ജനാധിപത്യത്തിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍

ആധുനിക ഭരണക്രമത്തില്‍ ഏറ്റവും മെച്ചപ്പെട്ട ഭരണമായി ജനാധിപത്യം വിലയിരുത്തപ്പെട്ടത്, അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ മാനിക്കുമെന്നതിനാലാണ്. അതുകൊണ്ടുതന്നെയാണ് മൌലികാവകാശങ്ങളുടെയും പൌരാവകാശങ്ങളുടെയും പുലരികളെ സ്വപ്നംകാണാന്‍ തുടങ്ങിയവര്‍ ജനാധിപത്യത്തിന്റെ നല്ല നാളുകള്‍ക്കായി പ്രയത്നിച്ചത്. എന്നാല്‍ ജനാധിപത്യത്തിനുമേല്‍ അധികാര രാഷ്ട്രീയം ആധിപത്യം നേടുമ്പോള്‍ അത് വെറുമൊരു സ്വപ്നം മാത്രമാവുകയാണ്. 
ജനാധിപത്യ മറവില്‍ മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ പുതിയൊരു ലോകത്തിനായി പണിയെടുത്തവരും അത് സ്വപ്നം കണ്ടവരും രാജ്യത്തിന്റെ പുറംപോക്കിലാണിന്ന്. ഭരണകൂടം അരികിലേക്ക് മാറ്റിയവന്റെ അവകാശപ്പോരാട്ട വിമോചന സമരങ്ങളാണ് ഇന്ത്യയുള്‍പ്പെടെ ലോകത്താകമാനം ജനാധിപത്യത്തിന്റെ പേരില്‍ മേനി നടിക്കുന്ന ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നത്. പൌരന്റെ അറിയാനുള്ള അവകാശത്തിന്മേലാണ് ഭരണകൂടം വാളോങ്ങുന്നത്.
പള്ളിക്കൂടങ്ങള്‍ അന്യമായ മക്കളാണ് നമുക്കേറെയും. അറിവിന്റെ ലോകത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട വരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദം പുറംലോകത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ലോകത്താകമാനമുള്ള ഭരണകൂടം പയറ്റുന്ന മര്‍ദ്ദന തന്ത്രം ഒന്നുതന്നെയാണ്. വികലമായ വികസന നയം പിന്തുടര്‍ന്നതോടെ പണക്കാര്‍ക്ക് മാത്രമായി റോഡും പാലവും വൈദ്യുതിയും ഉണ്ടാക്കാനായി ജീവനും സമ്പത്തും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ട് കുടിയിറക്കപ്പെടുന്നവര്‍ ഏറുകയാണ്. സിംഗൂരും നന്ദിഗ്രാമും കൂടംകുളവും പോസ്കോയും ജയ്താപൂരും മാത്രമല്ല നീതി നിഷേധത്തിന്റെ സാക്ഷികളായി അന്തസ്സോടെയുള്ള ജീവിത മാര്‍ഗത്തിനുവേണ്ടി സമരം ചെയ്യുന്നവരെ എവിടെയും രാഷ്ട്രസുരക്ഷയുടെ പേരില്‍ തീവ്രവാദികളും ഭീകരവാദികളുമാക്കുന്നതാണ് ഭരണകൂട ശൈലി.
മര്‍ദ്ദിതന്റെ നികുതിപ്പണം കൊണ്ടുതന്നെ അവനെതിരെ പ്രത്യേക നിയമവും ജയിലുകളുമുണ്ടാക്കുന്നു. രാജ്യ സുരക്ഷയുടെ മറവില്‍ പെണ്ണിനെ ബലാത്സംഗം ചെയ്യാനുള്ള അവകാശമാണ് വടക്ക് കിഴക്കന്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഉദാരവത്ക്കരണമെന്ന സാമ്പത്തിക നയത്തിന്റെ മറവില്‍ സബ്സിഡികള്‍ വെട്ടിക്കുറക്കുമ്പോള്‍ പാചകവാതകവും മണ്ണെണ്ണയും അരിയും റേഷനും മരുന്നും പാവപ്പെട്ടവന് നിഷേധിക്കപ്പെടുന്നു. എന്നാല്‍ മുതലാളി ഉദ്യോഗസ്ഥ കൂട്ടുകെട്ടിനും നികുതി വെട്ടിപ്പിനും കള്ളപ്പണം വിദേശ ബാങ്കുകളില്‍ കടത്താനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഈ അന്യായത്തിനെതിരെ പ്രതികരിക്കുന്നവന്റെ ദേശക്കൂറ് ചോദ്യം ചെയ്ത് അവര്‍ക്കുവേണ്ടി ജയിലറകള്‍ തുറക്കുകയാണ്.
എല്ലാ മനുഷ്യാവകാശ ലംഘനത്തിന്റെയും ആത്യന്തിക ഇരകള്‍ സ്ത്രീകളും കുട്ടികളും തന്നെയാണ്. പുതു വര്‍ഷപ്പുലരികളില്‍ ശാസ്ത്രീയ നേട്ടങ്ങളുടെ മികവും സാങ്കേതികതയുടെ തികവും എടുത്തോതി മേനി നടിക്കുന്ന രാജ്യ ഭരണാധികാരികളെ നോക്കി ഒരുപാട് മാതാക്കളും ഭാര്യമാരും തേങ്ങുന്നുണ്ട്, തങ്ങളുടെ മക്കളെ, ഭര്‍ത്താക്കന്മാരെ എന്തിനാണ് നിങ്ങള്‍ തടവറകള്‍ക്കുള്ളിലാക്കിയതെന്ന് ചോദിച്ച്. തങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്ന സമൂഹത്തെ നോക്കി കണ്ണീര് വറ്റാത്ത ഈ സ്ത്രീ ജീവിതങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനും ചോദിക്കാനുമുണ്ട്. നിരപരാധിത്വം തെളിയിക്കാനായി കോടതികളില്‍ കയറിയിറങ്ങി കാലം കഴിക്കാന്‍ വിധിക്കപ്പെട്ടരില്‍ ചിലരെ ഓര്‍മപ്പെടുത്തുകയാണ് ഞങ്ങള്‍. പുതുവര്‍ഷം പിറക്കുന്നത് നീതിയുടെയും സമാധാനത്തിന്റെയും നാളുകളിലേക്കാവട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top