അവകാശങ്ങളെ കുറിച്ച് ഇനിയുമിനിയും പറയാം

നുഷ്യാവകാശങ്ങളും നീതിയും സമത്വവും തുല്യതയുമൊക്കെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഡിസംബര്‍ 10 വര്‍ഷാവര്‍ഷം നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്. വ്യക്തിയെന്ന നിലയില്‍ മതപരമായും ലിംഗപരമായും രാഷ്ട്രീയമായും കിട്ടേണ്ട അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് നമ്മെ ഈ ദിനം ബോധവാന്മാരാക്കുന്നുണ്ട്. ഈയര്‍ഥത്തില്‍ ഇത്തരമൊരു ദിനത്തിന്റെ പ്രസക്തിയേറുക തന്നെയാണ്.
എന്നാല്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവകാശത്തെക്കുറിച്ച തിരിച്ചറിവുകള്‍ ഏറെ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും അതവര്‍ക്ക് കിട്ടുന്നുണ്ട് എന്നുറപ്പുവരുത്തേണ്ട ഭരണകൂടത്തിന് ഈയൊരു തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നാണ് നിത്യേനയുള്ള സംഭവങ്ങള്‍ വെളിവാക്കുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് എഴുതപ്പെട്ട രേഖകളില്‍ തന്നെയാണ് അവകാശലംഘനങ്ങള്‍ ഏതെല്ലാമാണെന്നും എഴുതിപ്പിടിപ്പിച്ചത്. അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനെക്കാള്‍ അത് ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യതകളിലേക്ക് കടന്നുകയറാതിരിക്കുക എന്ന വ്യക്തികളുടെ അവകാശം നിരന്തരം ഭരണകൂടങ്ങളാല്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം പൗരന്മാരെപോലും സംശയത്തോടെ കരുതുന്ന ഭരണകൂടങ്ങള്‍ അന്യദേശത്തേക്കുകൂടി ചാരക്കണ്ണുകള്‍ വ്യാപിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്ന കഥകള്‍ നിത്യേന കേട്ടുകൊണ്ടിരിക്കുകയാണ്.
ദേശീയതയുടെയും ദേശസുരക്ഷിതത്വത്തിന്റെയും മറവില്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ കുറെ കാലമായി മനുഷ്യാവകാശ ലംഘനത്തിനിരയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരപരാധികളാണെന്ന് നിയമം വിധിയെഴുതിക്കഴിയുമ്പോഴേക്കും പഠനവും തൊഴിലും കുടുംബവും ജീവിത ചുറ്റുപാടും നഷ്ടപ്പെട്ട യുവാക്കളും അവരെ ചൊല്ലി കണ്ണീരൊഴുക്കുന്ന മക്കളും ഭാര്യമാരും നമുക്കു മുമ്പിലുണ്ട്. വിചാരണ പോലുമില്ലാതെ ജയിലറക്കുള്ളിലായവരെ കുറിച്ച് വേവലാതിയുമായി കഴിയുന്ന ഇവരുടെ മക്കളെയും ഭാര്യമാരെയും മാതാക്കളെയും മറന്നുകൊണ്ടാണ് നാം മനുഷ്യാവകാശ ദിനങ്ങള്‍ ആചരിക്കുന്നത്.
പലരും നിരപരാധികളാണെന്നറിഞ്ഞിട്ടും അവരെ കനപ്പെട്ട ശിക്ഷ നല്‍കുന്ന നിയമത്തിനകത്താക്കണമെന്നത് പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണെന്നും അത് ദേശീയതയുമായി ബന്ധപ്പെട്ടതാണെന്നുമാണ് അധികാര വാദം. അപ്പോള്‍ പൊതുബോധം ആരാണ് സൃഷ്ടിച്ചെടുക്കുന്നതെന്നും ആരുടേതാണ് ദേശമെന്നും എന്തുകൊണ്ട് പ്രത്യേക വിഭാഗങ്ങള്‍ ദേശത്തിനു പുറത്തായിപ്പോകുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്. ആ വിശദീകരണം ചെന്നെത്തുക കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വത്തിന്റെയും താല്‍പര്യങ്ങളെ  മാത്രം സംരക്ഷിക്കുന്നവരിലേക്കാണ്. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഇതിനിടയില്‍ ഞെരിഞ്ഞുപോയ മനുഷ്യത്വവുമായി ബന്ധപ്പെട്ട മറ്റൊന്നുണ്ട്. ജയിലറക്കുള്ളിലായവരുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി കോടതി കയറുന്ന, പിതാവുണ്ടായിരിക്കെ അനാഥത്വം പേറേണ്ടി വരുന്ന മക്കളുടെയും ഭര്‍ത്താവുണ്ടായിരിക്കെ വൈധവ്യം അനുഭവിക്കുന്ന ഭാര്യമാരുടെയും അവരെ പെറ്റുപോറ്റിയ മാതാപിതാക്കളുടെയും വേദന. നിരപരാധിയെന്ന് പറഞ്ഞ് കാലമേറെ ചെന്ന് കാരാഗ്രഹത്തിന് പുറത്തുനിന്ന് വരുമ്പോഴേക്കും ഈ മക്കള്‍ക്കും ഭാര്യക്കും മാതാപിതാക്കള്‍ക്കുമുള്ള ബാപ്പയുടെ, ഭര്‍ത്താവിന്റെ,  മകന്റെ തൊട്ടുതലോടലുകളും സ്‌നേഹവും കരുതലും ഒക്കെ തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ടാവും. ഭാര്യയും ഭര്‍ത്താവും മക്കളും മാതാപിതാക്കളുമുള്‍പ്പെടെയുള്ള നമ്മുടെ കുടുംബത്തിനു വേണ്ടി രാപ്പകല്‍ പണിയെടുക്കുന്ന നമുക്കൊക്കെ ഇവരെക്കുറിച്ചൊന്നും ഓര്‍ക്കാതെ ഈ ദിനം ആചരിക്കാന്‍ കഴിയുന്നുവെങ്കില്‍ അതിനര്‍ഥം മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ച ബോധം വലുതായൊന്നും നമ്മില്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top