മാനവികതയുടെ നാശം

ജസ്റ്റിസ്‌വി.ആര്‍ കൃഷണയ്യര്‍ അധ്യക്ഷനായ വനിതാ ശുശുക്ഷേമ കമ്മീഷന്‍ തയ്യാറാക്കിയ വിമന്‍സ്‌ കോഡ്‌ ബില്‍ സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കുകയാണ്‌. വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തെയും അവകാശത്തെയും സംബന്ധിച്ച്‌ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി 2010ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ പി.കെ ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായിരിക്കുമ്പോഴാണ്‌ ഒരു വര്‍ഷ കാലാവധിയില്‍ കമ്മീഷനെ നിയമിച്ചത്‌. പന്ത്രണ്ട്‌ അംഗ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യരായിരുന്നു. കുട്ടികള്‍ക്ക്‌ അധ്യാപകനില്‍ നിന്നേല്‍ക്കേണ്ടി വരുന്ന മര്‍ദനമുറകള്‍, അവരുടെ ഹാജറും കൊഴിഞ്ഞു പോക്കും, പെണ്‍ ഭ്രൂണഹത്യ, സ്‌ത്രീ പീഡനം എന്നിവ കമ്മീഷന്‍ പഠന വിധേയമാക്കിയിട്ടുണ്ട്‌. ഈ കൂട്ടത്തിലാണ്‌ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥിതിയെ താറുമാറാക്കുന്ന ഒന്നായി ജനസഖ്യാ പെരുപ്പത്തെ എടുത്തു കാട്ടുകയും ഏറ്റവും പെട്ടെന്ന്‌ തടയേണ്ട സാമൂഹിക വിപത്താണിതെന്ന്‌ പറയുകയും ചെയ്‌തിട്ടുള്ളത്‌.
വനിതാ ശിശുക്ഷേമ ബില്ല്‌ പ്രാബല്യത്തില്‍ വന്ന്‌ ഒരു വര്‍ഷത്തിനകം രണ്ടു കുട്ടികളില്‍ കൂടുതലുണ്ടാവുകയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്‌താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 107-ാം വകുപ്പനുസരിച്ച്‌ ശിക്ഷ അനുഭവിക്കണം. നിയമലംഘനം നടത്തുന്നവര്‍ സിവില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. ജനപ്പെരുപ്പ നിയന്ത്രണം നടപ്പില്‍ വരുത്തുന്നതിന്‌ പത്ത്‌ അംഗങ്ങളില്‍ കുറയാത്ത കമ്മീഷന്‍ രൂപവത്‌കരിക്കണം. മൂന്നാമതൊരു കുട്ടിക്ക്‌ വേണ്ടി വാദിക്കുന്ന മതസംഘടനകളോ ജാതിയോ 10,000 രൂപ പിഴയോ മൂന്ന്‌ മാസം തടവോ അനുഭവിക്കണം. ഇതിലെ അംഗങ്ങള്‍ ഈ നയത്തോട്‌ യോജിപ്പുള്ള മതേതര നിലപാടുള്ള സാമൂഹിക പ്രവര്‍ത്തകനാകണം. രാഷ്ട്രീയ മതസംഘടനകളുടെ ഭാരവാഹികള്‍ കമ്മീഷനില്‍ പാടില്ല, വിവാഹസമയത്ത്‌ സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധികളും അതുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കണം, ആശുപത്രികള്‍ വഴി സൗജന്യ ഗര്‍ഭഛിദ്രം അനുവദിക്കണം, വിവാഹമോചനങ്ങള്‍ എളുപ്പമാക്കാന്‍ കോടതിക്ക്‌ പുറത്ത്‌ സ്ഥിരം സംവിധാനം വേണം. തുടങ്ങി ഒട്ടുവളരെ കാര്യങ്ങളാണ്‌ കമ്മീഷന്‍ നിര്‍ദേശത്തിലുള്ളത്‌. കുട്ടികള്‍ കൂടുതലുണ്ടാവുന്നതാണ്‌ മലിനീകരണത്തിന്‌ കാരണമെന്ന വാദവും കമ്മീഷന്‍ അംഗങ്ങള്‍ക്കുണ്ട്‌.
അബദ്ധജടിലവും ലോകത്തെ കണ്ണ്‌ തുറന്നുനോക്കാത്തതുമാണ്‌ നിര്‍ദേശങ്ങള്‍. ജനസംഖ്യാ വര്‍ധനവ്‌ വിഭവങ്ങളില്‍ കുറവുവരുത്തും പട്ടിണിയും മാലിന്യവും ഉണ്ടാക്കും എന്നത്‌ ശാസ്‌ത്രീയ പഠനങ്ങളൊക്കെ തള്ളിക്കളഞ്ഞതാണ്‌. നമ്മുടെ നാട്ടിന്റെ വിഭവശേഷി മനുഷ്യനാണ്‌. സാമ്പത്തിക സുസ്ഥിതി നിലനിര്‍ത്തുന്നതില്‍ ഗണ്യമായൊരു വിഭാഗം, ജനസംഖ്യനിയന്ത്രണം മൂലം വൃദ്ധന്മാര്‍ ഭാരമായ നാട്ടില്‍ അവരെ പരിചരിക്കാന്‍ നഴ്‌സുമാരായും ആയമാരായും പോകുന്നവരുമുണ്ട്‌.
പല കാരണങ്ങളാല്‍ പ്രജനനിരക്ക്‌ കുറയുന്നതിനോടൊപ്പം ജനസംഖ്യാ നിയന്ത്രണവുമായാല്‍ അത്‌ സൃഷ്ടിക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന തിരിച്ചറിവ്‌ ഇന്ന്‌ യൂറോപ്പിനുണ്ട്‌. വിഭവദാരിദ്ര്യമല്ല, വിതരണത്തിലെ അസന്തുലിതാവസ്ഥയാണ്‌ ദാരിദ്ര്യത്തിനു കാരണം. ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അംഗമാണ്‌ നാം. നമ്മുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യശേഖരം 60 ലക്ഷം ടണ്‍ ആണ്‌. ഭക്ഷ്യവിഭവങ്ങള്‍ കയറ്റി അയച്ച്‌ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതാണ്‌ മൂന്നാം ലോക രാജ്യങ്ങളുടെ ദാരിദ്ര്യത്തിനു കാരണം.
മാലിന്യത്തിന്‌ കാരണം സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും സ്വകാര്യമുതലാളിമാരുടെ സ്വാര്‍ത്ഥതയുമാണ്‌. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളല്ല, ഇവിടെ ജീവിക്കുന്നവരാണ്‌ പ്രകൃതിയുടെ ആവാസവ്യവസ്ഥ തെറ്റിച്ചത്‌. രണ്ടുമക്കള്‍ മാത്രമുള്ള സമ്പന്നന്റെ കൊട്ടാര വെയ്‌സ്റ്റുകളാണ്‌ അഞ്ചും പത്തും മക്കളുള്ള പാവപ്പെട്ടവന്റെ കൂരക്കരികില്‍ ദുര്‍ഗന്ധം പരത്തുന്നത്‌.
ആശുപത്രികള്‍ തോറും ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ തുടങ്ങുന്നത്‌ സ്‌ത്രീ സമൂഹത്തെ സംരക്ഷിക്കാനല്ല, പെണ്‍പിറവിയുടെ നാശത്തിനാണ്‌ എന്ന്‌ ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. രണ്ടു കുട്ടികള്‍ മതിയെന്ന്‌ പറഞ്ഞാല്‍ ലിംഗ നിര്‍ണയം നടത്തി ആദ്യം കൊല്ലുക പെണ്‍ ഭ്രൂണത്തെയായിരിക്കും. ജനസംഖ്യാ നയം കര്‍ശനമായി തുടരുന്ന ചൈനയില്‍ ഭ്രൂണഹത്യ കര്‍ശനമായി നിരോധിച്ചിട്ടും അവിടുത്തെ സ്‌ത്രീപുരുഷാനുപാതം 1223പുരുഷന്മാര്‍ക്ക്‌ 1000സ്‌ത്രീകള്‍ എന്ന നിലയിലേക്ക്‌ താണു. 2011ലെ നമ്മുടെ കുടുംബാരോഗ്യസര്‍വേകളും ജനസംഖ്യാപഠനങ്ങളും തെളിയിക്കുന്നത്‌ ദേശീയ ജനസംഖ്യാ നയം നടപ്പില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ സ്‌ത്രീപുരുഷാനുപാതം സ്‌ത്രീക്ക്‌ പ്രതികൂലമാണെന്നാണ്‌.1980 ല്‍ 3.7 കോടി പെണ്‍ഭ്രൂണങ്ങള്‍ ഇങ്ങനെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.1000 പുരുഷന്മാര്‍ക്ക്‌ 836 സ്‌ത്രീകള്‍ എന്നാണ്‌ നിലവിലെ കണക്ക്‌. സ്‌ത്രീ സുരക്ഷക്കെന്ന പേരില്‍ സമര്‍പ്പിച്ച നിയമം സ്‌ത്രീസമൂഹത്തിന്റെ നാശത്തിനു മാത്രമല്ല, മാനവരാശിയുടെ നാശത്തിനു കൂടി ഉള്ളതാണ്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top