മീനാ നാര്മിര് രാജാവിന്റെ കാലത്തെ ഉദ്യോഗസ്ഥന്മാര് വിട്ടേച്ചുപോയ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഓഫീസുകളില്‍ വിതരണം ചെയ്തിരുന്ന ചൂലുകള്‍ തിരിച്ചേല്പിക്കേണ്ട ഉപകരണങ്ങളില്‍ പെട്ടതായി പരിഗണിക്കപ്പെട്ടിരുന്നില്ല… ഖൂഫൂ രാജാവിന്റെ കാലം വരെ ഈ നടപടി തുടര്‍ന്നുപോന്നു…. പിന്നീട് ഫറോവന് കാലമായപ്പോള്‍ റോയല്‍ സ്റ്റോറുകള്‍ക്ക് ഒരു ക്രമീകരണം വരുത്താന്‍ ഉദ്ദേശിച്ചു. മന്ത്രാലയം ചൂലുകളുടെ കൈപ്പിടികള്‍ തിരിച്ചുകൊടുക്കല്‍ നിര്‍ബന്ധമായ വസ്തുക്കളില്‍ പെടുത്തി ഉത്തരവായി. ബാക്കി ഭാഗം ഉപയോഗത്തില്‍ നശിക്കുന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി. അതോടെ രാജകീയ സ്റ്റോറുകളില്‍നിന്ന് സ്വീകരിക്കുന്ന ചൂലുകളുടെ മരപ്പിടികള് നിര്‍ബന്ധമായും തിരിച്ചുകൊടുക്കേണ്ട ഇനങ്ങളില്‍ പെട്ടു. നൈല്‍ നദിയിലെ ജലത്തിന് പുണ്യം കല്‍പിക്കപ്പെട്ടപോലെ, വസന്താഗമനത്തില്‍ പുതുവായു ശ്വസിക്കാന്‍ പുറത്തിറങ്ങുന്ന ആഘോഷത്തില്‍ ഉള്ളി തിന്നുന്ന പോലെ, നാല്പത് ചാവടിയന്തരാഘോഷം പോലെ ഇതും ഒരു പാരമ്പര്യ ചടങ്ങായി മാറി.
റമദാനില്‍ ഞാന്‍ ഓഫീസില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജീവനക്കാരില്‍ ഒരാള്‍ ഓഫീസ് മുറികള്‍ തൂത്ത് വാരുന്നതിന് അഞ്ച് ചൂലുകള്‍ വിതരണം ചെയ്യാനുള്ള ഒരു അപേക്ഷ അപ്രൂവലിനായി എന്റെ മുമ്പില്‍ കൊണ്ടുവെച്ചത്. തികച്ചും ന്യായമായ ഒരാവശ്യം തന്നെയെന്ന് എനിക്ക് തോന്നി. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണല്ലോ. അപേക്ഷ അംഗീകരിച്ച് ഒപ്പിടാന്‍ ഞാന്‍ കുനിഞ്ഞു. അപ്പോഴാണ് ഒരു കാര്യം ഞാന്‍ ഓര്‍ത്തത്. ഇതുപോലൊരു അപേക്ഷ അംഗീകരിച്ച് ഞാന്‍ ഒപ്പിട്ടിട്ട് ഒരു മാസം പോലും കഴിഞ്ഞിട്ടില്ലല്ലോ. അന്ന് വിതരണം ചെയ്ത അഞ്ച് ചൂലുകളില്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് ചുറ്റും കൂമ്പാരമായിക്കിടക്കുന്ന പൊടിമണ്ണില്‍നിന്ന് എനിക്ക് ബോധ്യമായി. ഓഫീസിന് ഏറ്റവും അടുത്തുള്ള ഗ്രോസറിക്കാരന് അവ വിറ്റിരിക്കയാണ്.
'മുമ്പ് തന്ന ചൂലുകളൊക്കെ എന്തേ?' ഞാന്‍ ആ പ്യൂണിനോട് ചോദിച്ചു.
'ഒക്കെ അടിച്ചുവാരി നശിച്ചു തീര്‍ന്നുപോയി സാര്‍.' അയാള്‍ ബോധിപ്പിച്ചു.
'ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ച് ചൂലും അലിഞ്ഞുപോയെന്നോ? എന്നിട്ടും നമ്മുടെ ചുറ്റും ഇത്രമാത്രം പൊടികൂമ്പാരവും!'
'വ്യവസായ ശാലകളുടെ പ്രവര്‍ത്തനം താഴോട്ടാണെന്നും, അവ സൃഷ്ടിക്കുന്ന പൊടിപടലം രൂക്ഷമാണെന്നും സാറിനറിയില്ലേ. അത് തടുത്തില്ലെങ്കില് ഈ പൊടിപടലം നമ്മെ തിന്ന് തീര്‍ക്കുമെന്ന് തീര്‍ച്ച.'
'എന്നാല്‍ ചൂലുകളുടെ മരപ്പിടികളൊക്കെ എന്തായി? അവയും അലിഞ്ഞു പോയോ? മരവും അലിഞ്ഞു തീര്‍ന്നെന്നോ?'
'അതെല്ലാം ഇവിടെത്തന്നെയുണ്ട് സാര്‍. പൊട്ടിപ്പൊടിഞ്ഞു പോയിരിക്കയാണെന്ന് മാത്രം. എല്ലാം ഒന്നിച്ചു തിരിച്ചേല്‍പിക്കാനായി സൂക്ഷിച്ചു വെച്ചിരിക്കയാണ്.'
ഇതും പറഞ്ഞ്, ഇങ്ങനെ ആളുകളെ വൃഥാ സംശയിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് അയാള്‍ ആവലാതികളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഊഹങ്ങളില്‍ ചിലത് പാപമാണെന്ന് ഓര്‍മപ്പെടുത്തി. എന്നിട്ട് ഭയങ്കരം സത്യങ്ങള്‍ ചെയ്തുകൊണ്ട് തന്റെ കുല മാഹാത്മ്യത്തെ കുറിച്ചു ഒരു ഗീര്‍വാണമാണ്. താനും തന്റെ ഉപ്പ ഉപ്പൂപ്പമാരൊക്കെ മാന്യമായ തറവാട്ടില്‍ പിറന്ന മുസല്മാന്മാരാണെന്ന്. അയാള്‍ ഇങ്ങനെ നാക്കിട്ടടിക്കുമ്പോഴൊക്കെ അയാളുടെ ചിന്ത മുഴുവന്‍ തനിക്ക് ചൂലുകളുടെ പാതിവില നല്കിയ ആ പീടികക്കാരനെക്കുറിച്ചായിരുന്നു. പീടികക്കാരന് അവ കട്ടെടുത്തതൊന്നുമായിരുന്നില്ലല്ലോ. ഏതായാലും എന്നെ ഒറ്റക്ക് ചിന്താമഗ്നനാക്കി ക്ഷുഭിതനായി ജീവനക്കാരന് സ്ഥലം വിട്ടു.
അയാള്‍ പറഞ്ഞത് ശരിയായിരിക്കാം. താനൊരു മാന്യനാണെന്നാണ് അയാളുടെ വിശ്വാസം; മുസ്ലിമാണെന്നും കരുതുന്നു. എന്നാല്‍ ഈ മാന്യത എന്ന് പറഞ്ഞാല്‍ എന്താണെന്നാണ് ചുണ്ണാമ്പ് കല്ല് കൊണ്ട് നിര്‍മിച്ച ഇടുങ്ങിയ നമ്മുടെ ബുദ്ധിക്ക് മനസ്സിലാകാത്തത്. പെണ്ണുങ്ങളും സെക്സുമായി ബന്ധപ്പെട്ട ഒന്ന് എന്നേ ഈ ബുദ്ധിയില്‍ അതിന് അര്ഥമുദിക്കൂ. വിഷയത്തിന് പെണ്ണുങ്ങളുമായി ഒരു ബന്ധവുമില്ലേ- എങ്കില്‍ അയാള്‍ മാന്യന് തന്നെ. മുമ്പേ നമ്മുടെ അറബിക്കവി ഈ അര്‍ഥം ഊട്ടിയുറപ്പിച്ചിട്ടുണ്ട്.
'അത്രമേല്‍ ഉന്നത മാനത്തെ കാത്തിടാന്‍
ചുറ്റിലും രക്തം ചൊരിക വേണം.'
പെണ്ണിനെ കുറിച്ചാണ് കവി ഇവിടെ പാടുന്നത്. ഒരാള്‍ തന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതിനെ കുറിച്ചല്ല. കൈക്കൂലിയെയോ കവര്ച്ചയെയോ മോഷണത്തെയോ കുറിച്ചുമല്ല. പെണ്ണ്, അത് മാത്രമാണ് മാനത്തിന്റെ സര്‍വവും. മറ്റൊന്നിനും ഒരു പ്രാധാന്യവുമില്ല. ഇതായിരുന്നോ മുസ് ലിംകളുടെ സ്വഭാവം? എന്താണ് മുസ്ലിംകളുടെ സ്വഭാവം എന്നതിനെ കുറിച്ചു ആദ്യമായി യൂറോപ്പ് സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ ശൈഖ് മുഹമ്മദ് അബ്ദു പറഞ്ഞിട്ടുണ്ട്. യൂറോപ്പ് സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനവിടെ മുസ്ലിംകളെ കണ്ടില്ല. എന്നാല്‍ മുസ്ലിംകളുടെ സ്വഭാവങ്ങള്‍ കണ്ടു. നമ്മുടെ നാട്ടില്‍ മുസ്ലിംകളെ കണ്ടെങ്കിലും എവിടെയും അവരുടെ സ്വഭാവം കാണാന്‍ കഴിഞ്ഞില്ല.'
കഴുത്തറ്റം കാപട്യത്തില്‍ മുങ്ങിനില്‍ക്കുകയാണ് നമ്മള്. അന്യരുടെ മേല്‍ കള്ളം ചാര്‍ത്താന്‍ സമര്ഥരാണു നാം. അതിനേക്കാള്‍ മിടുക്കരാണ് സ്വയം നുണ പറയാന്‍. ആശാരി പറയും ഒരു മാസത്തിനുള്ളില്‍ പണി തീര്‍ക്കാം. ഇസ്തിരിക്കാരന്‍ പറയും ഒരു മണിക്കൂര്‍ കഴിഞ്ഞു വാ. ഉദ്യോഗസ്ഥന് പറയും നാളെ വാ. ബാങ്ക് ജീവനക്കാരന് പറയും പത്ത് മിനുട്ടിനകം ഇവരൊക്കെയും നിര്‍ലജ്ജം നുണ പറയുകയാണ്. സര്‍ക്കാറിന്റെ ഒരു ദിവസമെന്നാല്‍ ഒരു കൊല്ലം എന്നാണര്‍ഥം എന്ന ജനകീയ സുഭാഷിതമാണ് ശരി. അര്‍ധമനസ്സോടെയാണ് ജോലിക്കാര്‍ ജോലി ചെയ്യുന്നത്. തീര്‍ത്തും ചെയ്യാതെ ബാക്കി ജോലി പിന്നേക്ക് വെക്കും. എന്നും വൈകിയേ തീര്‍ക്കൂ. എന്നാലും നമ്മള് നമ്മുടെ അന്തസ്സിനെ കുറിച്ചു സദാ നാക്കിട്ടടിച്ചുകൊണ്ടിരിക്കും. എന്താ കാര്യമെന്ന് വെച്ചാല്‍ നമ്മുടെ പെണ്ണുങ്ങള് സുസ്ഥിതിയിലാണ്. അതുകൊണ്ട് നമ്മുടെ അന്തസ്സും സുരക്ഷിതമാണ്. അന്തസ്സിന്റെ അടിസ്ഥാനം സെക്സ് മാത്രമാണെന്നാണ് നമ്മുടെ ധാരണ. അന്തസ്സിനെക്കുറിച്ച് മനുഷ്യത്വപരമായ വീക്ഷണം അതല്ല. അത് ഇസ്ലാം പൂര്‍വകാലത്തെ സങ്കല്പമാണ്. നബി പ്രവാചകനായി വരുന്നതിന് മുമ്പത്തെ ജാഹിലീ കാലത്ത് പെണ്‍കുഞ്ഞുങ്ങളെ അറബികള്‍ കൊന്ന് കുഴിച്ചുമൂടുക പതിവായിരുന്നു. 'അവരില്‍ ആരെയെങ്കിലും പെണ് ജന്മംകൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചാല്‍ കുപിതനും ദുഃഖപരവശനുമായി അയാളുടെ മുഖം കരുവാളിക്കുകയായി' (ഖുര്‍ആനിലെ അന്നഹ് ല്‍ അധ്യായം, സൂക്തം 58).
അയാളെ ഒരു ആപത്ത് ബാധിച്ചിരിക്കയാണ്… അയാള്‍ക്കൊരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു. ആ ശിശുവിനെ മുലകുടിക്കാന്‍ അനുവദിക്കാതെ അതിനെയും കൈയിലെടുത്ത് മണലില്‍ കുഴിച്ചുമൂടാന്‍ പോവുകയാണ് അയാള്‍. 'ദഫ്നുല് ബനാത്ത് മിനല്‍ മുക്റമാത്ത്' (പെണ്‍കുട്ടികളെ കുഴിച്ചു മൂടല്‍ അന്തസ്സുള്ള പണിയാണ്) എന്ന അറബി പഴമൊഴിയെ സാക്ഷാല്ക്കരിക്കുകയാണവര്. നിരപരാധിയായ ആ കുഞ്ഞിനെ കൈയിലേന്തി മണലില്‍ കുഴിച്ച് മൂടാന്‍ പോകുന്ന ആ ഹിംസ്രജന്തുവിനോട് എന്തിനാണ് അതിനെ കൊല്ലുന്നതെന്ന് ചോദിച്ചാല്‍ അയാളുടെ മറുപടി ഇതായിരിക്കും:
'അത്രമേല്‍ ഉന്നതമാനത്തെ കാത്തിടാന്‍
ഇത്രയും രക്തം ചിന്തിടേണം.''
അന്തസ്സിനെ കുറിച്ച ഈ തരംതാണ വിവക്ഷയെ ഇസ് ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. കൊല്ലപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ ആത്മാവുകള്‍ വൃഥാവിലാവുകയില്ലെന്ന് അല്ലാഹു സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്.
''കുഴിച്ചു മൂടപ്പെട്ട അവയോട് അന്ത്യനാളില്‍ ചോദിക്കും; എന്ത് തെറ്റ് ചെയ്തിട്ടാണ് അവ കൊലചെയ്യപ്പെട്ടതെന്ന്?'
കൊല്ലപ്പെട്ടത് കൊച്ചുകുഞ്ഞാണല്ലോ. മറുപടി പറയാന്‍ പാങ്ങില്ലാത്ത ശിശു. മുലപ്പാല്‍ പോലും രുചിക്കാന്‍ കഴിയാതിരുന്ന ഒരു പാവം. സംസാരം പഠിച്ചിട്ടില്ലാത്തവള്. അതുകൊണ്ടുതന്നെ അവളോടുള്ള ആ ചോദ്യത്തില്‍ ദൈവികമായൊരു ഭീഷണി ഉള്ളടങ്ങിയിട്ടുണ്ടെന്ന് വ്യക്തം. അന്തസ്സിന് നാം നല്കിയ ഈ പാരമ്പര്യ വിവക്ഷക്ക് ആരാണാവോ ഉത്തരവാദി? അന്തസ്സിന് നമ്മുടെ അടുക്കല്‍ ഒറ്റ വിവക്ഷയേ ഉള്ളൂ; ഈ ലിംഗപരമായ അര്‍ഥം മാത്രം. മുസ് ലിമിന് സ്വന്തം ബുദ്ധി വില്‍ക്കാം. അല്ലാഹുവിനോടുള്ള കൂറ് വില്പന നടത്താം. കാപട്യം പുലര്‍ത്താം. ജോലിയില്‍ അലംഭാവമാകാം. കടമകളില്‍ വീഴ്ചവരുത്താം. നുണ പറയാം. കുടുംബബന്ധം പുലര്‍ത്താതിരിക്കാം. എന്നാലും നിങ്ങള്‍ അവനോട് സംസാരിച്ചാല്‍ സത്യം ചെയ്ത് അവന് പറയും- താന്‍ അന്തസ്സുള്ള മനുഷ്യനാണെന്ന്. അപ്പോള്‍ അവന്റെ ചിന്ത പോവുക സെക്സിലേക്കാണ്…. വ്യഭിചരിക്കാത്ത കാലത്തോളം താന്‍ നല്ല മനുഷ്യനാണെന്ന്.
അന്തസ്സിനെ കുറിച്ച് ഈ 'ജാഹിലിയ്യാ' വീക്ഷണമല്ല ഇസ് ലാമിനുള്ളത്. എല്ലാ വിധ ജീര്ണതക്കുമെതിരാണ് ഇസ് ലാം. ശരീരം വില്‍ക്കുന്നത് കുറ്റകൃത്യമായാണ് അത് കാണുന്നത്. ബുദ്ധി വില്ക്കുന്നതിനേക്കാള് ആയിരം മടങ്ങ് താഴെയാണ് അതിന്റെ ഗൗരവം. അതിന്റെ അഭിപ്രായത്തില്‍ ഒരാള്‍ തന്റെ ചിന്തയെയും ബുദ്ധിയെയും 'ശിര്ക്കിന്' വേണ്ടി വില്‍ക്കുന്നത് ഏറ്റവും ആപല്‍ക്കരമായ തെറ്റാണ്. അതായത്, അല്ലാഹുവിനെയല്ലാതെ ആരാധിക്കുക എന്ന ശിര്ക്കിന്. ഇസ് ലാമില്‍ ഏറ്റവും ഗുരുതരമായ കുറ്റമാണ് ശിര്‍ക്ക്. ശിര്‍ക്ക് എന്നാല്‍ യഥാര്‍ഥത്തില്‍ ധൈഷണിക ജീര്‍ണതയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരം അവന്റെ ബുദ്ധിയാണ്. ആ ബുദ്ധിയെ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി വില്‍ക്കുന്നതാണ് ശിര്‍ക്ക്. അല്ലെങ്കില്‍ അല്ലാഹുവിനേക്കാള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കണക്കില്‍ വല്ലവനോടും കാപട്യം പുലര്‍ത്തുന്നത്. അതുമല്ലെങ്കില്‍ നാവുകൊണ്ട് 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞിട്ട് മറ്റാരെയെങ്കിലും ദൈവമാക്കുന്നത്. ഇതാണ് ഇസ് ലാം ഒരിക്കലും പൊറുക്കാത്ത സംഗതി. കാരണം, ഇതത്രെ മനുഷ്യന്റെ ജീവിതാന്തരീക്ഷത്തെ മലിനമാക്കുന്ന വേശ്യാവൃത്തി. ശാരീരികമായ ജീര്‍ണതയുടെ ഗൗരവം ഇത്രത്തോളം വരികയില്ല.
അല്ലാഹു പറയുകയുണ്ടായല്ലോ: 'അല്ലാഹു ഒരിക്കലും അവനില്‍ പങ്കാളിയെ വെക്കുന്നത് (ശിര്‍ക്ക്) പൊറുക്കുകയില്ല. അതൊഴികെ എന്തും അവന് ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുത്തു എന്ന് വരാം.'' ശിര്ക്കൊഴിച്ചു മറ്റെല്ലാം അല്ലാഹു പൊറുക്കുമെന്ന്.
അവരോ- അവര്‍ എന്തും പൊറുക്കും; ശിര്‍ക്ക് കൊണ്ട് മലിനപ്പെടുത്തുന്ന മനുഷ്യന്റെ ധൈഷണികാധഃപതനം മുതല്‍ നിഫാഖും അലംഭാവവും ആലസ്യവും വരെ എത്തും. ഇനി സെക്സിന്റെ ലോജിക്കിലെത്തിയാല് അവര്‍ ഒന്നടങ്കം പെട്ടെന്ന് ഒറ്റക്കെട്ടായി സര്വോത്തമരും സാംസ്കാരിക പ്രവര്‍ത്തകരുമായി മാറുന്നത് കാണാം. എന്തായിരിക്കാം ഇതിന്റെ കാരണമെന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കായ്കയല്ല.
ലളിതമാണ് കാരണം… മനുഷ്യന്റെ ഞാനെന്ന ഭാവംതന്നെ…. നമ്മുടെ സ്വത്വവുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയം സെക്സാണ്. അതിന്റെ സംരക്ഷണം നമ്മുടെ വ്യക്തിത്വത്തിന്റെ സംരക്ഷണമാണ്. എന്നാല്‍ ബൗദ്ധിക ജീര്‍ണതയും, കൂടുതല്‍ പണം നല്കാന് തയാറാകുന്ന ആര്‍ക്കും അത് വില്ക്കുന്നതുമൊന്നും നമുക്കൊരു പ്രശ്നമേയല്ല. ഇതാണ് ആദ്യ നോട്ടത്തില്‍ പെട്ടെന്ന് വെളിപ്പെടുന്ന വസ്തുത; ധൈഷണിക ജീര്‍ണത നേരെ ലൈംഗികാഭാസത്തിലേക്ക് നയിക്കുമെങ്കിലും.
ജൂഹയോട് ആളുകള്‍ പറഞ്ഞു: ഹേ ജൂഹാ, നിങ്ങളുടെ പ്രദേശത്ത് മുഴുവന്‍ കുഴപ്പമാണ്.''
അപ്പോള്‍ ജൂഹ പറഞ്ഞു: സാരമില്ല. എന്റെ വീട്ടില്‍നിന്ന് അകലെയാണെങ്കില്‍ അത് ഞാന്‍ ഗൗനിക്കുന്നില്ല.''
ജനം പറഞ്ഞു: വീട്ടിലും അത് എത്തിയിട്ടുണ്ട്.''
'എന്റെ പെമ്പറന്നോളെ ബാധിച്ചിട്ടില്ലല്ലോ. അതുകൊണ്ട് ഞാനത് സാരമാക്കുന്നില്ല.''
ജൂഹയുടെ ചിന്തയാണിപ്പോള്‍ സര്‍വത്ര. ജൂഹയാണ് നമ്മുടെ മസ്തിഷ്കങ്ങളില്‍ തത്ത്വചിന്തകള്‍ അടിച്ചു കയറ്റുന്നത്. അന്തസ്സിനെ ലൈംഗികതയുമായി കൂട്ടിക്കെട്ടുന്നതില്‍ സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടാണെന്നത് അത്ഭുതം തന്നെ. അതിനേക്കാള്‍ അതിശയകരം ഈ സങ്കല്പം സ്ത്രീകളില്‍ മാത്രം അടിച്ചേല്പിക്കപ്പെടുന്നു എന്നതാണ്. പുരുഷന് എന്ത് ചെയ്താലും സമൂഹം അതില്‍ ഒരു തെറ്റും കാണില്ല…. എന്നാല്‍ പെണ്ണ് ഒരു തെറ്റ് മാത്രം ചെയ്താല്‍ മതി…. സമൂഹം അവളെ അപ്പാടെ കരിവാരിത്തേക്കും. ഇതിന്റെ പിന്നിലെ രഹസ്യം മനസ്സിലാക്കാവുന്നതേയുള്ളൂ… കിഴക്കന്‍ രാജ്യങ്ങളില്‍ സമൂഹത്തില്‍ വാഴുന്നത് പുരുഷനാണ്… അവനാണ് ആചാരങ്ങള്‍ ഉണ്ടാക്കുന്നത്. അന്യര്‍ക്ക് അനുവദിച്ചുകൊടുക്കാത്തത് അവന് തനിക്ക് അനുവദിച്ചു നല്‍കും. ഇതൊക്കെത്തന്നെയാണ് ബൗദ്ധിക പിന്നാക്കാവസ്ഥയുടെ ലക്ഷണങ്ങള്‍… ഇതിനൊന്നും ഇസ്ലാമുമായി ഒരു ബന്ധവുമില്ല. വ്യഭിചാരിയായ പെണ്ണിനെ കല്ലെറിയാനും, വ്യഭിചാരിയായ ആണിന്റെ ചെവിപിടിച്ചു തിരുമ്പി, കവിളത്തൊന്ന് കൊട്ടാനും ഇസ്ലാം കല്പിച്ചതായി നമ്മളാരും കേട്ടിട്ടില്ല. രണ്ട് കൂട്ടര്‍ക്കും ഒരേ ശിക്ഷയാണ് ഇസ്ലാമില്‍. പശ്ചാത്താപം എല്ലാ കുറ്റങ്ങളും മായ്ച്ചുകളയുന്ന പരിഹാരമായും നിശ്ചയിച്ചിട്ടുണ്ട്… ശിര്‍ക്ക് അഥവാ ബഹുദൈവാരാധന മാത്രമാണ് അല്ലാഹു പൊറുക്കാത്ത ഒരേയൊരു കുറ്റം.
നമ്മളൊക്കെ ഇസ്ലാമില്‍നിന്ന് എത്രമാത്രം അകന്നു പോയി, അല്ലേ? അതിന്റെ തൊലിപ്പുറത്ത് ഒട്ടിനിന്ന് ആത്മാവിനെ നാം കളഞ്ഞുകുളിക്കുന്നു….
വിതരണം ചെയ്ത ചൂലുകളുടെ മരപ്പിടികള് എവിടെയെന്ന് അന്വേഷിച്ചുകൊണ്ട് കുപിതനായി ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റു.
വിവ: വി.എ കബീര്‍
l
