സംഘാടകരുടെ കണക്കുകള്‍ തെറ്റിച്ചായിരുന്നു പതിനായിരങ്ങളുടെ കണക്റ്റയിലേക്കുള്ള ഒഴുക്ക്. വ്യത്യസ്ത പ്രായക്കാര്‍, ദേശക്കാര്‍, ആശയക്കാര്‍. ഒറ്റപ്പെട്ടവരാണെങ്കിലും വിദേശികളും കേരളേതരും… എല്ലാവരെയും ബന്ധിപ്പിക്കുന്ന 'ഏതോ ഒരു ചരട്' കണക്റ്റ എക്സിബിഷനില്‍ ഉണ്ടായിരുന്നു. പത്ത് ദിനങ്ങള്‍കൊണ്ട് ഒരു ലക്ഷത്തിലധികം പേര് സന്ദര്‍ശിച്ച എക്സിബിഷന് പ്രഖ്യാപിക്കപ്പെട്ടത് പോലെ തന്നെ ബന്ധങ്ങളുടെ കാഴ്ചോത്സവമായി മാറി. സോഷ്യല്‍ മീഡിയകളില്‍ ഒരു കോടിയിലധികം ജനങ്ങള്‍ ഇതിനകം എക്സിബിഷനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
കണ്ണൂരിന്റെ ഹൃദയനഗരി കണക്റ്റയിലൂടെ എക്സിബിഷന് ചരിത്രത്തില്‍ ഒരു പുതിയ ചരിത്രമെഴുതി. 'ദൈവം, പ്രപഞ്ചം, മനുഷ്യന്' എന്ന മുഖ്യ പ്രമേയത്തിലൂന്നി ഡയലോഗ് സെന്റര്‍ കേരളയാണ് 2026 ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നീണ്ടുനിന്ന'കണക്റ്റ' കള്‍ച്ചറല്‍ എക്സിബിഷന് ഒരുക്കിയത്.
'ബന്ധങ്ങളുടെ കാഴ്ചോല്സവം' എന്ന കാപ്ഷനില്‍ ജര്‍മന്‍ പന്തലിനകത്ത് 26 സ്റ്റാളുകളിലായി സംവിധാനിച്ച പവലിയനില്‍ മനുഷ്യബന്ധങ്ങള്‍ മനോഹരമായി ആവിഷ്കരിച്ചു. ശശി മേമ്മുറി, നുഅ്മാന് വയനാട്, ഫൈസല്‍ തൃശൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ അറിയപ്പെട്ട മുപ്പതോളം കലാകാരന്മാരുടെ കരവിരുതിലാണ് ത്രീഡി, റ്റൂഡി ഇന്‍സ്റ്റലേഷനുകളും മറ്റ് പ്രദര്‍ശന ശില്പങ്ങളും ഒരുങ്ങിയത്. മനുഷ്യനും ദൈവവും, മനുഷ്യനും പ്രപഞ്ചവും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ ആയിരുന്നു പ്രദര്‍ശനത്തിന്റെ പ്രധാന ത്രഡ്. ബന്ധങ്ങള്‍ നെടുകയും കുറുകെയും പേടിപ്പെടുത്തുംവിധം അറ്റുപോകുന്ന കാലത്ത് മനുഷ്യ ബന്ധങ്ങളുടെ ആഴവും ഊഷ്മളതയും ഹൃദയങ്ങളെ പിടിച്ചുകുലുക്കും വിധമായിരുന്നു പ്രദര്‍ശനത്തിന്റെ ആവിഷ്കാരം. സാംസ്കാരിക സംവാദം, മൈത്രീ സംഗമം, പുസ്തകമേള, കലാ നിശ, ഓപ്പണ്‍ ഫോറം, ഇന്ററാക്റ്റീവ് ക്വിസ് പ്രോഗ്രാമുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ ദശദിന പ്രദര്‍ശനത്തിന്റെ കൂടെ അരങ്ങേറി.
26 സ്റ്റാളുകളിലായി മനുഷ്യനും മാതാവും തമ്മിലുള്ള ഗര്‍ഭപാത്ര ബന്ധം, ഒട്ടേറെ പേരുടെ താങ്ങും കരുതലുമായി മനുഷ്യജീവിതം ബന്ധപ്പെട്ടു കിടക്കുന്നു എന്നും 'ഓര്‍മകള്‍ മങ്ങാതിരിക്കട്ടെ' എന്നും വിളിച്ചു പറയുന്ന ശൈശവകാലം…
താപിതാക്കളെ കുറിച്ചുള്ള ഓര്‍മയെഴുത്ത് തുടങ്ങിയ യാത്രാ ആരംഭത്തിലെ സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ഉള്ളം കലക്കുന്ന ഓര്‍മകളൊരുക്കി. എന്റെ പെറ്റുമ്മയെക്കുറിച്ചെഴുതാന് നിങ്ങള്‍ തരുന്ന കടലാസു കഷ്ണം പോരെന്നാണ് ഒരു കൊച്ചുകുട്ടി ഓര്‍മയെഴുത്തിന്റെ സ്റ്റിക്കറില്‍ കുറിച്ചിട്ടത്. വിദ്യാര്‍ഥിനികളില്‍ ചിലര്‍ എക്സിബിഷന് കണ്ട് സ്നേഹനിധികളായ മാതാപിതാക്കളെ കുറിച്ചോര്‍ത്ത് കരയുന്ന വീഡിയോ ഇതിനകം ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. മഹാപ്രപഞ്ചത്തിലും ജൈവവൈവിധ്യങ്ങളുള്ള ഭൂമിയിലും മനുഷ്യന്റെ സ്ഥാനം, പ്രകൃതിയിലും സമ്പത്തിലും ചൂഷണ നീരാളികള്‍ പിടിമുറുക്കിയ കാലത്ത് മനുഷ്യര്‍ പാലിക്കേണ്ട പരിധികള്‍ തുടങ്ങിയവ വിര്‍ച്വല്‍ റിയാലിറ്റി (വീ ആര്) ഷോ, നാച്ചുറല്‍ ഇന്സ്റ്റലേഷന് തുടങ്ങിയ രീതികളില്‍ മനോഹരമായി ആവിഷ്കരിക്കപ്പെട്ടു.
സ്റ്റാളുകളിലെ ആശയ ഗാംഭീര്യവും ശില്പഭംഗിയും മണ്ണും മനുഷ്യനും, ആണും പെണ്ണും, വിവാഹം, കുടുംബ ജീവിതം, അയല്പക്ക - സാമൂഹ്യബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചിത്രീകരിച്ച സ്റ്റാളുകള്‍ പലരെയും പലവിധം ചിന്തിപ്പിച്ചു. ഒടുവില്‍ സന്ദര്‍ശകരെത്തുന്നത് ആറടി താഴെ മണ്ണിലൊരുക്കിയ ഖബറിടത്തിലാണ്. ജീവിതത്തിന്റെ അവസാന വാതിലടഞ്ഞ് അന്തിമവാസ സ്ഥലവും കടന്ന് മറ്റൊരു വാതില്‍ തുറക്കുന്നത് മനുഷ്യന്റെ കര്‍മപുസ്തകം ലഭിക്കുന്ന വിധിയിടത്തേക്കാണ്! ആത്മാവിന്റെ അനന്തമായ യാത്രാപഥങ്ങളിലേക്ക് വിരല്‍ ചൂണ്ടി സ്വന്തം തീരുമാനങ്ങളെടുക്കാന്‍ സന്ദര്ശകന് സ്വാതന്ത്ര്യം നല്കി കണക്റ്റ എക്സിബിഷന് അവസാനിക്കുന്നു.
സാങ്കേതിക- സംഘാടന പരിമിതികള്‍ ഏറെയുണ്ടെങ്കിലും, പലനിലക്കും ചരിത്ര സംഭവമായി മാറിയ എക്സിബിഷന്റെ വിജയത്തില്‍ സന്തുഷ്ടരാണ് ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകരും അണിയറ ശില്പികളും.
('കണക്റ്റ' എക്സിബിഷന് അസിസ്റ്റന്റ്
ഡയരക്ടറായിരുന്നു ലേഖകന്‍)
വിനോദിനി എ.എം
സുഹൃത്തായ ഫൈനാനയിലൂടെയാണ് എക്സിബിഷനെ കുറിച്ച് അറിഞ്ഞത്. അവിടെ എത്തിയെങ്കിലും ക്യൂ കണ്ടപ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു. ഫൈന പറഞ്ഞതനുസരിച്ചു ഞാന്‍ ക്യു നില്‍ക്കാതെ അവിടെ കയറി, പക്ഷെ, ആരും എന്നെ തടഞ്ഞില്ല. എനിക്കത്ഭുതം തോന്നി, എവിടെയും ആദ്യം എത്താനുള്ള മത്സരമാണ്. ഇവിടെ ആളുകള്‍ ക്ഷമയോടെ വഴി മാറിത്തരുന്നു. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ യാത്ര ഖബറിലേക്ക് അവസാനിക്കുന്നതിനിടയില് നാം പിന്നിടുന്ന ജീവിതത്തിന്റെ ഓരോ ഘട്ടങ്ങള്‍ വളരെ വ്യക്തമായും സൂക്ഷ്മമായും നമ്മിലേക്ക് ആവാഹിക്കപ്പെടുന്നു, നമ്മള് വേറൊരു ലോകത്തു എത്തിയത് പോലെ… ചിന്തകള്‍ക്ക് അതീതമായി കര്‍മ ഫലങ്ങളാണ് നമ്മളുടെ വിധി നിര്‍ണയിക്കുന്നത് എന്നുള്ള തത്ത്വം അവിടെ പറയാതെ പറയുകയാണ്. ഒരു വീടിനുള്ളില്‍ താമസിക്കുന്നവര്‍ എങ്ങനെ പരസ്പരം പെരുമാറണമെന്നും, അവര്‍ കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ വളരെ ഗംഭീരമായിരുന്നു. അവിടെ ചുമരില്‍ പതിപ്പിച്ച ഓരോ മഹത് വചനങ്ങളും മനസ്സിന്റെ ആഴങ്ങളിലേക്ക് പതിക്കുന്നവയായിരുന്നു.. ഞാന്‍ ഓരോന്നും പല ആവൃത്തി വായിച്ചു, എന്റെ മനസ്സിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അയല്‍വാസികളോട് നാം എങ്ങനെ പെരുമാറണം എന്നുള്ളതാണ്. ഓരോ വചനങ്ങളും ശ്രദ്ധയോടെ വായിച്ചു. മനസ്സ് വല്ലാത്തൊരവസ്ഥയിലേക്ക് വഴുതി മാറുന്നതുപോലെ തോന്നി. മനുഷ്യര്‍ കുടുക്കിലകപ്പെടുന്നത് വളരെ കൃത്യതയോടെ കാണിച്ചു. അവസാനം ഖബറിനടുത്തെത്തുമ്പോള് മനസ്സ് ശൂന്യമായി… എന്തിനാണ് മത്സരം, എന്തിനാണ് വര്‍ഗീയത, എന്തിനാണ് സമ്പത്ത്. അവസാനം ആറടി മണ്ണ്… കുറച്ചു സമയം അധികം ഞാന്‍ ചെലവഴിച്ചത് ഖബറിനടുത്തായിരുന്നു… നന്ദി ഫൈനാ…. എന്നെ ഈ എക്സിബിഷന് കാണാന്‍ പ്രേരിപ്പിച്ചതിന്.
അയല്പക്ക കണക് ഷനുമായി ഒരു സൗഹൃദ യാത്ര
സമീറ സി.ടി
സംഗമത്തിന്റെയും അയല്‍വാസി കൂട്ടായ്മയുടെയും ഒരു സൗഹൃദ യാത്ര കഴിഞ്ഞ വര്‍ഷം വയനാട്ടിലേക്ക് പോയപ്പോള്‍ തന്നെ എല്ലാവരും തീരുമാനിച്ചതാണ് ഓരോ വര്‍ഷവും ഓരോ ജില്ലയിലേക്ക് ഒരു യാത്ര പോവണം എന്ന്. ഒരു കൂട്ടായ്മ ഉണ്ടാക്കി യാത്ര പോയാല്‍ അയല്‍വാസികള്‍ തമ്മില്‍ ഒരു നല്ല കണക് ഷന് രൂപപ്പെട്ടു വരും എന്നതിന്റെ തെളിവാണ് ഞങ്ങളുടെ യാത്രയിലെ മുതിര്‍ന്ന അംഗങ്ങളായ വിലാസിനി ചേച്ചി, വസന്തമ്മ, വിജയമ്മ, സുഭദ്രമ്മ, കാര്‍ത്തിയേച്ചി, നഫീസ്താത്ത തുടങ്ങിയവരൊക്കെ.
കണ്ണൂരിലെ connecta എക്സിബിഷന് ആയിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അവിടെയെത്തി ഓരോ സ്റ്റാളും കണ്ടപ്പോള്‍ ഓരോരോ അനുഭവങ്ങളും അഭിപ്രായങ്ങളും. അയല്പക്കബന്ധങ്ങള് വിളിച്ചറിയിക്കുന്ന സ്റ്റാളില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ആരൊക്കെയോ പറഞ്ഞു. ഞമ്മളുടെ വിഷയവും ഇവിടേണ്ടല്ലോ. ഞാന്‍ അവരോട് അയല്‍വാസി ബന്ധം ശക്തമാവാന്‍ പണ്ട് കാലത്ത് ചക്ക ഒരു കാരണം ആയിരുന്നു എന്നു പറഞ്ഞിരുന്നു. യാദൃശ്ചികമായി ചുമരിലെ ചക്ക മുറിക്കുന്ന ചിത്രം കണ്ടപ്പോള്‍ എല്ലാവര്ക്കും ആവേശമായി. ഓരോ സ്റ്റാളും കണ്ടു പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്ക്കും എന്തൊക്കെയോ അനുഭവങ്ങള്‍ പറയാനുള്ളത് പോലെ ''ഞമ്മള് ഒന്നിനോടും അഹങ്കരിക്കരുത്, എത്ര പണക്കാരനായാലും പാവപ്പെട്ടവനായാലും ആറടി മണ്ണ് മാത്രമേ അവസാനം ഉണ്ടാവുകയുള്ളൂ. പലതും പഠിക്കാനുണ്ട്. ഇന്ന് കണ്ടവരെ നാളെ ഞമ്മള് കാണുന്നില്ല ''എന്ന അഭിപ്രായങ്ങള്‍ എന്റെ അയല്‍വാസിയായ പ്രസന്നെച്ചി പങ്കുവെച്ചപ്പോള്‍ ശോഭേച്ചിക്ക് പറയാനുള്ളത് അയല്‍വാസി ബന്ധത്തെ പറ്റിയാണ്.
''ജനനം മുതല്‍ മരണം വരെയുള്ള സംഗതി കണ്ടപ്പോള്‍ എല്ലാരേയും സ്നേഹിക്കണമെന്നും അയല്‍ക്കാരോട് നന്നായി പെരുമാറണമെന്നും ചിന്ത വന്നു
''Connecta യില്‍ കണ്ട ഖബറിടം ഒരു നിമിഷം മരണത്തെ ഓര്‍ത്തു പോയി. എല്ലാവര്ക്കും ഇത്രയേ ഉള്ളൂ. നിസ്സാര പ്രശ്നങ്ങള്‍ക്കാണ് തമ്മില്‍ കലഹിക്കുന്നത്. ചെറിയ ഒരുകാലയളവില്‍ മാത്രമേ നമ്മള് ഇവിടെ ജീവിക്കൂ. ജനിക്കുമ്പോള്‍ ഒന്നും കൊണ്ടുവരാത്ത ഞമ്മള് മരിക്കുമ്പോഴും ഒന്നും കൊണ്ടുപോവുന്നില്ല. പിന്നെന്തിന് കലഹം'' ലൗലിക്ക് ചോദിക്കാനുള്ളത് ഇതാണ്.
l
