ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ ഒരു ചെറുകഥയാണ് 'How many land does a man need?' 'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്നത്. രാജാവ് ഒരിക്കല്‍ പ്രഖ്യാപിച്ചു: ഒരു പകല്‍ ഓടിത്തീര്‍ക്കുന്ന അത്രയും ഭൂമി താന്‍ നല്‍കും. ഇതു കേട്ട അത്യാഗ്രഹിയായ പാഹോം രംഗത്ത് വന്നു. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു പാഹോം. അങ്ങനെ ഭൂമി മോഹത്താല്‍ പാഹോം ഓടി. ദാഹിച്ചു വലഞ്ഞെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. അവശനായിട്ടും ഒട്ടും വിശ്രമിച്ചില്ല. പരമാവധി സ്വത്ത് സ്വന്തമാക്കാനുള്ള തിടുക്കത്തില്‍ അയാള്‍ നില്‍ക്കാതെ ഓടി. അവസാനം അയാള്‍ തളര്‍ന്നു വീണു. അന്ത്യശ്വാസം വലിച്ച അയാള്‍ക്ക് കിട്ടിയത് ആറടി മണ്ണ്!
യേശുവും ശിഷ്യനും ഒരു യാത്രയിലാണ്. ക്ഷീണവും വിശപ്പും കഠിനമായപ്പോള്‍ അവര്‍ ഒരു മരച്ചുവട്ടിലിരുന്നു. യേശു ഏതാനും നാണയം നല്കി. മൂന്ന് റൊട്ടി വാങ്ങാന്‍ ആവശ്യപ്പെട്ടു. ശിഷ്യന് അങ്ങാടിയില്‍ പോയി മൂന്ന് റൊട്ടി വാങ്ങി. മടങ്ങിവരുമ്പോള്‍ ആലോചിച്ചു. 'എന്തിനാണ് മൂന്നു റൊട്ടി. ഒന്ന് ഗുരുവിനും ഒന്ന് തനിക്കും. പിന്നെ ഒന്നുണ്ട്. അയാള്‍ അത് തിന്നാന്‍ തീരുമാനിച്ചു. അതോടൊപ്പം രണ്ട് റൊട്ടിയേ കിട്ടിയുള്ളൂ എന്ന് കള്ളം പറയാനും. യേശുവിന്റെ അടുത്തെത്തിയ ശിഷ്യന് രണ്ട് റൊട്ടി കൈയില്‍ കൊടുത്തു. യേശു ചോദിച്ചു. 'മൂന്നാമത്തെത് എവിടെ?' ശിഷ്യന്: 'രണ്ടെണ്ണമേ കിട്ടിയുള്ളൂ.' 'മൂന്നെണ്ണം ഉണ്ടായിരുന്നില്ലേ, നീ കള്ളം പറയുകയല്ലേ?' യേശു ചോദിച്ചു. 'രണ്ടെണ്ണമേ കിട്ടിയുള്ളൂ' എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. റൊട്ടി കഴിച്ച് യേശുവും ശിഷ്യനും വിശപ്പടക്കി. അവര്‍ യാത്ര തുടര്‍ന്നു. ഒരു പുഴയുടെ അടുത്തെത്തിയപ്പോള്‍ യേശു വീണ്ടും ചോദിച്ചു: 'മൂന്ന് റൊട്ടി ഉണ്ടായിരുന്നില്ലേ?' ഇല്ലെന്ന് ശിഷ്യന് ആണയിട്ടു പറഞ്ഞു. ആ യാത്രക്കിടയില്‍ മൂന്നുനാലു തവണ ഇത് ആവര്‍ത്തിച്ചു. അവസാനം അവരിരുവരും വിശ്രമിക്കാനായി മരുഭൂമിയില്‍ ഒരിടത്തിരുന്നു.
അല്പ സമയത്തിനു ശേഷം യേശു മണല്‍ത്തരികള്‍ ഒരുമിച്ചു കൂട്ടി. അവ ഉപയോഗിച്ച് മൂന്ന് ചെറിയ കൂനകളുണ്ടാക്കി. തുടര്‍ന്ന് അവ സ്വര്ണമായിത്തീരാന് ദൈവത്തോട് പ്രാര്‍ഥിച്ചു. അങ്ങനെ അത് മൂന്ന് സ്വര്‍ണക്കട്ടികളായി. അപ്പോഴും ശിഷ്യന് ചിന്തിക്കാന്‍ തുടങ്ങി. 'മൂന്നാമത്തെ സ്വര്‍ണക്കട്ടി ആര്‍ക്കായിരിക്കും?' അയാളുടെ ചിന്തക്ക് അറുതി വരുത്തി യേശു പറഞ്ഞു: 'ഒരു സ്വര്‍ണക്കട്ടി എനിക്ക്. രണ്ടാമത്തെത് നിനക്ക്. മൂന്നാമത്തെത് റൊട്ടി തിന്ന ആള്‍ക്ക്'. ഇതു കേട്ട ശിഷ്യന് വിചാരിച്ചു: 'തെറ്റ് തുറന്നു പറഞ്ഞ് കുറ്റത്തിനു മാപ്പു ചോദിച്ചാല്‍ ഒരു സ്വര്‍ണക്കട്ടി കൂടി കിട്ടമല്ലോ.' അങ്ങനെ അയാള്‍ പറഞ്ഞു: 'ഗുരോ, ക്ഷമിക്കണം. റൊട്ടി തിന്നത് ഞാനാണ്. വിശപ്പിന്റെ കാഠിന്യം കൊണ്ട് തിന്നു പോയതാണ്.'
യേശു പറഞ്ഞു: 'മൂന്ന് സ്വര്‍ണക്കട്ടിയും നീ എടുത്തുകൊള്ളൂ. എനിക്ക് ഒന്നും വേണ്ട.' അങ്ങനെ അദ്ദേഹം ശിഷ്യനോട് വിട പറഞ്ഞ് തനിച്ച് യാത്രയായി. ശിഷ്യന് സ്വര്‍ണക്കട്ടികള്‍ മുന്നില്‍ വെച്ച് അതുകണ്ട് ആസ്വദിക്കുകയായിരുന്നു. പെട്ടെന്നാണ് മൂന്നു കൊള്ളക്കാര്‍ അവിടെയെത്തിയത്. അവര്‍ അയാളെ കൊന്ന് സ്വര്‍ണക്കട്ടികള്‍ കൈവശപ്പെടുത്തി. അല്പ സമയത്തിന് ശേഷം രണ്ടു പേര് അവ വില്‍ക്കാനായി അങ്ങാടിയിലേക്ക് പോയി. മൂന്നാമനോട് അവര്‍ തിരിച്ചു വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ അയാള്‍ ആലോചിച്ചു. 'ഇതില്‍ വിഷം കലര്‍ത്തി അവര്‍ രണ്ട് പേരെയും കൂടി കൊന്നാല്‍ സ്വര്ണക്കട്ടികളുടെയൊക്കെ വില തനിക്ക് സ്വന്തമാക്കാമല്ലോ.' അങ്ങനെ അയാള്‍ പരിസരത്തു നിന്ന് വിഷക്കായ ശേഖരിച്ച് ആഹാരത്തില്‍ കലര്‍ത്തി. സ്വര്‍ണം വില്ക്കാന് പോയവര്‍ ചിന്തിച്ചതിങ്ങനെ.' മൂന്നാമനെ കൊന്നാല്‍ പണം മുഴുവന്‍ തങ്ങള്‍ക്കിരുവര്‍ക്കും ഭാഗിച്ചെടുക്കാമല്ലോ.' അങ്ങനെ അവരിരുവരും മാരകായുധങ്ങളുമായി വന്ന് ഭക്ഷണം ഒരുക്കി വെച്ച മൂന്നാമനെ അടിച്ചു കൊന്നു. തുടര്‍ന്ന് അയാള്‍ പാകം ചെയ്തുവെച്ച ആഹാരം എടുത്തു കഴിച്ചു. അങ്ങനെ ആര്‍ത്തി നാലുപേരെയും നശിപ്പിച്ചു.
ധനാര്‍ത്തി മനുഷ്യനെ നാശത്തിലേക്ക് തള്ളിവിടുക മാത്രമല്ല; സ്വസ്ഥമായ ജീവിതവും അതുവഴി അവന് അന്യമാകും. സമ്പത്തും അധികാരവും സന്തോഷത്തിലേക്കല്ല; അസംതൃപ്തമായ ജീവിതത്തിലേക്കാണ് നയിക്കുന്നത്. 'കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു. കൊച്ചു കുടില്ക്കത്രെ നിദ്രാസുഖം' എന്നാണ് കവി വാക്യം.
ഒരു രാജാവും മന്ത്രിയും ക്ഷുരകനുമുണ്ടായിരുന്നു. എല്ലാ ആഴ്ചയും തല മുണ്ഡനം ചെയ്യാനെത്തുന്ന ക്ഷുരകന് തന്റെ ജോലി പൂര്‍ത്തീകരിച്ചു പോകുമ്പോള്‍ രാജാവ് ഒരു നാണയം നല്‍കും. അതില്‍ ഏറെ സന്തുഷ്ടനും സംതൃപ്തനുമായി ക്ഷുരകന് സ്ഥലം വിടും. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന രാജാവ് മന്ത്രിയോട് ചോദിച്ചു: 'എനിക്ക് അധികാരവും ഭരണവും വേണ്ടത്ര സ്വത്തുമുണ്ട്. എന്നിട്ടും ഒരു സന്തോഷവും സംതൃപ്തിയുമില്ല. എന്നാല്‍, ക്ഷുരകന് തനിക്ക് കിട്ടിയ ഒരു നാണയംകൊണ്ട് അതിയായി സന്തോഷിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?' 'അയാളുടെ സന്തോഷം ഒരാഴ്ച കൊണ്ട് ഞാന്‍ ഇല്ലാതാക്കാം.' അങ്ങനെ അടുത്തയാഴ്ച വന്നപ്പോള്‍ മന്ത്രി ക്ഷുരകന് തൊണ്ണൂറ്റിയൊമ്പത് നാണയം കൊടുത്തു. വീട്ടില്‍ ചെന്ന് എണ്ണി നോക്കുമ്പോള്‍ നൂറെണ്ണത്തിന് ഒന്ന് കുറവ്. വീണ്ടും വീണ്ടും എണ്ണി. അവസാനം അത് നൂറ് തികക്കാന്‍ കഴിയാത്തതില്‍ അങ്ങേയറ്റം അസ്വസ്ഥനായി. അടുത്തയാഴ്ച്ച വരുമ്പോള്‍ അയാളുടെ മുഖത്ത് ഈ പ്രയാസത്തിന്റെ അടയാളം പ്രകടമായിരുന്നു. അപ്പോള്‍ മന്ത്രി ചോദിച്ചു: 'അയാളുടെ സ്വസ്ഥത നഷ്ടപ്പെട്ടില്ലേ?'
പൗലോ കൊയ്ലോയുടെ ആല്ക്കെമിസ്റ്റിലും കാണാം, കൊട്ടാരവും അതിന്റെ സൗന്ദര്യവും കാണുമ്പോള്‍ കൈയിലുണ്ടായിരുന്ന സ്പൂണിലെ എണ്ണ മറക്കുന്ന ഒരാളുടെ കഥ. സമ്പത്ത് മോഹിച്ച സഅ്ലബയുടെ കഥ ഇസ് ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാനാവും. പരമ ദരിദ്രനായ അയാളുടെ നിര്‍ബന്ധ പ്രകാരം പ്രവാചകന് സമ്പത്തിനായി പ്രാര്‍ഥിക്കുകയും ഒടുവില്‍ വലിയ ആട്ടിന്‍ പറ്റങ്ങളുടെ ഉടമയാവുകയും അഹങ്കാരത്തിന്റെ കൊടുമുടിയില്‍നിന്ന് വീണ് ഒരു നാള് ദാരുണാന്ത്യം വരിക്കുകയും ചെയ്ത കഥ.
അല്ലാഹുവിന്റെ ദൂതന് പറഞ്ഞു: 'നിങ്ങള്‍ അത്യാഗ്രഹത്തെ സൂക്ഷിക്കുക, കാരണം അത്യാഗ്രഹം മാത്രമാണ് നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത്. അത് അവരോട് പിശുക്ക് കാണിക്കാന്‍ കല്പ്പിച്ചു, അവര്‍ അങ്ങനെ ചെയ്തു. അവരുടെ കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ കല്പ്പിച്ചു, അവര്‍ അങ്ങനെ ചെയ്തു. അത് അവരോട് ദുഷ്ടത പ്രവര്‍ത്തിക്കാന്‍ കല്പ്പിച്ചു, അവര്‍ അങ്ങനെ ചെയ്തു' (അബു ദാവൂദ്). അല്ലാഹുവിന്റെ ദൂതന് പറഞ്ഞു: 'ആദമിന്റെ മകന് വൃദ്ധനാകുന്നു, പക്ഷേ, രണ്ട് കാര്യങ്ങളില്‍ ചെറുപ്പമായി തുടരുന്നു: സമ്പത്തിനോടുള്ള അത്യാഗ്രഹവും ദീര്ഘായുസ്സിനോടുള്ള അത്യാഗ്രഹവും' (സ്വഹീഹ് മുസ് ലിം).
പ്രവാചകന് പറഞ്ഞു: 'ആദമിന്റെ മകന് സമ്പത്ത് നിറഞ്ഞ രണ്ട് താഴ്വരകളുണ്ടായിരുന്നെങ്കില് പോലും, അവന് മൂന്നിലൊന്ന് ആഗ്രഹിക്കുമായിരുന്നു. അവന്റെ വയറ്റില്‍ ഖബ്റിന്റെ പൊടിയല്ലാതെ മറ്റൊന്നും നിറയ്ക്കില്ല. പക്ഷേ, അല്ലാഹു പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കും' (സ്വഹീഹ് അല്‍ബുഖാരി).
l
