വിശപ്പിന്റെ കരച്ചില്
ഉയര്‍ന്നപ്പോഴാണ്
പഠനമുപേക്ഷിച്ച്
കേട്ടറിഞ്ഞ മരുഭൂമി
സ്വപ്നം കണ്ടിറങ്ങിയത്.
കുറിയടവുപോല്
സമയം തെറ്റാതെ കാശയച്ചപ്പോള്
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലെ
വിയര്പ്പിന് ഗന്ധം.
ആരും കണ്ടില്ല.
ഉമ്മ വിളിച്ചപ്പോള്‍ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാര് വന്നിരുന്നു.
''മോന് ഗള്‍ഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്''
'നീയെന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്'
എന്റെ ഉള്ളും കണ്ണുകളും ചിരിച്ചു.
അതാരും കണ്ടില്ല.
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയോള്ക്ക് കൂട്ടാവാലോ,
നനവുറ്റുവോളം സംസാരിക്കാലോന്ന് കരുതി.
വിശപ്പടക്കാതെ വിയര്‍പ്പൊഴുക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
എന്നിട്ടും തീര്‍ത്താല്‍ തീരാത്ത പരാതികള്‍.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.
പണ്ടൊക്കെ എനിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീപ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു.
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയര്‍പ്പാണ് ഹൃദ്യം.
മരുപ്പച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
ജീവിക്കാന്‍ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവന്.
ആട്ടിന്‍കൂട്ടത്തോടൊപ്പം
ഞാനാര്ത്തുകരഞ്ഞത് കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ശ്രദ്ധിച്ചുകാണില്ല.
വിയര്‍പ്പിന്റെയല്ല..
കണ്ണീരിന്റെ
ആരും കാണാനില്ലെന്നുറപ്പായപ്പോള്‍
അടര്‍ന്നുവീണ കണ്ണീരിന്റെ...
