മുഖം മറക്കാത്ത സംവാദങ്ങള്‍

ഫൗസിയ ഷംസ് /ചര്‍ച്ച No image

      കേരളത്തിലെ പൊതുസാമൂഹ്യ വിഷയത്തില്‍ ശക്തമായി ഇടപെടുന്ന വ്യക്തിയാണ് ഡോ:ഫസല്‍ ഗഫൂര്‍. മുസ്‌ലിംസ്ത്രീകള്‍ ധരിക്കുന്ന കറുത്ത പര്‍ദ്ദയെയും നിഖാബിനെയും കുറിച്ച് എം.ഇ.എസ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമാണ്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കാണാന്‍ പോയത്. മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ഞാന്‍ സ്ത്രീകളെ മാനിക്കുന്നു. വസ്ത്രത്തിന്റെ നീളം കൂടിയതുകൊണ്ട് സംസ്‌കാരം കൂടി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മുഖം മറക്കുന്ന പര്‍ദ്ദ ഇസ്‌ലാമികമല്ല. മുഖം മറച്ചപെണ്ണിനെ തിരിച്ചറിയപ്പെടാന്‍ കഴിയില്ല. ഇപ്പോള്‍ മാത്രമാണോ ഇത് ഇസ്‌ലാമികമായത്. അറിയപ്പെട്ട മുസ്‌ലിം വനിതകളാരും തന്നെ മുഖം മറച്ചവരായിരുന്നില്ല. ഇപ്പോള്‍ പെട്ടെന്ന് ഇത്തരം ഒരു സമീപനം ഉണ്ടാവാന്‍ എന്താണ് കാരണം അതാണ് എനിക്കറിയേണ്ടത്. വേണമെന്നുള്ളവര്‍ മറച്ചോട്ടെ. പക്ഷേ ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ഇത്തരം വേഷം അനുവദിക്കുകയില്ല.' ഒരുപാട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന അദ്ദേഹം നിലപാട് വ്യക്്തമാക്കിക്കൊണ്ട് തുടര്‍ന്നു. ''നിഖാബിന്റെ കാര്യത്തില്‍ മാത്രമല്ല, നാളെ മിനിസ്‌കര്‍ട്ടും കാഷായവസത്രവും ധരിച്ച് വരണമെന്ന് പറഞ്ഞാലും നിലപാട് ഇതുതന്നെയാണ്. ഒരുകാലത്ത് പിന്നോക്ക സമുദായ സ്ത്രീകള്‍ മാറ് മറക്കാന്‍ സമരം നടത്തി. ഇപ്പോള്‍ അത് തുറന്നിടാന്‍ വേണ്ടിയാണ്. അമേരിക്കയിലെ കൗബോയ്കള്‍ അണിഞ്ഞ ഇറുകിയ ജീന്‍സാണ് അവര്‍ക്കിഷ്ടം. എനിക്കവരെ കാണുമ്പോള്‍ വെറുപ്പാണ്. അതുപോലെ തന്നെയാണ് നിഖാബിനെയും ഞാന്‍ കാണുന്നത്. ആചാരങ്ങള്‍ക്കും സമ്പദായങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസരിച്ച് മുസ്‌ലിം സ്ത്രീ വേഷം വ്യത്യസ്തമാണെന്നിരിക്കെ സൗദി അറേബ്യയിലെ സമ്പദായം തന്നെ ഇവിടെ വേണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്. നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കുവന്ന അപചയമാണിത്. ആരാണിതിനു പിന്നില്‍? എന്തിനുവേണ്ടിയാണ.്? എനിക്കതറിയണം. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്.''
മുഖം മറച്ച് മുസ്‌ലിം പെണ്ണിനെ പിറകോട്ട് നടത്താന്‍ ആരെങ്കിലും ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോ? അതോ പ്രമാണങ്ങളിലും പ്രവാചകചര്യകളിലും അതിനു തെളിവുണ്ടോ? മുസ്‌ലിം ലോകത്ത് വ്യത്യസ്ത ആശയധാരയും സംഘടനാഭരവാഹിത്വവും ഉള്ളവര്‍ മുഖം മറക്കാതെ ആരാമത്തോട് സംസാരിക്കുന്നു.


കെ.കെ. ഫാത്തിമ സുഹറ
(ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി)
മുഖം മറക്കുന്ന നിഖാബ് ചില രാജ്യങ്ങളിലെ മുസ്‌ലിം സ്ത്രീകള്‍ സ്വീകരിച്ചുപോരുന്ന പാരമ്പര്യ ആചാര്യത്തിന്റെ ഭാഗമാണ.് ജനലക്ഷങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജ് വേളയില്‍ പോലും മുഖം മറക്കരുതെന്നാണല്ലോ ഇസ്‌ലാമിക ശാസന. മുഖം മറക്കല്‍ നിര്‍ബന്ധമാണെന്ന് അനുശാസിക്കുന്ന സ്വീകാര്യമായ പ്രമാണങ്ങളൊന്നുമില്ലെന്നാണ് എന്റെ അറിവ്. മുഖവും മുന്‍കൈയ്യും ഒഴിവാക്കുന്ന സ്വീകാര്യമായ പ്രമാണങ്ങള്‍ ലഭ്യവുമാണ്. അതിനാല്‍ ഇസ്‌ലാം അനുശാസിക്കുന്ന ഇവ്വിധമുള്ള മാന്യതയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം. അതും കറുപ്പു നിറത്തില്‍ തന്നെ വേണമെന്നില്ല. മുഖം മറക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം വരാന്‍ കാരണം ഖുര്‍ആനിന്റെ ആയത്തുകള്‍ വിശദീകരിക്കുന്നതില്‍ വന്ന അഭിപ്രായവ്യത്യാസമാണ്.
പെണ്ണിന് പുറത്തേക്ക് പോകുന്നതിനും അഭിപ്രായങ്ങള്‍ സമൂഹത്തിനുമുന്നില്‍ പ്രകടിപ്പിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ മതമാണിസ്‌ലാം. മുസ്‌ലിം സ്ത്രീ പ്രബോധക കൂടിയാണ്. അതുകൊണ്ടുതന്നെ ആണിനെ പോലെ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ സമൂഹമധ്യേ എത്തിക്കുക എന്ന വലിയ ദൗത്യം ഏല്‍പ്പിക്കപ്പെട്ട സ്ത്രീ സമൂഹത്തിലിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുതയുണ്ടാക്കുന്ന തരത്തിലുള്ള വേഷവിധാനം ധരിക്കാന്‍ പാടില്ല. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളും വ്യക്തിസ്വാതന്ത്ര്യമില്ലാത്തവളുമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന ബഹുസ്വര സമൂഹത്തില്‍. പക്ഷേ വിമര്‍ശനമുണ്ടാകുന്നു എന്നുവെച്ച് സ്ത്രീക്ക് പൊതുരംഗത്ത് പാലിക്കാന്‍ പറഞ്ഞ മറകളും മര്യാദകളും പാലിക്കുന്നതില്‍ യാതൊരുവിധ വീഴ്ചയും വരുത്താനും പാടില്ല. കറുത്ത പര്‍ദ്ദയും നിഖാബും ഒരു സ്ത്രീ ധരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് തടയാന്‍ പാടുള്ളതല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്.
ഇന്ന് മാര്‍ക്കറ്റില്‍ വളരെ ആഭാസകരമായ തരത്തിലുള്ള പര്‍ദ്ദപോലും ലഭ്യമാണ്. മറ്റെന്തിനുമെന്നപോലെ മുസ്‌ലിംപെണ്ണിന്റെ വസ്ത്രസങ്കല്‍പ്പവും വിപണിയോ മറ്റാരെങ്കിലുമോ തീരുമാനിക്കേണ്ടതല്ല. അതിന് പ്രാപ്തിയുള്ളവര്‍ സ്ത്രീകളില്‍ തന്നെ ധാരാളമുണ്ട്. ഹദീസ് നിവേദന പരമ്പരയില്‍ എഴുന്നൂറിലേറെ സ്ത്രീകളുണ്ട്. അവരില്‍നിന്ന് പുരുഷന്മാരാണ് പലപ്പോഴും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത്. അതോടൊപ്പം നിവേദകര്‍ ആരാണെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനര്‍ഥം സ്ത്രീപുരുഷന്മാര്‍ പരസ്പരം നന്നായി തിരിച്ചറിയാന്‍ സാധിക്കുംവിധമുള്ള വസ്ത്രധാരണമാണ് ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് സ്ത്രീകള്‍ സ്വീകരിച്ചിരുന്നത് എന്നാണ്. അക്കാലത്ത് സാമൂഹിക ജീവിതത്തില്‍ ഇടപെട്ടിരുന്ന സ്ത്രീപുരുഷന്മാരെല്ലാം പരസ്പരം തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ഓരോ സംഭവത്തിലും ബന്ധപ്പെട്ട സ്ത്രീകളുടെ പേരുകള്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരഭാഗമാണ് അവര്‍ മറച്ചിരുന്നത്. ഇന്നും സ്വീകരിക്കേണ്ട വസ്ത്രധാരണം ഇതുതന്നെയാണ്. ഹജ്ജിനു മുഖം മറക്കാന്‍ പാടില്ല. പൊതുവില്‍ അനുവദനീയമായ ചില കാര്യങ്ങള്‍ ചില ആരാധനാ കര്‍മത്തിന്റെ ഭാഗമായി നിഷിദ്ധമായി തീരാം. ഉദാഹരണം, നോമ്പിന്റെ പകലില്‍ ഭക്ഷണം കഴിക്കല്‍ എന്നാല്‍ നിഷിദ്ധമായ ഒരു കാര്യം ഒരു ആരാധനാ കര്‍മത്തിന്റെ ഭാഗമായി അനുവദനീയമായി തീരുകയില്ല. സാധാരണ അവസ്ഥ മുഖം മറക്കലാണ്; അതുകൊണ്ടാണ് മുഖം മറക്കരുതെന്ന് പറഞ്ഞത് എന്ന് വാദിക്കുന്നവരുണ്ട്. ഹജ്ജില്‍ കലഹിക്കരുതെന്നും അസത്യം പറയരുതെന്നും പറഞ്ഞതിന്റെ അര്‍ഥം അല്ലാത്തപ്പോള്‍ അവയൊക്കെ ആവാമെന്നല്ലല്ലോ. അടച്ചു വെച്ചതേ തുറന്നിടാന്‍ കഴിയൂ എന്നു വാദിക്കുന്നവരുമുണ്ട്. ഹജ്ജില്‍ സ്ത്രീകള്‍ മുഖം തുറന്നിടണം എന്നല്ല മുഖം മറക്കരുത് എന്നാണ് ശാസന. അതിനര്‍ഥം മുഖം മറക്കല്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു ആചാരമല്ല. ഗോത്രാചാരമോ നാട്ടുവഴക്കമോ ആണെന്നാണ്.

ഡോ: ഹുസൈന്‍ മടവൂര്‍
(ഇന്ത്യന്‍ ഇസ്്‌ലാഹീ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി)
പര്‍ദ്ദയെ കുറിച്ചുള്ള വിവാദം അനവസരത്തിലുള്ളതും അനാവശ്യവുമാണ്. യഥാര്‍ഥത്തില്‍ പര്‍ദ്ദയെന്ന പേരുതന്നെ ഖുര്‍ആനിലോ ഹദീസിലോ ഇല്ല. ആ വാക്ക് വന്നത് ഉര്‍ദു ഭാഷയില്‍ നിന്നാണ്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് ഹിജാബ് എന്നാണ്. അതിന്റെ മതപരമായ അര്‍ഥം മറ എന്നാണ്. സ്ത്രീയുടെ ശരീരസൗന്ദര്യം അന്യരുടെ മുമ്പില്‍ പ്രകടിപ്പിക്കാത്ത നേരിയതും ഇറുകിയതുമല്ലാത്ത വസ്ത്രം. ഇത് സാരിയോ ചുരിദാറോ പാവാടയോ ബ്ലൗസോ എന്തായാലും വിരോധമില്ല. ഓരോരോ നാട്ടിലും ഓരോ രീതിയുണ്ട്. മുസ്‌ലിംകള്‍ കൂടുതലുള്ള ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്നത് അറബികള്‍ ധരിക്കുന്ന പോലെയുള്ള പര്‍ദ്ദയല്ല. ഹിജാബിന്റെ ധര്‍മ്മം നിറവേറ്റുന്ന ആ നാട്ടിലെ രീതിയനുസരിച്ചുള്ള വസ്ത്രമാണവര്‍ ധരിക്കുന്നത്. കറുപ്പു തന്നെയാകണമെന്നും ഇല്ല. അന്ന് അറബ് നാടുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ രൂപത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ കാഴ്ചയില്‍ വ്യത്യാസമുണ്ടാകാനും പരസ്പരം തിരിച്ചറിയാനും വേണ്ടിയാണ് പിന്നീട് പുരുഷന്മാര്‍ക്ക് വെള്ളയും സ്ത്രീകള്‍ക്ക് കറുപ്പും കളറിലുള്ള ഇന്ന് കാണുന്ന രൂപത്തിലുള്ള വസ്ത്രം ഉണ്ടായത്. അത് ഗോത്ര പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ അമുസ്‌ലിം സ്ത്രീകളും മുഖം മറക്കും. ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ തലമറച്ചു നടക്കുന്ന മുസ്‌ലിംകളല്ലാത്ത സ്ത്രീകളെയും കാണാം. കേരളത്തില്‍ തന്നെ മുന്‍കാലങ്ങളില്‍ നമ്പൂതിരി സ്ത്രീകള്‍ കുട ചൂടിയ പോലെ. കാസര്‍കോട് കണ്ണൂര്‍ ഭാഗത്തുള്ള മുസ്‌ലിംസ്ത്രീകളും പുറത്തിറങ്ങുമ്പോള്‍ കുട പിടിക്കും. നാട്ടാചാരവുമായി ബന്ധപ്പെട്ടതാണിതൊക്കെ.
എല്ലാ രംഗത്തും പൂര്‍ണ്ണമായ അഭിപ്രായ സ്വാതന്ത്ര്യവും അവകാശവും സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിജാബിന്റെ പൂര്‍ണ്ണത നിറവേറ്റുന്ന തരത്തിലുള്ള ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടതും പറയേണ്ടതും അവള്‍ തന്നെയാണ്. അല്ലാതെ പുരുഷനല്ല. പക്ഷേ നിലവിലെ രീതിയിലുള്ള പര്‍ദ്ദയാണ് സ്ത്രീകള്‍ ധരിക്കുന്നതെങ്കില്‍ അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. അതിനെ എതിര്‍ക്കാനും ആര്‍ക്കും അവകാശമില്ല. കറുത്ത പര്‍ദ്ദ ആരോഗ്യപ്രശ്‌നമുണ്ടാക്കാം എന്നും ഇതിന്റെ പിറകില്‍ ബിസ്‌നസ്സ് ലോബിയാണെന്നും പറയുന്നതിനോടൊന്നും ഒരിക്കലും യോജിപ്പില്ല. കറുത്ത പാന്‍സ് ധരിക്കുന്ന പുരുഷന്മാര്‍ക്കും കറുത്ത ഗൗണ്‍ ധരിക്കുന്ന ന്യായാധിപന്മാര്‍ക്കും വക്കീലന്മാര്‍ക്കും ഇല്ലാത്ത പ്രശ്‌നം എങ്ങനെയാണ് മുസ്‌ലിം സ്ത്രീക്ക് മാത്രം ഉണ്ടാവുക? വസ്ത്രധാരണമുള്‍പ്പെടെയുള്ള എല്ലാ രംഗത്തും പാശ്ചാത്യവും വൈദേശികവുമായ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് ഭൂരിഭാഗവും. അവരോടൊന്നും അതുപേക്ഷിക്കണമെന്ന് പറയാതെ പര്‍ദ്ദയുടെ കാര്യത്തില്‍ മാത്രം ഇത്തരം വാശികള്‍ വെച്ചു പുലര്‍ത്തുന്നത് അസഹിഷ്ണുതയാണ്.

ഒ.അബ്ദുല്ല (മാധ്യമപ്രവര്‍ത്തകന്‍)
സ്ത്രീകള്‍ മുഖം മറച്ചുകൊണ്ട് പൊതുഇടങ്ങളില്‍ ഇറങ്ങാനേ പാടില്ല. മുഖം മറച്ചുകഴിഞ്ഞാല്‍ പെണ്ണിന്റെ അസ്തിത്വവും വ്യക്തിത്വവും ഇല്ലാതാവും. അവള്‍ പിന്നെ ഇല്ല. മുഖവും മുന്‍കൈയും മറക്കപ്പെടേണ്ടവയാണെങ്കില്‍ നമസ്‌കാരത്തിലോ വുളുവിലോ ലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്ജ്, ഉംറ വേളയിലോ ഈ ഭാഗങ്ങള്‍ തുറന്നിടാന്‍ ഇസ്‌ലാം അനുവദിക്കുമായിരുന്നില്ല. സ്വഹീഹായ ഹദീസുകള്‍ വഴി ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതാണ്. ആയിശ(റ)യുടെ സഹോദരി അസ്മാഅ് മുന്നിലേക്ക് വന്നപ്പോള്‍ പ്രായപൂര്‍ത്തിയായ പെണ്ണ് അന്യപുരുഷന്റെ മുന്നിലേക്ക് കടന്നുവരുമ്പോള്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ടായിരിക്കണം വരേണ്ടത് എന്ന് പ്രവാചകന്‍ അനുശാസിക്കുന്നു. ഹജ്ജത്തുല്‍ വിദാഅ് ദിവസം പിതൃവ്യപുത്രന്‍ ഫള്‌ലുബ്‌നു അബ്ബാസിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന മുഖം മറക്കാത്ത സുന്ദരികളായ പെണ്‍കുട്ടികളെ നോക്കിയ ഫള്‌ലിനെ പ്രവാചകന്‍ ശാസിച്ചില്ല. പകരം ഫള്‌ലുബ്‌നു അബ്ബാസിന്റെ മുഖം തിരിക്കുകയാണുണ്ടായത്.
ലോകമുസ്‌ലിംകളുടെ ഇതുവരെയുള്ള നടപടിക്രമങ്ങളും അതുതന്നെയാണ്. മുസ്‌ലിംലോകത്ത് അറിയപ്പെടുന്ന യൂസുഫുല്‍ ഖര്‍ദാവിയെ പോലുള്ള പണ്ഡിതന്മാരുടെ കുടുംബത്തെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ഭാര്യമാരും പെണ്‍കുട്ടികളും മുഖം മറച്ചവരല്ല. അധിക പെണ്‍കുട്ടികളും പര്‍ദ ധരിച്ചു നടക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് ജീന്‍സ് ധരിച്ച് വന്ന പെണ്‍കുട്ടിയെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. അവള്‍ക്ക് ഇസ്‌ലാം ഇല്ലാതായിപ്പോയിട്ടില്ല. പ്രമുഖ മുസ്‌ലിം വിദ്യാര്‍ഥിനീ സംഘടനയിലെ അംഗമാണവളിന്ന്.
ഇന്ന് മുഖം മൂടണമെന്ന് പറയുന്ന പല പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും കുടുംബത്തിലെ സ്ത്രീകളാരും അങ്ങനെ ചെയ്യുന്നവരല്ല. ചില അറേബ്യന്‍ സ്ത്രീകള്‍ അതുചെയ്യുന്നുവെങ്കില്‍ അതവരുടെ ഗോത്രപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഇസ്‌ലാമിന് അതുമായി യാതൊരു ബന്ധവുമില്ല. മുഖം മറച്ചുനടക്കുന്ന പെണ്ണിന് പൊതുസമൂഹത്തെ അഡ്രസ്സ് ചെയ്യാന്‍ കഴിയില്ല. ഇത്തരം വാദം സ്ത്രീകളെ ഇരുട്ടിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ. മുഖംമൂടി ധരിച്ചു പുറത്തിറങ്ങുന്നത് ഭക്തിയുടെ ലക്ഷണമാണെന്ന വാദവും തെറ്റാണ്. ദൈവഭക്തിയുള്ളവന്‍ ആരെന്ന് തീരുമാനിക്കേണ്ടത് പടച്ചവനാണ്. അല്ലാതെ ഇന്ന വസ്ത്രം ധരിച്ചവള്‍ സ്വര്‍ഗത്തിലാണ് അല്ലാത്തവര്‍ നരകത്തിലാണ് എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും അധികാരമില്ല.
ഇതിനുപിന്നില്‍ പുരുഷന്റെ സ്വാര്‍ഥതയാണ്. എല്ലാ പെണ്ണിനെയും എനിക്ക് നോക്കാം എന്റെ പെണ്ണിനെ ആരും നോക്കേണ്ടെന്ന സ്വാര്‍ഥതയും വാശിയുമാണ്. ഹിജാബിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ഏത് വസ്ത്രവും ധരിക്കാമെന്നിരിക്കെ കറുത്ത പര്‍ദ്ദ തന്നെ ധരിക്കണമെന്ന വാശി സ്ത്രീയുടെ താല്‍പര്യത്തെക്കാള്‍ ഉപരി പുരുഷന്റെ താല്‍പര്യത്തെയാണ് പൂര്‍ത്തീകരിക്കുന്നത്. ഖുര്‍ആന്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി പറയുന്നതിന് ആമുഖമായി പുരുഷനോട് കണ്ണ് ചിമ്മാന്‍ പറയുന്നു. എന്ത് കാണാതിരിക്കാനാണ് ഇപ്രകാരം ആജ്ഞാപിച്ചിരിക്കുന്നത്; കറുത്ത ഭീകര സ്വത്വത്തെ കണ്ട് പേടിക്കാതിരിക്കാനോ അതോ സ്ത്രീയുടെ വശ്യസൗന്ദര്യം കണ്ട് വശീകരിക്കപ്പെടാതിരിക്കാനോ?

ഖദീജ നര്‍ഗീസ്
(എം.ജി.എം സംസ്ഥാന പ്രസിഡന്റ്)
പെണ്ണിനോട് മുഖം മറച്ചു നടക്കാന്‍ ഇസ്‌ലാം പറഞ്ഞിട്ടേയില്ല. ഖുര്‍ആനിന്റെ വ്യക്തമായ ആഹ്വാനം തന്നെ കാണാന്‍ പാടില്ലാത്തതു കാണുമ്പോള്‍ കണ്ണുകള്‍ താഴ്ത്തണം എന്നാണ്. ഇത് ആണിനോടും പെണ്ണിനോടുമാണ്. സമൂഹത്തില്‍ നന്മ ചെയ്യുന്ന കാര്യത്തില്‍ പരസ്പരം സഹകാരികളാവേണ്ടവരാണ് സ്ത്രീയും പുരുഷനും. അപ്പോള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി തമ്മില്‍ മുഖം കാണുന്നതില്‍ യാതൊരു തെറ്റുമില്ല. സദാചാരം കാത്തുസൂക്ഷിക്കാനാണ് കണ്ണുകള്‍ താഴ്ത്താന്‍ പറഞ്ഞത്. വസ്ത്രം കൊണ്ടു കണ്ണുമൂടുകയല്ല വേണ്ടത്. ഹൃദയത്തില്‍ ദൈവഭക്തികൊണ്ടുണ്ടാവുന്ന സൂക്ഷ്മതയുടെ ആവരണമാണുണ്ടാകേണ്ടത്. സ്ത്രീക്ക് പുറത്തേക്കു പോകുമ്പോള്‍ അരോചകമാവാത്ത അലങ്കാരങ്ങള്‍ അണിയുന്നതിലും തെറ്റില്ല. അല്ലാഹു അലങ്കാരവും വൃത്തിയും ഇഷ്ടപ്പെടുന്നവനാണ്. നമസ്‌കാര വേളകളില്‍ പോലും അതണിയാനാണ് അല്ലാഹു പറഞ്ഞത്. ഖുര്‍ആന്‍ എന്തു പറയുന്നു എന്നാണ് നാം നോക്കേണ്ടത്. അറബി സ്ത്രീകള്‍ കറുത്ത വസ്ത്രം ധരിച്ചുവെന്ന് വെച്ച് ഇവിടെയും എല്ലാവരും അതു തന്നെ ധരിക്കണമെന്ന് വാശിപിടിക്കേണ്ടതില്ല. ഇറുകിയ ജീന്‍സ് പോലെ തന്നെ ദിവസം മുഴുവനും കറുത്ത പര്‍ദ്ദ ധരിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. വസ്ത്രം എന്ത് എന്നല്ല എങ്ങനെ ധരിക്കുന്നുവെന്നതാണ് പ്രശ്‌നം. പൊതുപ്രവര്‍ത്തന രംഗത്ത് ഒരുപാട് കാലമായി പ്രവര്‍ത്തിക്കുന്ന എന്റെ വേഷം സാരിയാണ്. ഞാന്‍ പര്‍ദ്ദ ഇടാറില്ല. എല്ലാ സമുദായത്തിലും പെട്ട ആണുങ്ങള്‍ മാത്രമുള്ള പല വേദികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഒരിക്കല്‍ പോലും എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രശ്‌നം എനിക്കുണ്ടായിട്ടില്ല.
ഇന്ന് ഏത് പെണ്ണ് എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് വിപണിയാണ്. പര്‍ദ്ദയിട്ടാലേ സദാചാരം സൂക്ഷിക്കാന്‍ കഴിയൂ എന്നു പറയുന്നതിനു പിന്നില്‍ വലിയ കമ്പോള താല്‍പര്യങ്ങളുണ്ട്. പല സ്ത്രീകളും പര്‍ദ്ദയും നിഖാബും ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലല്ല. വിവാഹപ്രായം വരെ മാന്യമായ മറ്റു വേഷം ധരിച്ചുനടന്നവര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണത് ചെയ്യുന്നത്. മുഖം മൂടണമെന്നു മാത്രമല്ല, സ്ത്രീകള്‍ പുറത്തേക്കുപോലും ഇറങ്ങേണ്ടതില്ലെന്ന അഭിപ്രായം പലയിടങ്ങളില്‍ മതത്തിന്റെ പേരില്‍ പുറപ്പെടുവിക്കുന്നവരുണ്ട്. സമൂഹത്തിന് മുതല്‍ക്കൂട്ടാവേണ്ട വിദ്യാസമ്പന്നരായ എത്രയോ പണ്‍കുട്ടികള്‍ ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ ഇത്തരം തീരുമാനങ്ങള്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ അവര്‍ തന്നെയാണ് മറുപടി പറയേണ്ടത്. അതുകൊണ്ട് സ്ത്രീകളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിനകത്തുനിന്ന് പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള പണ്ഡിതകളെ വാര്‍ത്തെടുക്കണം.

ഫൗസിയ (എം.എസ്.എസ് കോഴിക്കോട് ജില്ലാ വനിതാ വിഭാഗം സെക്രട്ടറി)
പര്‍ദ്ദയെക്കുറിച്ചുള്ള നിലവിലെ ഈ വിവാദം തന്നെ അനാവശ്യവും അനവസരത്തിലുമുള്ളതാണ്. സമുദായത്തിന് ഗുണപ്രദമായ ഒരുപാട് കാര്യങ്ങള്‍ വേറെ ചര്‍ച്ച ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം കളയുന്നതില്‍ വളരെ ഖേദമുണ്ട്. ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ സ്ഥിരമായി പര്‍ദ്ദ ഉപയോഗിക്കുന്ന ആളാണ്. പക്ഷേ എല്ലാവരും പര്‍ദ്ദ തന്നെ ഉപയാേഗിക്കണമെന്ന വാശിയൊന്നും എനിക്കില്ല. ഏത് വസ്ത്രം അണിഞ്ഞാലും അത് ഇസ്‌ലാം കാത്തുസൂക്ഷിക്കാന്‍ പറഞ്ഞ മൂല്യബോധം ഉള്‍ക്കൊള്ളുന്നവയായിരിക്കണം. ഭര്‍ത്താവല്ലാത്ത ഒരാള്‍ക്കും ഒരു പെണ്ണും സൗന്ദര്യം കാണിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് നഗ്‌നത വെളിവാകാത്ത ഏത് ഡ്രസ്സും ഇടാം. പുറമേ പര്‍ദ്ദയാണ് ഇടുന്നതെങ്കിലും അതിനടിയില്‍ വൃത്തിയും വെടിപ്പും ഉള്ളത് തന്നെ വേണം. സ്‌കൂളിലായാലും പൊതു ഇടങ്ങളിലായാലും സ്വന്തം ഇഷ്ടപ്രകാരം പര്‍ദ്ദ ധരിക്കുന്നവരെ എതിര്‍ക്കേണ്ട ആവശ്യവുമില്ല. നിരുല്‍ത്സാഹപ്പെടുത്തേണ്ടതുമില്ല. ബസ്‌സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ പോലുള്ള ആളുകള്‍ കൂടുന്നിടങ്ങളില്‍ ചില സ്ത്രീകള്‍ ധരിക്കുന്ന ഡ്രസ്സു കണ്ട് സങ്കടം തോന്നാറുണ്ട്. അതിനെക്കാള്‍ നല്ലത് പര്‍ദ്ദയാണ്. അത് മുസ്‌ലിം സ്ത്രീകളെ തിരിച്ചറിയാന്‍ സഹായിക്കും.

കെ.പി സല്‍വ (എഴുത്തുകാരി, ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ്)
ഇസ്‌ലാമിന് മൂര്‍ത്തവും പ്രഖ്യാപിതവുമായ വസ്ത്ര രൂപം ഇല്ല. വസ്ത്ര സങ്കല്‍പ്പമേ ഉള്ളൂ. അതിനു കാരണം പൊതു ഇടങ്ങളില്‍ ഗുണപരമായി ഒന്നും ചെയ്യാനില്ലാത്ത എന്നാല്‍ നിഷേധാത്മകമായി ചെയ്യുന്ന ശാരീരിക പ്രദര്‍ശനത്തെ ഇസ്‌ലാം തടയുന്നു എന്നതാണ്. അതാണ് ഇസ്‌ലാമിന്റെ വസ്ത്രസങ്കല്‍പ്പം. അത് സ്ത്രീക്കും പുരുഷനും ബാധകമാണ്. അതാണ് അതിന്റെ കാമ്പ്. പര്‍ദ്ദ ഇസ്‌ലാമികമല്ല എന്നതിനോട് യോജിപ്പില്ല. പര്‍ദ്ദ ഇസ്‌ലാമികമല്ല എന്ന് പറയുന്നവര്‍ പിന്നെ ഏതാണ് ഇസ്‌ലാമിക വസ്ത്ര രൂപം എന്നും പറയേണ്ടി വരും. ഏത് ഡ്രസ്സും ഇസ്‌ലാമികമായും ധരിക്കാം, അല്ലാതെയും ധരിക്കാം. ഏത് രൂപത്തിലാണോ ധരിക്കുന്നത് അതിനനനുസരിച്ചായിരിക്കും ആ സങ്കല്‍പ്പം പൂര്‍ത്തീകരിക്കപ്പെടുക.
പര്‍ദ്ദാ സംസ്‌കാരം പേര്‍ഷ്യന്‍ ബൈജാന്റിക് കള്‍ച്ചറിന്റെ സംഭാവനയാണ്. നിഖാബ് ഒരു സംസ്‌കാരമാണ്. അതില്‍ ഒരാള്‍ സംതൃപ്തി കണ്ടെത്തുന്നുവെങ്കില്‍ അവരങ്ങനെയായിക്കോട്ടെ. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. മറ്റെല്ലാ കാര്യത്തിലും വ്യക്തിസ്വാതന്ത്ര്യം പറയുന്നവര്‍ പര്‍ദ്ദയുടെ കാര്യമാകുമ്പോള്‍ പിറകോട്ട് പോകുന്നത് എന്തിനാണ്. പര്‍ദ്ദ കൂടുതല്‍ പേരും അണിയുന്നത് വാശിയുടെ പുറത്തല്ല. സൗകര്യത്തിന്റെ പേരിലാണ്. പര്‍ദ്ദ ഇടുന്നു എന്നതുകൊണ്ടുമാത്രം ഇസ്‌ലാമിന്റെ ഐഡന്റിറ്റി പ്രഖ്യാപിക്കപ്പെടില്ല. ഇടാത്തതിനാല്‍ ഐഡന്റിറ്റിയുടെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. പര്‍ദ്ദയില്‍ തന്നെ ഇസ്‌ലാമിന്റെ വസ്ത്ര സങ്കല്‍പ്പവുമായി യോജിക്കാത്ത പല രൂപങ്ങളും ഉണ്ട്. അത് ഇസ്‌ലാമിന്റെ വസ്ത്രസങ്കല്‍പ്പത്തെയല്ല, വിപണിയുടെ താല്‍പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. കേരളത്തില്‍ പര്‍ദ്ദ വ്യാപകമായത് ബ്രാന്റഡ് കമ്പനികളുടെ വരവോടെയാണ്.

ഫാത്തിമ തഹ്‌ലിയ (ഹരിത സേറ്റ് പ്രസിഡന്റ്)
പര്‍ദ്ദ വസ്ത്രത്തിനപ്പുറം ഒരു സംസ്‌കാരമാണ്. മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരം മറക്കുന്ന ഏത് വസ്ത്രത്തിനെയും ഇതില്‍ ഉള്‍പ്പെടുത്താം. കമ്പോള വത്ക്കരണത്തില്‍ പര്‍ദ്ദ എന്നറിയപ്പെടുന്ന കറുത്ത വസ്ത്രവും അകപ്പെട്ടു എന്നതിന്റെ തെളിവാണ് ഇന്ന് നാം കാണുന്ന പര്‍ദ്ദ നാമധാരിയായ പല വസ്ത്രങ്ങളും. സ്ത്രീയെ കമ്പോള ചരക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ പര്‍ദ്ദയെ എതിര്‍ക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല. പര്‍ദ്ദ നല്‍കുന്ന സുരക്ഷിതത്വവും സൗകര്യവും പര്‍ദ്ദയുടെ മഹനീയത തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പല കാമ്പസുകളും പര്‍ദ്ദ അണിയാന്‍ ഇഷ്ടപ്പെടുന്നത്. ഏത് വസ്ത്രം അണിയണമെന്ന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. ഓരോരുത്തരുടെയും വിശ്വാസമനുസരിച്ചാണ് വസ്ത്രവും. മുഖം മറക്കുന്നവര്‍ക്ക് അത് വേണമെങ്കില്‍ മറ്റുളളവര്‍ക്ക് അത് തടയാന്‍ കഴിയില്ല.
മുഖം മറച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ പറ്റുമെന്നതിന്റെ തെളിവാണ് ഗള്‍ഫ് രാജ്യങ്ങളിലെ സ്ത്രീകള്‍. വസ്ത്രം ഓരോരുത്തരുടെയും സൗകര്യമാണ്. അതിനെ തടസ്സപ്പെടുത്താന്‍ ഒരു നിയമവും ഇല്ല. തിരിച്ചറിയപ്പെടാന്‍ കഴിയില്ല എന്നതിനെക്കാള്‍ സൗകര്യവും വിശ്വാസവുമാണ് മുഖ്യം. അത് മൗലികാവകാശത്തില്‍പ്പെടുന്നതാണ്. അതിന് വിഘാതം വരുത്താന്‍ പറ്റില്ല.

റംല മമ്പാട് (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം)
പര്‍ദ്ദ തന്നെ ധരിക്കണമെന്ന് ആരും വാശിപിടിക്കുന്നത് ശരിയല്ല. ശരീരത്തിനും മനസ്സിനും ഇണങ്ങിയതും എന്നാല്‍ സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന വസ്ത്രധാരണ രീതിയാണ് അഭികാമ്യം. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവളെങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം, സാമൂഹ്യ രംഗത്ത് എങ്ങനെ പ്രത്യക്ഷപ്പെടണം, പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ എന്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അവള്‍ ബോധവതിയാകേണ്ടതാണ്. ഇത്തരം വിഷയങ്ങളിലുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുകയാണ് ധാര്‍മികത എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലൈല പി. (ജമാഅത്തെ ഇസ്‌ലാമി വനിതാ സ്റ്റേറ്റ് സമിതി അംഗം)
വിശ്വാസിയുടെ ജീവിതം ദൈവഭക്തിയിലധിഷ്ഠിതമാണ്. മറ്റെന്തിലുമെന്നപോലെ വസ്ത്രധാരണ രീതിയിലും അത് പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ഏത് വസ്ത്രം അണിയുന്നതിനു മുമ്പും മനസ്സില്‍ ധാര്‍മികതയുടെ അര്‍ഥചെതന്യം ഉള്‍ക്കൊണ്ടിരിക്കും. ദൈവകല്‍പനയിലെ മൗലികത ഉള്‍കൊണ്ട് അവള്‍ വസ്ത്രത്തിന്റെ രൂപഘടന നിശ്ചയിക്കുന്നു. സൗന്ദര്യബോധവും ഭൂമിയിലെ നിറവൈവിധ്യങ്ങളും ദേശവ്യത്യാസങ്ങളുടെ വസ്ത്രധാരണ പൈതൃകവും കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകളെ സ്വാംശീകരിച്ചും പ്രതിരോധിച്ചും അവള്‍ക്ക് വസ്ത്രം നിശ്ചയിക്കാം. അത് സാരിയോ പാവാടയോ പര്‍ദയോ ആകാം. ഉടയാട ഏതുമായാലും മുഖവും മുന്‍കൈയും ഒഴിച്ച് എല്ലാം മറക്കുന്ന ഏത് വസ്ത്രവും ധരിക്കാന്‍ ദൈവം അവളെ അനുവദിച്ചിരിക്കുന്നു. ഇതാണ് വസ്ത്രധാരണത്തിന്റെ മൗലികത.
സമകാലിക കേരളത്തില്‍ പര്‍ദ്ദക്കു വേണ്ടി വാശി പിടിക്കുന്നവരില്‍ ഒരു വിഭാഗമെങ്കിലും ജീവിതത്തിന്റെ യൗവനാസ്തമയത്തിനു ശേഷമാണ് പര്‍ദ്ദയിലേക്ക് മാറിയെന്നത് വസ്തുതയാണ്. പര്‍ദ്ദയുടെ ആത്മാവിനെ അവഹേളിക്കും വിധം ശരീരവടിവുകളെ എടുത്തുകാട്ടുന്ന വസ്ത്രമായി വ്യാപാരവത്ക്കരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒപ്പം ആര്‍ഭാടത്തിന്റെ വിലനിലവാരത്തിലേക്കും മാറിയിരിക്കുന്നു. സാരി പോലെ വില കൂടിയ മറ്റു വസ്ത്രം ധരിക്കുന്നവരിലും ചിലരെങ്കിലും ശരീരം പ്രദര്‍ശനവസ്തുവാക്കുന്ന തരത്തിലാണ് ധരിക്കുന്നത്. വിപണിയുടെ താല്‍പര്യമാണിവിടെ സംരക്ഷിക്കപ്പെടുന്നത്. വസ്ത്രധാരണ രീതിയില്‍ നിരുല്‍സാഹാപ്പെടുത്തേണ്ടതാണിതൊക്കെ.

അബ്ദുല്ലക്കോയ മദനി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ്)
രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതത്തെ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. ചെറിയൊരു ന്യൂനപക്ഷത്തിന്റെതാണെങ്കിലും തീവ്രമായ സംസാരങ്ങളും പ്രവൃത്തികളും ഇസ്‌ലാമിന് ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. എത്രയോ കാലമായി മുസ്‌ലിം പെണ്‍കുട്ടികളും സ്ത്രീകളും ബുദ്ധിജീവികളുടെ ഭാര്യമാരും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പഠിക്കുകയും ജോലി ചെയ്യുകയും സാമൂഹ്യ പ്രക്രിയയില്‍ ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അവരെ ആരും ശ്രദ്ധിക്കുന്നില്ല. പക്ഷേ ഇസ്‌ലാമിനെ വിമര്‍ശിക്കാനുള്ള വകുപ്പുകള്‍ ഉണ്ടാകുമ്പോള്‍ ശ്രദ്ധനേടുന്നു. സ്ത്രീയുടെയും പുരുഷന്റെയും വസ്ത്രധാരണത്തെക്കുറിച്ച്, പുരുഷന്റെ സമീപനത്തെക്കുറിച്ച്, സ്ത്രീ പുരുഷന്മാര്‍ സമൂഹത്തില്‍ ജീവിക്കേണ്ട മര്യാദകളെക്കുറിച്ച് ഖുര്‍ആന്‍ വളരെ വ്യക്തമായി പഠിപ്പിച്ചു. സൂറത്തു അഹ്‌സാബിലും നൂറിലും വളരെ വ്യക്തമായി അതു പറയുന്നുണ്ട്. അതിനപ്പുറത്തേക്ക് പോകേണ്ടതില്ല. റസൂലിന്റെ കൂടെ സ്ത്രീകള്‍ യുദ്ധക്കളത്തില്‍ പങ്കെടുത്തു. നബിയില്‍ നിന്നും പഠിച്ചു. നബിയോടൊപ്പം അവര്‍ യാത്ര ചെയ്തു. അവര്‍ പള്ളിയില്‍ പോയി. സംസ്‌കാര സമ്പന്നമായ ആളുകളുണ്ടായി. പിന്‍ഗാമികള്‍ക്ക് പറഞ്ഞുകൊടുത്തു.
ഹൃദയം നന്നാവാതെ വസ്ത്രം നന്നാക്കിയിട്ട് കാര്യമില്ല. വസ്ത്രം നന്നാക്കാന്‍ ലോകത്ത് എല്ലാവരോടുമല്ല പറഞ്ഞത് വിശ്വാസികളോടാണ്. വിശ്വാസപരമായ സ്വാധീനവും ചിന്തയും ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ അവര്‍ എങ്ങനെ ഇടപെടണം എന്നാണ് പഠിപ്പിച്ചത്. ഇടപെടുന്ന സമൂഹത്തില്‍ കുടുംബജീവിതവും സഹോദരീ സഹോദര ബന്ധവും സാഹോദര്യബന്ധവും ഒഴിവാക്കണമെന്നല്ല. സ്ത്രീയും പുരുഷനും പരസ്പരം ആകര്‍ഷിക്കുന്ന ലോകത്ത് പ്രത്യുല്‍പാദന പ്രക്രിയക്ക് പ്രചോദനം നല്‍കുന്നതാണ് പരസ്പരമുള്ള കാഴ്ചകള്‍. കാഴ്ച ഇല്ലാതാക്കിയിട്ടുള്ള ഒരു സാമൂഹ്യക്രമവും ഉണ്ടാവുകയുമില്ല. അതുകൊണ്ടാണ് ഇസ്‌ലാം വിവാഹത്തെ പ്രോത്സാഹിപ്പിച്ചത്. സമൂഹത്തില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാനും തെറ്റായ വഴിയിലേക്ക് നീങ്ങാതിക്കാനുമാണ് വിശ്വാസികളോട് കണ്ണുകള്‍ താഴ്ത്താന്‍ പറഞ്ഞത്. കണ്ണുകള്‍ ചിമ്മണമെന്നല്ല പറഞ്ഞത്. ഒന്നും കാണാതിരിക്കണമെന്നുമല്ല പറഞ്ഞത്. നാലാള്‍ കൂടുന്നിടത്ത് അനാവശ്യമായി എത്തിനോക്കരുത് എന്നാണ്. ഇത് വിശ്വാസികളായ സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. ഈ സൂക്ഷ്മത ഹൃദയത്തില്‍നിന്നാണ് ഉടലെടുക്കേണ്ടത്.
സ്ത്രീകള്‍ സൗന്ദര്യം വെളിവാക്കി നടക്കരുത് എന്നത് മുന്‍കൈയും മുഖവും ഒഴിച്ചുള്ള എന്നതാണ് വിവക്ഷ. എല്ലാനാട്ടിലും എല്ലാകാലത്തും ഇസ്‌ലാം പ്രചരിച്ചിട്ടുണ്ട്. അവിടങ്ങളിലും തീവ്രവാദത്തിന് നടുവില്‍ ജീവിച്ച ശൈഖ് അല്‍ബാനിയെ പോലുള്ള ആധുനിക പണ്ഡിതന്മാര്‍ പറഞ്ഞതും ഇതുതന്നെയാണ്. മുഖവും മുന്‍െൈകയും ഒഴിച്ചുള്ള മാന്യമായ ഏത് വസ്ത്രം ധരിക്കുന്നതിനും വിരോധമില്ല. സ്വയം വെളിവായത് എന്നതിന്റെ അര്‍ഥം അത് തന്നെയാണ്. മുഖ മക്കന താഴ്ത്തിയിടണം എന്ന് പറഞ്ഞത് മാറിലൂടെ താഴ്ത്തിയിടണം എന്നാണ്, അല്ലാതെ മുഖം മറക്കാനല്ല. അവളുടെ സൗന്ദര്യം ഭര്‍ത്താവിനുള്ളതാണ്. അതിനാല്‍ മുഖം മറക്കാത്ത പെണ്ണിനെ അപഹസിക്കുകയോ അപമാനിക്കുകയോ അവള്‍ ദീനിനു പുറത്താണെന്ന് പറയുകയോ ചെയ്യരുത്. ഇനി ഏതെങ്കിലും സ്ത്രീ സ്വമേധയാ മുഖം മറക്കുന്നുവെങ്കില്‍ അങ്ങനെയും ആയിക്കോട്ടെ. പുരുഷന്റെ ഔറത്ത് മുട്ടു പൊക്കിള്‍ മറക്കുക എന്നതാണ്. എന്നാല്‍ കാലാവസ്ഥക്കും ആചാരത്തിനും സമ്പ്രദായത്തിനും സൗകര്യത്തിനും അനുസരിച്ച് എന്തെല്ലാം വേഷം അവന്‍ ധരിക്കുന്നു. അതുപോലെ സ്ത്രീയുടെ ഔറത്തിനെക്കുറിച്ചും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ മലാലയെ വെടിവെച്ചതുപോലെയുള്ള സമീപനമൊന്നും ഇക്കാര്യത്തില്‍ കാണിക്കേണ്ടതില്ല.
(ജുമുഅ ഖുത്വുബയില്‍നിന്ന് എടുത്തത്)

ആയിഷ സജ്‌ന
(വിളക്കുമാടം കണ്‍വീനര്‍)
പെണ്‍ശരീരത്തിന്റെ രൂപലാവണ്യം പുരുഷന്റെ കണ്ണുകളില്‍ നിറക്കുന്ന രതിതാല്‍പര്യമാണ് മനുഷ്യലൈംഗിക വര്‍ത്തനങ്ങളുടെ ജൈവികമായ അടിത്തറ. സ്ത്രീപുരുഷ ശരീരങ്ങളുടെ ജീവശാസ്ത്ര അപഗ്രഥനങ്ങളെല്ലാം ഐക്യകണ്‌ഠേന വ്യക്തമാക്കിയിട്ടുള്ള വസ്തുതയാണിത്. മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട മറ്റൊരടിസ്ഥാന പാഠം, പുരുഷനെ സംബന്ധിച്ചേടത്തോളം ലൈംഗിക ബന്ധം ഏതാനും സമയം മാത്രം നീണ്ടുനില്‍ക്കുന്ന ഒരനുഭവമാണെങ്കില്‍ പെണ്ണിന് അത് ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, ശിശുപരിചരണം തുടങ്ങിയ അനേകം ശാരീരിക ബാധ്യതകളുടെ ഏറ്റെടുക്കല്‍ കൂടിയാണ് എന്നതാണ്. ലൈംഗികബന്ധം വഴി വന്നുചേരുന്ന ഈ ജൈവികപ്രയാസങ്ങളില്‍ പെണ്ണിന് സാമ്പത്തികവും വൈകാരികവുമായ തണലായി നില്‍ക്കാന്‍ അവനുമായി ഇണചേരുന്ന പുരുഷന് നിര്‍ബന്ധിക്കുകയാണ് വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്ത പെണ്ണുമായല്ലാതെ പുരുഷന്‍ നടത്തുന്ന എല്ലാ സഹവാസങ്ങളും പെണ്‍വിരുദ്ധമാണ്. പുരുഷന്റെ ലൈംഗികാസ്വാദനങ്ങളാരംഭിക്കുന്നത് പെണ്‍നഗ്നതയുടെ കാഴ്ചയില്‍ നിന്നാണെന്ന് വരുമ്പോള്‍, സ്വന്തം ഇണയുടെതല്ലാത്ത ആകാരവടിവുകള്‍ പുരുഷന്റെ കണ്ണില്‍ തറഞ്ഞുകൂടുന്നതാണ് ലൈംഗിക സദാചാരത്തിന്റെ അടിസ്ഥാനമായി വരേണ്ടത്. ഇസ്‌ലാമിക ഹിജാബ് ഉറപ്പുവരുത്തുന്നത് ഈ സദാചാരമാണ്.
മീഡിയയുടെ അജണ്ട മനസ്സിലാക്കാതെ അതിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് നിന്നുകൊടുക്കുന്ന വിവരദോഷികളാണ് മുസ്‌ലിം സമുദായത്തിന് അകത്തുനിന്ന് ഹിജാബിനെതിരില്‍ വാളെടുക്കുന്നത്. പര്‍ദ ധരിക്കുന്നവരെ താന്‍ വീട്ടിലേക്ക് മരുമകളായി സ്വീകരിക്കില്ലെന്നും ഹിജാബ് നിഷ്‌കര്‍ശിക്കുന്ന വീട്ടിലേക്ക് പെണ്‍മക്കളെ പറഞ്ഞയക്കില്ലെന്നും പറഞ്ഞ് മതരഹിതരുടെയും ഫാഷിസ്റ്റുകളുടെയും കയ്യടിനേടാന്‍ ശ്രമിച്ച സമൂദായവിദ്യാഭ്യാസസംഘടനാ നേതാവ്, ഇപ്പോള്‍ മുഖംമറക്കലിന്റെ കര്‍മശാസ്ത്രത്തിലേക്ക് ചര്‍ച്ച മാറ്റിയതിന് പിന്നിലുള്ള തന്ത്രം മനസ്സിലാക്കാതെ ഹിജാബ് വിരുദ്ധ കുരിശുയുദ്ധത്തില്‍ അണിചേരുന്ന വിവരക്കേടാണ് ചിലരെങ്കിലും പ്രദര്‍ശിപ്പിക്കുന്നത്.
'വിളക്കുമാടം' ഇസ്‌ലാം സ്വീകരിച്ച വനിതകളുടെ കൂട്ടായ്മയാണ്. നിച്ച് ഓഫ് ട്രൂത്തിന് കീഴില്‍ ഇസ്‌ലാമിക പ്രബോധന പരിശ്രമങ്ങള്‍ നടത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വിളക്കുമാടം പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം മുഖം മറക്കാത്തവരാണ്. മുഖം മറക്കല്‍ ഇസ്‌ലാമികമായി നിര്‍ബന്ധമല്ലെന്ന് തന്നെയാണ് ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തില്‍ ഈ ലേഖിക മനസ്സിലാക്കുന്നത്. എന്നാല്‍, മുഖം മറക്കുന്നൊരു പാരമ്പര്യം, പ്രമാണങ്ങളുദ്ധരിച്ചുകൊണ്ടുതന്നെ, ഇസ്‌ലാമിക ചരിത്രത്തില്‍ ഒന്നര സഹസ്രാബ്ദത്തോളമായി നിലനില്‍ക്കുന്നുണ്ട്. ആ പാരമ്പര്യം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ ഇടപെടുന്ന ചിലരും വിളക്കുമാടം പ്രവര്‍ത്തകരിലുണ്ട്. അതനുവദിക്കില്ലെന്ന് ഒരു ജനാധിപത്യരാജ്യത്ത് ചിലര്‍ ആക്രോഷിക്കുന്നത് സാംസ്‌കാരിക ഫാഷിസമല്ലാതെ മറ്റെന്താണ്? മുഖം മറക്കലിലേക്ക് വിഷയം മാറ്റുന്നവര്‍ മുഖവും മുന്‍കയ്യുമൊഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കുന്നതിനെ ആത്മാര്‍ഥമായി അംഗീകരിക്കുന്നവരാണോ?

എ.അബ്ദുസ്സലാം സുല്ലമി
(ഹദീസ് പണ്ഡിതന്‍)
ഒരു കാലത്ത് കേരളീയ മുസ്‌ലിം സ്ത്രീ വേഷം അടിപ്പാവാട ധരിക്കാതെ കാറ്റില്‍ നീങ്ങിയാല്‍ നഗ്നത കാണുന്ന വെളുത്ത തുണിയും പെണ്‍കുപ്പായവും കാതും കഴുത്തും തലമുടിയും കാണുന്ന തട്ടവുമായിരുന്നു. അടിപ്പാവാട ധരിക്കല്‍ ഹിന്ദു സ്ത്രീകളുടെ വേഷമായി ദര്‍ശിച്ചിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനം ഈ തുണി ഉപേക്ഷിച്ച് അടിപ്പാവാടയും സാരിയും ധരിക്കുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് അമുസ്‌ലിംകളുടെ വേഷമായി യഥാസ്ഥികര്‍ പ്രഖ്യാപിച്ചു. പിന്നീടവര്‍ സാരിയും അടിപ്പാവാടയും മുഖമക്കനയും ധരിക്കാന്‍ തുടങ്ങി. ഇപ്പോഴത് സാരി പാടില്ല ഇസ്‌ലാമിക വേഷം കറുത്ത പര്‍ദ്ദ മാത്രമാണ്, മുഖവും മറക്കണം എന്നെല്ലാമാക്കിക്കളഞ്ഞു ചിലര്‍. ഇസ്‌ലാം സ്ത്രീകളോട് അന്യപുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുഖവും കൈപടങ്ങളും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കണമെന്നാണ് കല്‍പിക്കുന്നത്. എന്നാല്‍ യുദ്ധക്കളത്തിലും ജോലിസ്ഥലങ്ങളിലും അവര്‍ക്ക് നിര്‍ബന്ധമായി കാണിക്കേണ്ടി വരുന്ന ഭാഗങ്ങള്‍ കാണിക്കുകയും ചെയ്യാം. അപ്പോള്‍ പുരുഷന്മാര്‍ അവരുടെ സൗന്ദര്യം ചൂഷണം ചെയ്യാതെ തന്റെ കണ്ണിനെ നിയന്ത്രിക്കുകയും വേണം.
ഇന്ന രീതിയിലും ഇന്ന നിറത്തിലുമുള്ള വസ്ത്രരീതി തന്നെ സ്ത്രീകള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നില്ല. പര്‍ദ ധരിക്കുന്ന സമ്പ്രദായം മാത്രമാണ് ഇസ്‌ലാമികം. മറ്റുള്ളവയെല്ലാം അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്നവര്‍ അവലംബമാക്കുന്ന തെളിവ് സൂറത്ത് അഹ്‌സാബിലെ 59-ാം വചനമാണ്. ജില്‍ബാബ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പ്രയോഗിക്കുന്നത്. മുഖവും ഇരുകൈപടങ്ങളും ഇരു കാല്‍പാദങ്ങളും ഒഴികെ മറക്കുന്ന രീതിയില്‍ രാഷ്ട്രങ്ങളുടെയും കാലങ്ങളുടെയും വ്യത്യാസമനുസരിച്ചും മാറ്റങ്ങളനുസരിച്ചും ഉണ്ടാകുന്ന സ്ത്രീകളുടെ വസ്ത്രധാരണ സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന പദമാണിത്.
അറബി ഭാഷയില്‍ മുസ്‌ലിം ലോകം അംഗീകരിച്ച നിഘണ്ടുവാണ് ഹിജ്‌റ: 630-ല്‍ ജനിച്ച മന്‍ള്വൂറിന്റെ ലിസാനുല്‍ അറബി എന്ന നിഘണ്ടു. ഈ ഗ്രന്ഥത്തില്‍ ജില്‍ബാബിന്റെ അര്‍ഥം വിവരിച്ചത് ഒരു പ്രാവശ്യമെങ്കിലും വായിച്ച ഒരു മൊല്ല പോലും ഇന്നത്തെ പര്‍ദാസമ്പ്രദായം മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദാ സമ്പ്രദായമായി മാത്രം അവതരിപ്പിക്കുവാന്‍ ധീരത കാണിക്കുകയില്ല. ജില്‍ബാബിന് ഗ്രന്ഥകര്‍ത്താവിന്റെ അര്‍ഥമായി ആദ്യമായി ഉദ്ദരിക്കുന്നത് കുപ്പായം (ഖമീസ്വ്) എന്നാണ്. രണ്ടാമതായി ഉദ്ധരിക്കുന്നത് തലയില്‍ ധരിക്കുന്ന വസ്ത്രത്തേക്കാള്‍ വിശാലമായ വസ്ത്രം. സ്ത്രീ ഇതുകൊണ്ട് അവളുടെ തല മറക്കും എന്ന അര്‍ഥമാണ്. വസ്ത്രത്തിന്റെ മുകളില്‍ ധരിക്കുന്ന വസ്ത്രം എന്നത് ഗ്രന്ഥകാരന്‍ അര്‍ഥമായി ഉദ്ധരിക്കുക പോലും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാണുക. ഉമ്മു അത്വിയ്യയുടെ ഹദീസില്‍ തന്റെ സഹോദരിയുടെ ജില്‍ജാബില്‍ നിന്ന് ജില്‍ബാബ് ഇല്ലാത്തവര്‍ കടം വാങ്ങി ധരിക്കട്ടെ എന്നു വന്നിട്ടുണ്ട്. അതായത് തുണിയില്‍ നിന്നും എന്നര്‍ഥം. (ലിസാനുല്‍ അറബി 2-317) പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീറി(റ)ന്റെ വിശദീകരണവും വിരിമാറിന്റെ മീതെയുള്ളതായ തട്ടം എന്നാണ്.
കറുത്ത നിറത്തിലുള്ള പര്‍ദ്ദ തന്നെ ധരിക്കണമെന്നതിന് തെളിവ് പിടിക്കുന്ന വളരെ ദുര്‍ബലമായ ഹദീസ് പോലും പറയുന്നത് ഈ ആയത്ത് അവതരിപ്പിച്ചപ്പോള്‍ അന്‍സാരി സ്ത്രീകള്‍ തല മറച്ചു എന്നാണ്. നീണ്ട പര്‍ദ ധരിച്ചു എന്നല്ല. അന്‍സാരി, മുഹാജിറീ സ്ത്രീകള്‍ ഈ ആയത്തിന്റെ അവതരണത്തിന് ശേഷവും പല രീതിയിലുള്ള വസ്ത്രം ധരിച്ചിരുന്നു. ആയിശ (റ) നിവേദനം ചെയ്യുന്നു: നബി (സ) സുബ്ഹ് നമസ്‌കരിച്ചിട്ട് ശ്രേഷ്ഠ വനിതകളായ മുസ്‌ലിം സ്ത്രീകള്‍ പട്ടിന്റെ സാരി ചുറ്റി പൊതിഞ്ഞവരായി പിരിഞ്ഞു പോകും. ഇരുട്ട് കാരണം അവരെ തിരിച്ചറിയുകയില്ല. (ബുഖാരി, മുസ്‌ലിം)
ഉമ്മുഅതിയ്യ(റ)യില്‍ നിന്ന് നിവേദനം: അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു. പ്രവാചകരേ! ഞങ്ങളില്‍ ഒരുവള്‍ക്കു ജില്‍ബാബ് ഇല്ലെങ്കില്‍ എന്തുചെയ്യും? അവള്‍ക്കു തന്റെ സഹോദരി അവളുടെ ജില്‍ബാബില്‍നിന്ന് ഒന്ന് ധരിക്കാന്‍ നല്‍കട്ടെ എന്ന് നബി (സ) ഉത്തരം നല്‍കി (ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ലിസാനുല്‍ അറബില്‍ തുണി എന്നര്‍ഥം ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ ഈ ഹദീസാണ് ഗ്രന്ഥകര്‍ത്താവ് തെളിവായി ഉദ്ധരിക്കുന്നത് തന്നെ. ഉമ്മു അത്വിയ്യ (റ) പറയുന്നു. പ്രവാചകന്റെ പുത്രി ഉമ്മു കുല്‍സുവിനെ ഉടുതുണി, കുപ്പായം, മുഖമക്കന, രണ്ടു കഷ്ണം ചുറ്റിപ്പൊതിയുന്ന വസ്ത്രം എന്നിവയിലാണ് കഫന്‍ ചെയ്യപ്പെട്ടത് (അബൂദാവൂദ്). സഹാബി വനിതകള്‍ക്ക് തുണിയും പെണ്‍കുപ്പായവും മുഖമക്കനയും ധരിക്കുന്ന സമ്പ്രദായമായിരുന്നുവെന്ന് ഈ ഹദീസ് വ്യക്തമാകുന്നു. ജീവിക്കുമ്പോള്‍ ധരിക്കാന്‍ ഹറാമായത് കഫന്‍ ചെയ്യുവാന്‍ അനുവദിക്കുകയില്ല. കഫന്‍ ചെയ്യുവാന്‍ പ്രത്യേകമായി നിര്‍മിച്ചതല്ല ഈ വസ്ത്രങ്ങള്‍. സ്ത്രീകളുടെ കഫന്‍ പുടവയും കറുത്ത പര്‍ദ്ദയായിരിക്കണമെന്നും ഇവര്‍ അടുത്തതായി ജല്‍പിച്ചേക്കാം.
നിറങ്ങളില്‍ വെളുപ്പ് നിറമാണ് നബി (സ)ആണിനും പെണ്ണിനും പ്രോത്സാഹിപ്പിക്കുന്നത്. ശിയാക്കളിലും അബ്ബാസികളിലും പെട്ട ചില അനാചാര പാര്‍ട്ടികളാണ് കറുത്ത നിറത്തിന് പ്രോത്സാഹനം നല്‍കിയിരുന്നത്. നബി (സ) അരുളി: ഇബ്‌നു അബ്ബാസ് (റ)വില്‍നിന്ന് നിവേദനം: നിങ്ങളുടെ വസ്ത്രത്തില്‍ വെളുത്ത വസ്ത്രം നിങ്ങള്‍ ധരിക്കുവിന്‍. നിങ്ങളുടെ വസ്ത്രത്തില്‍ നല്ലത് അതാണ്. നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരെ അതില്‍ നിങ്ങള്‍ കഫന്‍ ചെയ്യുവിന്‍. ഇത് ആണിനും പെണ്ണിനും ബാധകമാണ്. എങ്കില്‍ ഹദീസിന്റെ ആദ്യഭാഗവും ആണിനും പെണ്ണിനും ബാധകമാണ്. ഹദീസിന്റെ ആദ്യഭാഗത്തുള്ള 'നിങ്ങളില്‍'' ആണും പെണ്ണും ഉള്‍പ്പെടുകയില്ല. ഇതില്‍ ആണുങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുക അവസാന ഭാഗത്തുള്ള 'നിങ്ങളില്‍' എന്നതില്‍ ആണും പെണ്ണും ഉള്‍പ്പെടും എന്നത് ഇവരുടെ തെളിവില്ലാത്ത ജല്‍പനം മാത്രമാണ്.
ജീവിച്ചിരിക്കുന്ന ആണിനും പെണ്ണിനും ഇസ്‌ലാം വെളുപ്പിനെ പ്രേരിപ്പിച്ചത് തന്നെ ഭൗതികം എന്ന നിലക്കാണ്. പരലോകത്ത് പുണ്യം ലഭിക്കുന്ന മതപരമായ പുണ്യകര്‍മം എന്ന നിലക്കല്ല. മതമെന്ന നിലക്കാണെങ്കില്‍ നബി(സ) അധികസമയവും വെളുത്ത വസ്ത്രമാണ് ധരിക്കുക. എന്നാല്‍ പ്രവാചകന്‍ അധികസമയം ധരിക്കാറുള്ളത് മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ്. സഹീഹുല്‍ ബുഖാരി ഉദ്ദരിക്കുന്ന ഹദീസ് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഉബൈദ് (റ) ഒരിക്കല്‍ ഇബ്‌നു ഉമറിനോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ സ്‌നേഹിതന്മാര്‍ ആരും ചെയ്യാത്ത നാലു കാര്യങ്ങള്‍ ചെയ്യുന്നതായി ഞാന്‍ കാണുന്നു. ...അതേ പ്രകാരം നിങ്ങള്‍ മഞ്ഞച്ചായം ഉപയോഗിക്കുന്നതായും... ഇബ്‌നു ഉമര്‍ പറഞ്ഞു. മഞ്ഞച്ചായത്തിന്റെ കാര്യം അങ്ങനെ തന്നെ. ആ ചായം നബി ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്മൂലം ഞാനുമത് ഉപയോഗിക്കുന്നു. (സഹീഹുല്‍ ബുഖാരി കിത്താബുല്‍ ലിബാസ്) നബി (സ) ജുമുഅ ദിവസവും രണ്ടു പെരുന്നാള്‍ ദിവസവും വെള്ള വസ്ത്രമല്ല ധരിക്കാറുള്ളത്. ഇബ്‌നു ഖയ്യിം (റ) എഴുതുന്നു. നബി (സ) വെള്ളിയാഴ്ച്ച ദിവസങ്ങളിലും രണ്ടു പെരുന്നാള്‍ ദിവസവും ഏറ്റവും ഭംഗിയുള്ള വസ്ത്രമാണ് ധരിക്കുക. അവിടുന്ന് ചിലപ്പോള്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കും. മറ്റു ചിലപ്പോള്‍ ചുവപ്പ് നിറമുള്ള വസ്ത്രം ധരിക്കും. (സാദുല്‍ മആദ് 1-441) നബി (സ) ചുവപ്പ് വസ്ത്രം ധരിച്ചത് സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ നിവേദനം ചെയ്യുന്നു.
ആയിശ (റ) നിവേദനം. ശ്രേഷ്ഠവനിതകളായ സ്വഹാബി സ്ത്രീകള്‍ അവരുടെ മുറൂത്ത് ശരീരത്തില്‍ ചുറ്റിപ്പൊതിഞ്ഞു കൊണ്ട് സുബ്ഹി നമസ്‌കാരത്തില്‍ പങ്കെടുക്കാറുണ്ട്. (ബുഖാരി, മുസ്‌ലിം) മുറൂത്തിന് ലിസാനുല്‍ അറബില്‍ പച്ചവസ്ത്രം എന്നും അര്‍ഥം നല്‍കുന്നത് കാണാം. (ലിസാനുല്‍ അറബി 13-83)
കറുത്ത വസ്ത്രം സ്ത്രീക്കോ പുരുഷനോ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒറ്റ ഹദീസിലും അത് നിവേദനം ചെയ്യുന്നുമില്ല. വെളുപ്പിന്റെയും കറുപ്പിന്റെയും വിഷയത്തില്‍ ശാസ്ത്രതത്വം ഇസ്‌ലാം ഉള്‍ക്കൊള്ളുന്നു. അതുപോലെ ഓരോ മനുഷ്യനും പ്രത്യേക നിറത്തോട് താല്‍പര്യമുണ്ടാകും.
ഉമ്മു സലമയില്‍ നിന്ന് (റ) നിവേദനം അവരുടെ ഹിജാബ് താഴ്ത്തിയിടട്ടെ എന്ന സൂക്തം അവതരിക്കപ്പെട്ടപ്പോള്‍ അന്‍സാരി സ്ത്രീകള്‍ പുറപ്പെട്ടു. അവരുടെ തലകളില്‍ ഗിര്‍ബാന്‍ പോലെ വസ്ത്രത്തില്‍ നിന്നും ഉണ്ടായിരുന്നു. (അബൂദാവൂദ്) ഈ ഹദീസ് ഇവര്‍ക്ക് തന്നെ എതിര്‍രേഖയാണ്. പര്‍ദ്ദ ധരിക്കുവാന്‍ ഇവര്‍ ആയത്താണ് ഉദ്ദരിക്കാറുള്ളത്. ഹദീസില്‍ പറയുന്നത് ഈ ആയത്ത് അവതരിപ്പിച്ചപ്പോള്‍ അന്‍സാരി സ്ത്രീകള്‍ തലമറച്ചു എന്നാണ് പര്‍ദ ധരിച്ചു എന്നല്ല. ഇതു ഹദീസുമല്ല. നബി (സ) കറുത്ത വസ്ത്രം ധരിക്കാന്‍ പ്രോത്സാഹിപ്പിച്ചു എന്ന് ഇതില്‍ പറയുന്നുമില്ല. അന്‍സാരി സ്ത്രീകള്‍ ധരിച്ചതുകൊണ്ട് അനുവദനീയം എന്നു മാത്രമേ ലഭിക്കുകയുള്ളൂ. ഹദീസില്‍ പ്രയോഗിക്കുന്നത് ഗില്‍ബാന്‍ പോലെ തലയിലുണ്ടായിരുന്നു എന്നാണ്. തലയുടെ നിറം പറയുകയല്ല. നിറം പറയുകയാണെങ്കില്‍ ആയത്ത് അവതരിക്കുന്നതിന് മുമ്പാണ് ഇപ്രകാരം പറയുവാന്‍ ഏറ്റവും അവകാശപ്പെടുക. കാരണം അക്കാലത്ത് അവര്‍ തലമുടി തീരെ മറച്ചിരുന്നില്ല. ഗില്‍ബാന്‍ എന്ന പദത്തിന് കാക്ക, മഞ്ഞുകട്ട, ആലിപ്പഴം, പഴയകാലത്തെ ഒരു തരം കപ്പല്‍ മുതലായ അര്‍ഥമുണ്ട്. തലയില്‍ അവര്‍ ധരിച്ച വസ്ത്രത്തിന്റെ ഉയരമാണ് വിവക്ഷിക്കുന്നത്. ഈ ഹദീസ് വളരെ ദുര്‍ബലമായ ഒരു വാറോലയാണ്.
മുസ്‌ലിം സ്ത്രീകള്‍ തന്നെ ഖുര്‍ആന്‍ പഠിച്ച് ഇസ്‌ലാമിനെ ഗ്രഹിക്കുക. സ്ത്രീകളുടെ വിഷയം പുരുഷന്മാര്‍ക്ക് മാത്രം വിട്ടുകൊടുക്കാതെ സ്ത്രീകളും അതില്‍ പങ്കാളികളാവുക. കാരണം പുരുഷമേധാവിത്വം ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്ര പണ്ഡിതന്മാരെയും സ്വാധീനിച്ചതിന് ധാരാളം തെളിവുകള്‍ തഫ്‌സീറുകളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. യാതൊരു മതസംഘടനയോടോ രാഷ്ട്രീയക്കാരോടും ഭരണാധികാരികളോടും ഗള്‍ഫ് പണ്ഡിതന്മാരോടും പ്രത്യേക വിധേയത്വം ഇല്ലാത്ത മുസ്‌ലിം നേതാക്കന്മാരും മതപണ്ഡിതന്മാരും ഉടലെടുക്കുകയും ചെയ്യണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top