നോമ്പ് കാലത്ത് കോഴിക്കോട് എലത്തൂരുകാരുടെ രുചിയേറും പ്രിയ വിഭവമാണ് കോഴിക്കഞ്ഞി അഥവാ ബര്‍മ കഞ്ഞി എന്ന പേരിലറിയപ്പെടുന്ന ഒരു തരം ഔഷധ കഞ്ഞി. നോമ്പ് എന്നു പറഞ്ഞാല്‍ എലത്തൂരുകാര്ക്ക് കോഴിക്കഞ്ഞിയാണ് എന്നു പറയേണ്ടി വരും. അത്രക്ക് പ്രിയവും ഖ്യാതിയുമാണ് ഈ കഞ്ഞിക്ക്. കോഴിയും നെയ്യും തുടങ്ങി 23 തരം ഔഷധക്കൂട്ടുകള്‍ കൊണ്ടാണ് കഞ്ഞി ഉണ്ടാക്കുന്നത്. എലത്തൂരിലെ അച്ചാപറമ്പത്ത് കുടുംബമാണ് കഞ്ഞി വിതരണം ചെയ്യുന്നത്.
അഞ്ചര പതിറ്റാണ്ടായി ഇത്തരത്തില്‍ കഞ്ഞി വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട്. അത് ഈ റമദാനിലും തുടരുന്നു.
കുടുംബത്തിലെ മുതിര്‍ന്ന തലമുറ ജോലിയാവശ്യാര്‍ഥം ബര്‍മയിലേക്കു പോയിരുന്നു. ബര്‍മയില്‍ നിന്നാണ് ഇങ്ങ് കോഴിക്കോട്ടേക്കും കഞ്ഞിയെത്തിയതെന്നാണ് കുടുംബം പറയുന്നത്. എലത്തൂരുകാരായ അച്ചാം പറമ്പത്ത് കുടുംബത്തിലെ എ.പി മമ്മദ് കോയ ഹാജിയാണ് ബര്‍മയില്‍ നിന്നുള്ള ഈ കഞ്ഞിയുടെ രുചി എലത്തൂരുകാര്ക്ക് പരിചയപ്പെടുത്തിയത്.
ജോലി തേടി ബര്‍മയിലേക്കു പോയ അദ്ദേഹം 1964 ല്‍ അവിടെ നിന്നും തിരിച്ചുവന്നതു മുതല്‍ തുടങ്ങിയതാണ് നാട്ടുകാര്‍ക്കുള്ള കഞ്ഞി വിതരണം. അവിടെയുള്ളപ്പോള്‍ തന്നെ ഔഷധങ്ങള്‍ ചേര്‍ത്ത അവരുടെ കഞ്ഞി ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ അതു തുടര്‍ന്നുവന്നു. യഥാര്‍ഥത്തില്‍ ഇതിന്റെ പേര് കോഴി കഞ്ഞി എന്നാണ്. നാട്ടുകാരാണ് ബര്‍മ കഞ്ഞിയെന്നു മാറ്റിവിളിച്ചത്. ആറു പള്ളികളിലും വീട്ടിലുമായാണ് കഞ്ഞി വിതരണം. വീട്ടില്‍ നിന്നും ഉണ്ടാക്കുന്ന കഞ്ഞി സമീപത്തെ ആറോ ഏഴോ പള്ളികളില്‍ എത്തിക്കുകയാണ് പതിവ്. കാര്യമായി എലത്തൂര്‍ ജുമാ മസ്ജിദിലേക്കാണ് കൊണ്ടുപോകുന്നത്. നോമ്പ് രണ്ടു മുതല്‍ ഇരുപത്തേഴുവരെ എല്ലാ ദിവസവും കഞ്ഞി വിതരണമുണ്ട്. കഞ്ഞിയുടെ രുചിയും ഔഷധ മൂല്യവും കേട്ടറിയാന്‍ തുടങ്ങിയതോടെ കണ്ണൂരടക്കമുള്ള സമീപ പ്രദേശങ്ങളില്‍ നിന്നും ജാതി മത ഭേദമന്യേ ആളുകള്‍ എത്താറുണ്ട്. കഞ്ഞി വെക്കാനുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ ഏഴുമണിയോടെ തന്നെ ജോലിക്കാരെത്തും. പതിനൊന്ന് മണിയോടെ തീ പിടിപ്പിക്കാന്‍ തുടങ്ങും. പന്ത്രണ്ട് മണിക്ക് കഞ്ഞിക്കുള്ള അരിയും കോഴിയും ഔഷധക്കൂട്ടുകളും ചേര്‍ത്ത് അടുപ്പത്ത് വെച്ചാല്‍ മൂന്നു മണിയോടെ പാകമാകും. അസര്‍ നമസ്കാര സമയമാകുന്നതോടെയാണ് പ്രദേശവാസികള്‍ക്ക് കഞ്ഞി വിതരണം ചെയ്യുന്നത്. നോമ്പുകാലത്ത് തങ്ങളുടെ ക്ഷീണം മാറ്റുന്ന ആ കഞ്ഞിയാണ് എലത്തൂരുകാരുടെ പ്രിയപ്പെട്ട വിഭവം.
l
