ജീവിതത്തെ മാറ്റിപ്പണിയുന്ന മാസം

അബൂ അയ്മന്‍

തിന്നണമെന്ന് തോന്നുന്നതൊക്കെ തിന്നുക, കുടിക്കണമെന്ന് തോന്നുന്നതൊക്കെ കുടിക്കുക, കാണണമെന്ന് തോന്നുന്നതെല്ലാം നോക്കിനില്‍ക്കുക, പറയണമെന്ന് തോന്നുന്നതൊക്കെ വിളിച്ചു പറയുക ഇത്തരക്കാരെ നാം താന്തോന്നികളെന്ന് വിളിക്കും. ദേഹേഛകളുടെ അടിമകളാണ് അവര്‍. ഖുര്‍ആന്‍ അവരെ ദേഹേഛകളെ ദൈവമാക്കിയവര്‍ എന്നാണ് വിശേഷിപ്പിച്ചത്. ജന്മവാസനകളെ  നിയന്ത്രിക്കുന്നവരാണ് മനുഷ്യര്‍. അവയുടെ നിര്‍വിഘ്‌നമായ നിര്‍വഹണം ജന്തു പരതയാണ്. ജന്മവാസനകളെ നിയന്ത്രിക്കാനുള്ള പരിശീലനമാണ് റമദാനിലെ വ്രതാനുഷ്ഠാനം. നോമ്പ് മനുഷ്യനെ മൃഗീയതയില്‍നിന്ന് മാനവതയിലേക്ക് ഉയര്‍ത്തുന്നു. ആത്മീയ വളര്‍ച്ചയും ഔന്നത്യവും സാധ്യമാക്കി മനുഷ്യനെ അല്ലാഹുവുമായി അടുപ്പിക്കുന്നു.

 

സാമൂഹിക ബോധം വളര്‍ത്തുന്നു         

സുഖദുഃഖങ്ങള്‍ ഇന്ദ്രിയപരമാണെന്ന ധാരണയാണ് ഏറെ പേര്‍ക്കും. ജീവിതത്തിന്റെ പരമ ലക്ഷ്യം മെച്ചപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളും പ്രൗഢമായ ഉടയാടകളും സൗകര്യപ്രദമായ പാര്‍പ്പിടങ്ങളും വിലപിടിപ്പുള്ള വാഹനങ്ങളും ആണെന്ന് അവര്‍ കരുതുന്നു. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നിവക്കപ്പുറം  ജീവിതത്തെ നോക്കിക്കാണാന്‍ അവര്‍ക്ക് കഴിയില്ല.

ശാരീരികതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിക്കുന്നു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെക്കുന്നു. അതിനാല്‍ കരുത്തന്‍ കാര്യം നേടുന്നു. ദുര്‍ബലന്‍ ദാരിദ്യം പേറുന്നു. പണക്കാരന്‍  പതിനായിരങ്ങള്‍ കൊണ്ട് പകിട്ട് കാട്ടുന്നു. പാവപ്പെട്ടവന്‍ പട്ടിണി അകറ്റാന്‍ പാടുപെടുന്നു.

എന്നാല്‍ വ്രതാനുഷ്ഠാനം മനുഷ്യനെ എതിര്‍ദിശയില്‍ സഞ്ചരിക്കാന്‍ പരിശീലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ശാരീരിക ഇഛകളെ നിയന്ത്രിച്ച് ആത്മീയ ഉല്‍ക്കര്‍ഷത്തിന്  വഴിയൊരുക്കുന്നു. മുപ്പത് നാളുകളില്‍ പതിനാലോളം മണിക്കൂര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശപ്പും ദാഹവും അനുഭവിക്കാന്‍ അവസരം ഒരുക്കുന്നതിലൂടെ പട്ടിണി കൊണ്ട് പൊറുതിമുട്ടുന്നവരോട് സഹാനുഭൂതി വളര്‍ത്തുന്നു. കഷ്ടപ്പെടുന്നവരോടുള്ള  കാരുണ്യവികാരം ഉത്തേജിപ്പിക്കുന്നു. അവരോട് ഉദാരതയോടെ സമീപിക്കാന്‍ പ്രേരിതനാക്കുന്നു. ഇങ്ങനെ റമദാനിലെ നോമ്പ് മനുഷ്യനെ സ്രഷ്ടാവിലേക്കെന്ന പോലെ സൃഷ്ടികളിലേക്കും അടുപ്പിക്കുന്നു.

 

തന്റേതെന്ന ബോധത്തെ തിരുത്തുന്നു

എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ്, എന്റെ കാത്, എന്റെ ജീവന്‍, ജീവിതം എന്നൊക്കെ നാം പറയാറുണ്ട്. തന്റെ വശമുള്ളതൊക്കെ സ്വന്തമാണെന്ന ധാരണയെ ഇസ്‌ലാം പൂര്‍ണമായും തിരുത്തുന്നു. നമ്മുടെ വശമുള്ളതെല്ലാം അല്ലാഹു നല്‍കിയതാന്ന്. അവന്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്യും. അവന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് മാത്രം ഉപയോഗിക്കേണ്ടവയും. ഈ ബോധത്തിന്റെ അഭാവം നമ്മെ കുറ്റവാളികളാക്കും. നമ്മുടെ ജീവിതം തകര്‍ക്കും. ഇരു ലോകവും നഷ്ടപ്പെടുത്തും.

റമദാനിലെ നോമ്പ് തന്റെ വശമുള്ളതൊക്കെയും അല്ലാഹുവിന്റേതാണെന്ന് പ്രായോഗികമായി തെളിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. അവന്‍ അന്നം കഴിക്കാന്‍ കല്‍പിച്ചപ്പോള്‍ അത്താഴം കഴിച്ചു. വിശപ്പും ദാഹവും അനുഭവിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യുന്നു. ജീവിതം പൂര്‍ണമായും അല്ലാഹുവിന്റേതാന്നെന്ന് പ്രായോഗികമായി പ്രഖ്യാപിക്കുന്ന ആരാധനയാണ് റമദാനിലെ നോമ്പ്.

 

ധര്‍മനിഷ്ഠമായ ജീവിതം

റമദാനിന്റെ പകലുകളില്‍ വിശ്വാസികള്‍ ഒരു വറ്റോ ഒരു തുള്ളി വെള്ളമോ വയറ്റിലേക്ക് എത്താതിരിക്കാന്‍ അതിയായ ജാഗ്രത പുലര്‍ത്തുന്നു. ലോകത്ത് ആരും കാണുകയോ അറിയുകയോ ഇല്ലായെന്ന് ഉറപ്പുണ്ടായിട്ടും ഈ സൂക്ഷ്മത ഏതൊരു നോമ്പുകാരനും  എപ്പോഴും നിലനിര്‍ത്തുന്നു. അല്ലാഹുവിന്റെ സാന്നിധ്യത്തെക്കുറിച്ച സജീവ ബോധമാണ് ഇതിന് കാരണം. ഏറ്റവും  രഹസ്യമായി നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് വ്രതാനുഷ്ഠാനം. നോമ്പ് സമയത്ത് അന്നപാനീയങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കുന്നത് അല്ലാഹു അറിയുമെന്ന ബോധവും  പരലോകത്തെ രക്ഷാ - ശിക്ഷകളെക്കുറിച്ച യഥാര്‍ഥമായ വിശ്വാസവും നിലനില്‍ക്കുന്നതിനാലാണ്. ഈ ബോധവും വിശ്വാസവും ജീവിതത്തിലുടനീളം ഉണ്ടാകണമെന്നാണ് റമദാനിലെ നോമ്പിന്റെ താല്‍പര്യം. അപ്പോള്‍ ഏവരും ഏറെ നല്ലവരും വിശുദ്ധമായ ജീവിതത്തിന്റെ ഉടമകളുമായി മാറും. അതുതന്നെയാണ് നോമ്പിലൂടെ ലഭ്യമാകേണ്ട ഖുര്‍ആന്‍ ആവശ്യപ്പെട്ട തഖ്‌വ.

 

ഖുര്‍ആന്റെ വെളിച്ചത്തില്‍

റമദാനില്‍ നോമ്പ് നിര്‍ബന്ധമായത് ഖുര്‍ആന്റെ അവതരണം കാരണമാണ് - ഭൂമിയില്‍ നിലനില്‍ക്കുന്ന മനുഷ്യന്റെ ഇടപെടലുകളില്‍നിന്ന് മുക്തമായ ഏക ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മുഴുവന്‍ ജീവിതമേഖലകളിലേക്കും ആവശ്യമായ നിയമനിര്‍ദേശങ്ങളും വ്യവസ്ഥകളും നല്‍കി ഇരുലോക വിജയങ്ങള്‍ക്കും വഴിയൊരുക്കുന്ന ദൈവിക സന്ദേശങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അത് ജീവിതത്തിന് തെളിച്ചമേകുന്നു.

ഖുര്‍ആന്‍ എല്ലാറ്റിലും ഏറ്റവും ശരിയായത് പറഞ്ഞുതന്ന് പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. അതിമഹത്തായ ഈ ഗ്രന്ഥം നല്‍കുക വഴി മനുഷ്യസമൂഹത്തോട് ചെയ്ത അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനം ആയാണ് മുസ്‌ലിംകള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നത്. അതുകൊണ്ടുതന്നെ റമദാനില്‍ വിശ്വാസികള്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. അങ്ങനെ ഖുര്‍ആനുമായി തങ്ങളെ ബന്ധപ്പെടുത്തുന്നു - ദൈവികഗ്രന്ഥത്തിന്റെ വെളിച്ചത്തിലൂടെ സഞ്ചരിക്കാന്‍ റമദാനിലെ നോമ്പ് വിശ്വാസികളെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു.

 

വിശുദ്ധിയുടെ വഴി  

തെറ്റു പറ്റാത്ത മനുഷ്യരില്ല. ഏതു മനുഷ്യനും എന്തെങ്കിലും അപരാധത്തിലകപ്പെട്ടിരിക്കും. എത്രയൊക്കെ ശ്രദ്ധിച്ചാലും ജാഗ്രത പുലര്‍ത്തിയാലും ചില വീഴ്ചകളൊക്കെ സംഭവിച്ചുകൊണ്ടിരിക്കും. ഒരു കുറ്റവും പറ്റാത്തവനല്ല പരിശുദ്ധനും സച്ചരിതനും, മറിച്ച് അബദ്ധമോ അപരാധമോ സംഭവിച്ചാല്‍ തന്റെ തെറ്റ് തിരിച്ചറിയുകയും അതില്‍ ആത്മാര്‍ഥമായി ഖേദിക്കുകയും പശ്ചാത്തപിക്കുകയും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നവനാണ്.

അല്ലാഹു പറയുന്നു: ''വല്ല നീചകൃത്യവും ചെയ്യുകയോ തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവനാണവര്‍. തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ പാപങ്ങളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.

''അവര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ നാഥനില്‍നിന്നുള്ള പാപമോചനവും താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതം''(3: 135,136).

റമദാന്‍ പാപമോചനത്തിന്റെ മാസമാണ്. ആ മാസത്തിലെ രാപ്പകലുകള്‍ വിശ്വാസി നിരന്തരം അല്ലാഹുവിനോട് മാപ്പിരന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞുനോക്കി സംഭവിച്ചുപോയ പാപങ്ങള്‍ പരതിയെടുക്കുന്നു. ഓരോന്നും എടുത്തുപറഞ്ഞ് പാപമോചനം തേടുന്നു. അങ്ങനെ റമദാനിനെ ആത്മപരിശോധനയുടെയും സ്വയം വിചാരണയുടെയും കാലമാക്കി മാറ്റുന്നു. രാത്രി നമസ്‌കാരത്തിലും പ്രാര്‍ഥനകളിലും പശ്ചാത്താപത്തിന്റെ കണ്ണീരുകൊണ്ട് എല്ലാ തെറ്റുകുറ്റങ്ങളും കഴുകിക്കളയുന്നു. അങ്ങനെ മാതാവ് പ്രസവിച്ച കൂഞ്ഞിനെപ്പോലെ പരിശുദ്ധനായി മാറുന്നു.


നാവിന്റെ നിയന്ത്രണം

നാവിന്റെ ശക്തി അപാരമാണ്. അത് ശത്രുവെ മിത്രമാക്കുന്നു. മിത്രത്തെ ശത്രുവാക്കുന്നു. അകന്നവരെ അടുപ്പിക്കുന്നു. അടുത്തവരെ അകറ്റുന്നു. സമൂഹത്തില്‍ നന്മ വളര്‍ത്തുന്നതിലും തിന്മ വളര്‍ത്തുന്നതിലും ഏറ്റം പങ്ക് വഹിക്കുന്നത് നാവാണ്. നാട്ടില്‍ ശാന്തി വളര്‍ത്തുന്നതിലും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നതും മറ്റൊന്നല്ല. നാവിന് ആയുധത്തേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞത് അതിനാലാണ്. കുന്തംകൊണ്ടുണ്ടാകുന്ന മുറിവ് അതിവേഗം ഉണങ്ങും. എന്നാല്‍ നാവുണ്ടാക്കുന്ന മുറിവ് ഉണങ്ങുക ഏറെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അഞ്ചു നേരത്തെ നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനാ കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനു മുമ്പേ നാവുണ്ടാക്കുന്ന തിന്മകളെ ശക്തമായി വിലക്കി(104:1, 68:1014). മനുഷ്യവികാരങ്ങളെ മുറിപ്പെടുത്തുന്ന പരിഹാസത്തെ ശക്തമായി വിലക്കിയപ്പോള്‍ പുരുഷനും സ്ത്രീക്കും വെവ്വേറെ നിര്‍ദേശം അതുകൊണ്ടുതന്നെ(49:11).

ഖുര്‍ആന്‍ അതിരൂക്ഷമായി ആക്ഷേപിച്ചത് നാവിന്റെ നിയന്ത്രണത്തില്‍ പരാജയപ്പെട്ട് പരദൂഷണം പറയുന്നവരെയാണ്(49:12). നാവിന്റെ നിയന്ത്രണം സാധിക്കുന്നവര്‍ക്ക് പ്രവാചകന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു. റമദാനിലെ നോമ്പ് കണ്ണിനെയും കാതിനെയും നിയന്ത്രിക്കുന്നതിനേക്കാള്‍ ശക്തമായി നാവിനെ നിയന്ത്രിക്കുന്നു - നാവിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തവന്റെ നോമ്പ് പാഴ്‌വേലയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഇങ്ങനെ നോമ്പ് നാവിനെ ശക്തമായി നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നു.

 

സമയനിഷ്ഠ

മനുഷ്യജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് സമയമാണ്. ഏറെപ്പേരും തികഞ്ഞ അശ്രദ്ധയോടെ പാഴാക്കുന്നതും അതുതന്നെ. സ്വന്തം സമയം മാത്രമല്ല മറ്റുള്ളവരുടെയും സമയം നഷ്ടപ്പെടുത്തുന്നു. കമ്മിറ്റി മീറ്റിംഗ് മുതല്‍ പൊതുയോഗം വരെയും പഠനയാത്ര തൊട്ടു  ഭരണനിര്‍വഹണം വരെയുമുള്ള കാര്യങ്ങളില്‍ സമയനിഷ്ഠ പുലര്‍ത്താത്തവര്‍  അനേകായിരങ്ങളുടെ സമയമാണ് പാഴാക്കുന്നത്. സമ്പത്ത് കവര്‍ന്നെടുക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരവും ക്രൂരവുമാണ് സമയം നഷ്ടപ്പെടുത്തുന്നത്. സമ്പത്ത് നഷ്ടപ്പെട്ടാല്‍ പിന്നെയും ഉണ്ടാക്കാം. എന്നാല്‍ സമയം ഒരു നിമിഷം പോലും വീണ്ടെടുക്കാനാവില്ല.

ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും സമയനിഷ്ഠ പരിശീലിപ്പിക്കുന്നു. എന്നാല്‍ റമദാനിലെ നോമ്പ് പോലെ സമയം കണിശമായി പാലിക്കപ്പെടുന്ന മറ്റൊരു അനുഷ്ഠാനവുമില്ല. ഒരു മിനിറ്റ് നേരത്തേയോ വൈകിയോ ആവാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തുന്നു. ഇതിലൂടെ നോമ്പ് ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ്. സമയത്തിന്റെ വില മനസ്സിലാക്കുകയും സമയനിഷ്ഠ പുലര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നു.

 

കൂട്ടായ്മയുടെ മാസം

ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ടെന്നത് ശരി തന്നെ. ലോകത്തില്‍ എവിടെയുമുള്ള ഏതു മനുഷ്യനുമായും എപ്പോഴും ആര്‍ക്കും അനായാസം ബന്ധപ്പെടാം. ഏതു നാട്ടില്‍ നടക്കുന്ന സംഭവവും തത്സമയത്തു തന്നെ കാണാം, കേള്‍ക്കാം. ലോകമാകെ വിരല്‍തുമ്പില്‍ മേളിച്ചിരിക്കുന്നു. എന്നിട്ടും ഏവരും ഒറ്റപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളിലേക്കു തന്നെ ചുരുക്കപ്പെട്ടിരിക്കുന്നു. പറയാനും കേള്‍ക്കാനും ആരെയും കിട്ടുന്നില്ല. ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും തിരക്കിലാണ്. സ്വന്തത്തെ സംബന്ധിച്ചു മാത്രം ചിന്തിക്കുന്നു. ഫലമോ ഏവരും ഏകാന്തതയുടെ ഭാരവും ശൂന്യതയും അനുഭവിക്കുന്നു.

ഈ സാഹചര്യത്തില്‍ ഏതൊരു കൂട്ടായ്മയും ഏവര്‍ക്കും ഏറെ ആശ്വാസദായകമാണ്. റമദാന്‍ എല്ലാ അര്‍ഥത്തിലും കൂട്ടായ്മയുടെ കാലമാണ്. നോമ്പെടുക്കുന്ന വിശ്വാസികള്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വീടുകളില്‍ ക്ഷണിച്ചു വരുത്തി നോമ്പുതുറപ്പിക്കുന്നു, സല്‍ക്കരിക്കുന്നു. ഇഫ്ത്വാര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും റമദാന്‍ കൂട്ടായ്മയുടെയും സ്‌നേഹസാഹോദര്യത്തിന്റെയും മാസമായി മാറുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top