ഒരു കുഞ്ഞ് ജനിച്ച നിമിഷം മുതല്‍ തന്നെ അവന്റെ മനസ്സും ശരീരവും വളര്‍ച്ചയുടെ വഴിയിലാണ്. അമ്മയുടെ മുഖം കാണുന്ന ആദ്യ നിമിഷം, അച്ഛന്റെ കരുതലുള്ള സ്പര്‍ശം, കുടുംബാംഗങ്ങളുടെ ചിരിയും സ്നേഹവും- ഇവയാണ് ബാല്യത്തിന്റെ ആദ്യ മാനസിക അടിത്തറ.
കുട്ടികളെ മനസ്സിലാക്കാതെ വളര്‍ത്തുന്നത് വിത്തിന് വെള്ളം കൊടുക്കാതെ മരമാകുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണ്.
കുട്ടിയുടെ സ്വഭാവവും ആത്മവിശ്വാസവും ബാല്യത്തിലെ അനുഭവങ്ങളിലാണ് നിര്‍മിക്കപ്പെടുന്നത്. സ്നേഹവും കരുതലും ലഭിക്കുന്ന കുട്ടികള്‍ ഭയത്തിനുപകരം ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും.
ഓരോ കുട്ടിയുടെയും പഠനശൈലി വ്യത്യസ്തമാണ്. ചിലര്‍ കേട്ടു പഠിക്കും, ചിലര്‍ കണ്ടും അനുഭവിച്ചുമാണ് കൂടുതല്‍ മനസ്സിലാക്കുക. മനഃശാസ്ത്ര പഠനം ഇവ തിരിച്ചറിയാന്‍ സഹായിക്കുന്നു.
കൂട്ടികള്‍ക്ക് കോപം, ഭയം, ദുഃഖം, ആവേശം തുടങ്ങിയ വികാരങ്ങള്‍ സ്വാഭാവികമാണ്. അവയെ നിയന്ത്രിച്ച് ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നതാണ് മനഃശാസ്ത്രത്തിന്റെ ലക്ഷ്യം.
സാമൂഹിക പെരുമാറ്റം
സഹപാഠികളുമായുള്ള ഇടപെടല്‍ കൂട്ടായ പ്രവര്‍ത്തനം, കരുണ, സഹിഷ്ണുത എന്നിവ വളര്‍ത്തുന്നു. കുട്ടികളുടെ മാനസിക വളര്‍ച്ചയിലെ ഘട്ടങ്ങള്‍
- സെന്‍സറി-മോട്ടോര്‍ ഘട്ടം (0- 2 വയസ്സ്; - കുഞ്ഞ് സ്പര്‍ശം, കാഴ്ച, ശബ്ദം, രുചി തുടങ്ങിയവ വഴി ലോകത്തെ മനസ്സിലാക്കുന്നു. 'അമ്മയുടെ മുഖം കാണുമ്പോള്‍ ചിരിക്കുക' പോലെയുള്ള പ്രതികരണങ്ങള്‍ ഇതില്‍പ്പെടും. 2. പ്രീ-ഓപ്പറേഷണല്‍ ഘട്ടം (2- 7 വയസ് - ഭാഷ വേഗത്തില്‍ വളരുന്നു. കളികള്‍, കഥകള്‍, കല്പനാശക്തി എല്ലാം ശക്തമാവും. എന്നാല്‍, യാഥാര്‍ഥ്യവും ഭാവനയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും.
- കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ ഘട്ടം (7- 11 വയസ്സ് - കുട്ടികള്‍ കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.
- ഫോര്‍മല്‍ ഓപ്പറേഷണല്‍ ഘട്ടം (11 വയസ്സിന് മുകളില്‍) - സങ്കീര്‍ണമായ ആശയങ്ങളും പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ്. ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ ഒരുക്കാന്‍ തുടങ്ങും.
കുട്ടികളുടെ മനസ്സിനെ
സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍
ശ്രദ്ധ
കുട്ടികളുടെ ആശങ്കകളും ആഗ്രഹങ്ങളും കേള്‍ക്കുന്നത് അവരുടെ മനസ്സിന് ആശ്വാസം നല്‍കും. കൂടെ ഇരിക്കാനും കഥകള്‍ പറഞ്ഞു കൊടുക്കാനും സമയം കണ്ടെത്തുക. ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് മക്കളുടെ കൂടെ ഇരുന്ന് കഥകള്‍ പറയുമ്പോള്‍ ചിന്തകളും നല്ല സങ്കല്‍പ്പങ്ങളും പുതിയ വാക്കുകളും അവര്‍ പഠിക്കുന്നു.
പഠനാവസരം നല്‍കുക
തെറ്റുകള്‍ക്ക് ശിക്ഷ നല്‍കുന്നതിനുപകരം, പഠിക്കാന്‍ അവസരം നല്‍കുക. തെറ്റ് കണ്ടാല്‍ തിരുത്തുകയും നല്ലത് കണ്ടാല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍
ചിത്രരചന, സംഗീതം, കായികം, കഥാരചന എന്നിവ അവരുടെ ചിന്താശേഷി വര്‍ധിപ്പിക്കും. പഠനത്തിനൊപ്പം സാമൂഹിക ബോധം കൂടി മക്കളില്‍ വളര്‍ത്തിയെടുക്കുക.
കുടുംബസമയം
ഭക്ഷണസമയം, യാത്രകള്‍, കളികള്‍ എന്നിവ ബന്ധം ശക്തമാക്കും. മാതാപിതാക്കളും മക്കളും ഒരുമിച്ചിരിക്കാന്‍ ആഴ്ചയില്‍ ഒരു സമയം കണ്ടെത്തണം. ഗൃഹയോഗം പോലെയോ യാത്രകള്‍ ആയോ അത് പ്ലാന്‍ ചെയ്യാം. കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവരെ കേള്‍ക്കാനും നമ്മള്‍ക്ക് പറയാനുമുള്ള അവസരം ആയിരിക്കണം അത്. കുടുംബ ബജറ്റ് പോലുള്ള സാമ്പത്തിക അച്ചടക്കവും മക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാം. കുടുംബ ബന്ധങ്ങള്‍ ഈഷ്മളമാക്കുക. പ്രായമായവരെ ബഹുമാനിക്കാനും സഹജീവികളോട് സ്നേഹത്തോടെ പെരുമാറാനും കുടുംബത്തില്‍ നിന്ന് മക്കള്‍ പഠിക്കണം. കുടുംബ സന്ദര്‍ശനങ്ങള്‍ പുതിയ തലമുറക്ക് പഴയ തലമുറയെ അടുത്തറിയാനുള്ള അവസരമാണ്.
നല്ല മാതൃക
മാതാപിതാക്കളുടെ പെരുമാറ്റം കുട്ടികള്‍ അനുകരിക്കുന്നു. നമ്മള് മാതൃക കാണിച്ചാലേ അവരില്‍ തെറ്റ് വരുമ്പോള്‍ നമുക്ക് തിരുത്താനുള്ള അവകാശം ഉള്ളൂ. അമ്മയുടെ മടിത്തട്ടില്‍ നിന്നും അച്ഛന്റെ ജീവിതത്തില്‍ നിന്നുമാണ് കൂട്ടികള്‍ നന്മകള് പഠിക്കേണ്ടത്.
'ഒരു സന്തോഷകരമായ ബാല്യം, ഒരു മനോഹരമായ ഭാവിയുടെ വിത്താണ്.'' ഒരു കുട്ടി രാവിലെ എഴുന്നേല്ക്കുന്ന സമയത്തും ഉറങ്ങാന്‍ കിടക്കുന്ന സമയത്തും സ്കൂളില്‍ യാത്രയാക്കുമ്പോഴും സ്കൂള്‍ വിട്ട് തിരിച്ചെത്തുമ്പോഴും എങ്ങനെയാണോ കുട്ടികളോട് നമ്മള് ഇടപഴകുന്നത് അതിനനുസരിച്ചായിരിക്കും അവരുടെ ഓരോ ദിവസവും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചീത്ത പറഞ്ഞും പഠിക്കാത്തതില്‍ തല്ലിയും ഉറക്കത്തിലേക്ക് വീഴുന്ന കുട്ടിയുടെ മനസ്സ് കലുഷവും നീറിപ്പുകയുന്നതുമായിരിക്കും. ആ വാശി ദിവസം മുഴുവനും തുടരും.
l
കുട്ടികളുടെ മനസ്സിനെ
ബാധിക്കുന്ന ഘടകങ്ങള്‍
കുടുംബാന്തരീക്ഷത്തില്‍ സ്നേഹവും സുരക്ഷിതത്വവും, അംഗീകാരവും ലഭിക്കുന്ന വീട്ടില്‍ വളരുന്ന കുട്ടികള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. കലഹം, അവഗണന, അധിക വിമര്‍ശനം തുടങ്ങിയവ അവരുടെ മാനസികാരോഗ്യത്തിന് തിരിച്ചടിയാകും. ഇണകള്‍ തമ്മില്‍ വഴക്കും ബഹളവും ഉള്ള വീടുകളില്‍ അധികവും മക്കള്‍ വഴി തെറ്റിപ്പോകുന്നത് ഈ കാരണത്താലാണ്.
വിദ്യാഭ്യാസ രീതി- അധ്യാപകരുടെ പ്രോത്സാഹനവും സൗഹൃദപരമായ സമീപനവും കുട്ടിയുടെ പഠനോത്സാഹം വര്‍ധിപ്പിക്കും. അതേസമയം, അത്യധികം സമ്മര്‍ദം നല്കുന്ന വിദ്യാഭ്യാസ രീതി ഭയം, സമ്മര്‍ദം, നിരാശ എന്നിവക്ക് കാരണമാകും.
സാമൂഹിക മാധ്യമങ്ങള്‍- ഡിജിറ്റല്‍ കാലഘട്ടത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നത് നെഗറ്റീവ് സ്വാധീനങ്ങള്‍ സൃഷ്ടിക്കും.
സുഹൃദ് ബന്ധങ്ങള്‍ - നല്ല കൂട്ടുകാര്‍ ആത്മവിശ്വാസവും സഹകരണ മനോഭാവവും വളര്‍ത്തും. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നല്ലവരെ തെരഞ്ഞെടുക്കണമെന്ന മഹദ് വചനം ഇതിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് പഠിപ്പിക്കുന്നു.
ആരോഗ്യാവസ്ഥ-മതിയായ ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവ മനസ്സിന്റെ ആരോഗ്യത്തിനും സ്ഥിരതയ്ക്കും അത്യാവശ്യമാണ്. ഉറക്കം നഷ്ടമാകുമ്പോള്‍ കുട്ടികളില്‍ വാശിയും വിശപ്പില്ലായ്മയും പഠന പിന്നാക്കാവസ്ഥയും ഉണ്ടാക്കുന്നു.
