തിരക്കേറിയ ഓട്ടപ്പാച്ചിലുകളുടെ രസകരമായ ഒരു ഏടായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷക്കാലം. ഒട്ടും എളുപ്പമല്ലായിരുന്നെങ്കിലും, സ്നേഹനാഥനും ചുറ്റിലുമുള്ള അനേകം നല്ല മനുഷ്യരും ചേര്‍ന്ന് എളുപ്പമാക്കിത്തീര്‍ത്ത ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ കാലം കൂടിയായിരുന്നു.
വളരെ യാദൃഛികമായാണ് ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കെ 'വാട്ട് നെക്സ്റ്റ്' എന്ന ചോദ്യത്തിന് എല്‍.എല്‍.ബി എന്ന് മനസ്സ് പറഞ്ഞത്. അത്രത്തോളം യാദൃഛികം ആവാന്‍ തരമില്ല - ഞങ്ങളുടെ വിവാഹശേഷമായിരുന്നല്ലോ പ്രിയപ്പെട്ടവന്റെ എല്‍.എല്‍.ബി അവസാന സെമസ്റ്റര്‍ പരീക്ഷകളും പിന്നീട് എല്‍.എല്‍.എം പഠനവും. അവിടെ നിന്നങ്ങോട്ട് ആ ആഗ്രഹം സ്വയം ആവാഹിച്ച് ഏറ്റെടുത്തത് എന്നെക്കാള്‍ അധികം പ്രിയ ഇണയായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങള്‍, എന്റെ തീരുമാനത്തെയോ പ്രിപ്പറേഷനെയോ ബാധിക്കാന്‍ കൂട്ടായി കൂടെ നിന്ന കുടുംബം സമ്മതിച്ചില്ല. 9 മാസം പ്രായമായ ഞങ്ങളുടെ ആദ്യത്തെ കണ്മണി, പഠനത്തിനു വേണ്ടി മാറ്റേണ്ടിവരുന്ന താമസവും ഇണയുടെ ജോലിയും സംഘടനാ പ്രവര്‍ത്തനങ്ങളും, മോനെ ആര് നോക്കും? കൂടെ ആര് നില്ക്കും? കോഴിക്കോട് തന്നെ പഠിക്കാനുള്ള സൗകര്യം കിട്ടുമോ? അവിടെ ഇണക്ക് പെട്ടെന്ന് ഒരു ജോലി ശരിയാവുമോ? നീണ്ട ചോദ്യങ്ങള്‍... ഒരൊറ്റ ഉത്തരം 'നീ പഠിച്ച് കോഴിക്കോട് സീറ്റ് സെറ്റാക്ക്, അല്ലാഹുവിന്റെ സഹായം ഉണ്ടാവും.'' ഇന്ന് കോഴ്സിലെ അവസാന വൈവയും കഴിഞ്ഞ് ഇതെഴുതുന്നതുവരെയും, കുടുംബ - കാമ്പസ് - പ്രാസ്ഥാനിക ഇടങ്ങളില്‍ അനവധി ആശങ്ക നിറഞ്ഞ ഘട്ടങ്ങളില്‍ പ്രിയപ്പെട്ട ഇണയുടെ താങ്ങും ഗൈഡന്‍സും ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം.
തിരക്കിന്റെ കാലം തന്നെയായിരുന്നു. എന്നാല്‍, വലിയ സംതൃപ്തിയും ആസ്വാദനവും ആത്മവിശ്വാസവും പകര്‍ന്ന ദിനങ്ങള്‍ കൂടിയായിരുന്നു. നാളെ ഞാന്‍ കോളേജില്‍ പോകുമ്പോള്‍ മോനെ ആരുടെ കൂടെ നിര്‍ത്തും എന്ന തുടക്കകാലത്തെ 'ആശങ്ക'യില്നിന്ന്, കോഴിക്കോട് നിയമ കലാലയം 'സ്റ്റുഡന്റ് - മദര്‍ ഫ്രന്‍ഡ്ലി' ആക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ സാധിച്ച 'അഭിമാനം' വരേക്കും നീണ്ട യാത്ര. തന്റെ നാലാമതൊരു കുഞ്ഞിനെ പോറ്റുന്ന നിര്‍വൃതിയോടെ പ്രിയപ്പെട്ട ഉമ്മ പൊന്നു മോനെ നോക്കാന്‍ യാത്രകള്‍ ഏറെ ചെയ്തു ഓടിയെത്തും. ഇണയും ഉമ്മയും ഉപ്പയും ഉമ്മിയും വാപ്പിയും അനിയന്മാരും അനിയത്തിയും മമ്മയും വിദ്യാര്‍ഥി ഭവനത്തിലെ സഹ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആ ദൗത്യം നിര്‍വഹിച്ചത്. 'It takes a village to raise a child' എന്ന ആഫ്രിക്കന്‍ പഴമൊഴിയെ അന്വര്‍ഥമാക്കുമാറ്!
ഇസ്ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനത്തോട് കൂടുതല്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ച സുന്ദരമായ കാലഘട്ടത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. രാവിലെ കാമ്പസിലേക്കും അവിടെനിന്ന് നേരെ ഓഫീസിലേക്കും മറ്റനേകം പ്രാസ്ഥാനിക യാത്രകളിലും സന്തതസഹചാരിയായി കൂടെ ഇലാനു മോനുമുണ്ടാവും - കോളേജിലെ ക്രഷിലും ക്ലാസ് റൂമിലും, എന്തിനധികം ഇന്റേണല്‍ എക്സാമിനും വൈവക്കും പോലും; അവനും ക്രഷിലെ കൂട്ടുകാരും ചേര്‍ന്ന് ആ കാമ്പസിനെ അത്രമേല്‍ ചൈല്‍ഡ് ഫ്രന്‍ഡ്ലി ആക്കുകയായിരുന്നു. മുന്നിലുള്ള പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് സഞ്ചരിച്ചാല്‍, അതിന് ചുറ്റുമുള്ളവര്‍ കരുത്തേകിയാല്‍, ആത്യന്തികമായി അല്ലാഹുവിന്റെ സഹായം കൂടെ ഉണ്ടായാല്‍, എത്ര സുന്ദരമായാണ് പ്രതിസന്ധികള്‍ പ്രതീക്ഷകളായി മാറുന്നത്.
ഇല്‍ഹാന്‍ മോന്റെ കൂട്ട് അവിടംകൊണ്ട് അവസാനിക്കുന്നില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്ന് ശൂറാ മീറ്റിംഗിലും സ്റ്റേജിലും തെരുവിലും അവന് കൂട്ടായി. ഈയിടെ ഒരു പരിപാടിക്ക് ഞങ്ങളുടെ ഈ നാല് വയസ്സുകാരന് നഗരി ക്രമീകരണത്തില്‍ അഭിപ്രായം പറഞ്ഞു അത്ഭുതപ്പെടുത്തിയത് ഓര്‍ക്കുന്നു. തീര്‍ച്ചയായും ഒറ്റക്ക് പഠിക്കുന്നതു പോലെ, യാത്ര ചെയ്യുന്നതുപോലെ, സംഘടനാ പ്രവര്‍ത്തനം നടത്തുന്നതുപോലെ എളുപ്പമല്ല ഇത്. എങ്കിലും മക്കള്‍ നമ്മുടെ കൂടെ ലോകത്തെയും സമൂഹത്തെയും വീക്ഷിക്കുകയാണ്, ഇടപഴകുകയാണ്. അതിലൂടെ നമ്മളും അവരും ഒരുപാട് പഠിക്കുകയാണ്.
നമ്മുടെ സമയവും ആരോഗ്യവും അറിവും ബുദ്ധിയും ഇമാജിനേഷനും നമ്മുടെ ചുറ്റുമുള്ള സമൂഹത്തെ പോസിറ്റീവായി പരിവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടത് ഒരു മുസ് ലിം എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വമായാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലും നമുക്ക് സാധ്യമാവുന്ന വിവിധങ്ങളായ രീതികളില്‍ ഇത്തരം ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നയാള്‍ കൂടിയാണ്. അത്തരത്തില്‍ നമ്മള് സമയവും ആരോഗ്യവും ഒക്കെ ചെലവഴിക്കുമ്പോള്‍, ഒരേ സമയം പഠനവും കുടുംബവും പ്രസ്ഥാന പ്രവര്‍ത്തനങ്ങളും കൊണ്ടു പോകേണ്ടി വരുമ്പോള്‍ വ്യക്തിപരമായ ത്യാഗങ്ങള്‍ വ്യത്യസ്ത തലങ്ങളില്‍ ഉണ്ടാവാറുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഈ ത്യാഗങ്ങള്‍ ഒക്കെയും നാഥന്റെ അടുക്കല്‍ വലിയ രേഖപ്പെടുത്തലാവും എന്നത് ഉറപ്പാണ്. പരലോകത്ത് മാത്രമല്ല, ഇഹലോകത്തും അത് നമ്മെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക പ്രവര്‍ത്തനവും കാമ്പസിലെ സാഹോദര്യ രാഷ്ട്രീയ പ്രവര്‍ത്തനവും നല്കിയ അനുഭവസമ്പത്ത് വ്യക്തിപരമായി അറിവും ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട് എന്നതാണ് അനുഭവം.
ക്ലാസിലിരുന്ന് പാരലലായി ജി.ഐ.ഒക്ക് വേണ്ടി ചിന്തിച്ചും ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് പ്ലാന്‍ ചെയ്തും, ജി.ഐ.ഒ മീറ്റിങ്ങുകളിലും പരിപാടികളിലും ഒഴിവുസമയങ്ങളില്‍ അസൈന്മെന്റുകളും റെക്കോര്‍ഡുകളും എഴുതിയും, കാമ്പസ് ജീവിതവും സംഘടനാ പ്രവര്‍ത്തനവും പരസ്പരം പൂരകങ്ങളായി. പ്രത്യേകിച്ചും, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇസ്ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനം സംഘടിപ്പിച്ച കാമ്പസ് കോണ്‍ഫറന്‍സ് കാലത്ത്, ക്ലാസിലും ബസ്സിലും ഊണിലും ഉറക്കിലും ജി ഐ.ഒ തന്നെയായിരുന്നു. ഇടക്ക് വന്ന നാലാം സെമസ്റ്റര്‍ എക്സാമും ആ ജഗപൊകകള്ക്കിടയില് കാര്യമായ പരിക്കില്ലാതെ കഴിഞ്ഞുപോയി. ''നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, ഞാനും നിങ്ങളെ സ്മരിക്കും'' എന്നാണല്ലോ പ്രിയ നാഥന് നല്കിയ ഉറപ്പ്. ജീവിതത്തില്‍ നിരവധി ഘട്ടങ്ങളില്‍ അത് ബോധ്യപ്പെട്ടിട്ടുണ്ട്. 'അല്ലാഹുവിന്റെ സഹായികളാകുവിന്' എന്ന പടച്ചവന്റെ കല്പനയെ കൂടുതല്‍ നെഞ്ചേറ്റാനും അവനെ കുറിച്ചുള്ള സ്മരണകളാല്‍ ഹൃദയം നിറക്കാനും സാധിക്കട്ടെ എന്നതാണ് പ്രാര്‍ഥന.
വിദ്യാര്ഥിനികളായും പ്രഫഷണല്സായും ഇസ്ലാമിക പ്രവര്‍ത്തകരായും കുടുംബിനികളായും മള്‍ട്ടി ടാസ്കിംഗ് ചെയ്യുന്നവരുടെ അനുഭവം മറിച്ചാവില്ല എന്നാണ് മനസ്സിലാക്കുന്നത്. മനസ്സിലൂടെ ഒരേസമയം അനവധി കാര്യങ്ങള്‍ ഓടിക്കൊണ്ടേയിരിക്കുകയാവും. മാനസികമായി പ്രഷറൈസ്ഡ് ആവുന്ന അത്തരം ഘട്ടങ്ങളില്‍ താങ്ങായും തണലായും കുടുംബം കൂടെയുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. വ്യക്തിപരമായി എന്റെ ജീവിതത്തില്‍ ഫൗണ്ടേഷന് സ്റ്റോണ്‍ ആയി വര്‍ത്തിച്ചത് തീര്‍ച്ചയായും, തിരക്കുകള്‍ക്കിടയില്‍ തീര്‍ത്ത സുന്ദരമായ ഞങ്ങളിടങ്ങളാണ്. ജീവിതപങ്കാളിക്ക് എന്നെക്കാള്‍ സ്പീഡില്‍ പ്രഫഷണല്‍-സംഘടനാ സ്പേസുകളില്‍ ഓടേണ്ടിവന്ന കാലയളവാണ് കഴിഞ്ഞുപോയത്. ഞങ്ങള്‍ പരസ്പരം ഷെഡ്യൂളുകള്‍ മാനേജ് ചെയ്തും, സംഘടനാ പ്രവര്‍ത്തനങ്ങളിലും പഠന - പ്രഫഷണല്‍ മേഖലകളിലും കഴിയുന്ന സഹായങ്ങള്‍ പരസ്പരം നല്‍കിയും, ഇടക്ക് ചുരുങ്ങിയ സമയങ്ങളെങ്കിലും കണ്ടെത്തി കുഞ്ഞുയാത്രകള്‍ ചെയ്തും, ലീഷര്‍ ടൈം കണ്ടെത്തിയും, ഞങ്ങളിടങ്ങള് തീര്‍ത്തുകൊണ്ടേയിരുന്നു. ശക്തമായ Couple Bond സ്വാഭാവികമായി സംഭവിക്കുന്നത് മാത്രമല്ല, മറിച്ച് ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ ഉണ്ടാക്കേണ്ടത് കൂടിയാണ്. ഓരോ വ്യക്തിക്കും,ആണാവട്ടെ പെണ്ണാവട്ടെ, അത് നല്കുന്ന കരുത്തും ഉന്നതിയും വളരെ വലുതാണ്. പരസ്പരം അഭിരുചികള്‍ മനസ്സിലാക്കാനും, നെയ്ത സ്വപ്നങ്ങള്‍ പൂവണിയിക്കാനും, തങ്ങളുടെ മേഖലകളില്‍ വളരാനും സാധിക്കുന്ന രീതിയിലുള്ള പരസ്പര സഹകരണമാണ് ഇണ-തുണകള്‍ നല്‍കേണ്ടത്.
എവിടെയാണോ, അവിടം കളിസ്ഥലങ്ങളായും അവിടത്തുകാര്‍ കൂട്ടുകാരായും കണ്ട്, ഈ തിരക്കുകളും യാത്രകളും ഏറെ ഇഷ്ടപ്പെട്ട് കൂടെ കൂടുന്ന ഇലാനു മോന് കണ്‍കുളിര്‍മ നല്‍കിക്കൊണ്ടേയിരിക്കുകയാണ്. ഞങ്ങളുടെ കുടുംബവും പ്രസ്ഥാന വഴിയിലെ പ്രിയ അമീറുമാരും ക്രഷിലെ ചേച്ചിയും കോളേജിലെ ഹാഫിസ് സാറും ജി.ഐ.ഒ - എസ്.ഐ.ഒ നേതാക്കളും നാസിംകാക്കയും നിലു ബേബിയും ചുറ്റും സുന്ദരമായ ലോകം തീര്‍ത്തുകൊണ്ടിരിക്കുന്നു.
അങ്ങോട്ട് എത്തിപ്പെടല്‍ റിസ്കാണെന്ന് മനസ്സിലാക്കി, ഇങ്ങോട്ട് വന്ന് ഞങ്ങളെ വിസിറ്റ് ചെയ്ത് എക്സാം സീസണുകള്‍ അനായാസമാക്കിയ ഉമ്മയും ഉപ്പയും സഹോദരങ്ങളും നല്കുന്ന, ഇമോഷണല്‍ സപ്പോര്‍ട്ട് ചെറുതല്ല. വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ പാരലലി നിര്വഹിക്കുന്നതുകൊണ്ട് എല്ലാം വളരെ പെര്‍ഫെക്ട്ട് ആവണമെന്നില്ല. അത്തരം അപൂര്‍ണതകളെ പരസ്പരം ക്ഷമകൊണ്ടും സഹകരണംകൊണ്ടും വിട്ടുവീഴ്ചകള്‍ കൊണ്ടും പരിഹരിക്കുന്നിടത്താണ് ഹൃദ്യമായ ബന്ധങ്ങള്‍ സാധ്യമാവുന്നത്.
ഗവ. ലോ കോളേജ് ക്രഷില്‍ നിന്നും ഇലാനു മോന് സ്കൂളിലേക്കും, കാമ്പസില്‍നിന്ന് ഈ വിനീത ഫീല്‍ഡിലേക്കും, വിദ്യാര്‍ഥി ഭവനത്തില്‍നിന്ന് പ്രിയപ്പെട്ടവന് കോടതിയിലേക്കും ചേക്കേറിയെങ്കിലും, ഞങ്ങള്‍ 'തിരക്കുകള്‍' തുടരാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.
