'കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ' (103:13). വിശുദ്ധ ഖുര്‍ആനിലെ ഈ മൂന്ന് സൂക്തങ്ങളാണ് എന്റെ ആദര്‍ശ വിശ്വാസത്തിന്റെ അടിസ്ഥാനം. അത് തന്നെയാണ് ജീവിതത്തെ രൂപപ്പെടുത്തുന്നത്. എല്ലാ വിചാര, വികാരങ്ങളുടെയും സ്വഭാവ, മര്യാദകളുടെയും പെരുമാറ്റ രീതികളുടെയും വാചാ കര്‍മങ്ങളുടെയും അന്തര്‍ധാരയും അത് തന്നെ.
ചുരുങ്ങിയ വാക്കുകളില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ചരിത്രത്തിന്റെ ആകത്തുക അവതരിപ്പിക്കുന്ന മഹാ വിസ്മയമാണ് ഈ സൂക്തങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ജീവിത വ്യവസ്ഥയുടെ മുഴുവന്‍ അന്തസ്സത്തയും ഇതിലുണ്ട്. സത്യം സ്വീകരിക്കാനും സുകൃതമാചരിക്കാനും സന്മാര്ഗം സ്ഥാപിക്കാനുമുള്ള ശക്തമായ ആഹ്വാനവും കരുത്തുറ്റ പ്രേരണയും ഉജ്ജ്വലമായ പ്രചോദനവും ഇതിലുണ്ട്. സത്യവിശ്വാസം സ്വീകരിച്ച്, സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച്, സത്യം സ്വീകരിക്കാനും സഹനം പാലിക്കാനും പരസ്പരം ഉപദേശിക്കലാണത്. അതിന് സന്നദ്ധമാകാതെ ധിക്കാരം കാണിക്കുന്നവരൊക്കെയും ഇരുലോകത്തും സമ്പൂര്‍ണ നഷ്ടത്തിലാണെന്ന് ചരിത്രത്തെ സാക്ഷ്യപ്പെടുത്തി വിളംബരം ചെയ്യുന്നു.
സഹോദരനെ ഇല്ലാതാക്കി തന്റെ ആഗ്രഹം സഫലീകരിക്കാമെന്ന് കരുതി ധിക്കാരിയും അഹങ്കാരിയുമായ ഖാബീല്‍ അല്ലാഹുവിലും പരലോകത്തിലും ദൃഢ വിശ്വാസമുള്ള, ക്ഷമാശീലനായ ഹാബീലിനെ ക്രൂരമായി കൊലപ്പെടുത്തി. ഖാബീലിന് ഭൂമിയില്‍ എന്ത് സംഭവിച്ചുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ. അങ്ങനെ അവന് കൊടും ഖേദത്തിലകപ്പെട്ടു'(5:31). ഹാബീല്‍ സ്വര്‍ഗം കിനാവ് കണ്ട് ശാന്തനായി, സമാധാനത്തോടെ പരലോകം പ്രാപിച്ചു.
സത്യപ്രബോധകനായ ഇബ്രാഹീം പ്രവാചകനെയും അദ്ദേഹത്തിന്റെ ആദര്‍ശത്തെയും ഒരു പിടി ചാരമാക്കാമെന്ന് കരുതി അഹങ്കാരത്തോടെ അദ്ദേഹത്തെ തീക്കുണ്ഠത്തിലേക്കെറിഞ്ഞ നംറൂദിന് അങ്ങേയറ്റം അപമാനിതനാകേണ്ടി വന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അനശ്വര വ്യക്തിത്വത്തിന്റെ ഉടമയായി ഇബ്രാഹീം പ്രവാചകന് മാറി. നംറൂദോ, എക്കാലവും ശപിക്കപ്പെടുന്ന നരകാവകാശിയുമായി.
മൂസാ നബി സഹസ്രാബ്ദങ്ങളിലൂടെ സച്ചരിതരായ സകല മനുഷ്യരുടെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങുന്നവനായി മാറിയപ്പോള്‍ അത്യന്തം അപമാനകരമായ മരണം വരിക്കേണ്ടി വന്ന ഫറവോന് അങ്ങേയറ്റം അഭിശപ്തനായി. പരലോകത്ത് കൊടിയ ശിക്ഷക്കര്ഹനുമായി.
അബൂജഹല്‍, അബൂലഹബ്, ഉമയ്യത്ത് തുടങ്ങിയവരുടെ അത്യന്തം അപമാനകരമായ അന്ത്യത്തിന് കാലം സാക്ഷ്യം വഹിച്ചു. അടിമകളും അധഃസ്ഥിതരുമായിരുന്ന ബിലാലും അമ്മാറും യാസിറും സുമയ്യയുമെല്ലാം സമകാലിക സമൂഹത്തിലും ചരിത്രത്തിലും മഹത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് പറന്നുയര്‍ന്നു.
സഈദ് ബ്നു ജുബൈറി(റ)നെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ഹജ്ജാജിന്റെ അന്ത്യവും ശഹീദ് ഹസനുല്‍ ബന്നയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാറൂഖ് രാജാവിന് അന്ത്യവിശ്രമത്തിന് ആറടി മണ്ണ് രാജി വാങ്ങേണ്ടിവന്നതുമുള്പ്പെടെ എത്രയെത്ര അനുഭവങ്ങള്‍ക്കാണ് കാലം സാക്ഷിയായത്!
ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ സമയത്തിന്റെ വിലയെ സംബന്ധിച്ച് നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരും എല്ലായ്പ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയോട് സമയത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഘടികാരം പോലെ വിശുദ്ധ ഖുര്‍ആനിലെ ഈ ചെറു അധ്യായം മുഴുവന്‍ മനുഷ്യരെയും സമയത്തിന്റെ വിലയെ സംബന്ധിച്ചും അതിന്റെ ഫലപ്രദമായ ഉപയോഗത്തെ സംബന്ധിച്ചും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതൊട്ടും പാഴാക്കരുതെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഖുര്‍ആനിലെ ഈ മൂന്നു സൂക്തങ്ങള്‍ മുഴു ജീവിതത്തെയും നിയന്ത്രിക്കുന്നു, രൂപപ്പെടുത്തുന്നു.
പടച്ചോന്റെ കരുണക്കടലാഴങ്ങള്
ഡോ. നഹാസ് മാള
(ഡെപ്യൂട്ടി റെക്ടര്‍, അല്‍ ജാമിഅ
അല്‍ ഇസ്ലാമിയ, ശാന്തപുരം)
ആയത്തുകൊണ്ടും ആശയം കൊണ്ടും മനസ്സിലേക്ക് ഓടിയെത്തുന്ന അനവധി ഇടങ്ങള്‍ ഉണ്ട് ഖുര്‍ആനില്‍. എണ്ണിപ്പറഞ്ഞാല്‍ 30-ലധികം വരും അത്തരം ഭാഗങ്ങള്‍. അക്കൂട്ടത്തില്‍ ഹൃദയം കവര്‍ന്ന ഒരു ഭാഗമാണ് ഇവിടെ പങ്കുവെക്കുന്നത്.
എത്ര കൊടുത്താലും തീര്‍ന്നു പോകാത്തത് പടച്ചോന്റെ ഖജനാവ് മാത്രം ആണെന്നാണല്ലോ നമ്മള് പറയാറുള്ളത്. അത്രമാത്രം കരുണക്കടലാഴങ്ങള് പടച്ചോന്റേതായുണ്ട് എന്നാണ് വിശ്വാസികള്‍ ഒന്നടങ്കം കരുതുന്നത്.
സൂറത്തുല്‍ ഇസ്റാഇലെ മനോഹരമായ 100-ാം സൂക്തം അല്ലാഹുവിന്റെ റഹ്മത്തിന്റെ ഖജനാവിനെ കുറിച്ച സൂചനയില്‍ മനുഷ്യരെ ചേര്‍ത്ത് ഒരു പരാമര്‍ശം നടത്തുന്നുണ്ട്. '(നബിയേ), പറയുക: എന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്നു പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന് കടുത്ത ലുബ്ധനാകുന്നു (സൂറഃ ഇസ്റാഅ്: 100).
മനുഷ്യന്റെ കാര്യം അത്ഭുതകരം എന്നാണ് ഇവിടെ പറയുന്നത്. പടച്ചോന്റെ ഖജനാവ് കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയാല്‍ അതില്‍ പോലും പിശുക്ക് കാണിക്കലാണ് മനുഷ്യ പ്രകൃതം എന്നാണ് ഈ ആയത്ത് അവരെ പരിഹസിക്കുന്നത്. ഇന്‍ഫാഖ് എന്നതിന് നാം പരിചയിച്ച ചെലവഴിക്കല്‍ എന്നതിന് പുറമെ തീര്‍ന്നു പോകല്‍ എന്ന് കൂടി ഇവിടെ അര്‍ഥമുണ്ട്.
മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും കൊടുക്കാന്‍ അനന്തര സ്വത്ത് ബാക്കിയാക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അവനവനു വേണ്ടി ബാക്കിയാവുന്നത് നമ്മള് ജീവിച്ചിരിക്കുമ്പോള്‍ ചെലവഴിക്കുന്നത് മാത്രമാണ്. നീ ചെലവഴിച്ചതും നിനക്കായി പരലോകത്തേക്ക് ബാക്കിയാക്കിയതുമാണ് യഥാര്‍ഥത്തില്‍ നിന്റെ സമ്പത്ത് എന്നാണല്ലോ ഹദീസുകള്‍ പറയുന്നത് (മാലുക്ക മാ ഖദ്ദംത്ത).
പിശുക്കനായ ഈ മനുഷ്യന് പിന്നീട് എന്താണ് സംഭവിക്കുന്നത്, മരിക്കുമ്പോള്‍ അല്ലാഹുവിനോടുള്ള യാചന (കുറച്ച് സമയം നീട്ടിത്തന്നാല്‍ എന്റെ സമ്പത്തില്‍ നിന്നെടുത്ത് സ്വദഖ ചെയ്യാം എന്ന്). സൂറത്തുല്‍ മുനാഫിഖൂനില് അവസാന ഭാഗത്ത് മനുഷ്യന് അങ്ങനെ നിലവിളിക്കുന്ന രംഗചിത്രീകരണവും ഉണ്ട്.
മേല്‍വിലാസം മാറിപ്പോകുന്ന സമ്പത്തിന്റെ പരിണാമമാണ് മറ്റൊരു ശിക്ഷ. സ്വഹാബികളോടായി അല്ലാഹുവിന്റെ റസൂല്‍ ഒരിക്കല്‍ ചോദിച്ചു: സ്വന്തം ധനത്തെക്കാള്‍ അനന്തരാവകാശികളുടെ ധനത്തെ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരാണുള്ളത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ എല്ലാവരും സ്വന്തം ധനത്തെയാണ് ഞങ്ങളുടെ അനന്തരാവകാശികളുടെ ധനത്തെക്കാള്‍ സ്നേഹിക്കുന്നത്. അപ്പോള്‍ റസൂലിന്റെ മറുപടി ഇതായിരുന്നു: നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മുന്തിച്ചു ചെയ്ത സ്വദഖകളും ദാന ധര്‍മങ്ങളുമാണ് നിങ്ങളുടെ ധനം. പിന്തിച്ചു വെച്ച ധനമാകട്ടെ അനന്തരാവകാശികളുടേതും.
സമ്പത്ത് അല്ലാഹുവിന്റേതാണ് എന്ന് അംഗീകരിക്കാന്‍ തന്നെ ഹൃദയ വിശാലത വേണം. അത് തിരിച്ചറിഞ്ഞവര്‍ പോലും ചിലപ്പോള്‍ പടച്ചോന് തനിക്ക് തന്നത് തീരെ കുറഞ്ഞുപോയോ എന്ന് ചിന്തിച്ച് ദാന ധര്മങ്ങള്ക്കുള്ള അവസരം നിഷേധിക്കും. പടച്ചോന്റെ ഖജനാവ് തന്നെ കൈയില്‍ കിട്ടിയാലും അതില്‍ നിന്നുപോലും ചെലവഴിക്കാന്‍ മടിയുള്ള കൂട്ടരാണ് മനുഷ്യര്‍ എന്ന പരാമര്‍ശം അത്രമേല്‍ ഹൃദയഹാരിയാണ്.
ജനിച്ചിട്ടില്ലാത്തവന് ജന്മം നല്കിയിട്ടില്ലാത്തവന്
എം.എം അക്ബര്‍
ഖുര്‍ആനിലെ ഓരോ വചനവും അത്ഭുതമാണ്; ആകര്‍ഷകവും. ഏത് വചനമാണ് ഏറ്റവുമധികം ആകര്‍ഷകമായി അനുഭവപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രയാസമാണ്. ആകര്‍ഷകമായി തോന്നിയ ഏതെങ്കിലും ഒരു വചനത്തെക്കുറിച്ച് പറയാം എന്ന് കരുതി പേനയെടുക്കാനൊരുങ്ങുമ്പോള് മറ്റൊരു വചനം മനസ്സിലേക്കോടിയെത്തും. അതേക്കുറിച്ച് പറയുന്നതാവും കൂടുതല്‍ ഉചിതമെന്ന് കരുതും. അതേക്കുറിച്ച് പറയാന്‍ തുടങ്ങുമ്പോഴേക്കാണ് മറ്റൊരു വചനം മനസ്സിലേക്കോടിയെത്തുക. ഖുര്‍ആനിന് മാത്രം അവകാശപ്പെടാനാകുന്ന ഒരു സവിശേഷതയാണിത്.
മതതാരതമ്യ പഠനത്തിലൂടെ ഇസ് ലാമിന്റെ സത്യത്തെയും ഉജ്വലതയെയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ ആ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ഏറെ അത്ഭുതപ്പെടുത്തിയ അധ്യായം സൂറത്തുല്‍ ഇഖ്ലാസാണ്. ഈ പ്രപഞ്ചത്തിന്റെ പിന്നിലുള്ളതാരാണെന്ന അന്വേഷണമാണ് ഉപനിഷത്തുക്കളില്‍ നാം കാണുക; ഗാഢമായ അന്വേഷണം. ആ അന്വേഷണം കഴിയുമ്പോഴും ആരാണവന് എന്ന ചോദ്യത്തിന് വേദാന്തത്തിന് നല്‍കാനുള്ള ഉത്തരം 'നേതി' എന്നാണ്. ആരാണ് എന്ന് പറയാനാവില്ല എന്ന ഉത്തരം മാത്രം. ഇസ്രാഈലിന്റെ ദൈവത്തെ പരിചയപ്പെടുത്തുന്ന തോറ, നെബയീം, കെത്തുബിം എന്നീ ഇസ്റാഈല്‍ ഗ്രന്ഥങ്ങളുടെ സമാഹാരമാണ് പഴയ നിയമം. അത് മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പ്പത്തിന് തികച്ചും വിരുദ്ധമായ ദൈവസങ്കല്പമാണ് യേശുവിനെയും ശിഷ്യന്മാരെയും കുറിച്ച് പറയുന്ന പുതിയ നിയമത്തിലുള്ളത്. സമാന്തരമായി പോകുന്ന പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവ സങ്കല്പങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ പാടുപെടുകയാണ് ക്രൈസ്തവ ദൈവശാസ്ത്രജ്ഞര്‍.
ആരാണ് ദൈവം എന്ന് ഏതാനും വാക്കുകളില്‍ കൃത്യമായി നിര്‍വചിക്കുന്നുവെന്നതാണ് സൂറത്തുല്‍ ഇഖ്ലാസിന്റെ സവിശേഷത. പരംപൊരുളിനെ അന്വേഷിക്കുന്ന മതഗ്രന്ഥങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ എങ്ങനെ പരാജയപ്പെടുന്നുവെന്ന് അറിയുമ്പോഴാണ് നാലേ നാല് ആയത്തുകള്‍ക്കുള്ളില്‍ സമ്യക്കായി സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്ന സൂറത്തുല്‍ ഇഖ്ലാസിന്റെ സൗന്ദര്യവും മഹത്വവും മനസ്സിലാവുക. അല്ലാഹു ആരാണെന്നും ആരല്ലെന്നും സമ്യക്കായും അതോടൊപ്പം സംക്ഷിപ്തമായും അവതരിപ്പിക്കുന്ന ഖുര്‍ആനിലെ ചെറിയൊരു അധ്യായമാണിത്. അതാണതിന്റെ സൗന്ദര്യം.
''പറയുക: അവനാണ് അല്ലാഹു; ഏകനായവന്; ആശ്രയം ആവശ്യമില്ലാത്തവനും എല്ലാറ്റിനും ആശ്രയമായിട്ടുള്ളവനുമാണ് അല്ലാഹു. ജനിച്ചിട്ടില്ലാത്തവന്; ജന്മം നല്കിയിട്ടില്ലാത്തവന്; അവനു തുല്യമായി ഒന്നും തന്നെയില്ല'' (112:14).
പ്രപഞ്ചത്തിന്റെ ആത്യന്തികമായ കാരണക്കാരന്‍ ഉണ്മയില്ലാത്തവനോ നിര്ഗുണനിരാകരനോ അല്ല; അഹദും സ്വമദുമാണവന്! ഈ രണ്ട് വിശേഷണങ്ങള്‍ അവന്റെ സത്തയെ സംബന്ധിച്ച് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിന്റെ പരമാവധി മനസ്സിലാക്കിത്തരുന്നു. ഒന്നാമതായി, അല്ലാഹു അഹദാണ്; പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഉണ്മ. അഹദ് എന്നാല്‍ ഏകനും അദ്വിതീയനുമായവന് എന്നാണര്‍ഥം. അവന്ന് ഘടകങ്ങളില്ല; അവനെപ്പോലെ മറ്റാരുമില്ല. എല്ലാ നന്മകളും അവയുടെ പൂര്‍ണ്ണതയില്‍ അവനില്‍ സ്ഥിതി ചെയ്യുന്നു.
രണ്ടാമതായി അവന് സ്വമദ് ആണ്. ഒന്നിന്റെയും ആശ്രയം ആവശ്യമില്ലാത്തവനും എന്നാല്‍, അവന്റെ ആശ്രയം കൂടാതെ ഒന്നിനും നിലനില്ക്കാന് സാധിക്കാത്തവനുമെന്നാണ് സ്വമദിന്റെ വിവക്ഷ. സൃഷ്ടികളുടെ നിലനില്പുതന്നെ പരസ്പരം ആശ്രയിച്ചുകൊണ്ടാണ്; അല്ലാഹുവിന് ആരുടെയും ആശ്രയം ആവശ്യമില്ല. അവന്റെ ആശ്രയം കൊണ്ടാണ് സൃഷ്ടികളെല്ലാം നിലനില്ക്കുന്നതുതന്നെ. പരസ്പരം ആശ്രയിച്ച് നിലനില്‍ക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പാരസ്പര്യത്തെ പഠിക്കുന്നവര്‍ അവസാനമായി എത്തുക ആശ്രയങ്ങളൊന്നും ആവശ്യമില്ലാത്തവനായ ഒരു അസ്തിത്വത്തിലാണ്.
അവന് ജനിച്ചിട്ടില്ല; ജന്മം നല്‍കിയിട്ടുമില്ല. പിതാവ്, പുത്രന് തുടങ്ങിയ മാനുഷിക പരികല്പനകള് ദൈവത്തിന് കല്പിക്കുന്നതിനെയാണ് ഈ വചനം തിരുത്തുന്നത്. ദൈവപുത്രന്മാരായി പ്രവാചകന്മാരെയും ദൈവപുത്രികളായി മാലാഖമാരെയും സങ്കല്പിച്ചിരുന്ന സമൂഹങ്ങള്‍ തികഞ്ഞ ബഹുദൈവത്വത്തിലേക്ക് ആപതിച്ചത് അതുകൊണ്ടാണ്. ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജനിച്ചുവളരുകയും ധര്‍മസംസ്ഥാപനം നടത്തുകയും ചെയ്യുന്നവനോ, അത്തരം ആരെയെങ്കിലും ജനിപ്പിക്കുന്നവനോ അല്ല ദൈവമെന്ന നിഷേധം ആ രൂപത്തിലുള്ള കളങ്കങ്ങളില്‍ നിന്നെല്ലാം സംശുദ്ധമായ അസ്തിത്വത്തിന്റെ ഉടമയാണ് അവന് എന്ന് പ്രഖ്യാപിക്കുന്നു.
'അവന് തുല്യമായി ആരും തന്നെയില്ല' എന്ന സൂറത്തുല്‍ ഇഖ്ലാസ്വിലെ അവസാനത്തെ പരാമര്‍ശവും ദൈവികസത്തയെ സൃഷ്ടികളുടേതുമായി താരതമ്യം ചെയ്ത് മനസ്സിലാക്കിക്കൂടെന്ന് പഠിപ്പിക്കുന്നു. അവന്റെ സത്ത അവന്റേത് മാത്രമാണ്. അവന്റെ നാമ-ഗുണവിശേഷണങ്ങള്‍ മറ്റാര്‍ക്കുമില്ല. അവന് പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.
ചുരുങ്ങിയ വാക്കുകളില്‍ പ്രപഞ്ചനാഥനെ ഇത്രയും കൃത്യമായി നിര്‍വചിക്കുന്ന മറ്റൊരു വചനവും വേദഗ്രന്ഥങ്ങളിലൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവികത അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വരുന്ന ആരെയും പരിശോധിക്കാന്‍ കഴിയുന്ന കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കുന്നതാണ് ഈ സൂറത്ത്. വ്യാജദൈവങ്ങളെയെല്ലാം അരിച്ച് വേര്‍തിരിക്കാന്‍ കഴിയുന്ന മാനദണ്ഡങ്ങളാണവ. അതു തന്നെയാണ് ഈ സൂറത്തിന്റെ സൗന്ദര്യവും.
നിരാശപ്പെടേണ്ട എന്ന ബോധ്യം
ഡോ. മുഈനുദ്ദീന് ഹുദവി
(ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ ഓഫ് സൈത്തൂന്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റൃൂഷന്സ്)
ഖുര്‍ആനില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ആര് ചോദിച്ചാലും എനിക്ക് പെട്ടെന്ന് ഉത്തരം പറയാനാവും, സൂറ: സുമറിലെ 53-ാമത്തെ ആയത്ത്. ഈ സൂക്തത്തിന്റെ അര്‍ഥം ''പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന് ഏറെ പൊറുക്കുന്നവനാണ്. പരമ ദയാലുവും'' എന്നാണ്. ഇന്നത്തെ സാഹചര്യങ്ങളില്‍ നമ്മെപ്പോലുള്ളവര്ക്ക് തെറ്റ് പറ്റാനുള്ള സാധ്യത ഏറെയാണ്. തെറ്റ് സംഭവിച്ചു പോയാല്‍ സ്വാഭാവികമായും നമ്മള് വല്ലാതെ നിരാശരാവും. ഞാന്‍ ഇത്രയും ദീനീപരമായും സാമൂഹികമായും പലതും പഠിച്ചിട്ടും എന്നില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചല്ലോ എന്ന് ചിന്തിച്ചുപോകും. ആ സമയത്ത് നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് പ്രസ്തുത ആയത്ത്. നിരാശ ഒരു മുസ്ലിമിന് ഉണ്ടാവാന്‍ പാടില്ല എന്നതാണ് ഖുര്‍ആനിക ഭാഷ്യം.
നിരാശ ഒരു മനുഷ്യനെ വിശ്വാസിയുടെ ക്വാളിറ്റിയില്‍ നിന്ന് മാറ്റി നിര്ത്തുമെന്നതുകൊണ്ടാണ് അല്ലാഹു ''നിങ്ങള്‍ നിരാശരാവരുത്'' എന്ന് പറഞ്ഞത്. നിങ്ങള്‍ എത്ര തെറ്റ് ചെയ്തവരാണെങ്കിലും നിരാശപ്പെടരുത്, ഞാനില്ലേ നിങ്ങള്‍ക്ക് എന്ന പ്രതീക്ഷയുടെ ചോദ്യമാണ് അല്ലാഹു നമ്മോട് ചോദിക്കുന്നത്.
എന്നെ അറിയുന്ന, എന്റെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും പറയാന്‍ കഴിയുന്ന, എനിക്ക് എപ്പോഴും ആശ്രയമായുള്ള റബ്ബ് എന്ന ഫീലിംഗ് എനിക്ക് ഏറ്റവും കൂടുതല്‍ നല്കുന്ന ഒരു ആയത്തും കൂടിയാണ് ഇത്. മനുഷ്യന്റെ നിലക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് കാര്യങ്ങള്‍ നിറവേറ്റുന്നവനാണ് റബ്ബ്. എന്റെ അവസ്ഥ റബ്ബിന് അറിയുമെന്നും എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പരിമിതികളും അറിയുന്ന റബ്ബ് എന്നോട് നിരാശപ്പെടേണ്ട എന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് ഈ ആയത്ത്.
ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു അനുഭവം കൂടിയുണ്ട്. ചാറ്റ് ജി.പി.ടിയോട് ഒരിക്കല്‍ ചോദിച്ചു: ഈ കാലഘട്ടത്തില്‍ ഒരു പിശാചായി വന്ന് വിശ്വാസിയായ ഒരു മുസ്ലിമിനെ വഴിപിഴപ്പിക്കാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ എന്തായിരിക്കും ചെയ്യുന്നത്? ഉത്തരം ഇങ്ങനെയായിരുന്നു: ''ഞാന്‍ പടച്ചവനെക്കുറിച്ച് നിരാശ ഉണ്ടാക്കാനാണ് ശ്രമിക്കുക.'' നിരാശ ഉണ്ടാക്കുക എന്നതാണ് പിശാചിന് ഒരു മനുഷ്യനിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന തന്ത്രം. ഇത് അല്ലാഹു കാലങ്ങള്‍ക്ക് മുമ്പേ പ്രവാചകനിലൂടെ ഈ സൂക്തം അവതരിപ്പിച്ചുകൊണ്ട് നമ്മെ അറിയിച്ചത് അത്ഭുതം തന്നെ. ഏത് പ്രതിസന്ധികളിലൂടെയും പരീക്ഷണ ഘട്ടത്തിലൂടെയും കടന്നുപോകുന്നവര്‍ മനസ്സിലാക്കേണ്ടത് നിരാശ ഒരു വിശ്വാസിയുടെ ഗുണമേയല്ല എന്നാണ്.
കഴിഞ്ഞ റമളാനിന് മുന്‍പ് ശഹാദത്ത് ചൊല്ലി
ഹനാന്
(ലണ്ടന്‍, ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാരി)
എന്റെ സത്യാന്വേഷണ യാത്ര ആരംഭിച്ചത് ഭക്തിയുള്ള മുസ്ലിം സഹപ്രവര്ത്തകരിലൂടെയാണ്. അതിലൂടെ ഞാന്‍ പ്രവാചകന് മുഹമ്മദ് നബി (സ)യെ കുറിച്ച് അറിയാന്‍ തുടങ്ങി. ക്രിസ്ത്യാനിയായിരുന്ന എന്നില്‍, ബൈബിളിലെ പ്രവാചകരെപ്പോലെ ഒരേ ദൈവത്തെ ആരാധിക്കണമെന്ന സന്ദേശവുമായി വന്ന ഈ പ്രവാചകന് ക്രിസ്തീയതയില്‍ എന്തുകൊണ്ട് പരാമര്‍ശിക്കപ്പെടുന്നില്ല എന്ന കൗതുകം ഉണ്ടായി. ആ ചോദ്യം തന്നെയാണ് എന്നെ ഇസ്ലാം ആഴത്തില്‍ പഠിക്കാന്‍ പ്രേരിപ്പിച്ചത്. ഈ അന്വേഷണത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്, മുസ്ലിംകള് ബൈബിളിലെ ഉപദേശങ്ങളോട് വളരെ അടുത്ത് നില്ക്കുന്ന ജീവിതമാണ് നയിക്കുന്നത് എന്ന തിരിച്ചറിവായിരുന്നു. പലപ്പോഴും ക്രിസ്ത്യാനികളേക്കാള്‍ കര്‍ശനമായി പോലും. പ്രവാചകന് ഇബ്രാഹീമിനും മുഴുവന്‍ മനുഷ്യരാശിക്കും അല്ലാഹു നല്കിയ കല്പനകള്, ഉദാഹരണത്തിന് ലജ്ജാശീലമുള്ള വേഷം, അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് അറുക്കപ്പെട്ട മാംസം മാത്രം ഭക്ഷിക്കല്‍ തുടങ്ങിയവ മുസ്ലിംകള് കൃത്യമായി പാലിക്കുന്നു.
ക്രിസ്ത്യാനികള്‍ ഈസാ നബി(അ)യെ ദൈവ പുത്രനെന്നും ദൈവമെന്നും വിശ്വസിക്കുന്നു. എന്നാല്‍, ബൈബിളില്‍ തന്നെ മറ്റ് പ്രവാചകരെയും ''ദൈവത്തിന്റെ പുത്രന്'' എന്ന് വിളിക്കുന്നുണ്ട്. ഇത് സ്നേഹപദമായാണ് മനസ്സിലാക്കാവുന്നത്. കൂടാതെ ബൈബിള്‍ പല ഭാഷകളില്‍ പലതവണ പുനര്‍രചിക്കപ്പെടുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തതിനാല്‍, ചില യഥാര്‍ഥ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ടിരിക്കാമെന്നതും ഞാന്‍ മനസ്സിലാക്കി. ഈസാ നബി ദൈവത്തോട് പ്രാര്‍ഥിക്കുന്ന സന്ദര്‍ഭങ്ങളും ബൈബിളില്‍ കാണാം. ഇതെല്ലാം ചേര്‍ന്ന് ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ വ്യക്തമായ വൈരുധ്യങ്ങള്‍ ഉണ്ടെന്ന് എനിക്ക് ബോധ്യമായി.
ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുള്ള ചില ശാസ്ത്രീയ സത്യങ്ങള്‍ അറിഞ്ഞതും എന്നെ അത്ഭുതപ്പെടുത്തി. അതുതന്നെ ഖുര്‍ആന്റെ ഒരു അത്ഭുതമാണ്. മുസ്ലിം ആയതോടെ, ദൈവത്തെ മാത്രം കേന്ദ്രീകരിച്ച് ജീവിക്കേണ്ടതിന്റെ മഹത്വം ഞാന്‍ മനസ്സിലാക്കി. ക്രിസ്തീയതയില്‍ കാണുന്ന പോലെ ''സന്തന്മാരെ'' ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം, എല്ലാ ആരാധനയും ചിന്തകളും അല്ലാഹുവിലേക്കു മാത്രം തിരിയേണ്ടതിന്റെ ആവശ്യകത എനിക്ക് വ്യക്തമായി.
ഈ യാത്രയില്‍, പ്രവാചകരും ഏകസത്യദൈവവും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ അടുത്ത് തന്നെ ഒരു മസ്ജിദും, സ്നേഹത്തോടെ എന്നെ സ്വീകരിച്ച് വഴിനടത്തിയ ഭക്തിയുള്ള മുസ്ലിം സമൂഹവും അല്ലാഹു എനിക്ക് ഒരുക്കിത്തന്നു.
വിശ്വാസവും കുടുംബവും തമ്മില്‍ ഏതെന്ന് തെരഞ്ഞെടുക്കേണ്ടിവന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു. എന്നാല്‍, വിഗ്രഹാരാധനയ്ക്കെതിരെ നിലകൊണ്ട സത്യം മാതാപിതാക്കളെ അറിയിച്ചു. സുബ്ഹാനല്ലാഹ്, കഴിഞ്ഞ വര്‍ഷം റമളാനിന് ഒരു ദിവസം മുന്‍പ് ഞാന്‍ ശഹാദത്ത് ചൊല്ലി. അതിന് ശേഷം എനിക്ക് എല്ലായ്പ്പോഴും ആശ്വാസം നല്കിയ ആയത്തുകള്‍ സൂറ: അശ്ശര്ഹിലെ 5,6 സൂക്തങ്ങളാണ്:
''അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം'' അത് എനിക്ക് വലിയ പ്രതീക്ഷ നല്കി.
അല്ലാഹുവിന്റെ കരുണയാല്‍, പിന്നീട് എന്റെ കുടുംബവും എന്നെ സ്വീകരിച്ചു. അല്‍ഹംദു ലില്ലാഹ്, ഇന്ന് ഞാന്‍ അന്നത്തെ പ്രാര്‍ഥനകള്‍ക്ക് ലഭിച്ച ഉത്തരങ്ങളോടൊപ്പം ജീവിക്കുകയാണ്.
ഖുര്‍ആന്‍ നെഞ്ചിലേറ്റിയിട്ട് 11 വര്‍ഷം
സുമയ്യ നജീബ്
(അവസാന വര്‍ഷ ശരീഅ വിദ്യാര്‍ഥിനി, ഖത്തര്‍ യൂനിവേഴ്സിറ്റി)
ഖുര്‍ആനാകുന്ന മഹനീയ ഗ്രന്ഥം നെഞ്ചിലേറ്റിയിട്ട് 11 വര്‍ഷം തികയുന്നു. ജനനത്തിനിപ്പുറം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഖുര്ആനോടൊത്തുള്ള സഹവാസ യാത്ര തീര്‍ത്തും അനുഗ്രഹപൂര്‍ണവും പ്രചോദകവും ജീവസ്സുറ്റതുമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് നയിച്ചതും കരുത്തേകിയതും ഈ ഗ്രന്ഥം തന്നെ. തിരിഞ്ഞു നോക്കുമ്പോള്‍, ആ ഓര്‍മകള്‍ കണ്ണുകളെ ഈറനണിയിക്കുന്നു.
ഖുര്ആനനുഭവങ്ങള് ധാരാളമുണ്ടെങ്കിലും വൈയക്തികമായി കൂടുതല്‍ സ്വാധീനിച്ചതേതെന്ന് തിട്ടപ്പെടുത്തല്‍ പ്രയാസകരമാണ്. അത്രമേല്‍ വിശാലമാണ് അതിന്റെ സ്വാധീന വലയം. ഒരിക്കലും അറ്റുപോകാത്ത അതിന്റെ വെളിച്ചം ഓരോ മനസ്സിലും ഓരോ തരത്തിലായിരിക്കും പെയ്തിറങ്ങുക. അത് ഒറ്റപ്പെട്ടുപോകുന്നവന് 'നീ ദുഃഖിക്കരുത്, തീര്‍ച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്നും, പ്രയാസങ്ങളനുഭവിക്കുന്നവന് ''തീര്‍ച്ചയായും, പ്രയാസത്തോടൊപ്പം എളുപ്പവും ഉണ്ട്'' എന്നും, മുന്നോട്ടുള്ള വഴി അവസാനിച്ചെന്ന് തോന്നുന്നവന് ''എന്റെ രക്ഷിതാവ് എന്നോടൊപ്പമുണ്ട്; അവന് എനിക്ക് വഴി കാണിക്കും'' എന്നുമൊക്കെയാവാം. പഠിച്ചുതുടങ്ങിയാല്‍ അറ്റമില്ലാത്ത യാത്രയായിരിക്കും അത്.
എന്നാല്‍, എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഖുര്‍ആനിക വചനം സൂറഃ അല്‍ഫുര്‍ഖാനിലെ മുപ്പതാം വചനമാണ്. റസൂല്‍ എന്നെക്കുറിച്ച് നാളെ റബ്ബിന്റെയടുക്കല്‍ പരാതി പറയുമത്രേ! അതും ഖുര്‍ആനിന്റെ പേരില്‍. ''അന്ന് റസൂല്‍ (സ) പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു'' (25:30).
അറബി ഭാഷയില്‍ 'ഹജര്‍' എന്നാല്‍ ഉപേക്ഷിക്കുക, അവഗണിക്കുക എന്നൊക്കെയാണ് അര്‍ഥം. ഒരാള്‍ക്ക് ഒരേസമയം ഹാഫിളുല്‍ ഖുര്‍ആനും ഹാജറുല് ഖുര്‍ആനും ആകാം. ഖുര്‍ആന്‍ അവതരണത്തിന്റെ അന്തിമമായ ലക്ഷ്യം അത് കേവലം പാരായണം ചെയ്യലോ മനപ്പാഠമാക്കലോ അല്ല. പകരം 'ഗഹനമായി മനസ്സിലാക്കലാ'ണ്.
'അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല് പൂട്ടുകളിട്ടിരിക്കയാണോ?' എന്ന് അല്ലാഹു ചോദിക്കുന്നു.
ആ ഗഹനം അറിവിനേക്കാള്‍ പ്രധാനമായ തിരിച്ചറിവ് നല്‍കുകയും ജീവിതത്തില്‍ പരിവര്ത്തനമുണ്ടാക്കുകയും പ്രവര്‍ത്തനങ്ങളായി പ്രതിഫലിക്കുകയും ചെയ്യുന്നു.
ഹജറാനുല് ഖുര്‍ആന്റെ ആളുകളെ ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ് അദ്ദേഹത്തിന്റെ 'ഫവാഇദ്' എന്ന ഗ്രന്ഥത്തില്‍ അഞ്ചായി തരംതിരിക്കുന്നു.
ഒന്നാമത്തെത്, ഖുര്‍ആന്‍ കേള്‍ക്കാത്തവരും വിശ്വസിക്കാത്തവരുമാണ്. രണ്ടാമത്തെത,് വിശ്വാസവും പാരായണവും ഉണ്ടെങ്കിലും ഖുര്‍ആനനുസരിച്ച് പ്രവര്‍ത്തിക്കാത്തവരാണ്. മൂന്നാമത്തെത,് ഖുര്‍ആനിനെ ഹാകിം ആയി സ്വീകരിക്കാത്തവര്‍. നാലാമത്തെത്, അതിലെ അര്‍ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്തവരും ആശയങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കാത്തവരും. അഞ്ചാമത്തേത്, തന്നെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളില്‍ ഖുര്‍ആനിനെ മരുന്നായും ശമനമായും സ്വീകരിക്കാത്തവരാണ്.
ഖുര്‍ആനിനെ കൂട്ടുകാരനാക്കിനോക്കൂ. ജീവിതത്തിലേക്ക് അലിഞ്ഞ് ചേരും. ദിനംപ്രതി അത് പാരായണം ചെയ്യുകയാണെങ്കില്‍ ഖുര്‍ആനനുസരിച്ച് എങ്ങനെ ജീവിക്കാം എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും.
വിശുദ്ധ ഖുര്‍ആന്റെ പഞ്ച് നീതിക്കാണ്
പ്രസന്നന് കെ.പി
ലോകത്തുള്ള എല്ലാ ബൈബിളും നഷ്ടപ്പെട്ടാലും അതിന്റെ സന്ദേശം പുനസൃഷ്ടിക്കാന്‍ പറ്റിയ ഒരു ബൈബിള്‍ വാചകം എന്ന നിലയില്‍ ഈ വാക്യം ബൈബിള്‍ പണ്ഡിതര്‍ ഉദ്ധരിക്കാറുണ്ട്: 'തന്റെ ഏകജാതനായ പുത്രനെ ബലി നല്കുവോളം ദൈവം മനുഷ്യരെ സ്നേഹിച്ചു '(യോഹന്നാന് 3:16). 'For God so loved the world that He gave His only begotten Son, that whoever believes in Him shall not perish but have everlasting life' (John 3:16, KJV). സ്നേഹമാണല്ലോ ബൈബിളിന്റെ പഞ്ച്! അങ്ങനെ ഒരു ആയത്ത് ഖുര്‍ആനില്‍ നിന്നെടുക്കുകയാണെങ്കില്?
ഇസ്ലാമിക ദര്‍ശനങ്ങള്‍ വായിച്ചു തുടങ്ങിയ കാലത്ത് ഈ ആയത്ത് എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (4: 135).
വിശുദ്ധ ഖുര്‍ആന്റെ പഞ്ച് നീതിക്കാണ്. ഈ ആയത്തിന്റെ വെളിച്ചത്തില്‍ ഓരോരുത്തരും സ്വയം വിലയിരുത്തിയാലറിയാം നമ്മിലുള്ള ജാഹിലിയ്യത്തിന്റെ കൊട്ടക്കണക്കുകള്‍. ഈ ലോകം നീതിക്ക് വേണ്ടി അത്രമേല്‍ ദാഹിക്കുന്നുണ്ട്. പലര്‍ക്കും അത് അപ്രാപ്യമായി തുടരുന്നു. അതുകൊണ്ട് തന്നെയാണ് നീതിയുടെ പൂര്‍ണത കൂടിയായ പരലോകം ഇസ്ലാമില്‍ അനിവാര്യമാകുന്നത്. പക്ഷേ, ആരാമത്തില്‍ നിന്ന് വിളിച്ചു ആകര്‍ഷിക്കപ്പെട്ട ഒരു ഖുര്‍ആന്‍ ആയത്തിനെ കുറിച്ചെഴുതാമോ എന്ന് ചോദിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത്, ''സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന് തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (39 :53 ).
റമദാന് ആയതുകൊണ്ടോ അതോ അവന്റെ കാരുണ്യമല്ലാതെ മറ്റൊന്നുമില്ലെന്ന പ്രതീക്ഷയാണോ?
ഖുര്‍ആനിന്റെ വെളിച്ചത്തിലൂടെ
ഇസ് ലാമിന്റെ രാജവീഥിയിലേക്ക്
അബ്ദുല്‍ ഖാദര്‍ കെ.പി
ദൗസീ ഗോത്രത്തില്‍ നേതാവും പ്രശസ്ത കവിയുമായിരുന്ന തുഫൈല്‍ ഇബ്നു അംറ് ഒരിക്കല്‍ മക്ക സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവിടത്തെ ഗോത്രത്തലവന്മാരായ അറബികള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി ഇങ്ങനെ ബോധിപ്പിച്ചു: ''ഞങ്ങള്‍ക്കിടയില്‍ പ്രശ്നക്കാരനായ ഒരു യുവാവുണ്ട്. ആരെയും ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് അയാള്‍ക്ക്. ഒരു മാരണക്കാരനെ പോലെ തോന്നിപ്പിക്കുന്നയാള്‍ ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തു. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഭിന്നിപ്പുണ്ടാക്കി. അയല്പക്ക ബന്ധങ്ങള്‍ ശിഥിലമാക്കി. ഞങ്ങളുടെ ദുര്‍ഗതി അങ്ങയ്ക്കും കുടുംബത്തിനും സംഭവിക്കാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ഥന. ഇവനെ നന്നായി സൂക്ഷിക്കണം. അടുത്ത് പോവുകയോ സംസാരിക്കുകയോ കേള്‍ക്കുകയോ അരുത്.'' ഖുറൈശി തലവന്മാരുടെ ഉപദേശം കേട്ട അംറ് സ്വന്തം അനുഭവം വിശദീകരിക്കുന്നു: മുഹമ്മദിനെ കണ്ടുമുട്ടാതിരിക്കാന്‍ ഞാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി. വല്ലതും കേട്ടുപോവുമോ എന്നു പേടിച്ച് കാതില്‍ പഞ്ഞി തിരുകിയായിരുന്നു എന്റെ നടത്തം.
ഒരു പ്രഭാതത്തില്‍ ത്വവാഫ് ചെയ്യാനായി പതിവുപോലെ ഞാന്‍ കഅ്ബയിലേക്ക് ചെന്നു. അന്നേരം അതിന്റെ ചാരത്ത് നിന്നുകൊണ്ട് മുഹമ്മദ് നമസ്കരിക്കുന്നു. ഞാന്‍ പതുക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി. ഏതോ ഒരജ്ഞാത ശക്തി അങ്ങോട്ട് എന്നെ പിടിച്ചു വലിക്കുന്നതു പോലെ. നമസ്കാര വേളയില്‍ അദ്ദേഹത്തില്‍നിന്ന് ഒഴുകിവന്ന ഖുര്‍ആനിക വചനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് കേള്‍ക്കാതിരിക്കാന്‍ എന്റെ കാതുകള്ക്കാകുമായിരുന്നില്ല. അത്രക്കും മനോഹരവും ഹൃദ്യവുമായിരുന്നു ആ വചനങ്ങള്‍. വിവരിക്കാനാവാത്ത ഒരു മാസ്മരികത!
ഖുറൈശി തലവന്മാരുടെ വാക്കുകളാണ് അന്നേരം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞത്. ഞാന്‍ ചിന്തിച്ചു: ഞാനൊരു കവി. കവിതകളില്‍ നല്ലതും ചീത്തയും വേര്തിരിക്കാനറിയുന്ന വ്യക്തി. എന്തിന് ഞാന്‍ മുഹമ്മദില്‍നിന്ന് കേള്‍ക്കാതിരിക്കണം. നല്ലതാണെങ്കില്‍ സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യാമല്ലോ.
പ്രവാചകന് നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നത് വരെ ഞാന്‍ അവിടെ തന്നെ നിന്നു. പിന്നീട് അദ്ദേഹത്തിന്റെ പിന്നാലെ പോയി. വീട്ടിലെത്തി പ്രവാചകനുമായി സംസാരിച്ചു. ഖുറൈശികള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു. ശേഷം ഞാന്‍ പ്രവാചകനോട്: പറയൂ… യഥാര്‍ഥത്തില്‍ എന്താണ് താങ്കളുടെ കാര്യം? എന്താണ് താങ്കള്‍ ജനങ്ങളോട് ഉദ്ബോധിപ്പിക്കുന്നത്? എന്തിലേക്കാണ് ക്ഷണിക്കുന്നത്? മറുപടിയെന്നോണം വിശുദ്ധ ഖുര്‍ആനിലെ ചില വചനങ്ങള്‍ എന്നെ ഓതിക്കേള്‍പ്പിക്കുകയായിരുന്നു.
അല്ലാഹുവാണ് സത്യം, എത്ര മനോഹരമായ വചനങ്ങള്‍! ഇത്ര ഹൃദ്യവും നീതിയുക്തവുമായ വചനങ്ങള്‍ ഇന്നോളം ഞാന്‍ കേട്ടിട്ടേയില്ല. പിന്നെ ഒട്ടും താമസിച്ചില്ല, റസൂലിന്റെ സന്നിധിയില്‍ വെച്ചുതന്നെ ശഹാദത്ത് ചൊല്ലി ഞാന്‍ മുസ് ലിമായി.
ചരിത്രത്തിലെ നൂറുകണക്കിന് കവികളെയും സാഹിത്യകാരന്മാരെയും പോലെ തുഫൈല്‍ ഇബ്നു അംറും ദിവ്യഗ്രന്ഥത്തിന്റെ വെളിച്ചത്തിലൂടെ ഇസ് ലാമിന്റെ രാജവീഥിയിലെത്തുകയായിരുന്നു.
l
