'കരയരുത്.' - വീട്ടില്‍ നിന്ന് പുറപ്പെട്ട് എത്തുവോളമുള്ള രണ്ടര മണിക്കൂര്‍ നേരവും ഞാന്‍ എന്നെത്തന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നത് അങ്ങനെയായിരുന്നു. എങ്ങാനും കരഞ്ഞു പോയാല്‍ കാറ്റു കാത്തു കിടന്നൊരു കനല് പോലെ ചുറ്റുമുള്ളവരിലേക്കും എളുപ്പത്തില്‍ തന്നെയാ കണ്ണീരുപടരുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നിട്ടും, എത്രയൊക്കെ ശ്രദ്ധിച്ചിട്ടും ചടങ്ങ് നടക്കുന്ന മുറിയുടെ വാതില്‍ കടന്നു ചെന്ന്, ഏറെ കാലമായി ആശിച്ചിരുന്ന മണവാട്ടിയുടെ വേഷത്തില്‍ അവളെ കണ്ടപ്പോള്‍ അറിയാതെ തന്നെ കണ്ണുനിറയുകയും വാക്കു കിട്ടാതെ വിതുമ്പുകയും ചെയ്തു. അവള്‍ക്കു വേണ്ടപ്പെട്ട എല്ലാവരും അധികമായ സന്തോഷത്താല്‍ കരയുക തന്നെയായിരുന്നു അപ്പോള്‍.
സങ്കടത്തിന്റെ മാത്രമല്ല, സന്തോഷത്തിന്റെയും ഏറ്റവും നല്ല രൂപങ്ങളില്‍ ഒന്ന് കണ്ണുനീരാണെന്ന പോലെ.
അങ്ങേയറ്റം വ്യക്തിപരമായ, ഏതോ സുഹൄത്തിന്റെ കല്യാണവും അതിന്റെ വൈകാരികതയും എന്തിനാണിങ്ങനെ എഴുതുകയും മാലോകരെ മുഴുവന്‍ അറിയിക്കുകയും ചെയ്യുന്നത് എന്ന് സംശയം തോന്നുന്നില്ലേ? ആ ചടങ്ങില്‍ മനുഷ്യര്‍ക്കാകെ മാതൃകയാക്കാവുന്ന പലതുമുണ്ടായിരുന്നതു കൊണ്ട് എന്നതാണുത്തരം. പറയാം:
ഈമാന്‍ കൊണ്ട്, സഹന ശക്തി കൊണ്ട്, നല്ല സ്വഭാവം കൊണ്ട് എനിക്ക് ആദരവും ഇഷ്ടവും തോന്നിയിരുന്ന കൂട്ടുകാരിയുടെ രണ്ടാം വിവാഹമായിരുന്നു അന്നത്തേത്. അവള്‍ക്ക് തൊട്ടരികെ, ഏതാണ്ട് മണവാട്ടിയുടേതിന് സമാനമായ വേഷത്തില്‍ അവളുടെ മകളുമുണ്ടായിരുന്നു. (ഇന്നത്തെ കാലത്ത് പുനര്‍ വിവാഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ബാധ്യത!' ഉപ്പ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ ബാധ്യത എന്ന് പറയുന്നതിനോളം മനുഷ്യപ്പറ്റില്ലാത്തതും വൃത്തികെട്ടതുമായ പ്രയോഗം വേറെ കണ്ടിട്ടേയില്ല). ഉമ്മയോടൊപ്പം പുതിയ ജീവിതത്തിലേക്ക് ആ കുഞ്ഞും അന്നു തന്നെ പോവുന്നുണ്ടായിരുന്നു.
പക്ഷേ, അതായിരുന്നില്ല അന്നത്തെ അപൂര്‍വത. അവളെ ഒരുക്കിയത്, പ്രാര്‍ഥനയോടെ പുതിയ വീട്ടിലേക്ക് പറഞ്ഞയച്ചത്, ഒന്നാമത്തെ അമ്മായിയമ്മ ആയിരുന്നു! മരുഭൂമിയില്‍ ഉരുകാതെ നില്ക്കുന്നൊരു ഐസ് കൂന പോലെ, അതി ശൈത്യകാലത്ത് തണുക്കാതെ, പുതക്കാതെ നില്ക്കുന്നൊരു കുട്ടിയെ പോലെ, കാട്ടുതീയില്‍ കത്താതെ നില്ക്കുന്നൊരു ചെറു മരം കണക്കേയുള്ള ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ആശ്ചര്യമായിരുന്നു അത്. ചുറ്റുമുള്ളവരെല്ലാം സന്തോഷക്കൂടുതലിനാല് കണ്ണ് നിറഞ്ഞപ്പോഴും ദൃഢനിശ്ചയത്തോടെ, പുഞ്ചിരിയോടെ മാത്രം അവരവിടെ നിറഞ്ഞു നിന്നു. ചെല്ലുന്നവരോട് വിശേഷങ്ങള്‍ ചോദിച്ചു. ഓര്മച്ചിത്രങ്ങളെടുത്തു. സ്വന്തം മകന്റെ ഭാഗത്തെ തെറ്റിനെ അവര്‍ ഒരിക്കലും ന്യായീകരിച്ചില്ല. മരുമകളെ കുറ്റം പറഞ്ഞ് കടിച്ചു കീറാന്‍ ആര്‍ക്കു മുന്നിലേക്കും ഇട്ടു കൊടുത്തതുമില്ല. ഏറ്റവും ഒടുവില്‍ ബന്ധം പിരിഞ്ഞപ്പോഴും മകള്‍ എന്ന് തന്നെ കണക്കാക്കി സ്നേഹിച്ചു, സങ്കടങ്ങളില്‍ കൂടെ നിന്നു! വെന്തു നീറി കഴിഞ്ഞുപോയ ദിവസങ്ങളുടെ കടച്ചിലിന് മരുന്ന് പുരട്ടി ആശ്വാസം കൊടുക്കും പോലെ സമാധാനമായിക്കാണും അപ്പോഴവള്‍ക്ക്.
പടച്ചോന് ഇഷ്ടപ്പെടുന്നുണ്ടാകും എന്ന് നമ്മള്‍ക്ക് തന്നെ മനസ്സ് നിറയുന്ന ചില നേരങ്ങളുണ്ടാകുമല്ലോ. അങ്ങനെയൊന്നായിരുന്നു എനിക്കത്. അതിനും മുമ്പ് എത്രയോ പരിചയങ്ങളുടെ വേര്‍പിരിയലിനും കല്യാണങ്ങള്‍ക്കും സാക്ഷിയോ ഭാഗമോ ആയിരുന്നിട്ടുണ്ട്. അതൊന്നും പക്ഷേ, ആ ഒരൊറ്റ ആളുടെ സാന്നിധ്യം കൊണ്ട് ആര്‍ദ്രമായ പോലെ ഇത്ര ഭംഗിയുള്ളതായിരുന്നില്ല.
ആരെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതിലെ പെണ്ണ് പിന്നെ ജീവിതകാലം മുഴുവന്‍ നില്‍ക്കേണ്ടി വരുന്നത് അരുതുകളുടെ വലിയൊരു ചതിപ്പിലാണ്. മുന്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും സാന്നിധ്യമുള്ള / ഉണ്ടാവാന്‍ സാധ്യതയുള്ള ഒരിടത്തേക്കും പിന്നെയവള്‍ക്ക് പോയിക്കൂടാ (ആ വിലക്കിനെ പെണ്ണുങ്ങള് ലംഘിക്കുന്നത് മരണ വീടുകളില്‍ പോവുമ്പോള്‍ മാത്രമാണ്. എന്നാല്‍ത്തന്നെയും പോവുക, പെട്ടെന്ന് തിരികെ വരിക എന്നതാണ് രീതി). അതെന്താ അങ്ങനെ, എന്നിട്ട് അയാള്‍ എല്ലായിടത്തും പോവുന്നുണ്ടല്ലോ എന്ന് വിവാഹ മോചിതയായ ഒരുത്തി ചോദ്യം ചെയ്തതിന്, വെറുതെയല്ല ഇത്ര നാക്കുണ്ടായിട്ടാവും നിന്നെ അവന് ത്വലാഖ് ചൊല്ലിയത് എന്ന്, ക്രൂരമായ അപവാദം കേട്ടത് സങ്കടത്തോടെ ഓര്‍മയുണ്ട്.
മവദ്ദത്തും റഹ്മത്തും നിറഞ്ഞ ജീവിതമുണ്ടാവുക, അതിന് സാധിക്കുന്നില്ലെങ്കില്‍ ആവുന്ന വഴികളെല്ലാം ചെയ്തു നോക്കുക, എന്നിട്ടും പരാജയപ്പെടുകയാണെങ്കില്‍ ഏറ്റവും മാന്യമായി ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോരുക. ഇത്രയേ റബ്ബ് പറയുന്നുള്ളൂ… എന്റെ ഭാഗത്താണ് ന്യായം എന്ന് വിശ്വസിപ്പിക്കാന്‍ കുറ്റങ്ങള്‍ പറഞ്ഞു നടക്കണമെന്നോ, ഇനിയുള്ള കാലം കാണാനേ പാടില്ലാത്ത ശത്രുക്കളാകണമെന്നോ പിന്നെയാരായിരിക്കും കണ്ണുരുട്ടിയിരിക്കുക?
എനിക്കീ മണവാട്ടിയോടും ആ ഉമ്മയോടുമുള്ള കടപ്പാട്, ജീവിതത്തിലെ ഏറ്റവും മോശം സമയത്തും അവര്‍ പറയാതെ പോയ കുറ്റപ്പെടുത്തലുകളാണ്. മനസ്സിന് മുറിവേറ്റപ്പോഴെല്ലാം ചാഞ്ഞു കിടക്കാന്‍ പരസ്പരം തോള് കൊടുത്തു എന്നതിനാണ്. ബന്ധം അവസാനിച്ചാലും ഇത്ര ഭംഗിയായും ജീവിക്കാം എന്ന് തെളിയിച്ചതിനാണ്. അങ്ങനെയങ്ങനെ കാണുന്ന എല്ലാവര്ക്കും ഏറ്റവും നല്ല റോള്‍ മോഡല്‍ ആകുന്നു എന്നതിനാണ്.
ഓരോ കൊല്ലവും അവസാനിക്കുമ്പോള്‍ ഏറ്റവും ദുഃഖിപ്പിച്ചത്, ഏറ്റവും ഓര്‍ത്തുവെക്കപ്പെടുന്നത്, സന്തോഷിപ്പിച്ചത് എന്നൊക്കെ നമ്മളിങ്ങനെ കണക്ക് വെക്കാറില്ലേ? ഈയടുത്ത് കഴിഞ്ഞുപോയ കൊല്ലത്തില്‍ എനിക്ക് പ്രിയപ്പെട്ടത് ആ ദിവസമായിരുന്നു!
വിശുദ്ധ വേദ പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ ഭംഗിയുള്ള, ലളിതമായ ഒരു കല്യാണത്തിന്റെ കഥ പറയുന്നുണ്ട്. ഫിര്‍ഔന്റെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയ മൂസാ നബിയുടെ ഒന്നുമില്ലാത്ത ജീവിതത്തിലേക്ക് ഒരു ഭാര്യയും കുടുംബവും കടന്നു വരുന്നതിന്റെ കഥ.. 'നാഥാ , നീയെനിക്ക് ഇറക്കി തരുന്ന ഏതു നന്മയും എനിക്കിപ്പോള്‍ ആവശ്യമാണ്' എന്ന തേടലിന്റെ ഉത്തരമായിരുന്നു അത്. ഓര്‍ക്കുമ്പോളൊക്കെയും സമാധാനം തോന്നുന്ന ഈ സുഹൃത്തിന്റെ കല്യാണക്കാഴ്ച പോലെ, തേടുന്നവര്‍ക്കൊക്കെയും അര്‍ഹിക്കുന്ന അത്ഭുതങ്ങളുണ്ടാകട്ടെ ജീവിതത്തില്‍… ആ ഉമ്മ തുടക്കമിട്ട നല്ല കാര്യത്തിന് അനേകം തുടര്ച്ചകളുണ്ടാകട്ടെ.
l
