അഡ്രസ് ഇല്ലാതെയൊരു
ഡയരി മില്‍ക്ക് കൊറിയര്‍
ഗസ്സയില്‍നിന്ന് വന്നെന്റെ
കാളിംഗ് ബെല്ലടിച്ചു
വേട്ടമൃഗങ്ങളെ വിറളിപിടിപ്പിച്ചൊരു
'കറുത്ത' വേടന്റെ കരുത്തുറ്റൊരൊച്ച
എന്റെ കതകിനു മുട്ടി
'നരിവേട്ട'ക്ക് മറയ്ക്കാനാകാത്ത
നരവേട്ട സ്മരണകള്‍
കാടിറങ്ങി, ചുരമിറങ്ങി, ചൂരടിപ്പിച്ചു
'മാലക്കള്ളി'കളെ തെരഞ്ഞ്
കോളനി നിരങ്ങിയ ആക്്ഷന്‍ ഹീറോകള്‍
രായ്ക്കുരാമാനം കതകിനു മുട്ടി,
പല്ലിളിച്ചു
സെക്സ് എഡ്യുക്കേഷന്റെ
ഭാരിച്ച സിലബസില്ലാതെ
സ്വന്തം പെണ്ണുടലിന്റെ സ്വത്വമറിഞ്ഞ
നാലു വയസ്സുകാരി
ന്യൂസ്ഫീഡില്‍ ഒഴുക്കിനെതിരെ
കുരുങ്ങി നിന്നു
പഹല്‍ഗാമിന്റെ പച്ചപ്പിന്
ചെഞ്ചോര പൂശിയ കുടില തലച്ചോര്‍
ഗൂഢ സ്മിതത്തോടെ
ചോരയും മാംസവും നക്കിത്തുടച്ച്
ചിറി കോട്ടി
വഖഫ് വകുപ്പുകള്‍ക്ക് വാള്‍ത്തല വീശി
'അമിത' വിദ്വേഷങ്ങള്‍ ചിരിച്ചു നിന്നപ്പോഴും
ഹാ... എന്റെ തെരുവെത്ര ശാന്തം!
