ഒരു യാത്രക്കിടെ കണ്ട ആന്‍ഡമാനിലെ രണ്ട് ഉമ്മമാരുമായി ചങ്ങാത്തത്തിലായതു മുതല്‍ മനസ്സില്‍ ഉദിച്ചതാണ് ആന്‍ഡമാന്‍ കാണാനുള്ള മോഹം. മുമ്പ് ഉത്തരേന്ത്യയിലേക്ക് ടൂര്‍ കൊണ്ടുപോയ ഫര്‍മീസാണ് മീഡിയാ വണ്‍ ഡെസ്റ്റിനേഷന്സിന്റെ കീഴില്‍ മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആന്‍ഡമാനിലേക്കുള്ള ട്രിപ്പ് അറിയിക്കാമെന്നും പറഞ്ഞത്.
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. 2025 ആഗസ്റ്റ് 30-ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം കയറി.
ഞങ്ങള്‍ 23 പേര്. നാല് പേര് കരിപ്പൂരില്‍ നിന്നും മൂന്ന് പേര് കൊച്ചിയില്‍ നിന്നും ബാക്കിയുള്ളവര്‍ ചെന്നൈയില്‍ നിന്നും ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ (ഇപ്പോള്‍ പേര് മാറ്റി വിജയപുരം എന്നാക്കിയിട്ടുണ്ട്) വിമാനത്താവളത്തിലേക്ക്. എല്ലാവരും പല ഫ്ളൈറ്റുകളിലായി 10 മണിക്ക് മുമ്പായി 31 -ന് രാവിലെ ആന്‍ഡമാനിലെത്തി.
ആന്‍ഡമാന്‍ ദ്വീപ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികളുടെ പീഡനത്തിന്റെ നേര്‍ക്കാഴ്ച. സെല്ലുലാര്‍ ജയില്‍ പോലുള്ള പലതും നമ്മെ ഭീതിപ്പെടുത്തുന്നതും എന്നാല്‍ പരിസ്ഥിതി സംരക്ഷണം കൊണ്ട് നമ്മെ ആസ്വദിപ്പിക്കുന്നതുമായിരുന്നു. ആന്‍ഡമാന്‍ ലക്ഷദ്വീപ് പോലെ കടലും കരയും മാത്രമല്ല, കാടും മേടും കടലും അതിന്റെ ആവാസ വ്യവസ്ഥയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ആന്‍ഡമാനില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളായ മലേഷ്യ, ബര്‍മ്മ, ബംഗ്ലാദേശ് തുടങ്ങിയ പല പല രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ ജാതി-മത ഭാഷാ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കൂട്ടത്തില്‍ കേരളത്തില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളികളും.
ആദ്യം പോയത് ആന്ത്രോപോളജിക്കല്‍ മൂസിയത്തിലേക്കാണ്. അന്തമാനിന്റെ ഏകദേശ ചരിത്രം മനസ്സിലാക്കാന്‍.
മ്യൂസിയത്തില്‍ ഫോട്ടോ എടുക്കാന്‍ പാടില്ലായിരുന്നു. കൂടെയുണ്ടായിരുന്ന ഗൈഡ് ഷമീമും കോഡിനേറ്റര്‍ മുജീബും അന്തമാന്‍ ചരിത്രം പറഞ്ഞുതന്നു.
അന്തമാനില്‍ മൊത്തം 572 ദ്വീപുകള്‍ ഉണ്ട്. അതില്‍ 37 ദ്വീപുകളിലാണ് ആള്‍ത്താമസമുള്ളത്. അതില്‍ 19 എണ്ണത്തില്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുള്ളത്.
ഇവിടെയുള്ള ആദിവാസികളെല്ലാം ഇപ്പോഴും കാട്ടുവാസികള്‍ തന്നെയാണ്. മംഗോളിയന്‍സ് ആന്റ്നീഗ്രട്ടോസ് വര്‍ഗത്തില്‍ പെട്ട 6 തരം ആദിവാസികള്‍ മാത്രമാണ് ഇപ്പോള്‍, ബാക്കിയുള്ളവരെല്ലാം വംശനാശ ഭീതിയിലാണെന്നും അതില്‍ ചിലര്‍ 50-ല്‍ താഴെ പോപ്പുലേഷന്‍ മാത്രമേ ഉള്ളൂ എന്നും മറ്റ് കുറേ ചരിത്ര വിവരങ്ങളും അറിയാനായി. ഈ ആദിവാസികളൊന്നും ജനങ്ങള്‍ക്കിടയിലേക്ക് വരില്ല. അതില്‍ എണ്ണത്തില്‍ കൂടുതലുള്ളത് നീഗ്രട്ടോസ് വിഭാഗത്തിലെ ജെര്‍വാസ് എന്ന് പറയുന്ന ഒരു വിഭാഗമാണെത്രെ. അവരും കാട്ടില്‍ തന്നെയാണ് താമസിക്കുന്നത്.
സെന്റിനെല്‍സ് എന്ന ആദിവാസി സമൂഹം താമസിക്കുന്ന ഒരു ദ്വീപ് ഉണ്ട്. അവിടേക്ക് സാധാരണ മനുഷ്യര്‍ ആരും തന്നെ പോവാറില്ല. മുന്‍പൊരിക്കല്‍ അവരെക്കുറിച്ച് പഠിക്കാന്‍ പോയ ഒരു അമേരിക്കന്‍ പൗരനെ കണ്ടിട്ടില്ല. അദ്ദേഹത്തെ അവര്‍ കൊന്നതായിരിക്കും എന്ന് പറയപ്പെടുന്നു. എന്തായാലും എല്ലാ ആദിവാസി വര്‍ഗത്തിന്റെ ഫോട്ടോയും അവരുടെ ജീവിത രീതിയും വിവരിക്കുന്നതായിരുന്നു ആ മ്യൂസിയം.
പിന്നീട് ഞങ്ങള്‍ സെല്ലുലാര്‍ ജയിലിലേക്കാണ് പോയത്. ആ ജയില്‍ കണ്ടപ്പോള്‍ യഥാര്‍ഥത്തില്‍ ഞെട്ടലുണ്ടായി. സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്നിച്ച പൂര്‍വികര്‍ അനുഭവിച്ച പീഡനമുറകളുടെ നേര്‍ക്കാഴ്ചകള്‍. സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷുകാര്‍ നാട് കടത്തി പീഡിപ്പിച്ച് കൊല്ലുകയും തൂക്കിലേറ്റുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍. 1896 മുതല്‍ 1906 വരെ പത്ത് വര്‍ഷം കൊണ്ട് ജയിലിലുള്ള 1200-ഓളം പേരെ ഉപയോഗിച്ച് നിര്‍മിച്ച ജയില്‍. ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു. ഓരോ ജയില്‍ മുറികളും കുടുസ്സായ, ഇരുട്ടുള്ള, നീളത്തിലുള്ളതുമാണ്. മുറിയില്‍ രണ്ടാള് പൊക്കത്തില്‍ ഒരു കിളിവാതില്‍, വരാന്തയില്‍ നിന്ന് ഭക്ഷണവും മറ്റും അകത്തേക്ക് കൊടുക്കാന്‍ ഇരുമ്പ് ഡോറുള്ള മറ്റൊരു കിളിവാതില്‍. കൂടാതെ ഒരാള്‍ക്ക് കയറാന്‍ മാത്രം വീതിയിലുള്ള ഇരുമ്പ് വാതില്‍ പിടിപ്പിച്ച ഒരു കവാടം. പ്രാഥമിക കര്‍മങ്ങള്‍ക്കുള്ള ഒരു സൗകര്യവും അവിടെ ഇല്ല. ജയിലില്‍ അത്തരം കൃത്യങ്ങള്‍ക്കായി പാത്രം കൊടുക്കലായിരുന്നുവത്രെ പതിവ്. കൂടാതെ രണ്ട് കാലുകളിലും കൈകളിലും ചങ്ങലയിട്ടും വെളിച്ചെണ്ണ ചക്കിലാട്ടിച്ചും കൈകള്‍ മുകളിലേക്ക് ബന്ധിച്ച് ചുമരില്‍ ചാരി നിര്‍ത്തി ചാട്ടവാര്‍ കൊണ്ടടിക്കുന്നതുമായ പ്രതിരൂപങ്ങള്‍ അവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതിനപ്പുറത്ത് തൂക്കിലേറ്റുന്ന മുറിയും കാണാം. ഇപ്പോഴും ഒരു തൂക്കു കയര്‍ അവിടെനിന്ന് തുറിച്ചുനോക്കുന്നുണ്ട്.
ടയറിന്റെ ആകൃതിയില്‍ നിര്‍മിച്ച മൂന്നു നിലയുള്ള വലിയ നീണ്ട ഏഴ് ബ്ലോക്കുകള്‍. മൂന്ന് ബ്ലോക്കുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന്റെ മുകളില്‍ നിന്ന് മൊത്തം ജയില്‍പുള്ളികളെയും നിരീക്ഷിക്കാന്‍ പറ്റിയ സ്ഥലവും. പിറകിലായി പ്രകൃതിമനോഹരമായ ബംഗാള്‍ ഉള്‍ക്കടലും. നാല് ബ്ലോക്കുകള്‍ പൊളിച്ച ഭാഗത്ത് അന്തമാനിലെ മെഡിക്കല്‍ കോളേജ് സ്ഥാനം പിടിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ഈ ജയിലിന്റെ കഥ പറയുന്ന ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ ആ ജയിലിനുള്ളില്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാറ്റിനും സാക്ഷിയായി മൂകമായി കണ്ണീരൊലിപ്പിച്ച് ഇപ്പോഴും ഒരു ആല്‍മരം അവിടെ നില്പുണ്ട്.
രണ്ട് മണിക്കൂര്‍ കാട്ടിലൂടെയുള്ള ബസ് യാത്ര കഴിഞ്ഞാണ് ബാര ടാംഗ് എന്ന ദ്വീപിലെ ചുണ്ണാമ്പ് ഗുഹ കാണാന്‍ പോയത്. ആ കാട്ടിലാണ് ജെര്‍വാസ് എന്ന ആദിവാസികള്‍ താമസിക്കുന്നത.് ആ കാട്ടില്‍ വന്യമൃഗങ്ങളില്ല. ചെറിയ മാന്‍, മുയല്, മയില്‍ തുടങ്ങിയവ മാത്രം.
പലതരം ഓര്‍ക്കിഡുകള്‍ നിറഞ്ഞതും ശുദ്ധമായ ഓക്സിജന്‍ ലഭിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന, പലതരം മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്നു നില്ക്കുന്ന മനോഹരമായ വനം. അതിലൂടെയുള്ള രണ്ട് മണിക്കൂര്‍ യാത്രക്ക് ശേഷം ഒരു ജങ്കാറില്‍ നിലമ്പൂര്‍ എന്ന പേരുള്ള പഞ്ചായത്തിലേക്ക്. ജങ്കാറില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് പുറമെ ബസ്സുകളും ലോറികളും കാറുകളുമെല്ലാം കയറ്റുന്നുണ്ട്. നിലമ്പൂര്‍ പഞ്ചായത്തില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം സ്പീഡ് ബോട്ട് യാത്ര. അങ്ങനെ ബാരടാംഗ് ദ്വീപിലെത്തി. വളരെ മനോഹരമായി തോന്നിക്കുന്ന കൊത്തു പണി ചെയ്ത സൂര്യപ്രകാശം കടക്കാത്ത ഇരുട്ടു മൂടിയ ഗുഹ മനോഹരമായിരുന്നു. ഗുഹക്ക് അടുത്തായി നടന്ന് ക്ഷീണിച്ച് വരുന്നവര്‍ക്ക് നാരങ്ങ വെള്ളം വില്‍ക്കുന്ന അവിടത്തെ പ്രദേശവാസികള്‍.
ഝാര്‍ഖണ്ഡില്‍ നിന്ന് വന്ന് താമസമാക്കിയ എട്ട് കുടുംബങ്ങള്‍ മാത്രമാണ് അവിടത്തെ കാട്ടില്‍ താമസിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ആ ദ്വീപില്‍ ഈ കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് നമ്മെ അതിശയിപ്പിക്കും. കറന്റോ കടകളോ മറ്റു വാഹനസൗകര്യങ്ങളോ ഇല്ലാത്ത സ്ഥലം. കുറച്ച് നിരന്ന ചതുപ്പ് പോലെയുള്ള സ്ഥലം കണ്ടു. കൃഷിയൊന്നും അവിടെയും കണ്ടില്ല. കാട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത ആദിവാസികളല്ല അവര്‍, നാട്ടുവാസികള്‍ തന്നെ.
അടുത്ത ദിവസം ഞങ്ങളുടെ യാത്ര 'ഹാവ് ലോക്ക്' ദ്വീപിലേക്കായിരുന്നു. അവിടെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ളതും ഭംഗിയുള്ളതുമായ ബീച്ചുകളില്‍ ഒന്നാണെന്ന് അറിയപ്പെടുന്ന രാധാനഗര്‍ ബീച്ച്, കാലാപത്തര്‍ ബീച്ച്, എലിഫന്റാ ബീച്ച് എന്നിവ സന്ദര്‍ശിക്കലും വാട്ടര്‍ ആക്ടിവിറ്റീസ് ആയ സ്കൂബ ഡൈവിംഗ്, ഗ്ലാസ് ബോട്ടിംഗ് സ്നോര്‍കെല്ലിംഗ്, കയാക്കിംഗ്, സബ് മറൈന്‍ ബോട്ടിംഗ് എന്നിവ നടത്തലുമായിരുന്നു ലക്ഷ്യം.
ഉച്ച ഭക്ഷണത്തിന് ശേഷം രാധാനഗര്‍ ബീച്ചിലേക്ക് പോയി. വൃത്തിയുള്ളതും ആഴമില്ലാത്തതും എന്നാല്‍ നല്ല തിരമാലയുള്ളതും ആയ നീല നിറത്തിലുള്ള ക്ലിയര്‍ വെള്ളം. കുളിക്കാന്‍ പറ്റുന്നവരൊക്കെ നന്നായി നീന്തിയും മുങ്ങിയും ആടിത്തിമര്‍ത്തു.
കാലാപത്തര്‍ (കറുത്ത കല്ലുകള്‍) എന്നറിയപ്പെടുന്ന ബീച്ച് നിറയെ കറുത്ത പാറകളാണ്. കുറേ ഷെല്ലുകള്‍ പെറുക്കി, ഫോട്ടോ എടുത്ത് ബീച്ച് ആസ്വദിച്ചു.
അടുത്ത ദിവസം ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത വാട്ടര്‍ ആക്ടിവിറ്റി ചെയ്യാനും രണ്ട് ദ്വീപുകള്‍ സന്ദര്‍ശിക്കാനും വെള്ളത്തിലിറങ്ങാനുള്ള വസ്ത്രങ്ങളുമായി പുറപ്പെട്ടു. 'സ്കൂബ, സബ്മറൈന്, ഗ്ലാസ് ബോട്ട് എന്നിവക്കാണ് പലരും തയ്യാറായത്. എല്ലാറ്റിനും അത്യാവശ്യം നല്ല രീതിയില്‍ പൈസയും ഉണ്ട്. 'റോസ് ഐലന്റ് എന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ഐലന്റില്‍ പോയി. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത് മാനുകളായിരുന്നു. മനുഷ്യരോട് ഇണങ്ങിയ നാനൂറോളം മാനുകള്‍. കൂടെ മയിലുകളും. മനുഷ്യവാസമില്ല. ബ്രിട്ടീഷുകാരുടെ ഒരു പാട് ശേഷിപ്പുകള്‍ അവിടെ കാണാന്‍ കഴിഞ്ഞു. നോര്‍ത്ത് ബേ ഐലന്റില്‍ ചെന്നിറങ്ങിയപ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു.
ഓരോ ആക്ടിവിറ്റിക്കും പേര് കൊടുത്തവര്‍ അതിന് തയ്യാറായി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് വരെയുണ്ടായിരുന്ന വെയില് മങ്ങി. ഈ ആക്ടിവിറ്റീസ് നല്ല വെയിലുള്ള സമയത്ത് ക്ലിയര്‍ വാട്ടറില്‍ ചെയ്യുമ്പോഴാണ് കടലിനടിയിലെ വര്‍ണങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ.
അടുത്ത ദിവസം വിമ്പര്ലീഗഞ്ചിലേക്കുള്ള യാത്രക്കിടയില്‍ ചാത്തം സോമില്‍ (മരമില്ല്) കാണാന്‍ ഇറങ്ങി. 1883-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ഉപയോഗിച്ച് നിര്‍മിച്ചതാണ്. ഇന്ത്യയില്‍ നിന്ന് വീട്ടി, തേക്ക് പോലുള്ള മരങ്ങള്‍ അവരുടെ നാട്ടിലേക്ക് കടത്താന്‍ വേണ്ടി. ഒരു പാട് ഇന്ത്യക്കാരുടെ വിയര്‍പ്പാണ് ആ മില്ലിന്റെ പിന്നില്‍. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന് തകര്‍ത്ത ആ മില്ലിലെ ബോംബ് വീണ വലിയ കുഴി മഴവെള്ളം കെട്ടിക്കിടന്ന് ഒരു സ്മാരകമായി അവശേഷിക്കുന്നു. മലയാളി മുസ്ലിംകള് തിങ്ങിത്താമസിക്കുന്ന ദ്വീപ്.
അവരുടെ ആതിഥ്യം സ്വീകരിച്ച് ബിരിയാണി കഴിച്ച് ഞങ്ങള്‍ പോര്‍ട്ട് ബ്ലെയറിലുള്ള മൗണ്ട് ഹാരിയറ്റ് നാഷണല്‍ പാര്‍ക്കിലേക്ക്. ഇപ്പോള്‍ മണിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്ന് പേര് മാറ്റിയിട്ടുണ്ട്. ഹാരിയറ്റ് എന്ന സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാര്യ സുഖവാസത്തിനായി വന്നിരുന്ന സ്ഥലം. നിരവധി വ്യത്യസ്ത ഇനം പക്ഷികള്‍, ചിത്രശലഭങ്ങള്‍, പാമ്പുകള്‍ എന്നിവയുടെ ആവാസസ്ഥലമാണവിടം. കോഡിനേറ്റര്‍ പരിസ്ഥിതി പഠന കുതുകിയായതുകൊണ്ട് ഓരോ പക്ഷികളെയും കണ്ടുപിടിച്ച് ഫോട്ടോ എടുത്ത് അവയെക്കുറിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നു. ഈ പാര്‍ക്കിലേക്ക് പോകുന്ന വഴിക്ക് നമ്മുടെ പഴയ ചുവന്ന 20 രൂപ നോട്ടില്‍ ആലേഖനം ചെയ്ത ചിത്രത്തിന്റെ വ്യൂ (നോര്‍ത്ത് ബേ ഐലന്റ് കാണുന്ന വ്യൂ) കാണാന്‍ കഴിഞ്ഞു. ഇരുട്ടുന്നത് വരെ കോര്വിന്സ് കൗ ബീച്ചിലായിരുന്നു.
അടുത്ത ദിവസം നാട്ടിലേക്കുള്ള മടക്കയാത്രയാണ്. രണ്ട് മ്യൂസിയം കൂടി കണ്ടിട്ട് പോവാമെന്ന് കോഡിനേറ്റര്‍ പറഞ്ഞു.
ആദ്യം പോയത് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മ്യൂസിയത്തിലേക്കാണ്. വിവിധ തരത്തിലുള്ള ഷഡ്പദങ്ങളെ പ്രിസര്‍വ് ചെയ്ത് സൂക്ഷിച്ച മ്യൂസിയം. വര്‍ണ ശബളമായ ചിത്രശലഭങ്ങള്‍. ലോകത്തിലെ തന്നെ ഒരു പക്ഷേ, ഏറ്റവും വലിയ ശലഭങ്ങള്‍ മുതല്‍ ഉണ്ടിവിടെ. കടലിന്റെ അടിത്തട്ടിലുള്ള വര്‍ണവൈവിധ്യങ്ങള്‍ പറഞ്ഞ് തരുന്ന മ്യൂസിയം. ഇതൊക്കെ കണ്ട് അങ്ങനെ ആന്ഡമാനിനോട് വിട പറഞ്ഞു.
l
