വെല്ലുവിളി ഏറ്റെടുക്കുമോ?

കൂടംകുളം ജനത സമരത്തിലാണ്. ജീവിക്കാനും തൊഴില്‍ ചെയ്യാനും ജീവിതഖനി നല്‍കുന്ന കടലമ്മയുടെയും തങ്ങളുടെയും ആവാസവ്യവസ്ഥ തകരാതിരിക്കാനുമാണവര്‍ പൊരുതുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മാധ്യമങ്ങളുടെയും ആശീര്‍വാദങ്ങളോ സഹായങ്ങളോ ഇല്ലാഞ്ഞിട്ടും ഭരണകൂടത്തെ അമ്പരപ്പിച്ചുകൊണ്ട് സമരം നീണ്ടുപോകുന്നത് ഒരു ജനതയുടെ ഇഛാശക്തികൊണ്ടു മാത്രമാണ്. ജീവന്‍ കൊണ്ട് പൊരുതുന്നവരെ തൊട്ടടുത്ത് നില്‍ക്കുന്ന മലയാളികളില്‍ വലിയൊരു വിഭാഗവും അറിഞ്ഞ മട്ടില്ല.
1988-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും സോവിയറ്റ് യൂനിയന്‍ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ഒപ്പുവെച്ച ആണവകരാര്‍ പദ്ധതിയില്‍ നിന്നാണ് കൂടംകുളം ആണവ പദ്ധതി തുടങ്ങുന്നത്. ആണവ മുങ്ങിക്കപ്പല്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിനു വേണ്ടിയുള്ള കരാറായിരുന്നു ഇതെങ്കിലും ആണവ റിയാക്ടര്‍ കച്ചവടത്തിനുള്ള തീരുമാനങ്ങളും ഇതിലുണ്ടായിരുന്നു. 1997-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സ്റ്റിനും തുടര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെയാണ് പദ്ധതിക്കായി ഭൂമിയേറ്റെടുത്തതും പ്രൊജക്ട് തയ്യാറാക്കപ്പെട്ടതും.
1978-ല്‍ അമേരിക്ക അവസാനിപ്പിക്കുകയും 2030-ഓടെ നിര്‍ത്തിവെക്കുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ മിക്കതും പറയുകയും ചെയ്ത, ത്രീമൈല്‍ ഐലന്റ്, ചെര്‍ണോബില്‍, ഫുക്കുഷിമ തുടങ്ങിയ ദുരന്താനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത പദ്ധതിയാണ് ഒരു ജനതയുടെ ചെറുത്തുനില്‍പ്പും പോരാട്ടവും കണ്ടില്ലെന്ന് നടിച്ച് പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ മെനക്കെടുന്നത്. ഇതിനെതിരെ പൊരുതുന്നവരെയും അനുകൂലിക്കുന്നവരെയും രാജ്യദ്രോഹികളാക്കുക എന്നതാണ് അധികാര നയം. 15000 കോടി രൂപ ചെലവിട്ടു പോയില്ലേ എന്നതാണ് ആണവ റിയാക്ടറില്‍ ഇന്ധനം നിറക്കാന്‍ സമ്മതിക്കില്ലെന്ന വാശിയോടെ വളര്‍ത്തമ്മയായ കടലിന്റെ മടിത്തട്ടില്‍ സഹനസമരം നടത്തിയവരോട് പോലും ധിക്കാരം കാണിക്കാന്‍ സര്‍ക്കാര്‍ പറയുന്ന ന്യായം. ഈ സഹന സമരത്തില്‍ ചില ജീവിതങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതായി. ആണവ നിലയത്തില്‍ ഇന്ധനം നിറക്കാനുള്ള അനുമതി സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സമരം പുതിയ തലത്തിലേക്ക് നീങ്ങിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്നും നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും, ആണവനിലയത്തില്‍ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍ നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയുമോ എന്നും സുപ്രിംകോടതി ആരാഞ്ഞിരുന്നു.
ഊര്‍ജാവശ്യത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ വമ്പന്‍ പാരസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്ന ഒരു പദ്ധതിക്ക് എന്തിനാണ് മുതിരുന്നത് എന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ; ഭരണ ഉദ്യോഗസ്ഥ മൂലധന ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട്. ഒരു ജനത ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതുമ്പോള്‍ കൂടെ നില്‍ക്കാന്‍ അടിസ്ഥാനവര്‍ഗത്തിന്റെ ആവലാതികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പറയുന്നവര്‍ക്കുപോലും ആവുന്നില്ല. വൈദ്യുതിയുടെ വെള്ളിവെളിച്ചത്തില്‍ ആര്‍ഭാടവും അലങ്കാരവും നടത്തി സുഖിക്കുന്ന, ആണവ നിലയത്തിനു വേണ്ടി വാദിക്കുന്നവരോട് ജീവിതംകൊണ്ട് സമരം ചെയ്യുന്നവര്‍ ചോദിക്കുകയാണ്.''നിങ്ങളിവിടെ വന്നു താമസിക്കുമോ? എങ്കില്‍ ഞങ്ങള്‍ വിശ്വസിക്കാം, ഇതപകടമല്ലെന്ന്.'' ആ വെല്ലുവിളി ഏറ്റെടുക്കാന്‍ മാത്രം തന്റേടമുള്ള ആരുണ്ട് അധികാരി വര്‍ഗത്തില്‍?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top