അന്ധകാരത്തില്‍
അവള്
ഉറക്കൊഴിഞ്ഞ്
എനിക്ക് കീഴെയിരുന്ന്
കണ്‍പോളയിലെ ഉറക്ക്
നുള്ളിക്കളഞ്ഞ്
ഏറെ നേരമിരുന്ന്
മനപ്പാഠമാക്കുന്നത്
കണ്ടിട്ടുണ്ട്.
ഏറെ കഴിഞ്ഞ് അവളെ
ഉറക്കം വിഴുങ്ങുമ്പോള്‍
ഞാന്‍ ഉച്ചിയിലായിരുന്നു
മിനിറ്റും സെക്കന്റും
എന്റെ ഇടത്തും വലത്തും.
പിന്നീടവള്‍ മനം മറന്ന്
കളിച്ചു.
എന്റെ താഴെ അടങ്ങി
ഇരുന്നതേയില്ല.
നാളുകള്‍ പിന്നിട്ടൊരുനാള്‍
എല്ലാവരും സന്തോഷിച്ചു.
അവള്‍ക്ക് മാത്രമൊരു
വേവലാതി
ഇപ്പോഴവള്‍
വിലപിച്ചു തുടങ്ങുന്നു
ആരൊക്കെയോ ഇടപെടുന്നു
വീണ്ടും അന്ധകാരം
അവളേറെ പണിപ്പെട്ട്
ഫാനില്‍ കുരുക്കിടുമ്പോള്‍
ഞാന്‍ താഴേക്ക് എടുത്തുചാടി
അപ്പോഴും സാക്ഷിയായി
എന്റെ ഇടത്തും വലത്തും
സൂചിയെന്ന പരിധിവിട്ട്
മിനിറ്റും സെകന്റും തന്നെ.
ക്ലിക്ക്
ഒരു ക്ലിക്കിലാണിന്നെല്ലാം തുടങ്ങുന്നതുംപലതും ഒടുങ്ങുന്നതും
വാക്കും പ്രതിവാക്കും
പ്രണയവും പ്രതികാരവും എല്ലാം
ഒരു ക്ലിക്കിന് സമദൂരത്തില്‍
അറിവു ചികയാന്‍, അതിന്റെ
ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍
അതിലേറെ അവിവേകങ്ങള്ക്കാക്കം കൂട്ടുവാന്‍
ഒരു ക്ലിക്കുകൊണ്ടിന്നവളെ തെരഞ്ഞെടുക്കാം
വിവിവസ്ത്രയാക്കാം അതേപടി
അതിരുകള്ക്കപ്പുറത്തേക്കെത്തിക്കാം
പാതിവ്രത്യം കാറ്റില്‍ പറത്താം
നിമിഷാര്ധത്തില് നാട്ടില്‍ പരത്താം
എന്തിനേറെ,
ഈ പരമബ്രഹ്മാണ്ഡമൊന്ന്
നെടുകെ പിളര്‍ക്കാനും ഒരു ക്ലിക്കുമതി
ഇതാ, എന്റെയീവിരല് തുമ്പത്ത്
ഞാനിതൊന്നമര്ത്തിക്കോട്ടെ...!
റഫീഖ് കാവില്‍
