പെരുന്നാള്‍ നമസ്കാരം കഴിഞ്ഞതിനു ശേഷം ഈദ് ഗാഹില്‍ എത്തുന്ന ആള് ആദ്യം നമസ്കാരം നിര്‍വഹിക്കുകയാണോ അതല്ല, നമസ്കാരം നിര്‍വഹിക്കാതെ ഖുത്വ് ബ കേള്‍ക്കുകയാണോ വേണ്ടത്? അതിനു ശേഷം അയാള്‍ നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ടോ?
ഉത്തരം: ഒരാള്‍ ഈദ് ഗാഹിലേക്ക് എത്തുമ്പോള്‍ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞിരിക്കുന്നു, ഇമാം പെരുന്നാള്‍ ഖുത്വ് ബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്, എങ്കില്‍ വൈകി വന്നയാള്‍ എന്ത് ചെയ്യണം എന്നാണല്ലോ ചോദ്യം. ആദ്യം ചെയ്യേണ്ടത് മസ്ജിദില്‍ രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കാരം നിര്‍വഹിക്കുകയാണ്. ഈദ് ഗാഹ് (മുസ്വല്ലല്‍ ഈദ്) മസ്ജിദ് പോലെത്തന്നെയാണെന്ന് ഹമ്പലി പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറിനില്‍ക്കണമെന്ന് റസൂല്‍ (സ) നിര്‍ദേശിച്ചത്. പള്ളിയില്‍ പാലിക്കപ്പെടുന്നതൊക്കെ ഈദ് ഗാഹിലും പാലിക്കപ്പെടണം എന്നാണ് അതിന്റെ അര്‍ഥം. അതുകൊണ്ടാണ് ഈദ് ഗാഹിലെത്തുന്ന വ്യക്തി തഹിയ്യത്ത് നമസ്കാരം നിര്‍വഹിക്കാതെ ഇരിക്കരുത് എന്ന് പറയുന്നത്. ഇമാമിനോടൊപ്പമുള്ള നമസ്കാരം വന്നയാള്‍ക്ക് നഷ്ടപ്പെട്ടതിനാല്‍ ഇനി അയാള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്കിടയില് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
നഷ്ടപ്പെട്ട നമസ്കാരം ഖദാ വീട്ടണം എന്ന് ഒരു വിഭാഗം പണ്ഡിതന്മാര് പറയുന്നു. പെരുന്നാള്‍ നമസ്കാരം എങ്ങനെയാണോ നിര്‍വഹിക്കപ്പെടുന്നത് അങ്ങനെത്തന്നെയാണ് അത് ഖദാ വീട്ടേണ്ടത്. അതായത്, ആദ്യത്തെ തക്ബീറതുല് ഇഹ്റാം കഴിഞ്ഞ് ഏഴ് തക്ബീറും രണ്ടാമത്തെ തക്ബീറതുല് ഇഹ്റാം കഴിഞ്ഞ് അഞ്ച് തക്ബീറും ചൊല്ലണം. നമസ്കാരശേഷം ഖുത്വ് ബ വേണ്ടതില്ല. പെരുന്നാള്‍ ദിവസം മധ്യാഹ്നം വരെയാണ് ഖദാ വീട്ടാനുള്ള സമയം. അത് കഴിഞ്ഞും ഖദാ വീട്ടാമെന്ന് പറയുന്നവരുണ്ട്.
പെരുന്നാള്‍ നമസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഖദാ വീട്ടേണ്ടതില്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം. കാരണം ഈ അഭിപ്രായക്കാര്‍ പറയുന്നത്, സംഘടിതമായി മാത്രം നിര്‍വഹിക്കാനുള്ളതാണ് പെരുന്നാള്‍ നമസ്കാരം എന്നാണ്. അത് വ്യക്തികള്‍ ഖദാ വീട്ടേണ്ടതില്ല. എന്നാല്‍, ജുമുഅ നമസ്കാരം അങ്ങനെയല്ല. അത് ഒരു നിര്‍ബന്ധ നമസ്കാരത്തിന് പകരമായാണ് നിര്‍വഹിക്കപ്പെടുന്നത്. അതിനാല്‍ ജുമുഅ നമസ്കാരം നഷ്ടപ്പെട്ടവന് അതിന് പകരമായി ളുഹ്ര് നമസ്കരിക്കണം. പെരുന്നാള്‍ നമസ്കാരം മറ്റൊന്നിന്റെയും പകരമായി നിര്‍വഹിക്കപ്പെടുന്ന ഒന്നല്ല. അതിനാല്‍ ഇമാമിനോടൊപ്പമുള്ള നമസ്കാരം നഷ്ടപ്പെട്ടാല്‍ അത് ഖദാ വീട്ടേണ്ടതുമില്ല. ഇമാം ഇബ്നു തൈമിയ്യ തെരഞ്ഞെടുക്കുന്നത് ഈ അഭിപ്രായമാണ്. ഇതാണ് കൂടുതല്‍ പ്രബലമെന്ന് ഞാന്‍ കരുതുന്നു- അല്ലാഹു അഅ്ലം.
വീട്ടില്‍ വെച്ച് പെരുന്നാള്‍ നമസ്കാരം
സ്ത്രീക്ക് പെരുന്നാള്‍ നമസ്കാരം വീട്ടില്‍ വെച്ച് നിര്‍വഹിക്കാമോ?
ഉത്തരം: പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് (മുസ്വല്ലല്‍ ഈദ്) വെച്ച് പുരുഷന്മാരോടൊപ്പം സ്ത്രീകളും പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാനാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉമ്മുഅത്വിയ്യ (റ) പറയുന്നു: റസൂല്‍ (സ) സ്ത്രീകളോട് പെരുന്നാള്‍ നമസ്കാരത്തിന് പോകാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ആര്‍ത്തവമുള്ളവരും വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന കൗമാരക്കാരികളും വരെ അക്കൂട്ടത്തിലുണ്ടാവും. ആര്‍ത്തവമുള്ളവര്‍ നമസ്കാര സ്ഥലത്ത് നിന്ന് മാറി നില്‍ക്കാനും നിര്‍ദേശിച്ചിരുന്നു. അവിടെ നടക്കുന്ന നല്ല കാര്യങ്ങളില്‍ പങ്കാളികളാകാനും ഉദ്ബോധനങ്ങള്‍ ശ്രവിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. റസൂലിന്റെ സുന്നത്ത് പുരുഷന്മാര്ക്കൊപ്പം സ്ത്രീകളും ഈദ് മുസ്വല്ലയില്‍ ഒന്നിച്ച് നമസ്കരിക്കുക എന്നതാണ്. സ്ത്രീകള്‍ വീട്ടില്‍ വെച്ച് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുക എന്ന സുന്നത്ത് ഞാന്‍ എവിടെയും കണ്ടിട്ടില്ല.
l
