തൂത്തുവാരലാണെന്റെ കര്‍മമെങ്കിലും
സങ്കീര്ണമാണെന്നവസ്ഥ
പ്രായവും കര്മവുമേറിയതല്ലല്ല
യന്ത്രപ്പെരുക്കത്താല്ത്തന്നെ.
പണ്ടെനിക്കുണ്ടായിരുന്നില്ലൊഴിവൊട്ടും
വിശ്രമിക്കാ, നാനന്ദിക്കാന്
വേഗമായിരുന്നു, കാലത്തും സന്ധ്യക്കു-
മോടിനടന്നകമ്പുറം.
അഗ്നി അടുപ്പില്‍ പെരുക്കിയില്ലെങ്കിലും
വൃത്തിയാക്കണടുക്കള.
പൈതങ്ങളില്ലാത്ത ഗേഹമാണെങ്കിലും
വെട്ടിത്തിളങ്ങണം മുറ്റം.
വീടിന്റെ ഐശ്വര്യമെന്നതന്നൊക്കെ
നാടിന്റെ ഐശ്വര്യം തന്നെ.
അഷ്ടിക്കു മുട്ടുണ്ടെന്നാലും സല്വൃത്തിക്കു
ക്ഷാമമുണ്ടായിരുന്നില്ല.
തത്ത്വങ്ങളൊക്കെയുറങ്ങുകയാണാവോ
ചില്ലിട്ട സ്വപ്നങ്ങള്‍ക്കുള്ളില്‍?
യന്ത്രങ്ങള്‍ തന്ത്രത്തില്‍ കൈയടക്കുന്നുവോ
വീട്ടുഭരണങ്ങളെല്ലാം?
മാറ്റമുള്‍ക്കൊണ്ടു മയങ്ങിക്കിടക്കയാം
കാലവും മണിമക്കളും
തൊട്ടുണര്ത്തിയേ മതിയാവൂ ഞാ, നുണ്ട
ചോറിനു നന്ദിയെന്നപോല്
ഇങ്ങനെയോരോന്നുമോര്ത്തിരുന്നൊരു നാള്
വിസ്മൃതമായിടും മുന്‍പ്
കൂററ്റ വീടിന്റെ പിന്നരങ്ങളില്നിന്നും
കാറ്റുപോലുയിര്ത്തെണീറ്റ്
പണ്ടത്തെത്തൊരുണ്യമാര്ന്നൂര്ജത്തില് വൃത്തി-
യാക്കണമകമ്പുറവും,
മാദകസ്വപ്നത്തില് മയങ്ങുന്ന നിങ്ങള്‍-
തന്നുള്ളിലെ ദുര്ലോകവും.
