റസൂലിന്റെ കാലത്ത് സാമൂഹിക സേവനരംഗങ്ങളില്‍ വലിയ തോതില്‍ സ്ത്രീ പങ്കാളിത്തമുണ്ട്. പല തലങ്ങളിലും ശൈലികളിലുമായിരുന്നു ആ പങ്കാളിത്തം. ലക്ഷ്യങ്ങളും വ്യത്യസ്തമായിരുന്നു. ഏതാനും ഉദാഹരണങ്ങള്‍ നോക്കാം.
പൊതു ആവശ്യങ്ങള്‍ക്ക് നീക്കിവെക്കല്‍. അബ്ദുല്‍ വാഹിദ് ബ്നു അയ്മന് പറയുന്നു: എന്റെ പിതാവ് ആഇശ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍, ഒരു പരുക്കന്‍ പരുത്തി വസ്ത്രം ധരിച്ച നിലയിലാണ് അവരെ കണ്ടത്. അതിന് അഞ്ച് വെള്ളിനാണയമേ വിലയുള്ളൂ. അവര്‍ എന്നോട് പറഞ്ഞു: നോക്കൂ, എന്റെ ഭൃത്യക്ക് ഈ വസ്ത്രം വീട്ടില്‍ ധരിക്കുന്നത് പോലും കുറച്ചിലാണ്. റസൂല്‍ ജീവിച്ചിരുന്ന കാലത്ത് എനിക്ക് ഇതുപോലുള്ള മേല്കുപ്പായമുണ്ടായിരുന്നു. മദീനയിലെ സ്ത്രീകള്‍ വിശേഷാവസരങ്ങളില്‍ അത് വാങ്ങിക്കൊണ്ട് പോകും; തങ്ങള്‍ക്ക് അണിയാനായി (ബുഖാരി - കിതാബുല്‍ ഹിബ).
സന്ദര്‍ശകര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുക. ഫാത്വിമ ബിന്ത് ഖൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഉമ്മു ശരീക് അന്‍സ്വാരികളില്‍ പെട്ട ധനികയായ സ്ത്രീയായിരുന്നു. ദൈവമാര്‍ഗത്തില്‍ അവര്‍ വലിയ തുക ചെലവിടാറുണ്ടായിരുന്നു. അതിഥികളായെത്തുന്ന സന്ദര്‍ശകര്‍ അവരുടെ വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. (മുസ് ലിം - കിതാബുല്‍ ഫിതന്‍).
ആരോഗ്യ പരിരക്ഷയൊരുക്കുക. ഉമ്മു അലാഅ് പറയുന്നു: ഞങ്ങളുടെ വീടിനടുത്ത് വെച്ച് ഉസ്മാനുബ്നു മള്ഊന് രോഗിയായപ്പോള്‍ മരണം വരെ ഞാന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു (ബുഖാരി - കിതാബു ഫളാഇലു അസ്വഹാബിന്നബി).
പ്രവാചകന്റെയും സച്ചരിതരായ അനുയായികളുടെയും കാലത്ത് രാഷ്ട്രീയ മേഖലകളിലും സജീവ സ്ത്രീ സാന്നിധ്യമുണ്ടായിരുന്നു. മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനം ചിത്രീകരിക്കുന്ന ഒരു ഭാഗം നോക്കാം. ''മുസ് ലിം സ്ത്രീകള്‍ പലായനം ചെയ്തെത്തി. അവരുടെ കൂട്ടത്തില്‍ ഉമ്മുകുല്‍സൂം എന്നൊരു സ്ത്രീയുണ്ട്. ഉഖ്ബതുബ്നു അബീമുഐത്വ് എന്നയാളുടെ മകള്‍. ഉമ്മുകുല്‍സൂം വിവാഹപ്രായമെത്തി നില്‍ക്കുകയാണ്. അവളുടെ ആളുകള്‍ റസൂലിന്റെ അടുത്ത് വന്ന് അവളെ തിരിച്ചയക്കണമെന്ന് അഭ്യര്‍ഥിച്ചു. റസൂല്‍ തിരിച്ചയച്ചില്ല.'' (ബുഖാരി - കിതാബുശ്ശുറൂത്വ്).
ഇസ് ലാമിക രാഷ്ട്രം വിദേശശക്തികളുമായി യുദ്ധത്തിലായിരിക്കെ ഭരണാധികാരി തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കണമെന്ന ഉപദേശം. അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ എന്റെ സഹോദരി ഹഫ്സയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു: 'നിനക്ക് അറിയില്ലേ, നിന്റെ പിതാവ് (ഉമര്‍ ബ്നുല്‍ ഖത്വാബ്) ഒരു പിന്‍ഗാമിയെ നിശ്ചയിച്ചിട്ടില്ലെന്ന്?' ഞാന്‍: 'അക്കാര്യം അദ്ദേഹം ചെയ്യുമായിരിക്കും.' ഹഫ്സ: തീര്‍ച്ചയായും അദ്ദേഹം അങ്ങനെ ചെയ്യണം.' ഇക്കാര്യം അദ്ദേഹത്തോട് പറയാമെന്ന് ഞാന്‍ ഹഫ്സക്ക് വാക്ക് കൊടുത്തു.1
അതിക്രമിയായ ഭരണാധികാരിക്കെതിരെ എഴുന്നേറ്റ് നില്ക്കല്. അബൂ നൗഫല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ (ഗവര്‍ണര്‍) ഹജ്ജാജുബ്നു യൂസുഫ് സഖഫി, അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മയെ കാണാന്‍ ചെന്നു. അസ്മയുടെ മകന് അബ്ദുല്ലാഹിബ്നു സുബൈറിനെ ഹജ്ജാജ് വധിച്ചതിന് ശേഷമാണ് ഈ സന്ദര്‍ശനം. ഹജ്ജാജ് അസ്മയോട് ചോദിച്ചു: അല്ലാഹുവിന്റെ ശത്രുവിനോട് ഞാന്‍ ചെയ്തത് കണ്ടില്ലേ? എന്താണ് അഭിപ്രായം?' അസ്മ: 'താന്‍ അവന്റെ ഇഹലോക ജീവിതം തകര്‍ത്തു; നിന്റെ പരലോക ജീവിതം അവനും തകര്‍ത്തു. ദൈവദൂതന് പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്, സഖീഫ് ഗോത്രത്തില്‍നിന്ന് ഒരു പെരും നുണയനും2 പിന്നെയൊരു കൂട്ടക്കശാപ്പുകാരനും വരുമെന്ന്. ആ നുണയനെ നാം നേരത്തെ കണ്ടു. ആ കൂട്ടക്കശാപ്പുകാരന്‍ താനാണ്.' ഒരക്ഷരം മിണ്ടാതെ ഹജ്ജാജ് 3 അവിടെനിന്ന് ഇറങ്ങിനടന്നു'5 (മുസ് ലിം- കിതാബു ഫളാഇല് അസ്സ്വഹാബ).
സുപ്രധാന സൈനിക സേവനങ്ങളും സ്ത്രീകള്‍ നിര്‍വഹിച്ചിരുന്നു. രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഭക്ഷണ വിതരണം, യാത്രാ സൗകര്യമൊരുക്കല്‍, പ്രഥമ ശുശ്രൂഷ എന്നീ മേഖലകളിലെ സേവനമാണ് ഒരിനം. മുഅവ്വിദിന്റെ മകള്‍ റുബയ്യിഅ് പറയുന്നു: റസൂലിന്റെ കാലത്ത് ഞങ്ങള്‍ യുദ്ധയാത്രകളില്‍ പങ്ക് കൊള്ളാറുണ്ടായിരുന്നു. ഞങ്ങള്‍ പോരാളികള്‍ക്ക് വെള്ളം നല്‍കും, സേവനങ്ങള്‍ ചെയ്യും. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഞങ്ങള്‍ മദീനയിലേക്ക് കൊണ്ടു വരികയും ചെയ്യും' (ബുഖാരി - കിതാബുല്‍ ജിഹാദ്). ഭക്ഷണമെത്തിക്കാനും ശുശ്രൂഷിക്കാനും തയാറായി യുദ്ധം നടക്കുന്നതിന് തൊട്ടുപിറകിലായി സ്ത്രീകള്‍ ഉണ്ടാകും. അന്‍സ്വാരികളില്‍ പെട്ട ഉമ്മു അത്വിയ്യ പറയുന്നു: ഞാന്‍ റസൂലിനോടൊപ്പം ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തു. ഭക്ഷണം ഉണ്ടാക്കി നല്‍കാനും പരിക്കേറ്റവരെ ശുശ്രൂഷിക്കാനും രോഗികളെ പരിചരിക്കാനും ഞാന്‍ പിന്നണിയില്‍ നിലയുറപ്പിക്കും' (മുസ് ലിം - കിതാബുല്‍ ജിഹാദ്).
വീട്ടിലെ ഉത്തരവാദിത്വങ്ങളെ ബാധിക്കാത്ത തരത്തിലുള്ള തൊഴിലുകളിലും റസൂലിന്റെ കാലത്ത് സ്ത്രീകള്‍ ഏര്‍പ്പെട്ടിരുന്നു. കൃഷി: ജാബിര്‍ബ്നു അബ്ദില്ലയില്‍നിന്ന്. 'എന്റെ ഉമ്മയുടെ സഹോദരി വിവാഹമോചനം ചെയ്യപ്പെട്ടു. (ഇദ്ദ കാലളയവില്‍) അവര്‍ തന്റെ ഈത്തപ്പനകളില്‍നിന്ന് വിളവെടുക്കാനായി ചെന്നു. ഒരാള്‍ അവരോട് പരുഷമായി സംസാരിക്കുകയും ഇത് വീട് വിട്ടിറങ്ങേണ്ട സമയമല്ലെന്ന് അവരെ ശാസിക്കുകയും ചെയ്തു. ഉമ്മയുടെ സഹോദരി നേരെ റസൂലിന്റെ അടുത്ത് ചെന്ന് വിഷയം അവതരിപ്പിച്ചു. റസൂല്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് നിങ്ങളുടെ വിളവെടുപ്പ് നടത്താം. അതില്‍നിന്ന് സ്വദഖ നല്‍കുകയോ നല്ല കാര്യങ്ങള്‍ക്ക് നീക്കിവെക്കുകയോ ചെയ്യാം' (മുസ് ലിം - കിതാബുത്ത്വലാഖ്).
മേയ്ക്കല്‍: സഅ്ദ് ബ്നു മുആദില്‍നിന്ന്. 'കഅ്ബ് ബ്നു മാലികിന്റെ ഒരു ഭൃത്യ (മദീനക്കടുത്ത) സലഅ് പ്രദേശത്ത് ആട് മേയ്ക്കുകയായിരുന്നു. ഒരു ആടിന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ആ ഭൃത്യ (കത്തിയില്ലാത്തതിനാല്) ഒരു കല്ലുകൊണ്ട് ജീവനുള്ളപ്പോള്‍ തന്നെ അതിനെ അറുത്തു. ഇതിന്റെ വിധിയെന്ത് എന്ന് റസൂലിനോട് ചോദിച്ചപ്പോള്‍, അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ക്കത് തിന്നാം' (ബുഖാരി - കിതാബുദ്ദാബിഇഹു വസ്സ്വയ്ദ്). പരിചരണം: ആഇശയില്നിന്ന്. 'ഖന്ദഖ് യുദ്ധത്തില്‍ സഅ്ദ് ബ്നു മുആദിന് പരിക്കേറ്റു. പള്ളിയില്‍ ഒരു കൂടാരം നിര്‍മിച്ച് സഅ്ദിനെ അതില്‍ കിടത്താന്‍ റസൂല്‍ നിര്‍ദേശിച്ചു; അദ്ദേഹത്തെ തിരുമേനിക്ക് സന്ദര്‍ശിക്കാനുള്ള എളുപ്പത്തിന് വേണ്ടി' (ബുഖാരി - കിതാബുല്‍ മഗാസി, മുസ് ലിം - കിതാബുല്‍ ജിഹാദ്). ഇമാം ഇബ്നു ഹജര്‍ പറയുന്നു: 'റുഫൈദയുടെ ടെന്റിലാണ് റസൂല്‍ സഅ്ദിനെ പ്രവേശിപ്പിക്കാന്‍ പറഞ്ഞത്. പരിക്കേറ്റവരെ പരിചരിക്കുന്ന സ്ത്രീയായിരുന്നു റുഫൈദ. 'അവരുടെ ടെന്റില്‍ ആക്കൂ, സന്ദര്‍ശിക്കാനുള്ള സൗകര്യത്തിന്' എന്നാണ് റസൂല്‍ പറഞ്ഞത്' (ഫത്ഹുല്‍ ബാരി 8/415).
കുടുംബ ബാധ്യതകളില്‍ സഹകരണം, കൂടിയാലോചന. ഉമര്‍ ബ്നുല്‍ ഖത്വാബ് പറയുന്നു: 'ഇസ് ലാമിന് മുമ്പ് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരു പരിഗണനയും കൊടുത്തിരുന്നില്ല. പിന്നെ ഇക്കാണുന്നതൊക്കെ അവരെ സംബന്ധിച്ച് ദിവ്യബോധനമായി അവതരിപ്പിച്ചു; അവര്‍ക്കുള്ള അവകാശങ്ങള്‍ നല്കി… ഒരിക്കല്‍ ഏതോ ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ഞാനിങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍, എന്റെ ഭാര്യ വന്നു ഇടപെട്ടു, 'ഇന്നയിന്ന വിധത്തില്‍ ചെയ്താല്‍ പോരേ' എന്ന് ചോദിച്ചു. ഞാന്‍ അവളെ ശാസിച്ചു: നീ എന്തിനാണ് എന്റെ കാര്യത്തില്‍ ഇടപെടാന്‍ വരുന്നത്? അവള് പറഞ്ഞു: അത്ഭുതകരം തന്നെ നിങ്ങളുടെ കാര്യം, ഇബ്നുല്‍ ഖത്ത്വാബ്! എനിക്ക് നിങ്ങളോടൊന്നും പറഞ്ഞുകൂടാ, എന്നാല്‍ നിങ്ങളുടെ മകളുണ്ടല്ലോ, അവള് (ഹഫ്സ) അല്ലാഹുവിന്റെ റസൂലിനോട് തര്‍ക്കിക്കുന്നു, അതു കാരണം അവിടുന്ന് ദിവസം മുഴുവന്‍ ദേഷ്യത്തില്‍ കഴിഞ്ഞുകൂടുന്നു!' ഉമര്‍ തുടരുന്നു: 'ഞങ്ങള്‍ ഖുറൈശികള്‍ സ്ത്രീകളെ അടക്കി നിര്ത്തുന്നവരായിരുന്നു. ഞങ്ങള്‍ മദീനയില്‍ അന്‍സ്വാരികളുടെ അടുത്തെത്തിയപ്പോഴാണ് അറിയുന്നത്, ഇവിടെ നിയന്ത്രണം സ്ത്രീകള്‍ക്കാണ്. അന്‍സ്വാരി സ്ത്രീകള്‍ നമ്മുടെ സ്ത്രീകളെ സ്വാധീനിച്ചിരിക്കുകയാണ്. അങ്ങനെ ഒരു ദിവസം എന്റെ ഭാര്യ ഒരു വിഷയത്തില്‍ ഇടപെട്ട് എന്നോട് തിരുത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ തയ്യാറായില്ല. അപ്പോള്‍ അവള്: ഒരു കാര്യവും നിങ്ങളോട് പറയാന്‍ സമ്മതിക്കാത്തതെന്താണ് നിങ്ങള്‍? റസൂലിന്റെ ഭാര്യമാര്‍ അദ്ദേഹത്തോട് തര്ക്കിക്കാറുണ്ടല്ലോ. അവരിലൊരാള്‍ ചിലപ്പോള്‍ രാത്രിയാകും വരെ പിണങ്ങി നടന്നെന്നും വരും.' അതു കേട്ട് ഞാന്‍ അസ്വസ്ഥനായി' (ബുഖാരി - കിതാബുന്നികാഹ്, മുസ് ലിം - കിതാബുത്ത്വലാഖ്). ഇമാം ഇബ്നു ഹജര്‍ പറയുന്നു: 'സ്ത്രീകളെ പ്രയാസപ്പെടുത്തല്‍ അധിക്ഷേപാര്‍ഹമാണെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. കാരണം, നബി ഇക്കാര്യത്തില്‍ അന്‍സ്വാരികളുടെ പാരമ്പര്യം കൈക്കൊള്ളുകയും സ്വന്തം സമൂഹത്തിന്റെ പാരമ്പര്യം കൈയൊഴിയുകയും ചെയ്തിരിക്കുകയാണ് എന്ന് വ്യക്തമാണല്ലോ' (ഫത്ഹുല്‍ ബാരി 8/415).
സാമ്പത്തിക ഭാരം പങ്ക് വെക്കല്‍. അബൂസഅ്ദ് ഖുദ് രിയില്‍നിന്ന്. നബി(സ) അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ ഭാര്യയോട് പറഞ്ഞു: 'നിങ്ങളുടെ സ്വദഖകള്‍ക്ക് ഏറ്റവും അര്‍ഹര്‍ നിങ്ങളുടെ ഭര്‍ത്താവും മക്കളുമാണ്' (ബുഖാരി - കിതാബുസ്സകാത്ത്).
ഭര്‍ത്താവിനെ വേര്‍പിരിയാനുള്ള അവകാശം. ഇബ്നു അബ്ബാസില്‍നിന്ന്. സാബിത് ബ്നു ഖൈസിന്റെ ഭാര്യ നബിയുടെ അടുത്ത് വന്ന് പറഞ്ഞു: റസൂലേ, സാബിതിന്റെ ദീനിന്റെയോ സ്വഭാവത്തിന്റെയോ കാര്യത്തില്‍ എനിക്ക് പരാതിയില്ല. പക്ഷേ, ധിക്കാരം വന്നുപോവുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുണ്ട്.4 റസൂല്‍ ചോദിച്ചു: അയാളുടെ ആ തോട്ടം നീ തിരിച്ചുകൊടുക്കുമോ? അവള്: കൊടുക്കാം. ആ തോട്ടം തിരികെ കൊടുത്തു. അവളെ പിരിയാന്‍ റസൂല്‍ സാബിതിനോട് ആവശ്യപ്പെട്ടു; അയാള്‍ അവള്‍ക്ക് വിടുതല്‍ നല്കി (ബുഖാരി - കിതാബുത്ത്വലാഖ്). ഇബ്നു ഹജര്‍ എഴുതുന്നു: 'പല ആശയങ്ങള്‍ ഉള്ളടങ്ങിയ ഹദീസ് ആണിത്….. വേര്‍പിരിയണമെന്ന ചിന്ത ഭാര്യക്ക് മാത്രമാണെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിനോട് വിവാഹമോചനം (ഖുല്‍അ്) ആവശ്യപ്പെടാം. അവള് നഷ്ടപരിഹാരവും നല്‍കിയിരിക്കണം. രണ്ടാള്‍ക്കും പ്രശ്നമുണ്ടാവണം എന്ന നിബന്ധനയില്ല. ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ ഇഷ്ടമില്ലാതായാല്‍ തന്നെ സ്ത്രീക്ക് ഖുല്‍അ് ആവശ്യപ്പെടാം; അയാള്‍ അവളെ വെറുക്കുന്നില്ലെങ്കിലും അവളുമായി അയാള്‍ക്ക് ഒരു പ്രശ്നവും ഇല്ലെങ്കിലും.' അയാള്‍ അവളെ ദേഹോപദ്രവമൊന്നും ഏല്പിച്ചില്ലെങ്കിലും എന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാം' (ഫത്ഹുല്‍ ബാരി 11/320). ഖാദി ഇബ്നു റുശ്ദ് എഴുതുന്നു: 'പുരുഷന് സ്ത്രീയെ ഇഷ്ടമാവുന്നില്ലെങ്കില് അയാളുടെ കൈയില്‍ 'ത്വലാഖ്' വെച്ചു കൊടുത്തു. സ്ത്രീക്ക് പുരുഷനെ ഇഷ്ടമില്ലെങ്കില്‍ അവളുടെ കൈയില്‍ 'ഖുല്‍ഉം' വെച്ചുകൊടുത്തു' (ബിദായതുല്‍ മുജ്തഹിദ് വനിഹായതുല് മുഖ്തസ്വിദ് 2/50).
വിവ: അഷ്റഫ് കീഴുപറമ്പ്
l
