ചവര്‍പ്പാണെങ്കിലും ഔഷധമേറെ

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ് /വീട്ടുകാരിക്ക് No image

      ലോകത്ത് ഏറ്റവും കൂടുതല്‍ ഉലുവ കൃഷിചെയ്തു വരുന്നത് ഇന്ത്യയിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൃഷി. ഔഷധത്തിനോടൊപ്പംതന്നെ പാചകാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ഉലുവക്ക് അറബി ഭാഷയുമായി നല്ല ബന്ധമുണ്ട്. അറബിയിലെ 'ഉല്‍ബഹ്' എന്ന പദത്തില്‍ നിന്നാണ് ഉലുവ ഉണ്ടായത്.
അനേകം ഗുണവിശേഷങ്ങള്‍ ഉള്ള നല്ലൊരു ഔഷധം കൂടിയാണ് ഉലുവ. ഭക്ഷ്യയോഗ്യമായി ഉപയോഗിക്കുന്നതോടൊപ്പം ചൂര്‍ണ്ണം, ലേഹ്യം, കഷായം, തൈലം എന്നീ രൂപത്തിലും ഒന്നാംതരം ലേപന ഔഷധമായും, ധാരക്കും കേരളീയ ചികിത്സയിലെ ചൂര്‍ണ്ണം കിഴിക്കും ധാരാളമായി ഉപയോഗിച്ചുവരുന്നു. ഇതിന് ഉഷ്ണവീര്യവും തിക്തരസവുമാണ്.
ഇതിനെ വാതഹര ഔഷധമായി കഷായത്തിലും ചിലതരം ലേഹ്യത്തിലും ഉപയോഗിച്ചുവരുന്നു. മുലപ്പാല്‍, ലൈംഗിക ഉത്തേജക ശക്തി എന്നിവ വര്‍ധിക്കാനും കേശവര്‍ധനക്കും, ആകസ്മികമായുണ്ടാകുന്ന വീക്കങ്ങള്‍, പൊള്ളല്‍, അമിതമായ രക്തസമ്മര്‍ദ്ദം എന്നിവക്കെല്ലാം ഇത് ഔഷധമായി ഉപയോഗിക്കാവുന്നതാണ്. കടുരസവും ലഘുസിദ്ധഗുണവുമുള്ള ഇത് പ്രമേഹത്തെ മാറ്റുന്നതും കൊളസ്‌ട്രോളിനെ കുറക്കുന്നതുമാണ്. ഇവിടെയുമുണ്ട് പ്രത്യേകത. ഉലുവ വേവിക്കുമ്പോള്‍ സ്വാദിനുവേണ്ടി മധുരം ചേര്‍ത്തു കഴിക്കുന്നതും അതേപോലെ ധാരാളം വെളിച്ചെണ്ണ, നെയ്യ് എന്നിവ ചേര്‍ത്ത് വറവിട്ടു കഴിക്കുന്നതും വിരുദ്ധ ഫലമാണുണ്ടാക്കുക. പ്രമേഹവും കൊളസ്‌ട്രോളും ഉണ്ടാക്കുമെന്നര്‍ഥം.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രക്തത്തിലെ പഞ്ചസാരയെ കുറക്കാനുള്ള കഴിവ് ഉലുവക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈബര്‍ (soluble fibre), സാപൊണിന്‍ (saponin), കൗമാറിന്‍ (coumarin), വിവിധതരം ഗമ്മുകള്‍, നിക്കോട്ടിക് ആസിഡ് എന്നിവയും ഉലുവയിലുണ്ട്. ഉലുവക്ക് രൂക്ഷഗന്ധവും രൂക്ഷഗുണവുമാണ്. എന്നാല്‍ ഉലുവ നീരിന്ന് ഉലുവയെ അപേക്ഷിച്ച് മേല്‍പറഞ്ഞ ഗുണങ്ങള്‍ കുറവാണ്. 25 ഗ്രാം മുതല്‍ 50 ഗ്രാം വരെ ഉലുവ കഴുകി വൃത്തിയാക്കി ഉണക്കി വിവിധ രീതിയില്‍ വേവിച്ചോ പൊടിച്ചോ മറ്റു ചേരുവകള്‍ ചേര്‍ത്തോ (പ്രമേഹക്കാര്‍ മധുരം ചേര്‍ക്കരുത്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ എണ്ണകളും ചേര്‍ക്കരുത്) നിത്യവും ശീലിച്ചാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രസവരക്ഷക്കും ഉലുവ വളരെ മുമ്പ് മുതല്‍ തന്നെ ഉപയോഗിച്ചുവരുന്നു. ഗര്‍ഭാശയശുദ്ധിക്കും മുലപ്പാല്‍ വര്‍ധനക്കും ഉള്ള ഉലുവയുടെ കഴിവ് പൂര്‍വികര്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്.
തേങ്ങാപ്പാലില്‍ ഉലുവ വേവിച്ചതിന് ശേഷം ശര്‍ക്കരയും നല്ലജീരകപ്പൊടിയും ആവശ്യത്തിന് തേനും ചേര്‍ത്ത് ലേഹ്യം തയ്യാറാക്കാം. ഇതുതന്നെ പൂക്കുല ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉലുവപ്പൊടിയും, ചുക്ക്, കുരുമുളക്, നല്ലജീരകം, ആവശ്യത്തിന് പശുവിന്‍ നെയ്യും തേനും ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്.
ഉലുവപ്പൊടി താനേയും, നെല്ലിക്കാപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തും പ്രമേഹത്തിന് കഴിക്കാവുന്ന മരുന്ന് തയ്യാറാക്കാം. ഉലുവ, മഞ്ഞള്‍, നെല്ലിക്കാത്തോട് വെച്ചുണ്ടാക്കുന്ന കഷായവും പ്രമേഹഹരമാണ്. ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കണം. ഇടക്കിടക്ക് രക്തപരിശോധന നടത്തി പഞ്ചസാരയുടെ നില ഉറപ്പുവരുത്തണം. ദീര്‍ഘകാലമായി പ്രമേഹരോഗത്തിനടിപ്പെട്ടവര്‍ അവര്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ എല്ലാം ഒഴിവാക്കി ഇതുമാത്രം കഴിച്ചുതുടങ്ങിയാല്‍ പഞ്ചസാരയുടെ തോത് അളന്നു പിരശോധിക്കാത്തിടത്തോളം ഗുണത്തേക്കാളേറെ ദോഷം വരാനാണ് സാധ്യത എന്ന് ഓര്‍ക്കണം.
ഉലുവ പാലില്‍ കാച്ചിക്കഴിക്കുന്നതും ഉലുവയും നായ്ക്കുരണപ്പരിപ്പും പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉലുവ, അമുക്കുരു, അണ്ടിപ്പരിപ്പ്, നായ്ക്കുരണപ്പരിപ്പ് എന്നിവയെല്ലാം പൊടിച്ച് പാലില്‍ ചേര്‍ത്തുകഴിക്കുന്നതും നല്ലതാണ്. ഉലുവയിലെ സാപോണിന്‍സ് പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍ഗ്രേറ്റീവ് ക്ലിനിക്കല്‍ ആന്റ് മോളിക്യുലാര്‍ മെഡിസിന്‍ സംഘടിപ്പിച്ച പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അമുക്കുരുവും ഉലുവയും സമം പൊടിച്ചത് 15 ഗ്രാം നിത്യവും പാലില്‍ കാച്ചിക്കഴിക്കുന്നതും, ഉലുവപ്പൊടിയും നായ്ക്കുരണപ്പരിപ്പിന്‍ പൊടിയും കൂട്ടി പാലില്‍ കഴിക്കുന്നതും ഉലുവപ്പൊടിയും വയല്‍ചുള്ളി വിത്ത് വറുത്തുപൊടിച്ചതും പാലില്‍ കാച്ചിക്കഴിക്കുന്നതും ശുക്ലവര്‍ധകമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top