ഫെംറ്റോ കെമിസ്ട്രിയുടെ പിതാവ്

റഹ്മാന്‍ മുന്നൂര്‍ No image

നൊബേല്‍ പുരസ്‌കാരജേതാവായ ഡോ.അഹ്മദ് ഹസന്‍ സവീല്‍ എന്ന രസതന്ത്ര ശാസ്ത്രജ്ഞനെകുറിച്ച് അറിയുന്നവരും ഓര്‍ക്കുന്നവരും വിരളമായിരിക്കും. രസതന്ത്രത്തിന്റെ ഉപശാഖകളില്‍ ഒന്നായ ഫെംറ്റോ കെമിസ്ട്രിയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. അറബ് വസന്തത്തെ തുടര്‍ന്ന് ഈജിപ്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നതിനു വേണ്ടിയുള്ള കിടമല്‍സരങ്ങളില്‍ ഒരു മധ്യസ്ഥന്റെ റോളില്‍ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വം കൂടിയായിരുന്നു ഡോ.അഹ്മദ് ഹസന്‍ സവീല്‍.

ഫെംറ്റോ കെമിസ്ട്രിയില്‍ നല്‍കിയ സംഭാവനകളെ പുരസ്‌ക്കരിച്ചാണ്  ഡോ.അഹ്മദ് ഹസന്‍ സവീലിനെ 1999 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഭൗതികരസതന്ത്രത്തിന്റെ ഒരു ഭാഗമാണ് ഫെംറ്റോ കെമിസ്ട്രി. തന്മാത്രകളില്‍ രാസബന്ധങ്ങളില്‍ പരസ്പരം കൂട്ടി ഘടിപ്പിക്കപ്പെട്ട അണുകങ്ങളി (Atoms) ലെ രാസപ്രതികരണങ്ങളെക്കുറിച്ചുള്ള പഠനമാണത്. അണുകങ്ങളുടെ പുനര്‍വിന്യാസത്തിലൂടെ പുതിയ തന്‍മാത്രകള്‍ രൂപം കൊള്ളുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കുകയാണ് അത്‌കൊണ്ട് ലക്ഷ്യമാക്കുന്നത്. അണുകങ്ങളിലെ അത്യന്തശീഘ്രമായ ഈ പുനര്‍ വിന്യാസപ്രക്രിയ പ്രകൃതിയിലെ അടിസ്ഥാനചലനങ്ങളിലൊന്നത്രെ. സമയത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റുകളിലൊന്നാണ് ഫെംറ്റോ സെക്കന്റ്. ഒരു ഫെംറ്റോ സെക്കന്റ് ഉദ്ദേശം 10-15 സെക്കന്റാണ്. അതായത് ഒരു സെക്കന്റിന്റെ 10 ലക്ഷം കോടിയില്‍ ഒരംശം. അത്രയും സൂക്ഷ്മവും വേഗതയാര്‍ന്നതുമായ ഈ അണുചലനത്തെ ചതുര്‍മാന സ്‌നാപ്‌ഷോട്ടുകളായി ദൃശ്യവല്‍ക്കരിക്കുന്നതിനുള്ള ഒരു സാങ്കേതിക മാര്‍ഗ്ഗം 1980-കളില്‍ ഡോ.സവീലും കൂട്ടുകാരും കണ്ടുപിടിച്ചു. സൂപ്പര്‍ഫാസ്റ്റ് ലേസര്‍ സ്‌പെക്ട്രാസ്‌കോപ്പിയിലൂടെയാണത് സാധ്യമാക്കിയത്. വസ്തുക്കളുടെ ഏറ്റവും ചെറിയഘടകമായ തന്‍മാത്രകള്‍ക്കുള്ളിലെ അണു ചലനങ്ങളുടെ ഒരു വിസ്മയലോകമാണ് അതിലൂടെ ശാസ്ത്രജ്ഞര്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടത്. ഫെംറ്റോ കെമിസ്ട്രി എന്ന ശാസ്ത്രശാഖയുടെ പിറവി അങ്ങനെയായിരുന്നു. ഫെംറ്റോ സെക്കന്റില്‍ നിന്നത്രെ ഫെംറ്റോ കെമിസ്ട്രി എന്ന പേരു നിഷ്പന്നമായത്. ജീവശാസ്ത്രം, വൈദ്യശാസ്ത്രം, ഡിഎന്‍എ പഠനം, പോളിമര്‍സര്‍ഫോര്‍മേഷന്‍ തുടങ്ങിയ അനേകം മേഖലകളില്‍ ഫെംറ്റോ കെമിസ്ട്രിയുടെ പ്രയോഗവല്‍ക്കരണം സുപ്രധാന നേട്ടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

1946 ഫെബ്രുവരിയില്‍ ഈജിപ്തിലെ ദമന്‍ഹൂറിലാണ് അഹ്മദ് ഹസന്‍ സവീല്‍ ജനിച്ചത്. അലക് സാണ്‍ട്രിയ യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം പെന്‍സില്‍വാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശേഷം കാലിഫോര്‍ണിയ യൂണിവവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് നടത്തി. കുറച്ച്കാലം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം 1976-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യില്‍ ഫിസിക്കല്‍ ബയോളജി പ്രഫസറായി നിയമനം ലഭിച്ചു. അവിടെ ലിനസ് പോളിങ്ങ് ചെയറില്‍ കെമിക്കല്‍ ഫിസിക്‌സ് ഫ്രഫസറായും, അള്‍ട്രാഫാസ്റ്റ്&ടെക്‌നോളജിയില്‍ ഫിസിക്കല്‍ ബയോളജി പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഡോ.അഹ് മദ് ഹസന്‍ സവീലിന്റെ രസതന്ത്ര ഗവേഷണങ്ങള്‍ക്കെല്ലാം വേദിയായത് 'കാല്‍ടെക്' ആയിരുന്നു.

2002-ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഡോ.സവീല്‍ പ്രസിഡണ്ട് ഒബാമയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും പ്രഗല്‍ഭരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഉള്‍കൊള്ളുന്നതാണ് പ്രസ്തുത സമിതി.

2009-ല്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങളിലേക്ക് ശാസ്ത്രജ്ഞരുടെ ദൗത്യസംഘങ്ങളെ അയക്കു വാനുള്ള അമേരിക്കന്‍ തീരുമാനം ഒബാമ വെളിപ്പെടുത്തുകയുണ്ടായി. മുസ്ലീം രാജ്യ ങ്ങളും അമേരിക്കയും തമ്മിലുള്ള ശാസ്ത്രസാങ്കതിക വിനിമയമായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. അതനുസരിച്ച് ആദ്യമായി മുസ്ലീം രാജ്യങ്ങളിലേക്ക് അയക്കപ്പെട്ട മൂന്നംഗ ദൗത്യത്തിന് നേതൃത്വം നല്‍കിയത് ഡോ.സവീല്‍ ആയിരുന്നു.

2011-ല്‍ അറബ് വസന്തത്തിന്റെ ഭാഗമായി ഈജിപ്തില്‍ യുവജനപ്രക്ഷോഭങ്ങള്‍ ആഞ്ഞടിക്കുകയും പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടം നിലം പൊത്തുകയും ചെയ്തപ്പോള്‍ സ്വരാജ്യത്തേക്ക് മടങ്ങുവാനുള്ള തീരുമാനം ഡോ.സവീല്‍ വ്യക്തമാക്കി. അതോടെ അദ്ദേഹം വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: 'തുറന്ന മനസ്സുള്ള ഒരാളാണ് ഞാന്‍. യാതൊരുവിധത്തിലുള്ള രാഷ്ട്രീയ അതിമോഹങ്ങളും എനിക്കില്ല. ഈജിപ്തിനെ ശാസ്ത്രമേഘലയില്‍ സേവിക്കുകയും ഒരു ശാസ്ത്രജ്ഞനായി മരിക്കുകയും ചെയ്യുക എന്ന ഒറ്റ ആഗ്രഹമേ എനിക്കുള്ളു. ഇത് ഞാന്‍ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്.'ഈജിപ്തില്‍ തിരിച്ചെത്തിയശേഷം അന്നത്തെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്‍ സജീവമായ ചില ഇടപെടലുകള്‍ അദ്ദേഹം നടത്തുകയുണ്ടായി. പ്രഗല്‍ഭ അഭിഭാഷകനും  2005-ലെ തെരഞ്ഞെടുപ്പില്‍ ഹുസ്‌നി മുബാറക്കിന്റെ എതിരാളിയുമായിരുന്ന ഐമന്‍ നൂറുമായി സഹകരിച്ചുകൊണ്ട് ഭരണഘടനാ പരിഷ്‌ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹുസ്‌നി മുബാറക്കിന്റെ രാജിയെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത സൈന്യത്തിനും മുഹമ്മദ് അല്‍ബാദിയെ അനുകൂലിക്കുന്ന വിപ്‌ളവകാരികളായ യുവജനങ്ങള്‍ക്കുമിടയില്‍ ഒരു മധ്യസ്ഥനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1999-ലെ നൊബേല്‍ പുരസ്‌ക്കാരത്തിന് പുറമെ ദേശീയവും അന്തര്‍ദേശീയവുമായ അനേകം അവാര്‍ഡുകളും ബഹുമതികളും ഡോ.അഹ്മദ് ഹസന്‍ സവീലിന് ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌ക്കാര (1989)വും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വേള്‍ഡ് അവാര്‍ഡ് ഓഫ് സയന്‍സും (2006) അവയില്‍ പ്രധാനപ്പെട്ടതാണ്. 

2001-ല്‍ അമേരിക്കയിലെ റോയല്‍ സൊസൈറ്റി അംഗമായും 2003-ല്‍ റോയല്‍ സ്വീഡിഷ് അക്കാദമി അംഗമായും അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടു.ഹാരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി(2002) ലൂണ്ട് യൂണിവേഴ്‌സിറ്റി, സ്വീഡന്‍(2003), കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി (2006), കംപൂള്‍ടെന്‍സ് യൂണിവേഴ്‌സിറ്റി, മാഡ്രിഡ്, സ്‌പെയിന്‍(2008) ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി (2009) ഗ്ലാസ് ഗോ യൂണിവേഴ്‌സിറ്റി (2014) തുടങ്ങിയ നിരവധി സര്‍വ്വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ശാസ്ത്രസംബന്ധമായ ഒട്ടെറെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഡോ.സവീല്‍ രചിച്ചിട്ടുണ്ട്. അഡ്വാന്‍സസ് ഇന്‍ ലേസര്‍ സ്പക്‌ട്രോസ്‌കോപ്പി, അഡ്വാന്‍സസ് ഇന്‍ ലേസര്‍ കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി ആന്റ് ഫോട്ടോ ബയോളജി, അള്‍ട്രാ ഫാസ്റ്റ് ഫിനോമിന, ദി കെമിക്കല്‍ ബോണ്ട്, ഫിസിക്കല്‍ കെമിസ്ട്രി, ഫ്രം ആറ്റംസ് ടു മെഡിസിന്‍, 4ഉഇലക്‌ട്രോണ്‍ മൈകോസ്‌കോപ്പി, 4ഉ വിഷ്വലൈസേഷന്‍ ഓഫ് മാറ്റര്‍ എന്നിവ അവയില്‍ ചിലതാണ്.

2016 ആഗസ്റ്റ് 2-ന് തന്റെ 76- ാമത്തെ വയസ്സിലാണ് ഡോ.അഹ്മദ് ഹസന്‍ സവീലില്‍ മരണപ്പെട്ടത്. സൈനീക ബഹുമതികളോടെ നടത്തപ്പെട്ട സംസ്‌ക്കാര ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് സിസി, പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍, അല്‍അസ്ഹര്‍ ഗ്രാന്റ് ഇമാാം അഹമ്മദ് ത്വയ്യിബ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ അക്കാദമിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മുന്‍ ഗ്രാന്റ് മുഫ്ത്തി അലി ജുംഅയാണ് മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.

ആധുനിക ശാസ്ത്രത്തിന് ഡോ.അഹമദ് ഹസന്‍ സവീലിന്റെ  സംഭാവനകള്‍ അതുല്യവും അവിസ്മരണനീയവുമാണ്. കഠിനാധ്വാനത്തിലൂടെയും സ്ഥിരോല്‍സാഹത്തിലൂടെയുമാണ് ശാസ്ത്രത്തിന്റെ അത്യുന്നതമേഖലകള്‍ അദ്ദേഹത്തിന് കയ്യടക്കാനായത്. മുസ്ലിം നാടുകളിലെ, വിശേഷിച്ചും മധ്യപൗരസ്ത്യ മേഘലയിലെ യുവശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വലിയൊരു പ്രചോദനശക്തിയായിരുന്നു അദ്ദേഹം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top