വിധവകളുടെ മൃതദേഹം വെട്ടിനുറുക്കി ചാക്കുസഞ്ചിയില്‍

ഇന്‍സാഫ്‌

ബ്രാഹ്മണ നിര്‍മിതവും നിയന്ത്രിതവുമായ സനാതനധര്‍മത്തില്‍ വൈധവ്യം തീരാശാപവും മുജ്ജന്മപാപങ്ങളുടെ അനിവാര്യ ശിക്ഷയുമാണ്. ശൈശവവിവാഹം ഹൈന്ദവാചാരപ്രകാരം നിഷിദ്ധമല്ലെന്നിരിക്കെ എത്ര ഇളംപ്രായത്തില്‍ വിവാഹിതയായ പെണ്‍കുട്ടിയായാലും ഭര്‍ത്താവ് മരണപ്പെട്ടാല്‍ പുനര്‍വിവാഹം പാടില്ല. അഭിശപ്തയായ വിധവയുടെ സാന്നിധ്യം കുടുംബത്തിനും അപലക്ഷണമാണ്. അങ്ങനെ എല്ലാവരാലും ത്യജിക്കപ്പെടുന്ന ഈ ഹതഭാഗ്യകളുടെ ശിഷ്ടജീവിതം ക്ഷേത്രപരിസരങ്ങളിലെ യാചകികളായോ തെരുവുകളിലെ വേശ്യകളായോ എരിഞ്ഞൊടുങ്ങുന്നു. ഏതോ പൗരാണികകാലത്തെ കഥയല്ലിത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഭാരതത്തിന്റെ മണ്ണില്‍, ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്തിയ ഭരണഘടനയുടെ കീഴില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. വിധവകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നിര്‍മിച്ച അഭയകേന്ദ്രങ്ങളിലാകട്ടെ, അവരുടെ ദൈന്യാവസ്ഥ മനുഷ്യത്വത്തിന്റെ പ്രാഥമിക താല്‍പര്യങ്ങളെപ്പോലും വെല്ലുവിളിക്കുന്നതാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
യു.പിയിലെ മഥുരയില്‍ വൃദ്ധകളുടെയും വിധവകളുടെയും അഭയകേന്ദ്രമായി സര്‍ക്കാര്‍ നിര്‍മിച്ച വൃന്ദാവന്‍ കോളനിയില്‍ കഴിയുന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി (ഡി.എല്‍.എസ്.എ) നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ട വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തൂപ്പുകാരെ ഏല്‍പിക്കുകയും അവരത് വെട്ടിനുറുക്കി ചാക്കുസഞ്ചികളിലാക്കി കൊണ്ടുപോയി കളയുകയും ചെയ്യുന്ന ഏര്‍പാടാണ് കാലങ്ങളായി തുടരുന്നതത്രെ. 'അഖില ഭാരതീയ മാ ശ്രദ്ധ സമാജ് കല്യാണ്‍ സമിതി' എന്നൊരു സന്നദ്ധ സംഘടനയെയാണ് സര്‍ക്കാര്‍ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ഏല്‍പിച്ചിരിക്കുന്നത്. ശവസംസ്‌കാരത്തിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ അവര്‍ കണ്ടെത്തിയ വേലയാണ് മൃതദേഹങ്ങളോടുള്ള ഈ ഹീനമായ അനാദരവ്. യു.പി സംസ്ഥാന സര്‍ക്കാറിന്റെ തന്നെ കീഴിലുള്ള മഹിള സമാജ് കല്യാണ്‍ നിഗാം നടത്തുന്ന സ്ഥാപനത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. മഥുര ജില്ലയില്‍ മാത്രം ഉറ്റവരും ഉടയവരും കൈയൊഴിഞ്ഞ 3151 വൃദ്ധകളും വിധവകളുമുണ്ടത്രെ.
ഒരുവശത്ത് സനാതന സംസ്‌കൃതിയുടെ പേരില്‍ തമോയുഗത്തിലെ ക്രൂരമായ അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ മാത്രമല്ല മഹത്വവത്കരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള സംഘടിതശ്രമം, അതിനായി അനേകായിരം കോടികളുടെ ധനസമാഹരണം, മറുവശത്ത് ഈ അത്യാചാരങ്ങളുടെ ഇരകളുടെ കണ്ണീരൊപ്പാനും അവരെ പുനരധിവസിപ്പിക്കാനുമെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാലാകാലങ്ങളായി നീക്കിവെക്കുന്ന ഭീമന്‍ തുകയുടെ ദുര്‍വിനിയോഗവും കടുത്ത അഴിമതിയും. ഇതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ യഥാര്‍ഥ ചിത്രം. മധുരപ്പകുതിയെന്നും തുല്യപൗരന്മാരെന്നും ദൈവതുല്യരായ അമ്മമാരെന്നും വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളാണ് അന്ധവിശ്വാസാചാരങ്ങളുടെയും ദുര്‍ഭരണത്തിന്റെയും ഏറ്റവും ദയനീയ ഇരകളെന്ന യാഥാര്‍ഥ്യം ബോധപൂര്‍വം വിസ്മരിക്കപ്പെടുന്നു. അതേയവസരത്തില്‍ സാങ്കല്‍പികമോ നിസ്സാരമോ ആയ സ്ത്രീ പ്രശ്‌നങ്ങളുടെ പേരില്‍ നിരന്തരം ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഒമ്പതു കോടി മുസ്‌ലിം സ്ത്രീകളില്‍ ഒരു ശതമാനംപോലും വരില്ല ബഹുഭാര്യത്വത്തിന് വിധേയരായവരുടെ എണ്ണം. രണ്ടാം ഭാര്യമാരെല്ലാം പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമല്ല താനും. മറ്റെല്ലാ കാര്യങ്ങളെയും പോലെ ബഹുഭാര്യത്വാനുവാദവും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു മാത്രം. എന്നാല്‍, ഇതിനെതിരെ നിരന്തരം ഉയരുന്ന ശബ്ദഘോഷങ്ങള്‍ കേട്ടാല്‍ തോന്നുക, ഇത്രത്തോളം വ്യാപകമായ സ്ത്രീപീഡനം നടക്കുന്ന മറ്റൊരു മേഖലയും ഇല്ലെന്നാണ്. ബഹുഭാര്യത്വവും മുത്തലാഖും നിയന്ത്രിക്കപ്പെടുകയും ദുര്‍വിനിയോഗം തടയപ്പെടുകയും വേണം എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതുപക്ഷേ, ഇന്ത്യന്‍ സ്ത്രീസമൂഹം നേരിടുന്ന കൂടുതല്‍ ഗൗരവതരമായ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ നിസ്സാരമാണെന്ന് കാണാനാവും.
സ്വാമി വിവേകാനന്ദനും പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവുമെല്ലാം ഹൈന്ദവ നവോത്ഥാന നായകരായി അറിയപ്പെടുന്നവരാണ്. സതി, ജാതീയത, അസ്പൃശ്യത പോലുള്ള അന്യാദൃശാചാരങ്ങള്‍ക്കെതിരെ പടപൊരുതാനും ഹിന്ദുസമൂഹത്തെ അനാചാരമുക്തമാക്കാനും അവരൊക്കെ വേണ്ടുവോളം പണിപ്പെട്ടിട്ടുണ്ട്. തത്ഫലമായി രാജ്യത്ത് വലിയൊരളവോളം വെളിച്ചം പ്രസരിച്ചിട്ടുമുണ്ട്. പക്ഷേ, അവരേക്കാള്‍ വാശിയോടെ പ്രാകൃതവിശ്വാസാചാരങ്ങളില്‍ ഹിന്ദുസമൂഹത്തെ തളച്ചിടാനും ആളുകളുണ്ടായി. നിര്‍ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ക്കാണ് ഉത്തരാധുനിക കാലഘട്ടത്തില്‍ കരുത്തും പ്രചാരണവും ലഭിക്കുന്നത്. കാരണം ദുരൂഹമല്ല. സംഘ്പരിവാര്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ സ്വാധീനമാണ് അതിപ്രാചീനമായ വിശ്വാസാചാരങ്ങള്‍ക്ക് സംസ്‌കൃതിയുടെ പേരില്‍ മഹത്വവും പുനഃപ്രതിഷ്ഠയും  ലഭിക്കാന്‍ വഴിയൊരുക്കുന്നത്. സംഘ്പരിവാറിനെ നയിക്കുന്നതാകട്ടെ ബ്രാഹ്മണ്യവും. ശ്രീപത്മനാഭ ക്ഷേത്ര നിലവറകളില്‍നിന്ന് കണ്ടെടുത്ത വിലമതിക്കാനാവാത്ത സമ്പത്ത് ഹിന്ദുസമൂഹത്തിന്റെപോലും ക്ഷേമത്തിന് ഉപയോഗിക്കാനാവാതെ ഭൂതം കാക്കുന്ന നിധിയെപ്പോലെ ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ, സുരക്ഷക്ക് കോടികള്‍ ചെലവഴിച്ചുകൊണ്ട് കെട്ടിപ്പൂട്ടിവെക്കണമെന്നാണല്ലോ ദേവപ്രശ്‌നത്തില്‍ നമ്പൂതിരിമാര്‍ കണ്ടെത്തിയത്. അവര്‍ക്ക് സംഘ്പരിവാറിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ സെക്യുലര്‍ സര്‍ക്കാറും! സ്വന്തം കാലിലെ മന്തു മറന്ന് ആരാന്റെ കാലിലെ നീര്‍ക്കെട്ടിനെതിരെ ഒച്ചവെക്കാനാണ് നമുക്ക് താല്‍പര്യം. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?                                                |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top