ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച ശേഷം കേന്ദ്രം നടപ്പാക്കിയ ഓരോ പരിഷ്കാരങ്ങളും കേരളം നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ ഘടക കക്ഷികള്‍ പോലുമറിയാത്ത പി.എം ശ്രീയും അതിന്റെ തുടര്‍ച്ച തന്നെ. ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ഘടനാ മാറ്റങ്ങള്‍ അടക്കം ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കുന്നതില്‍ ഒരമാന്തവും ഇതുവരെ കാണിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രം പിടിച്ചു വെച്ചിരിക്കുന്ന 1100 കോടി ഫണ്ട് നേടിയെടുക്കാന്‍ ഇതിലും ഒപ്പ് വെച്ചിരിക്കുന്നു.
എന്താണ്
പി.എം ശ്രീ പദ്ധതി?
ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പി.എം സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (PM SHRI - Pradhan Mantri Schools for Rising India). നിലവിലുള്ള 14,500-ല്‍ അധികം വിദ്യാലയങ്ങളെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ മാതൃകയില്‍ നവീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ലക്ഷ്യങ്ങള്‍ ഇവയൊക്കെയാണ്
പി.എം ശ്രീ വിദ്യാലയങ്ങള്‍ ആധുനികവും പരിവര്‍ത്തനപരവുമായ വിദ്യാഭ്യാസ രീതി നടപ്പാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കും. ഇതിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ഇവയാണ്:
- അടിസ്ഥാന സൗകര്യ വികസനം: ആധുനിക ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സംയോജിത സയന്‍സ് ലാബുകള്‍, ലൈബ്രറികള്‍ തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക.
- ഗുണനിലവാരമുള്ള വിദ്യാഭ്യാസം: അനുഭവവേദ്യമായ പഠനം, അന്വേഷണാത്മക പഠനം, വിദ്യാര്‍ഥികേന്ദ്രീകൃത അധ്യാപന രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക.
- സമഗ്ര വികസനം: വിദ്യാര്‍ഥികളെ സമഗ്ര വ്യക്തിത്വമുള്ളവരും ഉത്പാദനക്ഷമതയുള്ളവരും ഭാവി സമൂഹത്തിന് സംഭാവന നല്കാന് കഴിവുള്ളവരുമാക്കി മാറ്റുക.
- ഹരിത വിദ്യാലയങ്ങള്‍ (Green Schools): പരിസ്ഥിതി സൗഹൃദപരമായ ഘടകങ്ങള്‍ (സോളാര്‍ പാനലുകള്‍, ജലസംരക്ഷണം, മാലിന്യ സംസ്കരണം) ഉള്‍പ്പെടുത്തി സ്കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുക.
- തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം: 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍, വൊക്കേഷണല്‍ കോഴ്സുകള്‍, പ്രാദേശിക വ്യവസായങ്ങളുമായി ചേര്‍ന്ന് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ എന്നിവ നല്‍കുക.
എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?
പി.എം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പാക്കുന്നതിനുള്ള ഒരു മുഖ്യ മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഈ പദ്ധതിയില്‍ ഒപ്പിടുന്നതിനെ ആദ്യം എതിര്‍ക്കാന്‍ കാരണം ഇതിലൂടെയുള്ള കേന്ദ്ര അജണ്ടയെക്കുറിച്ചുള്ള ആശങ്കകളാണ്.
ദേശീയ വിദ്യാഭ്യാസ നയം
(NEP) നടപ്പാക്കല്‍
പദ്ധതിയുടെ ധാരണാപത്രപ്രകാരം (MoU) പി.എം ശ്രീ സ്കൂളുകള്‍ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ദേശീയതലത്തിലുള്ള ഏകീകൃത പാഠ്യപദ്ധതി (National Curriculum Framework) ഈ വിദ്യാലയങ്ങളില്‍ കൊണ്ടുവരുന്നത് സംസ്ഥാനത്തിന്റെ സ്വന്തം വിദ്യാഭ്യാസ സമീപനത്തെയും സിലബസ് നിയന്ത്രണത്തെയും ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസത്തിന്റെ
കാവിവല്‍ക്കരണ ശ്രമം
ചില വിമര്‍ശകരുടെ അഭിപ്രായത്തില്‍, NEP-യും അതുവഴി പി.എം ശ്രീ പദ്ധതിയും വിദ്യാഭ്യാസ മേഖലയെ 'കാവിവല്‍ക്കരിക്കാന്‍' (Saffronisation of Education) കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ്. ചരിത്രബോധം, ശാസ്ത്രീയ കാഴ്ചപ്പാട്, മതേതര മൂല്യങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തി ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ഉള്‍പ്പെടുത്താനുള്ള സാധ്യതയെപ്പറ്റി സംസ്ഥാനത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സാമ്പത്തിക നിയന്ത്രണവും
കേന്ദ്രീകരണവും
പദ്ധതിയുടെ ധനസഹായ രീതി 60:40 (കേന്ദ്ര വിഹിതം: സംസ്ഥാന വിഹിതം) അനുപാതത്തിലാണ്. എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളും നടത്തിപ്പും സംബന്ധിച്ച പൂര്‍ണമായ അധികാരം കേന്ദ്രത്തിനാണെന്ന ആശങ്കയുണ്ട്. പദ്ധതിയില്‍ ഒപ്പിടാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ അഭിയാന് (SSA) പോലുള്ള മറ്റ് കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് തടഞ്ഞുവെച്ചേക്കുമോ എന്ന സമ്മര്‍ദം കേരളം നേരിട്ടിരുന്നു.
പാഠ്യപദ്ധതിയിലെ സ്വയംഭരണം നഷ്ടപ്പെടാന്‍ സാധ്യത: കേരളത്തിന്റെ മതേതര, ശാസ്ത്രീയ, പുരോഗമനപരമായ നിലപാടുകള്‍ക്ക് അനുസൃതമായുള്ള നിലവിലെ പാഠ്യപദ്ധതി കേന്ദ്രീകൃത സിലബസ് കാരണം ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ സംസ്ഥാനാധികാരം ചോദ്യം ചെയ്യപ്പെടാം.
സംസ്ഥാനത്തിന്റെ നേട്ടങ്ങളെ അവഗണിക്കുന്നു: കേരളം KIIFB പോലുള്ള പദ്ധതികളിലൂടെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും ഇതിനോടകം തന്നെ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പി.എം ശ്രീ പദ്ധതി ഈ നേട്ടങ്ങളെ വേണ്ടത്ര പരിഗണിക്കാതെ കേന്ദ്രത്തിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസത്തിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണം: വിദ്യാഭ്യാസത്തെ ചരക്കുവല്ക്കരിക്കാനും പൊതു വിദ്യാഭ്യാസ മേഖലയില്‍ കോര്‍പ്പറേറ്റ് സ്വാധീനം വര്‍ധിപ്പിക്കാനും NEP ലക്ഷ്യമിടുന്നുവെന്ന വിമര്‍ശനം പി.എം ശ്രീയിലൂടെയും കേരളത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത: പദ്ധതി അവസാനിക്കുന്ന 2026-27-ന് ശേഷം, PM SHRI സ്കൂളുകളുടെ നടത്തിപ്പും പരിപാലനവും പൂര്‍ണമായും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും.
നിര്‍മിത ബുദ്ധി ലോകത്തെ ഒരു ഡിജിറ്റല്‍ കോളനിയാക്കുന്ന കാലം വിദൂരമല്ല. മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ അത് മുന്നോട്ട് കുതിക്കുമ്പോള്‍ നാം നിലവിലെ വിദ്യാഭ്യാസ രീതികള്‍ തന്നെ തുടര്‍ന്നാല്‍ അത് സൃഷ്ടിക്കുന്ന ഭീകരമായ അവസ്ഥ കേവലം വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, നമ്മുടെ സാമൂഹ്യ- സാമ്പത്തിക മേഖലയെ മൊത്തം പ്രതികൂലമായി ബാധിക്കും. ഗണിത പരിജ്ഞാനം ഇല്ലാതെ ഇനി ഒരു നിലനില്പ് അസാധ്യമാവുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. Coding, De-coding, Data Analytics എന്നിവ എഞ്ചിനീയറിംഗ് വിഭാഗത്തേക്കാള്‍ കാര്‍ഷിക- മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പോലും മുഖ്യമായി തീരുന്നത് മുഖവിലക്കെടുത്തേ മതിയാവൂ. നിര്‍ഭാഗ്യവശാല്‍, ഇത്തരം ചര്‍ച്ചകള്‍ക്ക് പകരം വളരെ ബാലിശമായ രീതിയില്‍ മനുസ്മൃതിയും സാംസ്കാരിക പൈതൃകവും അടങ്ങിയ സംവാദങ്ങളാണ് ബുദ്ധിജീവികളില്‍ നിന്നും വിദ്യാഭ്യാസ വിചക്ഷണരില്‍ നിന്നും ഉയര്‍ന്നുവരുന്നത് എന്നതാണ് യാഥാര്‍ഥ്യം.
പുതിയ വിദ്യാഭ്യാസ നയത്തില്‍ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ തന്നെ തികച്ചും വ്യത്യസ്തമായി പൗരാണിക സാംസ്കാരികതയെ തിരിച്ചു കൊണ്ടുവരുന്നതും കാണുന്നു. വിദ്യാഭ്യാസം എന്നാല്‍ കേവലം അറിവ് നിര്‍മിക്കുകയല്ല മറിച്ച്, വിദ്യാഭ്യാസനയത്തിന്റെ ആമുഖത്തില്‍ ഇന്ത്യയുടെ ചരിത്രം മുതല്‍ പുതിയ കാലഘട്ടം (മെഷിന് ലേര്‍ണിംഗ്) വരെ പ്രതിപാദിച്ചിട്ടുമുണ്ട്. എന്നാല്‍, അതിനോടൊപ്പം നിലവിലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ Accsse, Equality, Quality, Affordability എന്നീ നാല് വിദ്യാഭ്യാസ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് പകരം Knowledge, Wisdom, Truth എന്ന രീതിയില്‍ താത്ത്വികമായി മാറ്റം വരുത്തിയിരിക്കുന്നു. ഇത് ആര്‍ഷഭാരത സംസ്കാരം നടപ്പാക്കാനുള്ള നിഗൂഢ അജണ്ടയായി വിവക്ഷിക്കപ്പെടുന്നു. സംസ്കാരങ്ങളില്‍നിന്ന് ആധുനിക സംസ്കാരങ്ങളെ തമസ്കരിച്ച് പുരാതന മിത്തുകളെയും സംസ്കാരങ്ങളെയും മാത്രം എടുത്ത് അതിനെ ജാതീയമോ വര്‍ഗീയമോ ആക്കി വിഭജിക്കുന്ന രീതിയില്‍ പുതിയ നയം അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രമായി മാറ്റപ്പെടും എന്നതാണ് മറ്റൊരാശങ്ക. അതുകൊണ്ടു തന്നെ ഗാന്ധിജിയും അംബേദ്കറും ഊന്നല്‍ നല്കിയ പുരോഗമന രാഷ്ട്ര സംസ്കാരത്തെ ത്യജിച്ചാല്‍ ഈ നയം വലിയ വിപത്തും ചരിത്രപരമായ മണ്ടത്തരവുമായി മാറും എന്നുറപ്പാണ്.
സ്കൂള്‍ തലത്തില്‍ പഠിക്കേണ്ട/കരസ്ഥമാക്കേണ്ട സംസ്കാരങ്ങള്‍, മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് സവിസ്തരം നയത്തില്‍ വിവരിക്കുമ്പോള്‍ നമ്മുടെ ആര്‍ഷഭാരത സംസ്കാരത്തെ കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നത് വിമര്‍ശന വിധേയമാക്കാവുന്നതാണ്. ഓരോ പുതിയ സംസ്കാരങ്ങളും പഴയ സംസ്കാരങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണ്. എന്നാല്‍, പഴയത് മാത്രം എടുത്തുവെക്കുക എന്നത് തികച്ചും അബദ്ധജടിലവും അസംബന്ധവും പ്രത്യയശാസ്ത്രവുമായി നമ്മുടെ വിദ്യാഭ്യാസം മാറിപ്പോകാന്‍ കാരണമാവും. അതുകൊണ്ട് എല്ലാതരം സംസ്കാരങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ ഉതകുന്ന രീതിയില്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. സവര്‍ണാധിപത്യ സംസ്കാരങ്ങള്‍ക്കു പകരം ഗാന്ധിജിയും അംബേദ്കറും വിഭാവനം ചെയ്ത നവീന മതേതര സംസ്കാരങ്ങളാവണം കുട്ടികളില്‍ എത്തേണ്ടത്.
അക്കാദമിക സ്വയം
ഭരണവും സാമ്പത്തിക അസമത്വവും
പുതിയ നയം ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ വര്‍ധനവിനെ വലിയ രീതിയിലൊന്നും പരാമര്‍ശിക്കുന്നില്ല. സാങ്കേതികമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാനുതകുന്ന ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഒന്നും പുതിയ നയത്തില്‍ കാണുന്നില്ല. അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസം ഓട്ടോണമസ് തലത്തിലേക്ക് വരുമ്പോള്‍ ചില അക്കാദമിക മേന്മകളും സ്വാതന്ത്ര്യങ്ങളും ഉണ്ടാകും. ഇന്ത്യയിലെ തന്നെ ഗുണമേന്മയുള്ള സ്ഥാപനങ്ങള്‍ മിക്കതും ഡീംഡ് സ്റ്റാറ്റസ് ഉള്ളവയും സ്വയം ഭരണ സ്ഥാപനങ്ങളുമാണ്. അവയ്ക്ക് അക്കാദമിക സ്വാതന്ത്ര്യവും രാഷ്ട്രീയ ഇടപെടല്‍ കുറവും ആയിരിക്കും. എന്നാല്‍, ഇതിന്റെ ഗുരുതരമായ വശം ഇവിടെ ഈടാക്കുന്ന ഉയര്‍ന്ന ഫീസാണ്. ഐ.ഐ.എം, ഐ.ഐ.ടിഎന്നിവിടങ്ങളിലും മറ്റും പഠിച്ച് പുറത്തിറങ്ങുന്ന കുട്ടികള്‍ കുത്തക കമ്പനികളില്‍ ജോലി ചെയ്യുന്നതിന്റെ കാരണങ്ങളിലൊന്ന് തിരിച്ചടക്കേണ്ട ബാങ്ക് ലോണും ഉയര്‍ന്ന പലിശ നിരക്കും ആണ്. സ്വന്തം കഴിവുപയോഗിച്ച്സംരംഭം കെട്ടിപ്പടുക്കാനും അത് വിജയകരമായി നടത്തി മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്കി രാഷ്ട്രപുരോഗതിക്കു മുന്നില്‍ നില്‍ക്കാനും നമ്മുടെ മിടുക്കരായ കുട്ടികള്‍ക്ക് കഴിയാത്തതു കൊണ്ടല്ല, മറിച്ച് പലര്‍ക്കും പഠനത്തോടൊപ്പം വരുന്ന വലിയ സാമ്പത്തിക ബാധ്യത അവരെ തൊഴില്‍ മേഖലകളില്‍ തളച്ചിടാന്‍ നിര്‍ബന്ധിതരാക്കുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ണമായി ഓട്ടോണമസ് ആകുമ്പോള്‍ ഇന്ത്യയിലെ എത്ര ശതമാനം കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാകും എന്നത് ഗുരുതരമായ പ്രശ്നം തന്നെയാണ്.
അധ്യാപക ശാക്തീകരണത്തിന്
ദേശീയ നൈപുണി നിലവാര സൂചിക
'പഠിതാവ് കേന്ദ്രീകൃത രീതി'യില്നിന്ന് 'അധ്യാപക കേന്ദ്രീകൃത രീതി'യിലേക്ക് പുതിയ നയം ചുവടുവെക്കുന്നു എന്ന സൂചനകള്‍ നല്കുന്നു എന്നതാണ്. അധ്യാപകര്‍ക്ക് വിദ്യാഭ്യാസത്തില്‍ മുഖ്യ പങ്കുണ്ട്. എന്നാല്‍, വിദ്യാഭ്യാസം പഠിതാവ് കേന്ദ്രീകൃതം തന്നെയായിരിക്കണം. പഠിതാവിന്റെ ആവശ്യങ്ങളെ സഹായിക്കുന്ന, അവരുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പ്രേരിപ്പിക്കുന്ന പങ്കാളിയുടെ റോളിലാണ് അധ്യാപകന് ഉണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ പുതിയ നയത്തിലെ അധ്യാപക ശാക്തീകരണം, പ്രൊ ഫഷണല്‍ ഡവലപ്മെന്റ് എന്നിവ ആശയപരമായി ശരിയെങ്കിലും അവ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികമാണ്. അധ്യാപകരുടെ അടിസ്ഥാന ശേഷികള്‍ കേന്ദ്രീകൃത രീതിയില്‍ ചിട്ടപ്പെടുത്തുകയും (National Professional Standard) അതിനനുസൃതമായി പരിശീലനവും പരിപാടികളും ആവിഷ്കരിക്കുക എന്നതും അശാസ്ത്രീയമാണ്. അധ്യാപകര്‍ക്ക് വേണ്ട കഴിവുകള്‍ ഏകമാനക നിലവാര സൂചികകള്‍ ഉപയോഗിച്ച് അളക്കാന്‍ അസാധ്യമാണ്.
കാരണം, അധ്യാപനം എന്നത് തൊഴില്‍ എന്നതിനേക്കാള്‍ ഒരു കല എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. വ്യത്യസ്ത കുട്ടികള്‍, നാടുകള്‍, ഭാഷകള്‍, സംസ്കാരങ്ങള്‍ എല്ലാം വൈവിധ്യവും വ്യത്യസ്തവുമായ ഒരു രാജ്യത്ത് ഏകീകൃത പഠന രീതികള്‍ അവലംബിക്കുക എന്നത് ഉചിതമല്ല. നയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കാനും ഒപ്പം സുതാര്യമായി എല്ലാ കാര്യങ്ങളെയും സമീപിക്കാനുമുള്ള പക്വത കേന്ദ്രസര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തെ മുന്‍നിര്‍ത്തി ഒരു ദേശീയ അക്കാദമിക സമഗ്രാധിപത്യം സ്ഥാപിക്കാനും ഫെഡറലിസത്തെ തകര്‍ക്കാനും ശ്രമിക്കുകയാണെങ്കില്‍ അതൊരു ദുരന്തവുമായിരിക്കും.
(മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗമാണ് ലേഖകന്‍)
