനിക്ക് ആര്‍ത്തവമുണ്ടായി. ഞാന്‍ സാവധാനം അവിടെ നിന്ന് എഴുന്നേറ്റുപോയി. എന്നിട്ട് ആര്‍ത്തവഘട്ടത്തില്‍ ധരിക്കാറുള്ള വസ്ത്രം ധരിച്ചു. സംശയം തോന്നിയപ്പോള്‍ 'നീ ആര്‍ത്തവകാരിയായോ' എന്ന് നബി ചോദിച്ചു. 'അതെ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നബി എന്നെ വിളിച്ചു. എന്നിട്ട് നബിയോടൊപ്പം അതേ പുതപ്പില്‍ ഞാന്‍ കിടന്നു.''(6)
ജൂതന്മാരും അഗ്നിയാരാധകരായ മജൂസികളും ആര്‍ത്തവകാരികളായ സ്ത്രീകളെ ഏറെ കഷ്ടപ്പെടുത്തുമായിരുന്നു. അവരെ ഇക്കാരണത്താല്‍ വീടുകളില്‍നിന്ന് പുറത്താക്കുകയും, താമസ-ഭക്ഷണ സൗകര്യങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു. മക്കാ മുശ്‌രിക്കുകളും ഇതുപോലെ തന്നെയായിരുന്നു. എന്നാല്‍ ക്രൈസ്തവ സമൂഹങ്ങള്‍ ഇതിലും ഭിന്നമായി ആര്‍ത്തവത്തെ തീരെ പരിഗണിക്കാതെ സാധാരണപോലെ സ്ത്രീകളെ ലൈംഗികമായും മറ്റും ഉപയോഗിച്ചുപോന്നു. ഇതിനു രണ്ടിനുമിടയില്‍ ഒരു മധ്യനിലപാട് സ്വീകരിക്കാനാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. അഥവാ വീട്ടില്‍ നിന്നും പുറത്താക്കാതെ ഈ കാലയളവില്‍ അവരുമായി ലൈംഗികബന്ധത്തില്‍ നിന്നുമാത്രം വിട്ടുനില്‍ക്കുക.
അല്ലാഹു പറയുന്നു: 'ആര്‍ത്തവത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അത് മലിനമാകുന്നു. അതിനാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകളുമായി അകന്നുനില്‍ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കരുത്. അവര്‍ ശുചീകരിച്ച് കഴിഞ്ഞാല്‍
അല്ലാഹു നിങ്ങളോട് ആജ്ഞാപിച്ച വിധം അവരെ സമീപിക്കുക. നിശ്ചയമായും പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരിശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു.'(7)
ഈ സൂക്തം അവതരിച്ച ഘട്ടത്തില്‍ ചില മുസ്‌ലിംകള്‍ ഇതിന്റെ ബാഹ്യാര്‍ഥം ഗ്രഹിച്ച് വീടുകളില്‍നിന്നും സ്ത്രീകളെ ആട്ടിപ്പുറത്താക്കി. ഈ അവസരത്തില്‍ ചില ഗോത്രവര്‍ഗക്കാര്‍ നബിയുടെ അടുക്കല്‍ വന്ന് ഇപ്രകാരം ഉണര്‍ത്തി: 'പ്രവാചകരെ, തണുപ്പ് അതിശക്തമാണ്. ഞങ്ങള്‍ക്ക് വസ്ത്രങ്ങളും വിരിപ്പുമെല്ലാം വിരളമാണ്. സ്ത്രീകളെ പുറത്താക്കി അവര്‍ക്ക് പുതപ്പ് നല്‍കിയാല്‍ ഞങ്ങളുടെ വീടുകളിലുള്ള മറ്റുള്ളവര്‍ തണുപ്പുമൂലം മരിച്ചുപോകും.' അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: 'ആര്‍ത്തവകാരികളായ സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് നിരോധിച്ചത്. അവരെ വീട്ടില്‍നിന്നും പുറത്താക്കണമെന്ന് മറ്റു മതക്കാരെപ്പോലെ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല'... ഇതുകേട്ട ജൂതന്മാര്‍ വിളിച്ചുകൂവാന്‍ തുടങ്ങി: 'ഇതുകണ്ടോ, ഇയാള്‍ നമ്മുടെ എല്ലാ കാര്യങ്ങള്‍ക്കും എതിരു പ്രവര്‍ത്തിക്കുക മാത്രമാണ്'(8). ആര്‍ത്തവമെന്നാല്‍ ഒരു അസുഖമല്ല. മറിച്ച്, അസുഖം ഇല്ല എന്നതിന്റെ ഒരു ലക്ഷണം കൂടിയാണ്. കാരണം ഇത് ഗര്‍ഭപാത്രത്തിന്റെ അന്തര്‍ ഭാഗത്തുനിന്നും പ്രകൃത്യാ പുറന്തള്ളപ്പെടുന്ന അശുദ്ധരക്തമാണ്. സംസര്‍ഗം സ്വയം തന്നെ ഒരു ലക്ഷ്യമല്ല. അതൊരു മാര്‍ഗം മാത്രമാണ്. ജീവിതത്തിന്റെ പ്രകൃതിയിലുള്ള അഗാധമായ ചില ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാര്‍ഗം. സന്താനങ്ങളുണ്ടാവുക എന്നതും ജീവിതം വികസിക്കുക എന്നതുമാണത്. ശേഷം ഇവയെല്ലാം അല്ലാഹുവുമായി ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആര്‍ത്തവ വേളയിലുള്ള സംസര്‍ഗം സ്ത്രീക്കും പുരുഷനും അതില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ചാല്‍ പോലും ഒരുപക്ഷേ, ജൈവപരമായ അനുഭൂതികളെയുണ്ടാക്കി എന്നും വരാം. എന്നാല്‍ ആ സമയത്ത് അതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് ശുദ്ധപ്രകൃതിയുടെ താല്‍പര്യം. കാരണം, ജീവിതത്തെക്കുറിച്ച് അകത്തിരുന്ന് വിധികല്‍പ്പിക്കുന്ന നിയമം തന്നെയാണ് ഇതിലും വിധി കല്‍പ്പിക്കുക. ജീവന്റെ ഒരു മുള പോലും പൊട്ടാനിടയില്ലാത്ത ഈ ലൈംഗിക ബന്ധം പ്രകൃതിദത്തമായ രസാനുഭൂതിയോടൊപ്പം പ്രകൃതിയുടെ ലക്ഷ്യത്തേയും സാക്ഷാത്കരിക്കുന്നു.
ആര്‍ത്തവം എന്നത് സ്ത്രീയുടെ ന്യൂനതയല്ല. ഒരു വസ്തു അശുദ്ധമായി എന്നു പറഞ്ഞാല്‍ അത് പൊതുവായ ഒരു തത്വമാണ്. അശുദ്ധിയായ വസ്തുവിന് ഒരു ഉപകാരവുമില്ല എന്നര്‍ഥമില്ല. ആരോഗ്യമുള്ള എല്ലാ ശരീരത്തിലും വന്നുചേരുന്ന ഒന്നാണ് അസുഖം. അതിനാല്‍ത്തന്നെ അസുഖം എന്നതൊരു അടിസ്ഥാനമല്ല. അങ്ങനെ ആകസ്മികമായി ഉണ്ടാകുന്നതിന് ചിലപ്പോള്‍ ചില ചികിത്സകള്‍ അതില്‍ത്തന്നെ ഉണ്ടായിരിക്കും. പ്രകൃതിമതമായ ഇസ്‌ലാം ആര്‍ത്തവത്തോടും വളരെ യുക്തിപരവും ചിന്താപരവുമായ സമീപനമാണ് വെച്ചുപുലര്‍ത്തുന്നത്. കാരണം, ആര്‍ത്തവം എന്നുള്ളത് ഒരു മഹത് പദവിയുടെ ഭാഗം കൂടിയാണ്.
ഇസ്‌ലാമിലെ ഏറ്റവും പ്രയാസം കൂടിയ, ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ഇബാദത്തായ ഹജ്ജില്‍ വരെ ഋതുമതികള്‍ക്ക് വിലക്കില്ല. ആകെക്കൂടി കഅ്ബാലയം പ്രദക്ഷിണം(ത്വവാഫ്) ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ശുദ്ധിവേണമെന്ന നിബന്ധനയുണ്ട്. അതിനാല്‍ ഋതുമതികള്‍ക്കും ആ വിലക്ക് ബാധകമാണെന്നു മാത്രം. വിദൂര ദിക്കുകളില്‍നിന്ന് സംഘമായി ഹജ്ജിനു വരുന്ന സ്ത്രീകള്‍ തിരിച്ചുപോവാനുള്ള അവധിക്കു മുമ്പ് ആര്‍ത്തവം നിലക്കാത്ത പക്ഷം സുരക്ഷിതമായ പാഡുപയോഗിച്ച് രക്തസ്രാവം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് ത്വവാഫും നിര്‍വഹിക്കാമെന്നാണ് പണ്ഡിത മതം. ഇവിടെ ഇതര മതങ്ങളില്‍നിന്നും ഇസ്‌ലാം വ്യക്തമായ വ്യതിരിക്തത പുലര്‍ത്തുന്നത് കാണാം. ചുരുക്കത്തില്‍ രജസ്വലകള്‍ സമൂഹത്തില്‍ തീണ്ടാരികളാണെന്ന ധാരണക്ക് ഇസ്‌ലാം ഉത്തരവാദിയല്ല.


അവലംബം:
1. അല്‍ ബഖറ: 185
2. വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍, പേജ്: 163
3. ബുഖാരി, മുസ്‌ലിം
4. മുസ്‌ലിം
5. അബൂദാവൂദ്
6. ബുഖാരി, മുസ്‌ലിം
7. അല്‍ ബഖറ: 222
8. വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍, പേജ്: 171


*****************************************************

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top