ഭഗല്‍പൂര്‍ കലാപവും ശിലാന്യാസവും പിന്നെ കേരളവും

ശൈഖ് മുഹമ്മദ് കാരകുന്ന് No image

     കേരളത്തില്‍ വമ്പിച്ച വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ട് സംഭവങ്ങളാണ് ഭഗല്‍പൂര്‍ കലാപവും ശിലാന്യാസവും. സ്വതന്ത്ര ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. അവയൊക്കെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വളരെ ആസൂത്രിതമായി സംഘടിക്കപ്പെട്ടവയായിരുന്നു. എന്നാല്‍ അവയില്‍ പലതും കേരളീയ സമൂഹം അറിഞ്ഞിരുന്നില്ല. പത്രമാധ്യമങ്ങള്‍ എല്ലാം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. അടിയന്തരാവസ്ഥവരെ ഏതാണ്ട് എല്ലായിടത്തും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നുവല്ലോ ഭരിച്ചിരുന്നത്. കലാപങ്ങള്‍ക്ക് പലപ്പോഴും കാരണക്കാര്‍ ഭരണകൂടങ്ങളായിരുന്നു. നന്നേചുരുങ്ങിയത് അവ തടയുന്നതിലെങ്കിലും വളരെ ഗുരുതരമായ വീഴ്ചയും കുറ്റകരമായ നിലപാടുമാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ കലാപങ്ങള്‍ പുറത്ത് കൊണ്ടുവരാനും പ്രശ്‌നവല്‍ക്കരിക്കാനും ബാധ്യസ്ഥമായ മുസ്ലിംലീഗിന്റെ മുഖപത്രം പോലും കോണ്‍ഗ്രസുമായുളള സഖ്യം കാരണം വാര്‍ത്തകള്‍ മൂടിവെക്കുകയായിരുന്നു.
     'മാധ്യമം' പ്രസിദ്ധീകരണം ആരംഭിച്ചതോടെ രാജ്യമെങ്ങും നടക്കുന്ന സംഭവങ്ങള്‍ സത്യസന്ധമായി പുറത്ത് വരാന്‍ തുടങ്ങി. അതോടെ മലയാളികള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ അവസരം ലഭിച്ചു. അതോടൊപ്പം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും ഭീകരമായ ആദ്യത്തെ വര്‍ഗീയ കലാപമായിരുന്നു ഭഗല്‍പൂരിലേത്. വര്‍ഗീയ വികാരം ആളിക്കത്തിക്കാനായി ഹിന്ദുത്വവാദികള്‍ നടത്തിയ രാമശിലാപൂജ രാജ്യമെങ്ങും കലാപത്തിന് വഴിമരുന്നിട്ടു. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ശിലാപൂജയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ ഉണ്ടായി. എന്നാല്‍ ഏറ്റവും രൂക്ഷമായ സംഘട്ടനങ്ങള്‍ ഉണ്ടായത് ബിഹാറിലെ ഭഗല്‍പൂരിലാണ്. അവിടം കലാപഭൂമി ആക്കുന്നതില്‍ മുഖ്യകാരണക്കാരന്‍ പോലീസ് സൂപ്രണ്ട് എസ്.കെ. ദ്വിവേദിയാണ്. അദ്ദേഹത്തെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് പകരം സ്ഥലം മാറ്റുകയാണുണ്ടായത്. അതും പ്രധാനമന്ത്രി ഇടപെട്ടു റദ്ദാക്കി.
     നൂറുക്കണക്കിന് മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൊളളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത വര്‍ഗീയ യുദ്ധം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രമുഖ ദേശീയ പത്രം പതിവുപോലെ ഗുരുതരമായ കൃത്രിമം കാണിച്ചു. ക്രൂരമായ അക്രമത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട് കുളത്തില്‍ എറിയപ്പെട്ട മലിക്ക എന്ന പതിനാറുകാരിയുടെ കഥ റിപ്പോര്‍ട്ട് ചെയ്ത പത്രം മലിക്കയെ മല്ലികയാക്കി. സാമുദായിക പത്രം കുറ്റകരമായ മൗനം പാലിച്ചു. അപ്പോഴാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമായി കടന്നുവന്ന 'മാധ്യമം' ദിനപത്രം വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചുകൊണ്ടിരുന്നത്. അന്നത് മനസ്സിനെ കീറിമുറിക്കുന്ന രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടു. ഉറക്കം നഷ്ടപ്പെടുത്തിയ പടങ്ങളായിരുന്നു അവ രണ്ടും. ഒന്ന് മലികാബാനുവിന്റെതു തന്നെ. കാലുകള്‍ മുറിച്ചുമാറ്റപ്പെട്ട പതിനാറുകാരിയായ ആ പെണ്‍കുട്ടി കുളത്തില്‍ എറിയപ്പെട്ടു. മണിക്കൂറുകളോളം ജീവനുവേണ്ടി മല്ലടിച്ചുകൊണ്ടിരുന്നു. എങ്ങനെയോ രക്ഷപ്പെട്ട മലികാബാനുവിന്റെ ചിത്രം അന്ന് കണ്ടവരുടെയൊക്കെ മനസ്സിലിന്നും മായാതെ കിടക്കുന്നുണ്ടാകും. അത്രയേറെ ഹൃദയഭേദകമായിരുന്നു ആ പടവും അതിന് കൊടുത്ത വിശദീകരണവും.
     മറ്റൊരു ചിത്രം അതിനേക്കാള്‍ നീറ്റലുണ്ടാക്കുന്നതായിരുന്നു. ഒരു മൃതശരീരം കഴുകന്‍ കൊത്തിവലിക്കുന്ന പടം. ഭഗല്‍പൂരിലെ ഇത്തരം നടുക്കുന്ന ഫോട്ടോകളും വാര്‍ത്തകളും 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസ്സാണ് ബീഹാര്‍ ഭരിച്ചുകൊണ്ടിരുന്നത് എന്നതിനാല്‍ ഇതൊക്കെയും കോണ്‍ഗ്രസ് വിരുദ്ധവികാരം വളര്‍ത്തുന്നവയായിരുന്നു. രാജ്യമാണെങ്കില്‍ തെരെഞ്ഞടുപ്പിന്റെ വക്കിലും. അതിനാല്‍ പത്രത്തിന്റെ സമീപനം അവരെ ഏറെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാല്‍ പ്രകോപിതരായത് കോണ്‍ഗ്രസ്സുകാരല്ല, അവരുടെ സംഖ്യകക്ഷിയായ മുസ്‌ലിംലീഗാണ്. അവര്‍ മാധ്യമത്തിനും അത് നടത്തുന്നവര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. പത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. അവരുടെ പത്രത്തില്‍ മാധ്യമത്തിനും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരെ നിരവധിവാര്‍ത്തകളും ലേഖനങ്ങളും വന്നു. എന്നാല്‍ അവയൊക്കെയും പാഴ്‌വേലയാവുകയായിരുന്നു.
     ഇതേ കാലത്തുതന്നെയാണ് കുപ്രസിദ്ധമായ ശിലാന്യാസം നടക്കുന്നത്. ബാബരി മസ്ജിദ് പ്രശ്‌നം സ്‌ഫോടനാത്മകമായ സ്ഥിതിയിലായിരുന്നു. അതിന്റെ പേരില്‍ രൂപം കൊണ്ട വൈകാരിക അന്തരീക്ഷത്തെ ഹൈന്ദവ ഏകീകരണത്തിനും ഹിന്ദുവോട്ട്ബാങ്ക് സൃഷ്ടിക്കാനും സംഘ്പരിവാര്‍ പരമാവധി ശ്രമിച്ചു. ശ്രീരാമന്‍ ഹിന്ദുക്കളുടെ ആരാധ്യ പുരുഷനാണെന്നും രാമജന്മഭൂമി അവരുടെ പുണ്യസ്ഥലമാണന്നുമുള്ള വികാരം വളര്‍ത്താന്‍ കഠിനയത്‌നം നടത്തിക്കൊണ്ടിരുന്ന സംഘ്പരിവാറിന് രാമഭക്തിയുടെ അന്തരീക്ഷമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദൂരദര്‍ശന്‍ ചാനലിലൂടെ രാമയണ കഥ സംപ്രേക്ഷണം ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ വര്‍ഗീയ വൈര്യം വളര്‍ത്താനും സാമൂദായിക ധ്രുവീകരണം സൃഷ്ടിക്കാനും സംഘ്പരിവാര്‍ ഏറ്റവും കൂടുതലുപയോഗിച്ചത് രാമശിലാ പൂജയെയാണ്. രാമക്ഷേത്രം പണിയാനുളള ശില എന്നുപറഞ്ഞും പ്രചരിപ്പിച്ചുമാണ് രാമശിലാപൂജയും ആ ശിലകളുടെ ശേഖരണവും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഉദ്ദേശ്യം വര്‍ഗീയത വളര്‍ത്തലായിരുന്നു. ഇപ്പോള്‍ ഇക്കാര്യം അസന്നിഗ്ദധമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ആ കല്ലുകളിലൊന്നുപോലും ക്ഷേത്രനിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കാന്‍ പറ്റുകയില്ല. ശിലാപൂജയുടെ യാഥാര്‍ത്ഥ ഉദ്ദേശ്യം അന്നുതന്നെ കാര്യബോധമുളളവരൊക്കെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പൂജിച്ച ശിലകള്‍ അയോധ്യയിലേക്ക് അയച്ചുകൊണ്ടിരുന്നു. ആദ്യ ശില കൊണ്ടുവന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണെന്ന് പ്രചരിക്കപ്പെട്ടു.
ഈ വൈകാരികാന്തരീക്ഷത്തില്‍ 1989 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് അങ്കണത്തിലെ തര്‍ക്കഭൂമിയില്‍ തറക്കല്ലിടാന്‍ സംഘ്പരിവാര്‍ തീരുമാനിച്ചു. അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ രാജ്യത്ത് ഒരു ശക്തിയുമില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഈ ഘട്ടത്തില്‍ ശിലാന്യാസം തടയണമെന്നാവശ്യപ്പെട്ട് വി.എം താര്‍ക്കുണ്ടേ, സി.എസ്. തിവാത്തിവേ, രാകേഷ് പാണ്ഡേ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ അതിനൊന്നും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ തങ്ങളുടെ ഹീനശ്രമത്തില്‍ നിന്നും തടയാനായില്ല.
     നവംബര്‍ ഒമ്പതിന് ശിലാന്യാസം തര്‍ക്കഭൂമിയില്‍ തന്നെ നടന്നു. എന്നാലത് തര്‍ക്കഭൂമിക്ക് പുറത്താണെന്നാണ് ആകാശവാണിയും ദൂരദര്‍ശനും മറ്റു സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളും പ്രചരിപ്പിച്ചത്. അലഹാബാദ് ഹൈകോടതി വിധിയെ മറികടക്കാനായിരുന്നു ഈ പ്രചാരണം. എന്നാല്‍ ഹിന്ദു പത്രവും മാധ്യമവും സത്യം പുറത്തുവിട്ടു. ശിലാന്യാസം തര്‍ക്കഭൂമിയിലാണെന്ന് സംശയത്തിന് ഇടമില്ലാത്ത വിധം വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ഈ നിയമലംഘനം നടന്നതെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നുവെന്നുമുളള സത്യം വ്യക്തമാക്കി. ബാബരി മസ്ജിദിനെതിരായ ഗൂഢാലോചനയില്‍ തുടക്കം മുതലേ കോണ്‍ഗ്രസ് പങ്കാളിയായിരുന്നുവെന്നകാര്യവും തുറന്നു കാണിച്ചു. പളളി പൂജക്ക് തുറന്നുകൊടുക്കുകയും ശിലാപൂജയിലൂടെ വര്‍ഗീയത വളര്‍ത്താനും കലാപങ്ങളുണ്ടാക്കാനും ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നഗര വികസന അതോറിറ്റിയുടെ അംഗീകൃത നിയമങ്ങള്‍ കാറ്റില്‍ പറത്തി ശിലാന്യാസത്തിന് അനുമതി നല്‍കുകയായിരുന്നു. ഈ വസ്തുതകളൊക്കെ മാധ്യമം പുറത്തറിയിച്ചതോടെ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിക്ക് വീണ്ടും കലിയിളകി. അവര്‍ തങ്ങളുടെ പത്രത്തിന്റെ മുന്‍പേജില്‍ ശിലാന്യാസം തര്‍ക്ക ഭൂമിയിലല്ലെന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചു. തുടര്‍ന്നുളള രണ്ട് ദിവസവും അത് പലവിധ വിശദീകരണങ്ങളോടെ ആവര്‍ത്തിച്ചു. എന്നാല്‍ നലാം ദിവസം അവര്‍ക്ക് ആ നിലപാട് മാറ്റേണ്ടിവന്നു. സത്യം അംഗീകരിക്കാന്‍ അവരും നിര്‍ബന്ധിതരായി. അപ്പോഴേക്കും മാധ്യമത്തെയും അത് നടത്തുന്നവരെയും ആക്ഷേപിക്കാനും ശകാരിക്കാനും പരിഹസിക്കാനും ധാരാളം മഷിയും കടലാസും ചെലവഴിക്കേണ്ടിവന്നു.
     മറച്ചുവെക്കപ്പെടുകയും മാറ്റിമറിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മലയാളി സമൂഹം മനസ്സിലാക്കിത്തുടങ്ങുകയായിരുന്നു. ഈ രംഗത്തെ ശ്രദ്ധേയങ്ങളായ രണ്ട് സംഭവങ്ങളായിരുന്നു ഭഗല്‍പൂര്‍ കലാപവുംശിലാന്യാസവും. രണ്ടിലുമുണ്ടായ വിവാദങ്ങളുടെ പര്യവസാനം വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നേരിന് കരുത്തുപകരുന്നതുമായിരുന്നു. രണ്ടിലും ഇടപെടാന്‍ അവസരം ലഭിച്ചതിലെ സന്തോഷത്തിന്റെ സുന്ദരസ്മരണകള്‍ ഇപ്പോഴും മങ്ങാതെ നിലനില്‍ക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top