അബൂഹാസിമിന്റെ നിലപാട്‌

സഈദ്‌ മുത്തനൂര്‍

സുലൈമാനുബ്‌നു അബ്ദില്‍ മലികിന്റെ ഭരണ കാലം. അന്നത്തെ പണ്ഡിതന്മാര്‍ ഭരണകര്‍ത്താക്കളുടെ ദുഷ്‌ചെയ്‌തികള്‍ തുറന്നെതിര്‍ക്കാന്‍ പറ്റാത്ത പരുവത്തിലായിരുന്നു. എങ്കിലും ചില പണ്ഡിതന്മാര്‍ സത്യം തുറന്ന്‌ പറയുന്നതില്‍ ആരെയും ഭയപ്പെട്ടില്ല. ശൈഖ്‌ അബൂഹാസിം ഈ ഗണത്തില്‍ പെട്ട ആളായിരുന്നു. ഒരിക്കല്‍ അബൂഹാസിമും സുലൈമാനുബ്‌നു അബ്ദില്‍ മലിക്കും ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു.
സുലൈമാന്‍: ``നമ്മുടെ ഭരണത്തെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്‌?''
അബൂഹാസിം: ``അത്‌ പറയാന്‍ എന്നെ നിര്‍ബന്ധിക്കരുത്‌.''
സുലൈമാന്‍: ``അല്ല, താങ്കളുടെ അഭിപ്രായം പറയൂ.''
അബൂഹാസിം: ``മുസ്‌ലിംകളുമായി കൂടിയാലോചിക്കുന്നില്ല. സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ ഭരണത്തില്‍ പരിഗണിക്കുന്നില്ല. ജനങ്ങളെ പീഡിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും പിന്നിലല്ല.''
സുലൈമാനുബ്‌നു അബ്ദില്‍ മലികിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക്‌ ഈ സംസാരം തീരെ പിടിച്ചില്ല. അവര്‍ അദ്ദേഹത്തിന്‌ നേരെ ചീറിയടുത്തു.
``ശൈഖ്‌! താങ്കള്‍ അതിരു കടക്കുന്നു.'' അവര്‍ പറഞ്ഞു.
അബൂഹാസിം: ``സുഹൃത്തുക്കളേ, നിങ്ങള്‍ സത്യം തുറന്ന്‌ പറയണമെന്നാണ്‌ അല്ലാഹു കല്‍പിച്ചിട്ടുള്ളത്‌. ഒരിക്കലും അത്‌ മറച്ചു വെക്കാനാവില്ല.
സുലൈമാന്‍: ``നമുക്കൊരു ഒത്തുതീര്‍പ്പിലെത്താം.''
``ഇല്ല, അത്‌ നടക്കില്ല''
``എന്ത്‌ കൊണ്ട്‌?''
``അല്ലാഹുവിനെ വിട്ട്‌ താങ്കളെ അനുസരിക്കുകയോ? അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ എന്നെ ആര്‌ രക്ഷിക്കും?''
സുലൈമാന്‍ അടവൊന്നുമാറ്റി. അദ്ദേഹം പറഞ്ഞു: ``നിങ്ങള്‍ക്ക്‌ വല്ല ആവശ്യവുമുണ്ടെങ്കില്‍ ചോദിക്കാം?''
അബൂഹാസിം: ``ഞാന്‍ എന്റെ ആവശ്യങ്ങള്‍ എന്റെ രക്ഷിതാവിന്റെ മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ്‌ അവന്‍. അല്ലാഹു നല്‍കുന്നതെന്തോ അതു മതി എനിക്ക്‌. അവനെന്ത്‌ വിലക്കുന്നുവോ അതിലെനിക്ക്‌ പരിഭവമില്ല.''
സുലൈമാന്‍: ``കുറച്ചു കൂടി ഉപദേശം നല്‍കിയാലും?''
അബൂഹാസിം: ``ഏതൊരു സ്ഥാനത്ത്‌ നിന്ന്‌ ദൈവം താങ്കളെ തടഞ്ഞുവോ അവിടെ താങ്കളെ കാണരുത്‌. എവിടെ താങ്കള്‍ ഹാജറുണ്ടാവണമെന്ന്‌ അല്ലാഹു താല്‍പര്യപ്പെട്ടുവോ അവിടെ താങ്കള്‍ ഉണ്ടാവണം.''
സുലൈമാനുബ്‌നു അബ്ദില്‍ മലിക്‌ ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റു. അദ്ദേഹം ഒരു പണസ്സഞ്ചിയെടുത്ത്‌ അബൂഹാസിമിന്‌ നീട്ടിയിട്ട്‌ പറഞ്ഞു: ``ഇത്‌ നൂറ്‌ ദീനാറുണ്ട്‌, സ്വീകരിച്ചാലും; തുടര്‍ന്നും താങ്കള്‍ക്ക്‌ സഹായം പ്രതീക്ഷിക്കാം.''
അബൂഹാസിം അവജ്ഞയോടെ ആ പണസ്സഞ്ചി തിരസ്‌കരിച്ചു. തീക്കട്ടയെന്നോണം അദ്ദേഹം അതില്‍ നിന്നും ഒഴിഞ്ഞു മാറി. അദ്ദേഹം പറഞ്ഞു: ``ഏതൊരു വസ്‌തു താങ്കള്‍ക്ക്‌ വേണ്ടി ഇഷ്ടപ്പെടുന്നില്ലയോ അത്‌ എനിക്ക്‌ വേണ്ടി താങ്കള്‍ എങ്ങനെ തെരഞ്ഞെടുത്തു? താങ്കള്‍ കേവലം മാനസികോല്ലാസത്തിന്‌ വേണ്ടിയാണോ എന്നോട്‌ ഉപദേശം തേടിയത്‌? അധികാരിയുടെ ഓശാരം കിട്ടുമെന്ന വിചാരത്തോടെ ഞാന്‍ ഉപദേശം നല്‍കുകയായിരുന്നോ ഇതുവരെ?
``ഈ സ്വര്‍ണനാണയങ്ങള്‍ ഞാന്‍ തന്ന ഉപദേശങ്ങള്‍ക്കുള്ള പ്രതിഫലമാണെങ്കില്‍ നിര്‍ബന്ധിതാവസ്ഥയില്‍ പന്നിമാംസം തിന്നുന്നതും ചത്തത്‌ ആഹരിക്കുന്നതും രക്തം കുടിക്കുന്നതുമൊക്കെ ഇതിനേക്കാള്‍ എത്രയോ ഇരട്ടി `ഹലാല്‍' ആയി കരുതണം.'' ഇത്രയും പറഞ്ഞ്‌ അബൂഹാസിം അവിടം വിട്ടു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top