ഡോക്ടര്‍ രൂപാലി ഗൈനക്കോളജിസ്റ്റ് അഥവാ 12/12/12/12/12

റഫീഖ് മേന്മുണ്ട No image

      രൂപാലി ജനിച്ചതും പഠിച്ചതും വളര്‍ന്നതും ആധുനികതയുടെ ഉത്തുംഗതയിലെത്തിയ നഗരത്തിലായിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും ഉന്നതിയിലുള്ളവരുടെ മക്കളുമായിട്ടായിരുന്നു അവളുടെ കൂട്ട്. രൂപാലി ഒരിക്കല്‍ പോലും മണ്ണ് തൊട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മണ്ണിന്റെ സ്വഭാവം അവള്‍ക്കില്ലായിരുന്നു. നാല്‍പത് നിലയുള്ള ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ ആയിരുന്നു അവളും അമ്മയും അച്ഛനും താമസിച്ചിരുന്നത്. ആ ബില്‍ഡിംഗിന്റെ മൂന്നാം നിലയിലായിരുന്നു അവളുടെ അച്ഛന്റെ കാര്‍പാര്‍കിങ്. മൂന്നാം നിലയില്‍ നിന്നും അവള്‍ അച്ഛന്റെ കാറില്‍ കയറും. സ്‌കൂളിലാണെങ്കില്‍ റൂഫിലാണ് കാര്‍പാര്‍കിങ്. അവിടെ അവള്‍ ഇറങ്ങുകയും ചെയ്യും. തിരിച്ച് സ്‌കൂളിലെ റൂഫില്‍ നിന്ന് അച്ഛന്റെ കാറില്‍ കയറുകയും താമസിക്കുന്ന ബില്‍ഡിംഗിലെ മൂന്നാം നിലയില്‍ ഇറങ്ങുകയും ചെയ്യും. ഭൂമി തൊടാതെയുള്ള ജീവിതം.
താമസിക്കുന്ന ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലത്തെ നില ജിമ്മിനും സ്വിമ്മിംഗിനും ഷട്ടില്‍ കളിക്കുമായി ഒരുക്കിയതായിരുന്നു. ആ നിലയില്‍ എത്തിയാല്‍ മാത്രം അവള്‍ ഷൂവും സോക്‌സും അഴിക്കുമായിരുന്നു. കുറച്ചു സമയമെങ്കിലും അവള്‍ നഗ്നപാദത്താല്‍ സിമന്റ് സ്പര്‍ശിക്കുമായിരുന്നു. അവള്‍ മണ്ണ് സ്പര്‍ശിച്ചിട്ടില്ല എന്നുമാത്രമല്ല മണ്ണ് കണ്ടിട്ടേയില്ലായിരുന്നു. സിമന്റ് സ്പര്‍ശിച്ചതിനാലും സിമന്റ് കൊണ്ടുള്ള സൗധത്തില്‍ ജനിച്ചതിനാലും വളര്‍ന്നതിനാലും അവള്‍ക്ക് സിമന്റ് ഗുണങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിമന്റിന്റെ സ്വഭാവം തന്നെയായിരുന്നു അവളുടെ സ്വഭാവവും. സിമന്റില്‍ ഒന്നും വളരില്ല. സിമന്റ് ഒരിടത്ത് നിറച്ച് വെള്ളവും വളവും യഥേഷ്ടം നല്‍കിയാലും അതില്‍ ഒന്നും മുളപൊട്ടുകയോ വളരുകയോ ഇല്ല. മണ്ണില്‍ മാത്രമേ സ്‌നേഹവും അനുകമ്പയും ആര്‍ദ്രതയും വളരുകയുള്ളൂ.
തന്നെയൊഴിച്ച് തന്റെ അമ്മയും അച്ഛനും ഉള്‍പ്പെടെയുള്ള മറ്റുള്ളവരെയെല്ലാം മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. തന്നെ മാത്രം സിമന്റ്‌കൊണ്ട് നിര്‍മിച്ചതാണെന്നാണ് അവളുടെ ധാരണ. അതുകൊണ്ടു തന്നെ മറ്റുള്ളവരോട് അവള്‍ക്ക് പുച്ഛമായിരുന്നു. പാമ്പന്‍ പാലത്തെക്കാള്‍ ഉറച്ച അഹങ്കാരവും അഹംഭാവവുമായിരുന്നു അവളുടെത്. ധിക്കാരം ഹിമാലയത്തിനേക്കാള്‍ ഉയരത്തിലായിരുന്നു. മണ്ണ് എല്ലാം സ്വീകരിക്കും. കോടിക്കണക്കിന് അമ്മമാരുടെ കണ്ണുനീര്‍ മണ്ണ് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പുഴ കണ്ണുനീര്‍പുഴയാകുമായിരുന്നല്ലോ. സിമന്റ് ഉറച്ചാല്‍ ഒന്നും സ്വീകരിക്കില്ല. മണ്ണില്‍ ഉണ്ടായതിനെയും ഉണ്ടാക്കിയതിനെയും മാറ്റിയെടുക്കാന്‍ കഴിയും. സിമന്റില്‍ ഉണ്ടാക്കിയതിന്റെ രൂപത്തെപോലും മാറ്റിയെടുക്കാന്‍ കഴിയില്ല. പൊട്ടിച്ച് നശിപ്പിച്ച് കളയാനേ പറ്റുകയുള്ളൂ. രൂപാലിയുടെ ധാര്‍ഷ്ട്യവും അങ്ങനെയുള്ളതാണ്. അത് മാറ്റിയെടുക്കാന്‍ കഴിയുകയില്ല. അത് മാറണമെങ്കില്‍ അവളെതന്നെ പൊട്ടിച്ച് നശിപ്പിക്കേണ്ടി വരും.
ഇതെല്ലാം ആയിരുന്നിട്ടും അവള്‍ എം.ബി.ബി.എസ് ഒന്നാം റാങ്കോടെ പാസായി. ഉപരിപഠനം യൂറോപ്പിലായിരുന്നു. ഗൈനക്കോളജിയില്‍ സ്‌പെഷലിസ്റ്റ്. അവിടെയും ഒന്നാംറാങ്കുകാരി. ഇപ്പോള്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ജോലി. അവിടെയും അവള്‍ പോയതും വന്നതും കാര്‍ റ്റു ലിഫ്റ്റ്, ലിഫ്റ്റു റ്റു കാര്‍ എന്ന രീതിയിലായിരുന്നു.
വീട്ടിലെ നിയമങ്ങളെല്ലാം അവളുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു. കരുണ അവള്‍ക്ക് അറിയില്ലെങ്കിലും ഒരുപാട് പുരസ്‌കാരങ്ങള്‍ അവള്‍ വാരിക്കൂട്ടി. റാങ്കുകള്‍ ഒരുപാട് കരസ്ഥമാക്കിയെങ്കിലും ക്ഷമിക്കാനോ സ്‌നേഹിക്കാനോ അവള്‍ക്ക് അറിയില്ലായിരുന്നു. മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും അവള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. സ്‌നേഹം, കരുണ, മനുഷ്യത്വം ഇതൊന്നും പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തിട്ടില്ലായിരുന്നു അവള്‍. അവള്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിനിടയില്‍ ആറ് വര്‍ഷക്കാലം എല്ലാവര്‍ക്കും സിസേറിയനായിരുന്നു നടപ്പാക്കിയിരുന്നത്. ദൈവത്തിന്റെ കണക്കുകൂട്ടലുകള്‍ അവള്‍ പരിഗണിക്കാറില്ല. അവളുടെ കണക്കുകൂട്ടലുകള്‍ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പ്രസവത്തിന് സമയം കുറിച്ചാല്‍ ഒരു മണിക്കൂറോ ഒരു മിനുട്ടോ ഒരു നിമിഷമോ അവള്‍ കാത്തിരിക്കാതെ സിസേറിയനായിരുന്നു വിധിച്ചിരുന്നത്.
ഹോസ്പിറ്റലിന്റെ പ്രശസ്തിയും രൂപാലിയുടെ ഇന്റര്‍ വ്യൂവും കണ്ട ഒരു സ്ത്രീ അവിടെത്തന്നെ പ്രസവിക്കണമെന്ന് വാശിപിടിച്ചു.
ഭര്‍ത്താവ് പറഞ്ഞു നോക്കി: ''അവിടെ സിസേറിയനാണ്. നമുക്ക് വേറെ എവിടെയെങ്കിലും പോകാം.'' ഭാര്യ പറഞ്ഞു: ''ആ ഹോസ്പിറ്റലില്‍ പ്രസവിച്ചവരെല്ലാം കോടീശ്വരന്മാരാണ്, പ്രഗത്ഭരാണ്. നമ്മുടെ കുട്ടി വലുതാകുമ്പോള്‍ അവന്‍/അവള്‍ അവിടെ പ്രസവിച്ചതാണല്ലോ എന്നത് എത്ര അഭിമാനകരമായിരിക്കും.''
ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി മനമില്ലാമനസ്സോടെ അവിടെ അഡ്മിറ്റ് ചെയ്തു. രൂപാലി അവളെ പരിശോധിക്കുകയും പ്രസവത്തിന്റെ തിയ്യതി കുറിച്ചു കൊടുക്കുകയും ചെയ്തു. 2012 ഡിസംബര്‍ 12-ന് ഉച്ചക്ക് 12 മണി കഴിഞ്ഞ് 12 മിനുട്ട് കഴിഞ്ഞ് 12 സെക്കന്റ് ആയിരിക്കും (12/12/12/12/12).
സമയം 12/12/12 -ന് നിശ്ചയിച്ചത് ഡോക്ടര്‍ രൂപാലിയുടെ ജോലി 12.30 വരെ ഉണ്ടായിരുന്നുള്ളു എന്നതിനാലായിരുന്നു.
നിശ്ചയിച്ച സമയത്ത് പ്രസവിച്ചില്ലെങ്കില്‍ 12.30- ന് സിസേറിയന്‍ ഓര്‍ഡര്‍ കൊടുത്ത് ഡോക്ടര്‍ക്ക് ഡ്യൂട്ടി അവസാനിപ്പിക്കാമല്ലോ. 12/12/12- ന് പകരം 12.22-ന് പ്രസവവേദന അനുഭവപ്പെട്ട് ലേബര്‍ റൂമിലേക്ക് സ്ത്രീയും രൂപാലിയും നഴ്‌സും പ്രവേശിച്ച ഉടനെതന്നെ കുട്ടിയുടെ തല പുറത്തേക്ക് വരാന്‍ തുടങ്ങി. പ്രസവിച്ചു തീരണമെങ്കില്‍ 12.45 എങ്കിലും ആകണം. അപ്പോള്‍ രൂപാലിയുടെ വാച്ചില്‍ നിന്നും 12.30 ആയതിന്റെ റിംഗ്‌ടോണ്‍ വന്നു. ഉടനെ ഒരു ഞെട്ടലോടെ ഡോക്ടര്‍ നഴ്‌സിനോട് പറഞ്ഞു: ''എന്റെ ഡ്യൂട്ടി കഴിഞ്ഞു ഞാന്‍ പോകുന്നു.'' നഴ്‌സിനെ ഒന്നു സഹായിക്കാന്‍ ഡോക്ടര്‍ രൂപാലി അവിടെ ഉണ്ടായിരുന്നെങ്കില്‍ സുഖപ്രസവമാകുമായിരുന്നു. അമ്മയെയും കുട്ടിയെയും ജീവനോടെ കിട്ടുമായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top