വെള്ളപുതച്ച് ചമയങ്ങളില്ലാതെ
അവള് കിടന്നു
പതിയെ അവള് മുറിയിലേക്ക് നടന്നു.
കരഞ്ഞു തളര്‍ന്നുറങ്ങുന്ന
മക്കളുടെ ശ്വാസം
അവളെ
നിശ്ശബ്ദമായി കീറിക്കളഞ്ഞു.
ഉപയോഗിച്ചതും
ഉപയോഗിക്കാത്തതുമായ
ഉടയാടകള്‍
അലമാരയ്ക്കുള്ളില്‍ നിന്ന്
ഒറ്റച്ചോദ്യം
ഇനി ആര്‍ക്കുവേണ്ടി…?
തുടച്ചു മിനുക്കിയ വീടകം
ഇപ്പോള്‍
ചവിട്ടുപാടുകള്‍ നിറഞ്ഞ്
അവളെ തിരിച്ചറിയാതെ നില്ക്കുന്നു.
അതിഥികള്‍ക്കായി മാറ്റിവെച്ച
പളുങ്കുപാത്രങ്ങള്‍
നിശ്ശബ്ദമായി
അവളെ നോക്കി
ഇനി ആര്‍ക്കുവേണ്ടി…?
ജീവിച്ചിരിക്കുമ്പോള്‍
ഒരിക്കലും കേള്‍ക്കാത്ത
നല്ല വാക്കുകള്‍
ഇപ്പോള്‍
അവളുടെ പേരിന് ചുറ്റും
അലങ്കാരമായി.
പൂന്തോട്ടത്തില്‍
അവളുടെ കൈകളിലെ
മുറിവുകളെയറിയുന്ന പൂക്കള്‍
സ്നേഹത്തോടെ
തലയാട്ടി.
ആരെയും തൊടാന്‍പോലും
സമ്മതിക്കാതെ
അവള് പരിപാലിച്ച പൂക്കള്‍
കുട്ടികളുടെ കൈകളില്‍
വേദനയായി
പൊട്ടി വീഴുന്നത്
കണ്ണിറുക്കാതെ കണ്ടു.
അവസാനം
നിറഞ്ഞ കണ്ണുകളാല്‍
മുഖമുയര്‍ത്തി അവള് ചോദിച്ചു:
'എനിക്ക് വരമായി തരുമോ
ഒരു ദിനംകൂടെ…?
