കവയിത്രിയായ ഖന്‍സാ

സഈദ് മുത്തനൂര്‍ No image

      എന്റെ നയനമേ! നന്നായി കരയുക. എന്തിന് മടിക്കണം, എന്റെ കണ്ണുകള്‍ സഖറിനെ പോലുള്ള ഉദാരമനസ്‌കര്‍ക്കു വേണ്ടിയല്ലാതെ ആര്‍ക്ക് വേണ്ടി കരയണം.
ചെറുപ്പക്കാരന്‍, തങ്ങളുടെ ഗോത്രത്തിലെ കൃശഗാത്രന്‍. ആരും അദ്ദേഹത്തെ അറിയും. വീട്ടിലേക്ക് വഴി കാണിച്ചു തരും. സഖര്‍ നന്മയുടെ ഒരു പര്‍വതമായിരുന്നു.
പ്രസിദ്ധ കവയത്രി ഖന്‍സാ ബിന്‍ത് അംറ് തന്റെ സഹോദരനെ ഓര്‍ത്ത് പാടി.
ഇതൊക്കെ ഒരു കാലത്ത്. പിന്നീട് അവര്‍ മാറുകയായിരുന്നു. ഹസ്രത്ത് ഉമറിന്റെ കാലത്ത് ഖാദിസിയ്യ യുദ്ധവേളയില്‍ അവര്‍ തന്റെ നാലു മക്കളെയും അരികില്‍ വിളിച്ചിട്ടു പറഞ്ഞു: 'മക്കളെ, നിങ്ങള്‍ നിങ്ങളുടെ ഇംഗിതത്താലാണ് ഇസ്‌ലാം സ്വീകരിച്ചത്. ആരും നിര്‍ബന്ധിച്ചിട്ടല്ല, നിങ്ങള്‍ ഹിജ്‌റ (പലായനം) നടത്തിയതും. അല്ലാഹുവാണ! അവനല്ലാതെ ഇലാഹില്ല. നിങ്ങള്‍ ഒരു മാതാവിന്റെ ഗര്‍ഭാശയത്തില്‍ വളര്‍ന്നവരാണ്. അതേപോലെ ഒരു പിതാവേ നിങ്ങള്‍ക്കുള്ളൂ. ഞാന്‍ നിങ്ങളുടെ പിതാവിനെ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ അമ്മാവനെ നിന്ദിച്ചിട്ടുമില്ല. നിങ്ങളുടെ വംശം കളങ്കമറ്റതും നിങ്ങളുടെ പരമ്പര ദുഷ്‌കീര്‍ത്തിയില്ലാത്തതുമത്രെ.''
'നിങ്ങളറിയണം, അല്ലാഹുവിന്റെ മാര്‍ഗത്തിലെ സമരമല്ലാതെ ജീവിത വിജയം നേടിയെടുക്കാന്‍ മറ്റൊരു വഴിയില്ല. പരലോകത്തെ നിത്യജീവിതം. അതത്രെ ഇഹലോകത്തെ നശ്വര ജീവിതത്തേക്കാള്‍ മഹത്തായത്!'' അല്ലാഹു പറഞ്ഞതോര്‍ക്കുക. 'ഓ വിശ്വസിച്ചവരെ, ക്ഷമയോടെ പ്രാര്‍ത്ഥിക്കുക. അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ ധീരരായിരിക്കുക. സത്യസേവനത്തിന് പൂര്‍ണ സന്നദ്ധരായിരിക്കുക. അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക. നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം'' (ആലുഇംറാന്‍ 200).
'മക്കളെ നാളെ അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങള്‍ പോര്‍ക്കളത്തിലിറങ്ങും. ദൈവസഹായം അര്‍ഥിച്ചുകൊണ്ട് നിങ്ങള്‍ ശത്രുവിനെ നേരിടണം. യുദ്ധത്തിന്റെ തീ കത്തുമ്പോള്‍ അതിന്റെ ജ്വാലയായി നിങ്ങള്‍ കത്തിക്കയറണം. സത്യത്തിന്റെ മാര്‍ഗത്തില്‍ വാള്‍ വീശണം. ശത്രുസൈന്യാധിപനെത്തന്നെ ചിലപ്പോള്‍ നേരിടേണ്ടി വരും. വിജയിച്ചാല്‍ നല്ലത്. രക്തസാക്ഷിത്വം കൈവരിക്കാനായാല്‍ പരലോകത്ത് ശ്രേഷഠകരമായ പദവി നിങ്ങളെ കാത്തിരിക്കുന്നു.''
ഖന്‍സാഇന്റെ നാലുമക്കളും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു: 'ഉമ്മാ! ദൈവം അനുഗ്രഹിച്ചാല്‍ നിങ്ങളുടെ പ്രതീക്ഷകളെ ഞങ്ങള്‍ സാക്ഷാത്കരിക്കും. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍ പ്രാര്‍ഥിച്ചാലും?
പ്രഭാതം പൊട്ടിവിടര്‍ന്ന് യുദ്ധം ആരംഭിച്ചതും ഖന്‍സാഇന്റെ സന്തതികള്‍ അടര്‍ക്കളത്തില്‍ ചാടിവീണതും ഒപ്പം. പാട്ടുപാടിക്കൊണ്ട് അവര്‍ യുദ്ധഭൂമിയിലേക്ക് പുലിക്കുട്ടികളായി കടന്നുചെല്ലുകയായിരുന്നു.
ഖന്‍സാഇന്റെ വദനത്തില്‍ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരി വിടര്‍ന്നു. അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ കൈകള്‍ ഉയര്‍ത്തി: 'ഇലാഹീ! എന്റെ കൈയിലെ പ്രിയപ്പെട്ട വിഭവങ്ങള്‍ ഈ മക്കളാണ്. ഇവരെ ഞാനിതാ നിന്നെ ഏല്‍പ്പിക്കുന്നു!'' തങ്ങളുടെ മാതാവിന്റെ ഈ പരിവേദനവും പ്രാര്‍ഥനയും കേട്ട് മക്കളുടെ മനസ്സ് നേരത്തെ തന്നെ രക്തസാക്ഷിത്വത്തിന്റെ അഗ്‌നിസ്ഫുലിംഗങ്ങളായി മാറിയിരുന്നു.
യുദ്ധക്കളത്തില്‍ അവര്‍ ധീരമായി പൊരുതി. ശത്രുവിനെ ധീരമായി നേരിട്ടു. ആ പടക്കുതിരകള്‍ ഇരുപതോളം ശത്രു സൈനികരെ അരിക്കാക്കി. അവസാനം അവര്‍ യുദ്ധക്കളത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. തന്റെ മക്കളുടെ 'ശഹാദത്ത്' വാര്‍ത്ത കേട്ട ഖന്‍സാബീവി (റ) ദുഃഖപാരവശ്യം പ്രകടിപ്പിക്കുന്നതിന് പകരം പ്രപഞ്ചനാഥന്റെ മുമ്പില്‍ സാഷ്ടാംഗം നമിച്ചു.
'അല്ലാഹുവിന് സ്തുതി. അവന്‍ എന്റെ മക്കളെ രക്തസാക്ഷിത്വത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തി. അന്ത്യദിനത്തില്‍ ഈ രക്തസാക്ഷികളായ സന്തതികള്‍ കാരണം എനിക്ക് അല്ലാഹു അനുഗ്രഹത്തിന്റെ തണല്‍ വിരിച്ച് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''
ചെറുപ്രായമായിരുന്ന ഖന്‍സാബീവി (റ) ക്ഷമയിലും സ്‌ഥൈര്യത്തിലും മികവ് പുലര്‍ത്തി. ദുഃഖഗാനം പാടുന്നതിലും ഇവര്‍ക്ക് അസാധാരണ പാടവമായിരുന്നു.
ഹസ്രത്ത് ഖന്‍സാ പ്രമുഖ സ്വഹാബി വനിതകളില്‍ പെടുന്നു. നജ്ദിലെ ബനൂസലീം ഗോത്രവുമായാണ് അവര്‍ക്ക് ബന്ധം. ബനൂഖൈസ് ബ്‌നു ഐലാനിന്റെ ശാഖയാണിത്. ദാനധര്‍മത്തിലും ഉദാരതയിലും ഈ ഗോത്രം പേരെടുത്തു. നബിതിരുമേനി (സ) അവരുടെ ഗോത്രത്തെ പുകഴ്ത്തിക്കൊണ്ട് ഒരിക്കല്‍ പറഞ്ഞു: 'ഓരോ ഗോത്രത്തിനും ഓരോ അഭയകേന്ദ്രമുണ്ട്. അറബികളുടെ അഭയസങ്കേതം ഖൈസു ബ്‌നു ഐനാണ്.''
'തമാദുര്‍' എന്നാണ് ഖന്‍സാഇന്റെ ശരിയായ പേര്. ഹസ്രത്ത് ഖന്‍സാഇന്റെ ജനനം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും ഹിജ്‌റയുടെ ഏകദേശം 50 വര്‍ഷം മുമ്പ് ജനിച്ചിട്ടുണ്ടാകാമെന്ന് ചരിത്ര വിശകലനങ്ങളില്‍ നിന്ന് അറിയുന്നു. അവരുടെ പിതാവ് അംറ് ബ്‌നു സലാം ഗോത്രത്തിന്റെ തലവന്‍ ആയിരുന്നു. സാമ്പത്തിക ശേഷിയുള്ള ഒരാളായിരുന്നു അംറ്. അദ്ദേഹം മക്കളായ ഖന്‍സാഅ്, മുതുവിയ, സഖര്‍ എന്നിവരെ നല്ല നിലയില്‍ വളര്‍ത്തി. ഖന്‍സാ ചെറുപ്പത്തിലേ കവിതയില്‍ താല്‍പര്യം കാണിച്ചു. പിതാവിന്റെ പിന്തുണ കൂടിയായപ്പോള്‍ ഖന്‍സാഇലെ പാട്ടുകാരി ഉണര്‍ന്നു. മര്‍സിയ്യ (ചരമഗീതം) പടാനായിരുന്നു താല്‍പര്യം. ഖന്‍സാ യൗവനയുക്തയാകുമ്പോഴേക്ക് പിതാവ് ചരമഗതി പ്രാപിച്ചു. അത് ഖന്‍സാഇനെ തളര്‍ത്തി. എങ്കിലും സഹോദരന്മാര്‍ അവരെ നന്നായി ശ്രദ്ധിച്ചു.
അബ്ദുല്‍ ഉസ്സയുമായി ഖന്‍സാഇന്റെ വിവാഹം നടന്നു. അതില്‍ ഒരു പുത്രന്‍ ജനിച്ചു, അബൂബുശ്‌റ അബ്ദുല്ല. എന്നാല്‍ വൈകാതെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് മുര്‍ദാസ് ബ്‌നു അബൂആമിറുമായി വിവാഹം നടന്നു. അംറ്, സൈദ്, മുആവിയ എന്നീ പുത്രന്മാരും ഒരു പുത്രി അംറയും ആ ബന്ധത്തില്‍ പിറന്നു. ഭര്‍ത്താവ് ഉദാരനായിരുന്നു, ധീരനും. അദ്ദേഹത്തിന്റെ മരണത്തോടെ ഖന്‍സാ വിധവയായി ജീവിച്ചു. ഖന്‍സയുടെ ഇരു സഹോദരങ്ങളും വിധവയായിത്തീര്‍ന്ന തങ്ങളുടെ സഹോദരിയോട് ഏറെ സ്‌നേഹത്തോടും ആദരവോടും വര്‍ത്തിച്ചു. പിന്നീട് മുആവിയയും സഖറും കൊല്ലപ്പെട്ടു. ഇതോടെ ഖന്‍സാ തികച്ചും ഒറ്റപ്പെട്ടു. ആ സഹോദരങ്ങളെ വിശിഷ്യാ സഖറിനെ ഓര്‍ത്ത് ഖന്‍സാ ഏറെ വിലപിച്ചു. ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും അവര്‍ സഖറിന്റെ ഖബറിനരികില്‍ ചെന്ന് കണ്ണീര്‍ വാര്‍ത്തു. ' സൂര്യന്‍ ഉദിച്ചാല്‍ എനിക്ക് സഖറിനെ ഓര്‍മ്മ വരും,'' അവര്‍ പറഞ്ഞിരുന്നു. ''അതേ പോലെ ഓരോ അസ്തമയവും എന്നെ ഓര്‍മ്മിപ്പിക്കുന്നത് സഖറിനെയാണ്.''
'അര്‍സാല്‍ അറബ്- ചരമഗീതം പാടുന്ന അറബി കവി' എന്ന പേരില്‍ ഖന്‍സാ അറിയപ്പെട്ടു. സമകാലികരെല്ലാം ഖന്‍സാ എന്ന ഗാനകോകിലത്തെ തലകുലുക്കി അംഗീകരിച്ചിരുന്നു.
മദീനയിലെത്തിയാണ് ഖന്‍സാ ഇസ്‌ലാം സ്വീകരിച്ചത്. തന്റെ ആളുകള്‍ക്കൊപ്പം മദീനാ പള്ളിയില്‍ ചെന്നു ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ തന്റെ കാവ്യഭാവനയും കഴിവും ഖന്‍സാ മറച്ചുവെച്ചില്ല. അവര്‍ പാടിപ്പറന്നുകൊണ്ടിരുന്നു. പ്രവാചകനാകട്ടെ എല്ലാം കേട്ട് 'സബാഷ് ഖന്‍സാ' എന്ന് പ്രോത്സാഹിപ്പിച്ചതേയുള്ളൂ. ഇസ്‌ലാമിക പ്രവര്‍ത്തനത്തിനായി പിന്നീട് അവര്‍ പല ഭാഗത്തും സഞ്ചരിക്കുകയുണ്ടായി. അവരുടെ വാക്ചാതുരി ജനങ്ങളെ ആകര്‍ഷിച്ചു. അവരുടെ പ്രബോധനം വഴി ഒട്ടെറെ പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ഇടക്കിടെ മദീനയിലെത്തി നബിതിരുമേനിയെ സന്ദര്‍ശിക്കുന്നത് ഖന്‍സാഇന്റെ പതിവായിരുന്നു. അതില്‍ അവര്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഇസ്‌ലാം സ്വീകരിച്ചതില്‍പ്പിന്നെയും സഹോദരന്‍ സഖറിനെക്കുറിച്ചുള്ള ദുഃഖസ്മരണകള്‍ അവരുടെ മനസ്സില്‍ വിടാതെ നിന്നു. തന്റെ മുടികൊണ്ട് ഒരു 'കുടുമ' ഉണ്ടാക്കി സഖറിന്റെ ഓര്‍മകള്‍ അവര്‍ തലയിലേറ്റി നടന്നു.
അല്ലാമാ ഇബ്‌നു അസീര്‍ രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ഉമര്‍ ഫാറൂഖ് (റ) ഖന്‍സായോട് കഅ്ബാലയത്തില്‍ വെച്ചു കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: 'ഇത്തരം ദുഃഖാചരണം ഇസ്‌ലാമിലില്ല.''
അവര്‍ പ്രതികരിച്ചു: 'അമീറുല്‍ മുഅ്മിനീന്‍, ഒരു സ്ത്രീക്കും ഇങ്ങനെയൊരു ദുഃഖം പേറേണ്ടി വന്നിട്ടുണ്ടാവില്ല.''
'ഈ ലോകത്ത് ആളുകള്‍ക്ക് ഇതിലും വലിയ വിപത്തുകള്‍ പേറേണ്ടി വന്നിട്ടുണ്ട്. എല്ലാം ഒതുക്കിവെക്കാന്‍ ശ്രമിക്കുക. ഇസ്‌ലാം നിരോധിച്ച കാര്യങ്ങള്‍ തലയിലേറ്റരുത്'' ഹസ്രത്ത് ഉമര്‍ അവരോടു പറഞ്ഞു. ദുഃഖപാരവശ്യം പ്രകടിപ്പിക്കാന്‍ തലയില്‍ കുടുമ വെക്കുന്നതിനെ ഹസ്രത്ത് ആയിശയും നിശിതമായി എതിര്‍ത്തിരുന്നു. രണ്ടുപേരുടെയും അഭ്യര്‍ഥന മാനിച്ച് ഖന്‍സാബീവി (റ) തലയിലെ കുടുമ ഒഴിവാക്കുകയായിരുന്നു.
ഖന്‍സായുടെ മക്കള്‍ പല യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. അതേ തുടര്‍ന്ന് അവര്‍ക്ക് ഉമര്‍ പൊതു ഫണ്ടില്‍ പ്രത്യേക അലവന്‍സ് അനുവദിച്ചു. ഓരോരുത്തരുടെയും പേരില്‍ 200 ദിര്‍ഹമാണ് നല്‍കിയിരുന്നത്.
ഒരഭിപ്രായമനുസരിച്ച് ഖാദിസിയ്യാ യുദ്ധം കഴിഞ്ഞ് ഏഴോ എട്ടോ വര്‍ഷത്തിന് ശേഷം ഹി: 24-ലാണ് ഖന്‍സായുടെ മരണം. അതേസമയം മുആവിയയുടെ ഭരണകാലത്താണ് അവര്‍ കാലഗതി പ്രാപിച്ചതെന്നും അഭിപ്രായമുണ്ട്.
അവലംബം- തിദ്ക്കറെ സ്വഹാബിയ്യാത്ത്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top