സമീഹ പാടുന്നു; സംഗീതം വെളിച്ചമാക്കിക്കൊണ്ട്

നസീര്‍ പള്ളിക്കല്‍ No image

ഇതുവരെ കാണാത്ത ലോകത്തും ഇശലിന്റെ തീരത്തും വളരുകയാണ് കൊച്ചു ഗായിക ആഇശ സമീഹ. കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ വൈദ്യരങ്ങാടിയില്‍ വി.പി സിദ്ദീഖിന്റെയും റൈഹാനത്തിന്റെയും നാലാമത്തെ മകളായ സമീഹ ഇശലിന്റെയും സംഗീതലോകത്തിന്റെയും നക്ഷത്രമാണിന്ന്.
ജന്മനാ കാഴ്ച ശക്തി ഇല്ലാതെയാണ് സമീഹയുടെ ജനനം. ക്ഷമയുടെയും സഹനത്തിന്റെയും നാളുകള്‍. എല്ലാം പടച്ച തമ്പുരാന്റെ വിധിയും പരീക്ഷണവുമായി  ആത്മധൈര്യമുള്ള മാതാപിതാക്കള്‍ സമാധാനിച്ചു.
തന്റെ പിഞ്ചു പൈതലിനു വേണ്ടി പിതാവ് സിദ്ദീഖിന് ഗള്‍ഫിലെ ജോലി ഒഴിവാക്കേണ്ടി വന്നു. തങ്ങളുടെ പൊന്നു മോളെയും കൊണ്ട് അവര്‍ കയറിയിറങ്ങാത്ത ആതുരാലയങ്ങളില്ല. മുട്ടി വിളിക്കാത്ത വാതിലുകളില്ല. നിരാശയായിരുന്നു ഫലം. എങ്കിലും ആ മാതാപിതാക്കള്‍ പിടിച്ചു നിന്നു.
പിച്ചവെച്ച ലോകം കുഞ്ഞു സമീഹ കണ്ടില്ലെങ്കിലും കാതുകള്‍ കൂര്‍പ്പിച്ച് അവള്‍ എല്ലാം കേട്ടു. സ്വരവും സംസാരവും എല്ലാം. അതിലവള്‍ മികവ് പുലര്‍ത്തി.  
പാട്ടുവഴിയില്‍ വീട്ടിലെ റേഡിയോ ആയിരുന്നു സമീഹയുടെ കൂട്ട്. ഇത് തിരിച്ചറിഞ്ഞ ഉമ്മ റൈഹാന അവളെ ചേര്‍ത്തിരുത്തി പാട്ടുകള്‍ പാടിക്കൊടുത്തു. അവളതെല്ലാം കേട്ട് പഠിച്ചു. മനോഹരമായി പാടാന്‍ തുടങ്ങി. സമീഹയുടെ പ്രഥമ ഗുരു ഉമ്മ റൈഹാന തന്നെയായി.
സമീഹ വളരുകയായിരുന്നു. അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബം അവളെ വേണ്ടതുപോലെ കണ്ടുകൊണ്ടിരുന്നു. പാട്ടും സംഗീതവും കൊച്ചു സമീഹയുടെ കൊഞ്ചലും കൊണ്ട് 'ബൈത്തുല്‍ മുറാദി'ല്‍ സന്തോഷം കളിയാടി. 'സ്വര്‍ഗം' പൂത്തുലഞ്ഞു.
കോഴിക്കോട് കൊളത്തറ 'കാലിക്കറ്റ് വികലാംഗ വിദ്യാലയ'ത്തിലായിരുന്നു സമീഹയുടെ പഠനം. ബ്രെയിന്‍ ലിപികള്‍ അവള്‍ സ്വായത്തമാക്കി. പഠനത്തോടൊപ്പം ഉമ്മ റൈഹാന പകര്‍ന്നു കൊടുക്കുന്ന പാട്ടുകള്‍ അവള്‍ ബ്രെയ്ന്‍ ലിപിയില്‍ എഴുതുകയും പാടിത്തുടങ്ങുകയും ചെയ്തു.
മാതാപിതാക്കള്‍ എല്ലാ ദുഖങ്ങളും മകളുടെ പാട്ടിലൊളിപ്പിച്ചു. കൊച്ചനിയത്തിയുടെ സുന്ദര നാദം സഹോദരങ്ങളെ കോരിത്തരിപ്പിച്ചു.
സമീഹയുടെ സംഗീത വാസന തിരിച്ചറിഞ്ഞ സ്‌കൂളിലെ സംഗീത അധ്യാപകരായ കരീം മാസ്റ്ററും സീനത്ത് ടീച്ചറും നന്നായി പ്രോത്സാഹിപ്പിച്ചു. 
സമീഹ പാടുന്ന പാട്ടുകള്‍ പിതാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് വന്‍ സ്വീകാര്യത ലഭിച്ചു. സമീഹക്കും അവളുടെ പാട്ടുകള്‍ക്കും ആരാധകരും ആസ്വാദകരും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നിരവധി ഓണ്‍ലൈന്‍, യൂ ട്യൂബ് ചാനലുകളില്‍ ഇന്ന് സമീഹ തരംഗമാണ്.
പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് സമദാനിയുള്ളൊരു സ്റ്റേജില്‍ പാടിയ ഹിന്ദി ഗാനം ഒരു കോടിയില്‍പരം ആസ്വാദകര്‍ കേട്ടതില്‍ സമീഹ അഭിമാനിക്കുന്നു. നിരവധി അവസരങ്ങള്‍ അവളെ തേടിയെത്തി.
ചെറിയ ചെറിയ പ്രോഗ്രാമുകളിലും സമീഹ സാന്നിധ്യമറിയിച്ചു. ഇതിനിടയില്‍ മഞ്ചേരി അഭിലാഷ് മാസ്റ്ററുടെ കീഴില്‍ അല്‍പകാലം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. ഒപ്പം നിസാര്‍ തൊടുപുഴയുടെ കീഴില്‍ ഓണ്‍ലൈന്‍ വഴിയുള്ള സംഗീത പഠനവും.
ലളിത ഗാനവും മാപ്പിളപ്പാട്ടും തന്നെയാണ് സമീഹക്ക് ഏറെ പഥ്യം.
സ്‌കൂള്‍ സംസ്ഥാന തലത്തില്‍ പ്രശസ്ത കവി അബു കെന്‍സ(ഫൈസല്‍ കന്മനം)യുടെ വരികള്‍ പാടി ഒന്നാം സമ്മാനം നേടിയിട്ടുണ്ടെന്ന് സമീഹയും കുടുംബവും അഭിമാനത്തോടെ പറയുന്നു.
2016-'17 ഫറോക്ക് ഉപജില്ല സോണല്‍ കലാമേളയില്‍ ലളിതഗാനം ഒന്നാം സ്ഥാനം 2016-ലും 2017-ലും കോഴിക്കോട് ജില്ല 'ലോക വികലാംഗ ദിനാചരണം' ലളിതഗാനം ഒന്നാം സ്ഥാനം, 2017-ല്‍ 'കേരള ഫെഡറേഷന്‍ ഓഫ് ദ ബ്‌ളൈന്റ്' സംസ്ഥാനതല കലാകായിക മത്സരത്തില്‍ മാപ്പിളപ്പാട്ട്-ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം, 2016-ല്‍ എബിലിറ്റി ഫെസ്റ്റ് ലളിതഗാനം ഒന്നാം സ്ഥാനം തുടങ്ങി മദ്‌റസ തലത്തിലും സ്‌കൂള്‍ തലത്തിലും പ്രാദേശിക, ജില്ല, ഉപജില്ല, സംസഥാന കലാമത്സരങ്ങളില്‍ സമീഹ സമ്മാനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നു. മാപ്പിളപ്പാട്ട്, ലളിതഗാനം, ദേശഭക്തി ഗാനം, അറബിക് പദ്യം, പെരുന്നാള്‍ ഗാനം, തക്ബീര്‍, ഖുര്‍ആന്‍ പാരായണം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം തുടങ്ങി പല മത്സരങ്ങളിലും സമീഹ തന്റെ പ്രതിഭ തെളിയിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
മിക്ക ടെലിവിഷന്‍ ചാനല്‍ സംഗീത പരിപാടികളിലും പ്രദേശിക കലാപരിപാടികളും തന്റെ കഴിവ് പ്രകടിപ്പിക്കാനായി. 
കൂടാതെ ഈ കൊച്ചു മിടുക്കി ദുബൈ, ഖത്തര്‍ റേഡിയോകളില്‍ അതിഥിയായും പങ്കെടുത്തിട്ടുണ്ട്.
സംഗീത ലോകം തിരിച്ചറിഞ്ഞ അവളെ നടന്‍ വിനീത് ശ്രീനിവാസന്‍ തേടിയെത്തി. ഗായിക ചിത്രയും സിതാരാ കൃഷ്ണകുമാറുമെല്ലാം വരുമെന്ന പ്രതീക്ഷയിലാണ് സമീഹയിപ്പോള്‍. വേണുഗോപാല്‍ കൂടെ പാടാം എന്ന് അറിയിച്ച സന്തോഷത്തിലും.
ഗായകരില്‍ എല്ലാവരെയും ഇഷ്ടമാണെങ്കിലും ഏറെ ഇഷ്ടം യുവഗായകരായ സൂരജ് സന്തോഷും സിതാര കൃഷ്ണകുമാറും ആണെന്ന് സമീഹ പറയുന്നു.
നിരവധി പുരസ്‌കാരങ്ങള്‍ ഈ കൊച്ചു കലാകാരിയെ തേടി എത്തിയിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കെ.എം.കെ വെള്ളയില്‍ നയിക്കുന്ന 'ആള്‍ കേരള മാപ്പിള സംഗീത അക്കാദമി' പുരസ്‌കാരം, ചെറുവണ്ണൂര്‍ ഷാജന്‍ പുരസ്‌കാരം, പ്രശസ്ത ഗായകന്‍ സി.വി.എ കുട്ടി ചെറുവാടിയുടെ 'ഒരുമ പാട്ട് കൂട്ടം' എം.എസ് നസീം പുരസ്‌കാരം തുടങ്ങിയവ അതില്‍ ചിലതാണ്.
മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്മാരകം പുറത്തിറക്കിയ ബ്രെയിന്‍ ലിപിയിലുള്ള ആദ്യ മാപ്പിളപ്പാട്ട് പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത് ആഇശ സമീഹയാണ്. സമീഹയുടെ വീട്ടിലെത്തി പാട്ട്പുസ്തകം നല്‍കികൊണ്ടാണ് സ്മാരക സെക്രട്ടറി  റസാഖ് പയമ്പ്രോട്ട് ഉദ്ഘാടനവും വിതരണവും നിര്‍വഹിച്ചത്.
ലോകത്തെ കൗതുക കാഴ്ചകള്‍ കാണുന്നില്ലെങ്കിലും ഈ കൊച്ചു നക്ഷത്രത്തെ കാണാനും കേള്‍ക്കാനും ആ തിളക്കം ആസ്വദിക്കാനും കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top