ആവശ്യക്കാര്‍ വിദേശത്ത്

വി. മൈമൂന മാവൂര്‍ No image

വെല്ലുവിളികളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കി മലപ്പുറത്തിന്റെ മുഖഛായ മാറ്റുകയാണ് ജുമൈല ബാനു.
 

ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ രാജപാത വെട്ടിത്തെളിയിക്കുക നിലവിലെ സാമൂഹിക പരിസരത്ത് വനിതകള്‍ക്ക് വെല്ലുവിളിയാണ്. അതിനെയെല്ലാം അതിജീവിച്ച് മണ്ണിനെ പൊന്നാക്കി മലപ്പുറത്തിന്റെ മുഖഛായ മാറ്റുകയാണ് ജുമൈല ബാനു.  മാതാപിതാക്കള്‍ വഴിപിരിഞ്ഞതിന്റെ അരക്ഷിതത്വത്തിലായിരുന്നു ശൈശവം. രണ്ടാം വയസ്സില്‍ നട്ടെല്ലിനേറ്റ ക്ഷതം നിറയൗവനത്തില്‍ ഒരു പതിറ്റാണ്ട് കാലം തളര്‍ച്ചയിലാക്കി. സ്വപ്നങ്ങളും പ്രതീക്ഷകളും നാല് ചുമരുകളോട് പങ്കുവെച്ച ബാല്യം. വീട്ടുവളപ്പില്‍ വല്യുമ്മ കൃഷി ചെയ്തിരുന്ന കൂവച്ചെടിയുടെ വേരുകളിലെവിടെയോ തന്നിലെ ഇഷ്ടത്തെ കണ്ടെത്തിയിടത്താണ് ജുമൈല ബാനുവിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ലോകം, തന്നെ തിരിച്ചറിയാനുള്ള മാസ്മരികത കൂവയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വെളിപാട് ആത്മവിശ്വാസം നല്‍കി. ആര്‍ക്കും ബാധ്യതയാകാതെ ജീവിക്കാനുള്ള സാധ്യതകളാരാഞ്ഞ് ജന്മനാടായ കുറ്റിക്കാട്ടൂരിന്റെ പരിസര പ്രദേശത്ത് കൂവകൃഷി തുടങ്ങിയെങ്കിലും പരിചയവും പരിചരണവും കുറഞ്ഞതിനാല്‍ പ്രതീക്ഷകള്‍ പച്ചപിടിച്ചില്ല.
ജീവിതം മലപ്പുറത്തിന്റെ മണ്ണിലേക്ക് പറിച്ചുനട്ടപ്പോള്‍ അവിടം തന്റെ മനോനിലക്ക് മതിയായ മേച്ചില്‍പുറമായി. അത് ചെടികള്‍ക്കായി നഴ്‌സറി തുടങ്ങാനുള്ള ധൈര്യം പകര്‍ന്നു. കൃഷിയോടുള്ള താല്‍പര്യം നാട്ടുകാരായ വണ്ടൂരുകാര്‍ ഏറ്റെടുത്തു. വാടക വീട്ടില്‍ താമസിച്ചു പാട്ടത്തിനെടുത്ത പറമ്പില്‍ കൂവകൃഷി ആരംഭിച്ചു. നാട്ടുകാരായ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് വിദേശ രാജ്യങ്ങളില്‍ കൂവപ്പൊടിക്കുള്ള ഡിമാന്റ് മനസ്സിലായി. ആദ്യമായി കോട്ടയത്ത് നിന്നെത്തിയ സംഘമാണ് വിദേശത്തേക്ക് കൂവപ്പൊടി കൊണ്ടുപോയത്. അതേതുടര്‍ന്ന് അമേരിക്ക, ലണ്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് 20 വര്‍ഷത്തെ കയറ്റുമതിക്കുള്ള രേഖകള്‍ കൈമാറിയപ്പോള്‍ വിപണി കണ്ടെത്തുകയെന്ന വെല്ലുവിളി അതിജീവിച്ചു. വണ്ടൂരിലും പരിസര പ്രദേശങ്ങളിലുമായി 100 ഹെക്ടറോളം കൂവകൃഷി വ്യാപിപ്പിക്കുകയും ചെയ്തു.

നൂറു ശതമാനം ഓര്‍ഗാനിക്കായി കൃഷി ചെയ്യുന്ന കൂവപ്പൊടി മാത്രമേ വിദേശങ്ങളിലേക്ക് അയക്കാനാവൂ. കൂവയുടെ സംസ്‌കരണം പാരമ്പര്യ രീതിയില്‍ തന്നെയാണ്. എട്ടു മാസം ദൈര്‍ഘ്യമുള്ള കൂവ മെയ് മാസത്തോടെ വിളവിറക്കുകയും ജനുവരി മാസത്തോടെ വിളവെടുക്കുകയും ചെയ്യും. ഒരു ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് അഞ്ച് ടണ്‍ ഉത്പാദനം നടക്കുന്നു. ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെ ലാഭയിനത്തില്‍ ലഭിക്കും. കൂവയുടെ പ്രത്യേകത ഉത്പാദന ചെലവുകള്‍ കുറവും മൂല്യവര്‍ധിതവുമാണ് എന്നതാണ്. പാട്ടം കുറഞ്ഞ പറമ്പുകള്‍ കണ്ടെത്തി നിരവധി തൊഴിലാളികളുടെ സഹായത്തോടെ ജുമൈല സ്വന്തം മേല്‍നോട്ടത്തില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്.

മഞ്ഞള്‍ കൃഷി

കൂവ കൃഷിയോടൊപ്പം മഞ്ഞള്‍ കൃഷിയും ആരംഭിച്ചു. യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിപണന സാധ്യത കണ്ടെത്തിയാണ് ആരംഭിച്ചത്. കുര്‍കുമിന്‍ കൂടുതലുള്ള പ്രതിഭ, വയനാടന്‍ മഞ്ഞള്‍, സൗന്ദര്യ വര്‍ധക ഇനമായ കസ്തൂരി മഞ്ഞള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു.  മണ്ണ് ഒരടി ഉയര്‍ത്തികെട്ടി വിത്തിടുന്ന പതിവു രീതിയില്‍നിന്നു മാറി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച കൃഷിയിടത്തിലേക്ക് അര അടി താഴ്ത്തി വിത്തിടുകയും മുളച്ചതിന് ശേഷം മണ്ണുയര്‍ത്തി ജൈവവളങ്ങള്‍ ചേര്‍ത്ത് വിളവ് വര്‍ധിപ്പിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒരു ചെടിയില്‍നിന്ന് രണ്ട് കിലോഗ്രാം വരെ ഉത്പാദനശേഷിയുള്ള മഞ്ഞള്‍ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
ധാരാളം സ്ത്രീകള്‍ക്ക് ഇത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാവുന്നു. മഞ്ഞള്‍ പുഴുങ്ങിയെടുക്കാന്‍ യന്ത്രസഹായം അനിവാര്യമായപ്പോള്‍ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിലും വിവിധ കമ്പനികളിലും ദിവസങ്ങളോളം തങ്ങി അതിനെക്കുറിച്ച് നന്നായി പഠിച്ചു. മഞ്ഞള്‍ കര്‍ഷകര്‍ നേരിടുന്ന പുഴുങ്ങല്‍ പ്രതിസന്ധി തരണം ചെയ്യുന്നതിനായി തമിഴ്‌നാട്ടിലെ ഒരു കമ്പനിക്ക് യന്ത്രം രൂപകല്‍പന ചെയ്തുകൊടുക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കേരള മണ്ണില്‍ അതെത്തിക്കുകയും ചെയ്ത പ്രഥമ കര്‍ഷക കൂടിയാണ് ജുമൈല ബാനു. 5 മിനിറ്റിനുള്ളില്‍ 300 കി. മഞ്ഞള്‍ പുഴുങ്ങിയെടുക്കാനാകും. തന്റെ ആവശ്യം കഴിഞ്ഞ് മറ്റുള്ളവര്‍ക്ക് കൂടി ഈ യന്ത്രം ഉപയോഗിക്കാനായി കൈമാറുന്നു. ഓണ്‍ലൈന്‍ വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ മാത്രം ഉല്‍പാദനം കൂട്ടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
തമിഴ്‌നാട്ടില്‍ ജൈവ കൃഷി ആരംഭിച്ച് വിതരണം നടത്തുന്നതിനായി ജോലിക്കാരെയും വാഹനങ്ങളെയും
ഒരുക്കുന്ന തത്രപ്പാടിലാണവര്‍.
200 ഹെക്ടറിലധികം സ്ഥലത്ത് ഉരുളക്കിഴങ്ങ്, തക്കാളി, പാഷന്‍ ഫ്രൂട്ട്, കോവക്ക, വറ്റല്‍ മുളക്, കൂര്‍ക്കല്‍, കപ്പ തുടങ്ങിയവയും വിദേശത്തെ അത്തര്‍ കമ്പനിക്ക് വേണ്ടി 10 ഏക്കര്‍ മുല്ലപ്പൂവും കൃഷി തുടങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ കേരളത്തില്‍ ഇന്നേവരെ കൃഷി ചെയ്യാത്ത അശ്വഗന്ധത്തിന്റെ കൃഷിയും ആരംഭിച്ചു. ഏറെ ഔഷധ ഗുണമുള്ള ഞൊട്ടാഞൊടിയന്‍ എന്ന പഴവര്‍ഗവും യൂറോപ്പിന്റെ ആവശ്യം പരിഗണിച്ച് കൃഷിചെയ്യുന്നുണ്ട്.
നവ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയും ശക്തിപകര്‍ന്നും കൃഷിയെ നെഞ്ചേറ്റിയ ജുമൈല ബാനു തന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും നിറം പകര്‍ന്നത് മണ്ണും ഇഛാശക്തിയുമാണെന്ന് തെളിയിക്കുന്നു. ഊട്ടിയില്‍ 100 ഹെക്ടര്‍ സ്ഥലം വാങ്ങി ഫാം ടൂറിസത്തെക്കുറിച്ച് ആലോചിക്കുന്ന ഇവര്‍ക്ക് പിന്തുണയായി എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മകള്‍ ശിഫ മുബാറകും മരുമകനും ഭര്‍ത്താവ്  മുസ്ത്വഫയും കൂടെയുണ്ട്. എല്ലാറ്റിനുമുപരി ഉമ്മ സുബൈദയുടെ തണലും പ്രാര്‍ഥനയും കാവലാണെന്ന് ബാനു പറയുന്നു. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top