സുഭദ്രയുടെ ഫിത്വ്ര്‍ സകാത്ത്

എ.യു റഹീമ /അനുഭവം No image

      ഞങ്ങളുടെ അയലത്തുള്ള വീട്ടില്‍ നിന്നും അല്‍പം അകലെയാണ് സുഭദ്രയുടെ വീട്. മുന്‍വശത്തുള്ള റോഡിലൂടെ ചിലപ്പോഴൊക്കെ സുഭദ്ര നടന്നുപോകുന്നത് കാണുമ്പോള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് അവരുടെ വസ്ത്രധാരണ രീതിയായിരുന്നു. സാരിയും ബൗസുമാണ് വേഷം. ദേഹത്തിന്റെ ഒരംശം പോലും പുറത്തു കാണാതെ വളരെ മാന്യമായും ഭംഗിയിലും ചിട്ടയിലുമായിരുന്നു അവരുടെ സാരിയുടുക്കല്‍. വഴിയില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ കുശലം പറയുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും. അതിനുവേണ്ടി സന്ദര്‍ഭമുണ്ടാക്കി ഞാനവരുടെ വീട്ടിലേക്ക് ചെന്നു. ഭര്‍ത്താവ് ഭാസ്‌കരന്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. ഈ ദമ്പതികള്‍ക്ക് സന്താനഭാഗ്യമില്ല. അനിയനും ഭാര്യയും മക്കളും എല്ലാവരും കൂടി ഒരുമിച്ചു കഴിയുന്നു. മക്കളില്ലാത്തതിന്റെ നിരാശയും സങ്കടവും ചിലപ്പോഴെങ്കിലും സൂചിപ്പിക്കാറുണ്ട്. പിന്നെപ്പിന്നെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍വെച്ചു നടക്കുന്ന ക്ലാസുകളില്‍ സുഭദ്ര വരികയും ഞാന്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ കൊണ്ടുപോവുകയും ചെയ്തുപോന്നു. ഒരു ദിവസം അവള്‍ പറഞ്ഞു:
ടീച്ചറേ, എനിക്കൊരാഗ്രഹം, അടുത്ത റംസാനില്‍ നോമ്പെടുക്കണമെന്ന്.''
നല്ല തീരുമാനം! - ഞാന്‍ പ്രോത്സാഹിപ്പിച്ചു. നോമ്പുകൊണ്ടുണ്ടാവുന്ന മനശുദ്ധിയും വ്യക്തി സംസ്‌കരണവും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമാക്കി. നോമ്പിന്റെ മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും അവള്‍ ചോദിച്ചുമനസ്സിലാക്കി. ഭര്‍ത്താവുമായി കൂടിയാലോചിച്ചു. ഭര്‍ത്തൃവീട്ടുകാര്‍ക്കും അതറിയാം. അങ്ങനെ ഭാസ്‌കരനും സുഭദ്രയും നോമ്പിനായി കാത്തിരുന്നു. റമദാനെ വരവേല്‍ക്കാനായി ഒരു സുന്നത്തു നോമ്പുനോറ്റ് സുഭദ്ര അന്ന് വീട്ടില്‍ വന്നു. നോമ്പിനെപ്പറ്റി കൂടുതല്‍ അറിയാനുള്ള പുസ്തകമാണ് വീട്ടില്‍ നിന്നും അവള്‍ തെരഞ്ഞെടുത്തത്. ഭര്‍ത്താവും നല്ല ഒരു വായനക്കാരനാണ്.
നോമ്പുകാലത്തുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങളെപ്പറ്റിയും അവള്‍ക്ക് അറിയണം. പുതുനഗരത്ത് അവളുടെ സ്വന്തം വീടിന്റെ ചുറ്റുമുള്ളത് മുസ്‌ലിം ഭവനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണം വേണ്ടെങ്കിലും നോമ്പുകാലത്ത് ചെലവ് ഏറെയാണ് എന്ന് അവരില്‍നിന്നും അവള്‍ മനസ്സിലാക്കിയിട്ടുണ്ട്.
''ടീച്ചറേ, നോമ്പുകാലത്ത് നിങ്ങളുടെ വീട്ടില്‍ എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കാറില്ലേ?. പിന്നെ നോമ്പിന് മാത്രം കാണുന്ന തരിക്കഞ്ഞി, പത്തിരിയിറച്ചി, മറ്റു വിഭവങ്ങളൊക്കെ?''
''''ഞാന്‍ നോമ്പായിട്ട് പ്രത്യേകമായി എണ്ണപ്പലഹാരങ്ങളോ പ്രത്യേക വിഭവങ്ങളോ ഉണ്ടാക്കാറില്ല. ചിലപ്പോള്‍ ജീരകക്കഞ്ഞി വെക്കും. അതൊരു ഔഷധമൂല്യമുള്ള ആഹാരമാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവം ഉണ്ടാക്കും. നോമ്പ് തുറക്കുമ്പോള്‍ എല്ലാവരുമത് കഴിച്ച് സമയം കളയാതെ നമസ്‌കാരാദികാര്യങ്ങളില്‍ മുഴുകും. രാത്രി പിന്നെ ആഹാരമൊന്നും ആരും കഴിക്കാറില്ല. അത്താഴത്തിനു നിര്‍ബന്ധമായും ലഘുഭക്ഷണം കഴിക്കും. നോമ്പിന് ഒരു ലക്ഷ്യമുണ്ട്. ഒരു നേരം ഭക്ഷണപാനീയങ്ങളും ദേഹേഛകളും ഉപേക്ഷിക്കണമെന്ന ദൈവ കല്‍പനയെ മറികടക്കും വിധം, മറു നേരം അതിനിരട്ടി വിഭവങ്ങള്‍ ഒരുക്കി അമിതമായി കഴിച്ച് മതിമറന്നുറങ്ങുകയോ തളര്‍ന്നു മയങ്ങുകയോ ചെയ്യുന്നത് നോമ്പിന്റെ ആത്മാവിന് ക്ഷതമേല്‍ക്കുന്ന ഒന്നാണ്. ആത്മാവിനു മാത്രമല്ല, നോമ്പുകാരന്റെ ആരോഗ്യത്തിനും ക്ഷതമേല്‍ക്കും. പലപേരുകളിലും വിധത്തിലും ഉണ്ടാക്കുന്ന വിഭവങ്ങളില്‍ നിന്നും അല്‍പമാണെങ്കില്‍ പോലും എല്ലാം കൂടിയാകുമ്പോള്‍ അത് അതിരുകടക്കലും അമിതാഹാരവുമാകും. സാധാരണ ദിനങ്ങളില്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ആഹാരം അകത്തു ചെല്ലുന്നു. ഇതെങ്ങനെയാണ് നോമ്പിന്റെ ലക്ഷ്യത്തിലെത്തുക? അതിനെ തകര്‍ക്കുകയല്ലാതെ! ഇതൊരുതരം കാപട്യം കൂടിയാണ്. സാബത്തുനാളില്‍ യഹൂദര്‍ ചെയ്തതുപോലെ.''''
''''എന്താണ് ടീച്ചര്‍ ആ ചരിത്രം?''''
''''ശനിയാഴ്ച ദിവസം ജോലികളില്‍ നിന്നും മുക്തമായി ആരാധനയില്‍ മുഴുകുക എന്ന ദൈവിക കല്‍പനയെ മറികടക്കാന്‍ മത്സ്യബന്ധനം തൊഴിലായ അവര്‍ ഒരു പണി ചെയ്തു. ശനിയാഴ്ച ഒഴുകിയെത്തുന്ന മത്സ്യങ്ങളെ അവര്‍ തടഞ്ഞു വെച്ച് അത് പിറ്റേന്ന് ഒരുമിച്ചു പിടിച്ചെടുത്തു.''ഈ കപടതയെ ദൈവം ശപിച്ചു. -'നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരാവുക!'''
ഒഴിഞ്ഞു കിടക്കുന്ന വയറില്‍ അല്‍പാഹാരമാണ് ശരിയായ ഊര്‍ജ്ജം തരിക. ധാരാളം വെള്ളം കുടിക്കാം. അപ്പോള്‍ രാത്രിയിലും ഉന്മേഷത്തോടെ ആരാധനയില്‍ മുഴുകാം.''
ഒരു കൊച്ചു കുട്ടിയെപ്പോലെ കൗതുകത്തോടെ സുഭദ്ര എല്ലാം ചോദിച്ചറിയും. അങ്ങനെ ആ നോമ്പുകാലം വന്നു. സുഭദ്ര അവരുടെ വീടിന്റെ ചായ്പ്പുഭാഗത്ത് നമസ്‌കരിക്കാന്‍ പ്രത്യേകമിടമൊരുക്കിയിട്ടുണ്ട്. അവളുടെ ചര്യ ഇങ്ങനെയാണ്.
വെളുപ്പിനുണര്‍ന്ന് കുളിക്കും. എന്നിട്ട് നമസ്‌കരിക്കും. പിന്നെ അത്താഴം കഴിക്കും. ബാങ്കുവിളിക്കുന്നതുവരെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും പിന്നെ, സുബ്ഹി നമസ്‌കരിക്കും. അഞ്ചുനേരം മുടങ്ങാതെ നമസ്‌കരിക്കും. മഗ്‌രിബ് ബാങ്കുകേട്ടാല്‍ നോമ്പുതുറക്കും. അതിനായി അനിയന്റെ മക്കളെ ദേഹശുദ്ധി വരുത്തി ഒരുക്കി നിര്‍ത്തും. അവരൊരുമിച്ച് ആഹാരം കഴിക്കും. ഭര്‍ത്താവ് ഭാസ്‌കരനും നോമ്പനുഷ്ഠിക്കുന്നുണ്ട്. ദൈവസ്‌നേഹത്തിന്റെയും നിഷ്‌കളങ്ക വിശ്വാസത്തിന്റെയും ഒരു കീറുവെളിച്ചം ആ കൊച്ചുവീടിനെതേടിയെത്തിയതു കണ്ടോ?
അങ്ങനെ ആ നോമ്പുകാലത്തിന്റെ പരിസമാപ്തിയായി. നാളെ പെരുന്നാളാകുമെന്ന് കണക്കുകൂട്ടിയിരിക്കുന്ന നിമിഷങ്ങളിലൊന്നില്‍ സുഭദ്ര ഒരു കൈ കുമ്പിളില്‍ നിറയെ നാണയത്തുട്ടുകളുമായി എത്തി. എന്നിട്ടവള്‍ പറഞ്ഞു. ''ടീച്ചറെ, ഇത് ഫിത്വ്ര്‍ സകാത്തിനുള്ള വകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് അതെത്തിക്കണം. എന്റെ നോമ്പില്‍ വന്നുപോയ കുറവുകള്‍ പരിഹരിക്കണമെന്നുണ്ട്...!''
അവളുടെ ഉറച്ച വിശ്വാസത്തില്‍ നിന്നുരുത്തിരിഞ്ഞ ആ നാണയത്തുട്ടുകളില്‍, എന്റെ മിഴികളില്‍ നിന്നും ആനന്ദാശ്രുക്കള്‍ അടര്‍ന്ന് വീണു!
നാളെ പെരുന്നാള്! അപ്പോഴാണോര്‍ത്തത്, സുഭദ്രക്ക് ഒരു പുതുവസ്ത്രം വാങ്ങിക്കൊടുക്കേണ്ടതല്ലേ. ഒരു ശങ്ക! അവര്‍ക്ക് അത് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടാകുമോ? ഒരു സമ്മാനമല്ലേ, കൊടുക്കാം. പക്ഷേ, ഞങ്ങള്‍ പെരുന്നാള്‍ വസ്ത്രം അത്തവണയെടുത്തിട്ടില്ല. അതുകൊണ്ടുകൂടിയാണ് സുഭദ്രയെപ്പറ്റിയും ഓര്‍ക്കാതിരുന്നത്. ഞാനും മക്കളും അത്തവണത്തെ പെരുന്നാള്‍ വസ്ത്രത്തിനുള്ള പണം ഉപയോഗിച്ച് എന്റെ സ്‌കൂളിലെ തെരഞ്ഞെടുത്ത പാവപ്പെട്ട കുട്ടികള്‍ക്ക് യൂണിഫോം വാങ്ങാമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. അത് നടന്നുകഴിഞ്ഞു. കൈയില്‍ കാശു ശേഷിക്കാതിരിക്കുകയും ചെയ്തു. ഇനി എന്തുചെയ്യും?
ഞാന്‍ ആലത്തൂര്‍ക്ക് പോയി. എന്നെ കണ്ട പാടെ റസീന ഉമ്മര്‍ പറഞ്ഞു. ''ടീച്ചറെ, ഇത്തവണത്തെ പുതുവസ്ത്ര വിതരണം കഴിഞ്ഞു. ദേ ഇപ്പോഴൊരാള്‍ വന്ന് കുറച്ച് കാശ് തന്നിട്ടുപോയി. ഇതാര്‍ക്കെങ്കിലും വസ്ത്രം വാങ്ങി ടീച്ചര്‍ കൊടുക്ക്!!
ഞാനാ പണവുമായി പരിചയമുള്ള ഒരു തുണിക്കടയില്‍ പോയി. ''എനിക്കൊരു നല്ല പട്ടുസാരി വേണം.''
പര്‍ദധരിച്ച ഞാന്‍ പട്ടുസാരി ചോദിച്ചപ്പോള്‍ കടക്കാരന്‍ ചോദിച്ചു: ''എന്താ ടീച്ചറേ ആര്‍ക്കാ പട്ടുസാരി?''''
''ഒരാള്‍ക്ക് കൊടുക്കാനാ. നല്ലതുതന്നെയായിക്കോട്ടെ!''
അയാള്‍ സാരി തെരയുന്നതിനിടയില്‍ പഴയ കളക്ഷനില്‍ ശേഷിച്ചിരുന്ന ഓരേയൊരു സാരി കൈയില്‍ പെട്ടു. അതെടുത്തിട്ടു പറഞ്ഞു:'''ഈ സാരിയിലുള്ളത് പഴയ വിലയാ. ഇപ്പോള്‍ ഇതിന് ഇരട്ടി വിലയാ. ടീച്ചര്‍ പഴയ വില തന്നാല്‍ മതി! ആ സാരി വളരെ മനോഹരമായിരുന്നു; ഈടുറ്റതും.
ഞാനൊന്നുകൂടി കോരിത്തരിക്കട്ടെ! കാരണം, സുഭദ്രക്ക് വേണ്ടി ആരാണ് സമ്മാനമൊരുക്കിവെച്ചത്? എന്നിട്ട് അതിനുവേണ്ടി വൈകി ഒരാളെ കാശുമായയച്ചത്? റസീനയെക്കൊണ്ട് അതെന്നെ ഏല്‍പ്പിച്ചത്? മനോഹരമായ ആ പട്ടുസാരി ഒരു നിധിപോലെ തോന്നി എനിക്ക്. പള്ളിയില്‍ പോകാന്‍ രാവിലെ എത്തിയ സുഭദ്രക്ക് ഞാനത് അഭിമാനത്തോടെ സമ്മാനിച്ചു. സാരിയിലുള്ളതുപോലൊരു മഴവില്ല് അവളുടെ മുഖത്ത് വിരിയുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ ഒരുമിച്ച് പള്ളിയില്‍ പോയി നമസ്‌കരിച്ചു. പലര്‍ക്കും ഞാന്‍ സുഭദ്രയെ പരിചയപ്പെടുത്തി, അഭിമാനത്തോടെ!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top