'മാതൊരുഭാഗനും' സ്ത്രീത്വവും

പി.ടി കുഞ്ഞാലി No image

      ഒരിക്കല്‍കൂടി രണോല്‍സുകമായ ആര്യമതാധികാരം എഴുത്തിന്റെ ലാവണ്യ സാധ്യതകളേയും നവീകരണ പരിശ്രമങ്ങളേയും തുരത്തുന്നതില്‍ സമ്പൂര്‍ണ്ണമായും വിജയിച്ചുകഴിഞ്ഞു. പെരുമാള്‍ മുരുകന്‍ ഇനി എഴുതുകയില്ല. ജനാധിപത്യ ഇന്ത്യ എത്ര പെട്ടെന്നാണ് അതിന്റെ മതേതര പൊതുബോധത്തെ യുദ്ധോല്‍സവ ഫാഷിസത്തിന്റെ തീക്കാലുകളില്‍ തളച്ചിട്ടത്. വൈവിധ്യങ്ങള്‍ വിടര്‍ന്നു നില്‍ക്കേണ്ട നമ്മുടെ പൊതുമണ്ഡലം തൃശൂല രൂപമാര്‍ന്ന ആര്യാധിനിവേശത്തെ നിര്‍ബന്ധപൂര്‍വ്വം പുണര്‍ന്നുനില്‍ക്കുന്നു. ഉല്‍ക്കണ്ഠകളെക്കാളേറെ ഇത് ഉല്‍പ്പാദിപ്പിക്കുന്നത് സര്‍വ്വനാശ ഭീതി തന്നെയാണ്. തമിഴ്‌നാട്ടിലെ നാമക്കല്‍ സര്‍ക്കാര്‍ കോളേജ് പ്രൊഫസറും എഴുത്തുകാരനുമായ പെരുമാള്‍ മുരുകനെ രണ്ടാഴ്ചക്കാലം തടവിലെന്നോണം ഉപരോധിക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെയും തെരഞ്ഞുപിടിച്ച് ചാമ്പലാക്കുകയും ചെയ്ത സവര്‍ണ്ണ ഭരണ വര്‍ഗ്ഗം വേഗംകൂടിയ മറ്റൊരധിനിവേശത്തിനു കൂടിയാണ് ഇപ്പോള്‍ വഴിയൊരുക്കിയത്. ഭീതിയുടെ ശൂലമുനയില്‍നിന്നും പിടയുന്ന ജീവനെ ശരീരത്തില്‍ നിലനിര്‍ത്താന്‍ മഹാനായ ആ അധ്യാപകന് തന്റെ നാരായംതന്നെ ഒടിച്ചെറിയേണ്ടിവന്നു. എഴുത്തോ അതോ കഴുത്തോ ഏതാണ് സംരക്ഷിക്കേണ്ടതെന്ന മൗലികമായ ചോദ്യത്തിനു മുന്നില്‍ നിസ്സഹായനും ഉപേക്ഷിക്കപ്പെട്ടവനുമായി നമ്മുടെ സാംസ്‌കാരിക സമൂഹത്തിനു മുന്നില്‍ നില്‍ക്കേണ്ടി വന്ന പെരുമാള്‍ മുരുകന്‍ ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.
വിശക്കുന്ന കാട്ടാളനോടുപോലും ഇണക്കുരുവിയുടെ ജീവനുവേണ്ടി പനയോലയും നാരായവുംകൊണ്ട് കലഹിച്ചുനിന്ന മഹാമഹര്‍ഷിയുടെ സര്‍ഗ്ഗബോധത്തിനു മുന്നില്‍ പുതുകാലത്തെ സാംസ്‌കാരിക സമൂഹം തീര്‍ച്ചയായും ചൂളിനില്‍ക്കും. ഇതിഹാസ കാലത്തെ ആദി എഴുത്തുകാര്‍ പോലും നിലനിര്‍ത്തിയ തീക്ഷ്ണമായ ഈയൊരു പ്രതിരോധബോധം രാഷ്ട്രീയ ഹിന്ദുത്വം മേല്‍ക്കൈ നേടിയ ആധുനികോത്തര സന്നിഗ്ധതയില്‍ നമ്മുടെ സാംസ്‌കാരികതക്ക് നഷ്ടപ്പെടുന്നു. പുതിയ ഭാരതീയ ഭാവുകത്വം കാട്ടാളരേക്കാള്‍ താഴോട്ടു സഞ്ചരിക്കുന്നുവെന്നര്‍ത്ഥം. വിശക്കുന്ന വയറിനായി ഒരു പക്ഷിയെ എയ്തിട്ട സാധു മനുഷ്യന്റെ ഇരതേടല്‍ പോലും അസഹ്യതയോടെ നിരീക്ഷിച്ച ഭാരതീയ മാനവിക ഔന്നത്യം നഗരാധികാരലഭ്യതയോടെ പരനിഗ്രഹത്തിലേക്ക് വികസിതമായതിന്റെ രസതന്ത്രം കൂടുതല്‍ നിരീക്ഷണശേഷി അര്‍ഹിക്കുന്നു.
സാമൂഹ്യ നവോത്ഥാനത്തിനായി പുതുതലമുറകളെ പ്രാപ്തമാക്കുകയാണ് ഏതുതരം വിദ്യാന്വേഷണത്തിന്റെയും അടിസ്ഥാനം. അത് ഔപചാരികമാകട്ടെ അനൗപചാരികമാകട്ടെ ഈയൊരൊറ്റ ദൗത്യം തന്നെയാണ് സംഭവിക്കേണ്ടത്. ഈയൊരു സാമൂഹ്യ നവോത്ഥാന പ്രക്രിയ തന്റെ ജീവിത ദീര്‍ഘത്തില്‍ ആവിഷ്‌കരിച്ചു എന്നതാണ് മുരുകന്‍ ചെയ്തുപോയ 'അപരാധം'. പുരാതന ഭാരത വര്‍ഷത്തില്‍ സാന്ദീപനിയുടെ ആശ്രമവാടിയില്‍നിന്ന് കുചേലനും സതീര്‍ഥ്യനായ കൃഷ്ണനും ഒരുമിച്ചുനേടിയത് ഇതാണ്. നളന്ദയിലും തക്ഷശിലയിലും സംഭവിച്ചതും മറ്റൊന്നല്ല. മാനവികതയുടെ ഉത്തമമായ സ്ഫുടീകരണമാണത്.
ഇതേ ദൗത്യം തന്നെയാണ് വര്‍ഷങ്ങളായി തമിഴകത്ത് പെരുമാള്‍ മുരുകന്‍ എന്ന അധ്യാപകനായ എഴുത്തുകാരന്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. എഴുത്ത് അനൗപചാരികമായ വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. തന്റെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ തമിഴ് ഭാഷയുടെ ആഴ വിസ്മയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഒപ്പം എഴുത്തുരൂപത്തിലൂടെ ഒരു ജനതയുടെ അനൗപചാരിക പഠനം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന വിശുദ്ധ യജ്ഞമാണിത്. എങ്ങനെയാണ് സ്വന്തം ഭാഷയിലൂടെയും ഭാവുകത്വത്തിലൂടെയും ഒരു ജനതയുടെ നവോത്ഥാന പ്രക്രിയയെ ഉണര്‍ത്തുക എന്ന അന്വേഷണം.
തീര്‍ത്തും സവിശേഷതയാര്‍ന്ന തമിഴ് സംസ്‌കൃതിയെ എന്നും പുണരുന്നതും അതിന്റെ സമഗ്രമായ വിമലീകരണം ലക്ഷ്യംവെക്കുന്നതുമാണ് പെരുമാള്‍ മുരുകന്റെ രചനകള്‍. ഇദ്ദേഹത്തിന്റെ നിരവധി രചനകളില്‍ ഒന്നു മാത്രമാണിപ്പോഴത്തെ പുകിലിനാധാരം. ഇത് നാലിലേറെ വര്‍ഷങ്ങള്‍ക്കപ്പുറം അദ്ദേഹം എഴുതിയതും തമിഴകത്ത് നിരവധി പതിപ്പുകള്‍ ആഘോഷമായി വില്‍പ്പനയായതുമായ 'മാതൊരുഭാഗന്‍' എന്ന മനോഹരമായ നോവല്‍ രചന. എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറം പെരുമാള്‍ മുരുകന്റെ സ്വന്തം പ്രദേശമായ നാമക്കലിലെ ക്ഷേത്രനടയില്‍ നിലനിന്നുപോന്ന ഒരു മൂഢാചാരത്തെ പുരാവൃത്തമായെടുത്ത് ശില്‍പഭംഗിയോടെ എഴുത്തുകാരന്‍ നിര്‍വഹിച്ചത് അത്തരമൊരു കര്‍മദോഷത്തെ ജനപക്ഷത്തുനിന്ന് വിചാരണയ്ക്ക് വെക്കുകയാണ്. ഇനിയും ഇതുപോലുള്ള യുക്തിരഹിതമായ കര്‍മ ജീവിതത്തിലേക്ക് കാലംകൊണ്ടു ജനം വഴുതാതിരിക്കാനുള്ള ഒരു മനുഷ്യസ്‌നേഹിയുടെ ഏകാന്തമായ സമര്‍പ്പണം. അല്ലാതെ ഈ രചനയില്‍ ദൈവനിന്ദയോ സ്ത്രീ പരിഹാസമോ ഇല്ല. നാമക്കലിലെ തിരച്ചങ്കോട്ട് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അവിടെ രഥോല്‍സവം എന്ന ഒരാചാരച്ചടങ്ങ് പതിവാണ്. സന്താനഭാഗ്യം ലഭ്യമാകാത്ത സ്ത്രീകള്‍ക്ക് ഈ ഉല്‍സവനാള്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രം പരപുരുഷനോടൊത്തു വേണമെങ്കില്‍ ശയിക്കാം. അങ്ങനെയൊരു കുഞ്ഞു ജനിക്കുന്നുവെങ്കില്‍ അത് ദൈവത്തിന്റെ വരദാനമായാണ് കാണേണ്ടത്. സത്യമായും നിലനിന്നുപോന്നിരുന്ന ഈയൊരു ആചാരത്തെയാണ് മുരുകന്‍ തന്റെ രചനയില്‍ വിഷയവൃത്തമാക്കിയിരിക്കുന്നത്. സന്താനഭാഗ്യമില്ലാത്ത 'കാളിയും പൊന്നിയും' ഈയൊരാചാര വേഴ്ചയിലൂടെ കടന്നുപോകുന്നു. അതിലെ സങ്കടങ്ങളും സംഘര്‍ഷങ്ങളും. ഈ ആചാരങ്ങളെ തന്റെ രചനയില്‍ മുരുകന്‍ വാഴ്ത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ല. നോവലിലെ ഭാര്യയായ പൊന്നി സ്വന്തമായൊരു കുഞ്ഞെന്ന സ്വപ്നത്തെ താലോലിക്കുമ്പോഴും ഭര്‍ത്താവായ കാളിയുടെ വിസമ്മതത്തോടെയാണ് ഇത്തരമൊരു സംഗമത്തിനു സന്നദ്ധയാകുന്നത്. ഒരു കുഞ്ഞിനെ ഏതു സ്ത്രീയേയുംപോലെ അത്രമേല്‍ പൊന്നിയും ഇഷ്ടപ്പെടുന്നു.
ഭാരതീയ സ്ത്രീത്വത്തേയും വിശ്വാസങ്ങളേയും നോവലില്‍ പെരുമാള്‍ മുരുകന്‍ ആക്ഷേപിച്ചെന്നാണ് അധികാര ലബ്ധിയോടെ രണോല്‍സുക കോവിലുകളില്‍നിന്നുള്ള തിട്ടൂരം. തമിഴ് സംസ്‌കൃതി ഒരിക്കലും ആര്യവല്‍കൃതമേയല്ല. അതിനു ശുദ്ധ ദ്രാവിഡ പശ്ചാത്തലമാണുള്ളത്. എക്കാലത്തും ആര്യ സംസ്‌കാര പൊതുബോധം ദ്രാവിഡ പരിവൃത്തത്തെ നിഷേധിക്കുന്നതും നിഷ്‌കാസനം ചെയ്യാന്‍ ഓങ്ങുന്നതുമാണ്. ദ്രാവിഡ സാംസ്‌കാരികാന്വേഷണത്തില്‍ ഒരിക്കലും സ്ത്രീ അബലയും അപമാനിതയുമല്ല. മറിച്ച് ഏതു സംഘര്‍ഷത്തിലും ഉയര്‍ന്നുനില്‍ക്കുന്ന 'ചിലപ്പതികാര'ത്തിലെ കണ്ണകിയാണവള്‍. ഇതറിയാത്ത ഒരാളല്ല സര്‍ഗ്ഗധനനായ പെരുമാള്‍ മുരുകന്‍. അദ്ദേഹം ആപാദംതന്നെ ഈയൊരു മഹനീയ സാംസ്‌കാരിക തനിമയെ പുണര്‍ന്നുനില്‍ക്കുന്ന ഒരാള്‍. തന്റെ രചനയിലദ്ദേഹം എവിടെയും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. ഇതറിയണമെങ്കില്‍ പുസ്തകം ഒരാവര്‍ത്തിയെങ്കിലും ഇവര്‍ കമ്പോടു കമ്പ് വായിച്ചുനോക്കണം. അങ്ങനെ ചെയ്‌തെങ്കില്‍ ആരോപകര്‍ അവരുടെ ആക്ഷേപം പിന്‍വലിക്കുമായിരുന്നുവെന്ന് മുരുകന്‍തന്നെ പറയുന്നുണ്ട്. ശൂലംകൊണ്ട് ചിന്തിക്കുകയും ഗദകൊണ്ട് വായിക്കുകയും ചെയ്യുന്നവര്‍ക്ക് പെരുമാള്‍ മുരുകന്‍ പറയുന്നത് തിരിയാതെ പോകും. അതിന് ലാവണ്യ മധുരമാര്‍ന്ന മറ്റൊരു ഭാവുകത്വം അവരില്‍ തളിര്‍ത്തുപൂക്കണം.
സര്‍ഗ്ഗാത്മക രചനകള്‍ ഗണിതശാസ്ത്ര സൂത്രവാക്യങ്ങള്‍ പോലെ വരണ്ട നേര്‍വാചകങ്ങളല്ല. മസ്തിഷ്‌കത്തോടു മാത്രം വിനിമയം സംഭവിക്കുന്ന എഞ്ചുവടിപ്പട്ടികയുമല്ല. സര്‍ഗ്ഗരചനകള്‍ മറ്റൊരു ഭാഷയാണ്. അത് സംവാദത്തിലേര്‍പ്പെടുന്നത് ഭാവനയോടും അനുഭൂതികളോടുമാണ്. അതിന്റെ ആസ്വാദന മണ്ഡലം നേര്‍യുക്തിക്കപ്പുറത്താണ്. അതനുഭവിക്കണമെങ്കില്‍ ഭാവനയുടെ നനുപ്പും ചിന്തയുടെ പ്രസാദവും വേണം. സുദര്‍ശനചക്രവും ഗാണ്ഡീവവുംപോരാ.
ഹസ്തിനപുരിയിലെ രാജസദസ്സില്‍വെച്ച് രജസ്വലയായ ദ്രൗപതിയെ ഇഴച്ചുവലിച്ച് ദുശ്ശാസനന്‍ വസ്ത്രാക്ഷേപം ചെയ്യുന്നതും അപ്പോള്‍ ഭീഷ്മരും വിദുരരുമടക്കമുള്ള ഗുരുശ്രേഷ്ഠന്മാര്‍ മൗനികളാകുന്നതും മഹാഭാരതത്തില്‍ വിസ്തരിക്കുന്നുണ്ട്. അപമാനിക്കപ്പെടുന്ന ഭാരതസ്ത്രീയുടെ ഇതിനേക്കാളേറെ രൂക്ഷമായ നേര്‍കാഴ്ച മറ്റേതാണ്. അതുകൊണ്ട് മഹത്തായ ആ ഇതിഹാസ കാവ്യത്തെ ചുട്ടെരിക്കണമെന്നും വ്യാസനെ ഭള്ളു പറയണമെന്നും വിവേകിയായ ഒരാളും പറയുകയില്ല. വനവാസ കാലത്ത് രാമലക്ഷ്മണ സചിവന്മാര്‍ താമസിക്കുന്ന പര്‍ണ്ണശാലയിലെത്തുന്ന ശൂര്‍പ്പണഖയെ പറഞ്ഞയക്കുന്നത് അവളുടെ മൂക്കു ഛേദിച്ചാണ്. അതിനു തക്ക അപരാധമൊന്നും അവള്‍ ചെയ്യുന്നില്ല. അപമാനിതകളായ സ്ത്രീ സാന്നിധ്യങ്ങള്‍ ആര്യ സാംസ്‌കാരിക രചനകളില്‍ നിരവധിയാണ്. ഒരു സ്ത്രീ അഞ്ചു പേരെ ഒന്നിച്ചു വേള്‍ക്കുന്നതും വരശക്തി പരിശോധിച്ച് കര്‍ണ്ണത്തിലൂടെ മാതൃത്വം പ്രാപിക്കുന്നതുമൊക്കെ വിശദപ്പെടുത്തുന്നത് നമ്മുടെ ഇതിഹാസങ്ങളില്‍ തന്നെയാണ്. അതുകൊണ്ട് വിവേകികളാരും ഇതിഹാസ കൃതികള്‍ക്കെതിരെ പോരിനിറങ്ങുകയില്ല. കാരണം മേല്‍ നിരീക്ഷണങ്ങളല്ല നാമതില്‍നിന്നു ഗ്രഹിക്കേണ്ടത്. അതിനപ്പുറത്തേക്ക് കഥാസന്ദര്‍ഭങ്ങള്‍ വികസിച്ചുപോകുന്നുണ്ട്. കൃതിയെ നിരീക്ഷിക്കേണ്ടത് ഒരു സമഗ്ര സാകല്യത്തിലാണ്. അത് പ്രസരിപ്പിക്കുന്ന അന്ത്യസന്ദേശമാണ് നാം സ്വീകരിക്കേണ്ടതും. അതുകൊണ്ടു തന്നെയാണ് നമ്മുടെ ഇതിഹാസ കൃതികളൊക്കെയും മഹത്തായ രചനകളാവുന്നത്. അത് നമ്മെ കൊണ്ടുപോകേണ്ടത് സാംസ്‌കാരികാന്വേഷണങ്ങളുടെ മഞ്ഞ മന്ദാരത്തണലിലേക്കാണ്. കാരണം നേര്‍വായനക്കപ്പുറത്താണതിന്റെ സാന്ദ്രഭാവങ്ങള്‍ നിലനില്‍ക്കുന്നത്.
മലയാളത്തില്‍ പോലും മണ്ണാപ്പേടിയും പുലപ്പേടിയും സ്മാര്‍ത്ത വിചാരവും ഭരണി ഉല്‍സവങ്ങളുമൊക്കെ ഇതിവൃത്തമാക്കി രചനകള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരം രചനകളൊന്നും അത്തരം മൂഢ കര്‍മങ്ങളെ മഹത്വവല്‍ക്കരിക്കുകയല്ല ചെയ്യുന്നത്. ഇതുതന്നെയാണ് പെരുമാള്‍ മുരുകനും ചെയ്തത്.
പക്ഷേ, പൊടുന്നനെയദ്ദേഹം നിര്‍ദ്ദയം വേട്ടയാടപ്പെട്ടു. നമ്മുടെ ഇതിഹാസ കാവ്യങ്ങളും അതിനെ ഉപജീവിച്ചെഴുതിയ മറ്റു സര്‍ഗ്ഗാത്മക രചനകളും മുന്നോട്ടുവെക്കാത്ത എന്ത് അവമതിയാണ് 'മാതൊരുഭാഗന്‍' ആവിഷ്‌കരിച്ചിട്ടുള്ളത്. ഇവിടെയാണ് പ്രശ്‌നവും. തന്റെ നാട്ടിലും പ്രാന്തത്തിലും നിലനിന്നിരുന്ന ഈയൊരു ദൂഷിതാചാരത്തെ തന്റെ സര്‍ഗ്ഗരചനയിലേക്ക് ആവിഷ്‌കരിക്കുന്നതിലൂടെ ഇത്തരം സമ്പ്രദായങ്ങളെ പ്രകീര്‍ത്തിക്കുകയല്ല. മറിച്ച്, ഇതിനപ്പുറം നാം പ്രാപിക്കേണ്ട മഹത്തായ മാനവിക ഭാവതലത്തിലേക്ക് നമ്മെ വഴിനടത്തുകയാണയാള്‍ ചെയ്യുന്നത്. ഇതറിയാതെ പോകുന്നവര്‍ നിരവധി മറുവായനാ വാദങ്ങളെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുന്ന ഭാരതീയ സര്‍ഗ്ഗാത്മക ഭാവുകത്വത്തെ അടിയോടെ മറിച്ചിടുകയാണ് ചെയ്യുന്നത്.
ഇതിന് കൃത്യമായ ചില കാരണങ്ങളുണ്ട്. മുരുകന്‍ ഒരു ആര്യ പാരമ്പര്യനല്ല. അദ്ദേഹം ആപാദം ഒരു ദ്രാവിഡനാണ്. അദ്ദേഹമൊരിക്കലും ആര്യ രണോല്‍സുകതയുടെ പൊതുബോധത്തോട് അനുസരണപ്രതിജ്ഞ ചെയ്തിട്ടില്ല. മാത്രമല്ല, അദ്ദേഹം ജാതിക്കോയ്മയുടെ കൊടൂര നീതിക്കെതിരെ എന്നും ജീവിതം തുഴഞ്ഞതാണ്. 'ജാതിയും നാനും' എന്ന പുസ്തകമെഴുതുക മാത്രമല്ല, ഉയര്‍ന്ന കോളേജ് അധ്യാപകനായ പെരുമാള്‍ മുരുകന്‍ ഒരു ദലിത് സ്ത്രീയെയാണ് തന്റെ ജീവിതത്തിന്റെ ഓടം തുഴയാന്‍ കൂടെ കൂട്ടിയത്. ശൂദ്രന്‍ ജ്ഞാനമറിഞ്ഞാല്‍ അവന്റെ മൂക്കു ചെത്തണമെന്നും ശംബൂകന്മാരുടെ കാതില്‍ തിളച്ച ഈയം പാരണമെന്നുമുള്ള മനുഷ്യവിരുദ്ധ പ്രമാണങ്ങളെയാണ് മുരുകന്‍ തോട്ടിലെറിഞ്ഞത്. ജാതിക്കോയ്മകളാല്‍ ഉന്നംവെക്കപ്പെട്ടവനാണു മുരുകന്‍. മേല്‍ജാതിയിലെ പെണ്ണിനെ പരിണയിച്ചതുകൊണ്ട് ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്ന ദലിത് യുവാവിന്റെ കഥയെഴുതിയിട്ടുണ്ട് പെരുമാള്‍ മുരുകന്‍. ഇങ്ങനെയൊരു മുരുകനോ.. ഹമ്പട.. ഇത്രയ്ക്കായോ.. ഏകലവ്യനു തിരസ്‌കാരവും ഘടോല്‍ക്കചനു മരണവും ശംബൂകനു തിളച്ച ഈയവും കാട്ടു യാചക കുടുംബത്തിന് അരക്കില്ലവും തന്നെയാണ് എന്നും കാത്തിരിക്കുക. അവരോടൊപ്പം കൂടുന്ന പെരുമാള്‍ മുരുകന്മാര്‍ക്കും ഇതിലേതെങ്കിലുമൊന്നു തീര്‍ച്ച..

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top