പ്രിയതമന്റെ നല്ലപാതി

സഈദ് മുത്തനൂര്‍ No image

ഒരിക്കല്‍ ഒരു പരദേശി നബിതിരുമേനിയുടെ അടുക്കല്‍ വന്നു. അയാളുടെ കൈവശം ഒന്നുമില്ല. രാത്രിയായപ്പോള്‍ അയാളുടെ ഭക്ഷണ കാര്യം ഒരു പ്രശ്‌നമായി. ആദ്യം തിരുമേനി സ്വന്തം വീട്ടില്‍ വല്ലതുമുണ്ടോ എന്നന്വേഷിച്ചു. അവിടെ ഒന്നുമുണ്ടായിരുന്നില്ല. ഒരു അതിഥിയുടെ പ്രശ്‌നമാണ്, എന്തെങ്കിലും ചെയ്‌തേ പറ്റൂ. അതിനാല്‍ തിരുമേനി (സ) സ്വന്തം അനുചരന്മാരെ സമീപിച്ച് പറഞ്ഞു. 'ഇത് വിരുന്നുകാരനാണ്, ഇയാളെ കൊണ്ടുപോയി ആഹാരമൂട്ടാന്‍ ആര്‍ക്ക് കഴിയും.' തിരുമേനിയുടെ അനുയായികള്‍ ഖുര്‍ആനില്‍ നിന്ന് വെളിച്ചം ഏറ്റുവാങ്ങിയവരാണല്ലോ. അതുകൊണ്ടു തന്നെ അവരില്‍പ്പെട്ട അബൂത്വല്‍ഹ മുന്നോട്ട് വന്നു. ''തിരുദൂതരെ, ഞാനിദ്ദേഹത്തെ കൊണ്ടുപോയിക്കൊള്ളാം. അദ്ദേഹത്തെ എന്റെ കൂടെ അയക്കുക.''
ഹസ്രത്ത് അബൂത്വല്‍ഹ അതിഥിയെയും കൂട്ടി വീട്ടിലെത്തി. ''ഒരു വിരുന്നുകാരനുണ്ട്. ഇന്ന് ഇദ്ദേഹത്തിന്റെ ഭക്ഷണം ഇവിടെയാണ്.'' അബൂത്വല്‍ഹ വീട്ടുകാരിയെ വിളിച്ചറിയിച്ചു. ഭാര്യ ഉമ്മുസുലൈം(റ) ഒരു പരദേശിയെ അതിഥിയായി കിട്ടിയതില്‍ ഏറെ സന്തോഷിച്ചു. കൂടാതെ റസൂല്‍ തിരുമേനി പറഞ്ഞയച്ചതുമാണല്ലൊ. അവര്‍ക്ക് അഭിമാനം തോന്നി. എന്നാല്‍ വീട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ വല്ലാത്ത ദുഃഖവും. അവര്‍ വേദനയോടെ അബൂത്വല്‍ഹയോട് പറഞ്ഞു: ''ഇവിടെ കുട്ടികള്‍ക്കുള്ള അല്‍പം ഭക്ഷണമേയുള്ളൂ അതുകൊണ്ടെങ്ങനെ അതിഥിയെ ഊട്ടും.'' അബൂത്വല്‍ഹ അതുകേട്ട് ചിന്താമഗ്നനായി. ആലോചനയില്‍ നിന്നുണര്‍ന്നുകൊണ്ടദ്ദേഹം പറഞ്ഞു: ''എന്തായാലും അതിഥിക്ക് ആഹാരം കൊടുത്തേ പറ്റൂ. അതിനാല്‍ കുഞ്ഞുങ്ങളെ താരാട്ട് പാടി ഉറക്കുക. അവര്‍ പട്ടിണിയിലായിക്കൊള്ളട്ടെ. ഇന്ന് വിരുന്നുകാരനെ സല്‍കരിക്കാം.''
എന്നാല്‍ അറബികളുടെ സമ്പ്രദായമനുസരിച്ച് ആതിഥേയനും വിരുന്നുകാരനൊപ്പം ഭക്ഷണം കഴിക്കണം. അതിഥി ഒറ്റക്ക് കഴിക്കാന്‍ കൂട്ടാക്കില്ല. ഇവിടെയാണെങ്കില്‍ അതിഥിയുടെ കൂടെ വീട്ടുകാരന് കൂടി കഴിക്കാന്‍ മാത്രം വിഭവങ്ങളില്ല. അതിഥി പട്ടിണ് കിടന്നുകൂടാ. എന്ത് ചെയ്യും. വിരുന്നുകാരന്‍ ഒരിക്കലും വീട്ടുകാരുടെ അവസ്ഥ അറിയാനും പാടില്ല. വിശന്നവനെ ഊട്ടുക, ആവശ്യക്കാരന്റെയും ആവലാതിക്കാരന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ഇതൊക്കെ ഏറെ പുണ്യവും പ്രതിഫലവുമുള്ള കാര്യമാണല്ലൊ അബൂത്വല്‍ഹ ഇതേക്കുറിച്ച് നല്ല ബോധവാനാണ്. ആ പ്രതിഫലം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ. ഉടനെ അദ്ദേഹം ഒരു തന്ത്രം മെനഞ്ഞു. വീട്ടുകാരിയെ വിളിച്ചിട്ട് പതുക്കെ പറഞ്ഞു. ഞങ്ങള്‍ തീന്‍മേശയിലിരിക്കുമ്പോള്‍ നീ വിളക്കിന്റെ തിരി നന്നാക്കാനാണെന്ന മട്ടില്‍ വിളക്ക് ഊതിക്കെടുത്തണം. എണ്ണ തീര്‍ന്നു എന്ന രൂപേണ നിന്നാല്‍ മതി. ഞാന്‍ വിരുന്നുകാരന്റെ കൂടെ ഭക്ഷണം കഴിക്കുന്നതുപോലെ വായകൊണ്ടും കൈകൊണ്ടും അനക്കമുണ്ടാക്കും വീട്ടുകാരനും തന്റെ കൂടെ കഴിക്കുന്നുണ്ടെന്ന് കരുതി വിരുന്നുകാരന്‍ വയറ് നിറച്ചുകൊള്ളും. അപ്പോള്‍ അതിഥിയുടെ ആവശ്യം നിറവേറുകയും നമ്മുടെ നാഥന്റെ തൃപ്തി കരഗതമാവുകയും ചെയ്യും.
അതങ്ങനെതന്നെ സംഭവിച്ചു. വിളക്കണഞ്ഞു. ഇരുട്ട് പരന്നു. അതിഥി വിശപ്പടക്കി. അബൂത്വല്‍ഹ സംതൃപ്തിയടഞ്ഞു. ഉമ്മുസുലൈം പ്രയതമന്റെ നല്ലപാതിയായി കൂടെ നിന്ന് പ്ലാന്‍ നടപ്പാക്കി. പദ്ധതി വന്‍ വിജയം! പിറ്റെ പ്രഭാതം പൊട്ടി വിടര്‍ന്നത് വാനലോകത്ത് നിന്നുള്ള സന്തോഷവൃത്താന്തം കേട്ടാണ്. ജിബ്‌രീല്‍ മാലാഖ ദൈവസന്ദേഷവുമായി തിരുനബിയെ സമീപിച്ചു. അബൂത്വല്‍ഹക്കും ഉമ്മുസുലൈമിനും അല്ലാഹുവിന്റെ ആശീര്‍വാദം! ആ ദമ്പതികള്‍ ആരും അറിയാതെ ചെയ്ത സത്കര്‍മ്മം അല്ലാഹുവില്‍ നിന്നറിഞ്ഞ് തിരുനബി (സ)യുടെ വദനം പ്രകാശിച്ചു. നിങ്ങള്‍ ആ അതിഥിയോട് കാണിച്ച ആതിഥ്യമര്യാദ ദയാപരനായ നാഥനെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്നു. തിരുനബി അബൂത്വല്‍ഹയെ അറിയിച്ചു. നാഥന്‍ തങ്ങളെക്കുറിച്ച് സന്തുഷ്ടനായെന്നറിഞ്ഞ് അബൂത്വല്‍ഹയുടെ കുടുംബം പുളകം കൊണ്ടു. ഏത് ലക്ഷ്യം വെച്ച് അവര്‍ കര്‍മം ചെയ്‌തോ അത് ഉന്നം പിഴച്ചില്ല; ലക്ഷ്യം കണ്ടിരിക്കുന്നു. വിശുദ്ധ വേദഗ്രന്ഥത്തില്‍ ആ വരികള്‍ ഇന്നും വിശ്വാസികള്‍ വായിക്കുന്നു. ''തങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ പോലും ഇവര്‍ തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു'' (വി.ഖു: 59:9)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top