ചിതറിയ മധുരങ്ങള്‍

സീനത്ത് ചെറുകോട്

ആച്ചുട്ടിത്താളം-18

ബസ് നല്ല വേഗതയിലാണ്. കിതപ്പോടെ അത് പാഞ്ഞുകൊണ്ടിരിക്കുന്നു. ഈറന്‍ കാറ്റ് ഷട്ടറിനുള്ളിലൂടെ മുഖത്തേക്ക് വീശി. ഇത്തിരി നേരത്തെ തണുപ്പേയുള്ളൂ. വെയിലുദിച്ചാല്‍ പിന്നെ ചൂടിന്റെ ആവി. ചുട്ടുപൊള്ളുന്ന തീഗോളം പോലെ തിളച്ചു മറിയുന്ന ഭൂമി. ചൂടു കൂടുക തന്നെയാണ്. സീറ്റില്‍ ചാരിക്കിടന്ന് അകലേക്കു നോക്കി. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങള്‍. വാഴയും പൂളയും അവിടവിടെ. പിന്നെ തരിശായി കിടക്കുന്ന നിലം. അതിനുമപ്പുറത്ത് പാടത്ത് വേലിതിരിച്ച് നട്ട റബര്‍ തൈകള്‍ പുലര്‍ച്ചയുടെ തണുപ്പിലും വിയര്‍ത്തു നില്‍ക്കുകയാണെന്നു തോന്നി.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വഴിയിലൂടെ എത്ര യാത്രകള്‍! ജീവിതത്തിന്റെ യാതനകള്‍ക്കു മുമ്പില്‍ പകച്ചുപോയ ഒരു പെണ്‍കുട്ടിയുടെ, അഭയം തേടിയുള്ള ഓട്ടം. ഊര്‍ന്നു വരുന്ന മഴക്കമ്പികള്‍ക്കിടയിലൂടെ ചങ്കു പറിഞ്ഞ ആദ്യ യാത്ര.  വെളുത്ത പാവാടയിലെ ചുവന്ന വരകളുമായി അമാനത്തിന്റെ പാച്ചില്‍.  എല്ലാം ഈ വഴിയിലൂടെയായിരുന്നു. മഴയുടെ പുതപ്പില്‍ നനഞ്ഞുറങ്ങുന്ന നെല്‍വയലുകളുടെ ഭംഗി വേദനകള്‍ക്കിടയിലും നോക്കിയിരുന്നത് ഓര്‍ത്തു. ഇപ്പോള്‍ എവിടെയാണൊരു നെല്‍ക്കതിര്‍?

'നെല്ലിന്റെ ചെടി കണ്ടിട്ടില്ല ടീച്ചറേ എവിട്ന്നാ കാണാ.......?'

ക്ലാസിലെ ഗൗരവക്കാരന്റെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലാതായിരിക്കുന്നു. എവിടെപ്പോകണം എന്റെ കുട്ടികളെയും കൊണ്ട് ഞാന്‍? ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിരല്‍ ചലനങ്ങള്‍ക്കിടയില്‍നിന്ന് ഊര്‍ന്നുപോന്നത് എന്തൊക്കെയായിരുന്നു? പഴമ മനസ്സില്‍ കൊണ്ടു നടക്കുന്നതുകൊണ്ടാണോ എനിക്കീ പ്രയാസം?

'നമ്മള്‍ക്കില്ലാത്ത പലതും ഈ കുട്ട്യാള്‍ക്കുണ്ട്. അവര്‌ടെ അടുത്ത തലമുറയോട് പറയാന്‍ അവര്‍ക്കൂണ്ടാവും ഒരുപാട് വിശേഷങ്ങള്‍. ടീച്ചറ് ആവശ്യമില്ലാതെ ടെന്‍ഷനടിക്ക്യാ....'

സുഹൃത്തിന്റെ വാക്കുകള്‍ ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്തത് എന്റെ കുഴപ്പം തന്നെയാവും. എന്തായാലും എത്ര പൊങ്ങിയാലും ചവിട്ടിനില്‍ക്കാന്‍ ഇത്തിരി മണ്ണുണ്ടായല്ലേ പറ്റൂ. മുകളിലൊരാകാശവും തഴുകിത്തണുപ്പിക്കാന്‍ കാറ്റുമുണ്ടായല്ലേ പറ്റൂ. കണ്ണടച്ച് സീറ്റില്‍ ചാരിക്കിടന്നു. ചിന്തകള്‍ക്ക് തീപിടിച്ച് കത്തുകയല്ലാതെ, ആ ചൂടില്‍ കിടന്ന് വേവുകയല്ലാതെ എന്തുചെയ്യാന്‍ പറ്റും?

യാത്രയാണ്. ഒരു വിളിക്കുള്ള ഉത്തരം. യാത്രകള്‍ ഇഷ്ടമായിരുന്നു എന്നും. സ്വാതന്ത്ര്യമേ ഇല്ലാത്ത ജീവിതത്തിന്റെ മുറുക്കത്തില്‍നിന്നും എല്ലാം കുടഞ്ഞെറിഞ്ഞ്, ഒന്ന് അയഞ്ഞിരിക്കാനുള്ള മന്ത്രമായിരുന്നു ഓരോ യാത്രയും. എന്നാല്‍, ഇത് എന്നത്തെയും പോലെ അവസാനിക്കാതിരിക്കണേയെന്ന് ആഗ്രഹിക്കുന്ന ഒന്നല്ല. വേഗമെത്തണേയെന്ന ധൃതിയുണ്ട്. ഒരു വിളി. അത് മനസ്സിനെ അങ്കലാപ്പിലാക്കുന്നുണ്ട്. ഓരോ കാഴ്ചയും പരിചിതമാണ്. എന്നിട്ടും എല്ലാറ്റിനും ഒരപരിചിതത്വം പോലെ.

പതിവില്ലാത്തതാണ്. ഒന്നും ഒരിക്കലും ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. ആ സംസാരം, വിളി, സാന്നിധ്യം എല്ലാം ഞാനെത്ര ഇഷ്ടപ്പെട്ടിരുന്നോ അത്രയും അദ്ദേഹവും ഇഷ്ടപ്പെട്ടിരുന്നു എന്നറിയാം. ഇപ്പോ ഇത്രയും ദൂരെ നിന്ന് ഒരു വിളി. വരണം എന്നുതന്നെയാണ് പറഞ്ഞത്. എന്തെങ്കിലും പ്രയാസങ്ങള്‍? പടച്ചവനേ കാക്കണേ എന്ന് മനസ്സുരുകി. പ്രാര്‍ഥനാ മന്ത്രങ്ങള്‍ മനസ്സിന് ആശ്വാസമായി.

ഓര്‍മകള്‍ വേദനകളാണ് പലപ്പോഴും. ഹൃദയത്തില്‍ തുളഞ്ഞിറങ്ങുന്ന വേദന. അവയില്‍നിന്ന് മോചനമില്ലല്ലോ. അവയവങ്ങള്‍ ശരീരത്തിന്റെ ഭാഗമായ പോലെ വേദനകള്‍ ഹൃദയത്തിന്റെ ഭാഗമാണ്. ഒരുപാട് ചിരിക്കുമ്പോഴും ഉള്ളിലെവിടെയോ കണ്ണുനീര്‍ ചാലിട്ടൊഴുകി. ചിരിച്ചു ചിരിച്ച് കണ്ണു നിറച്ച് ഒറ്റപ്പെടുമ്പോള്‍ അകം വിങ്ങുന്ന വേദന ഒറ്റക്കു സഹിച്ചു.

ഉമ്മയുടെ നെല്ലുകുത്തിന്റെ താളം മുറുകുന്ന നട്ടുച്ചകളില്‍ വലിയ കുന്താണിയില്‍ ചുവന്ന അരിയും നെല്ലും കൂടിക്കുഴയുന്നത് നോക്കി നിന്നിട്ടുണ്ട്. തവിടും വിയര്‍പ്പും ചേര്‍ന്ന്  നനഞ്ഞു കുതിര്‍ന്ന ഉമ്മയുടെ കിതപ്പുകള്‍ ആയിരുന്നു ഏറ്റവും വലിയ സങ്കടം.

രണ്ടു കൈയും കൂട്ടിപ്പിടിച്ച് അരിവെളുപ്പിക്കുന്ന ഉമ്മയെ അധികനേരം നോക്കിനില്‍ക്കാന്‍ വയ്യ. നേരെ പാടത്തേക്കിറങ്ങും. വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ഇരിക്കും. ആരും കാണാതെ എല്ലാവരെയും ചീത്ത വിളിക്കാം. വാഴന്റണി കലക്കി മീന്‍ പിടിക്കാം. ഉറക്കെ പാട്ടുപാടാം. എല്ലാം കഴിയുമ്പോള്‍ ഉറവ പൊട്ടുന്ന സങ്കടത്തിന്റെ നീര്‍ച്ചാലുകള്‍ വായിലേക്കൂര്‍ന്നിറങ്ങുമ്പോള്‍ നിറയുന്ന കയ്പ്പ് നീട്ടിത്തുപ്പാം. ഒറ്റപ്പെടലു തന്നെയായിരുന്നു അന്ന്. ആരും മനസ്സിലാക്കാത്ത ഒരു കാലം. 

അതുകൊണ്ടാവും സബൂട്ടിയെ വേഗം മനസ്സിലായത്. ഒറ്റപ്പെടലിന്റെ വേദന ഉള്‍ക്കൊള്ളാനായത്. അവനു വേണ്ടിയുള്ള എന്റെ കൂടുമാറ്റത്തിനു ശേഷം അധ്യാപക പരിശീലനത്തിനു ചേരുമ്പോള്‍ സബൂട്ടി ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് കഴിഞ്ഞിരുന്നു. സയന്‍സ് ഗ്രൂപ്പു തന്നെ മതി എന്ന എന്റെ ആഗ്രഹത്തിന് അവന്‍ സമ്മതം മൂളി.

സബൂട്ടി എന്ന കലാകാരന്‍ വളര്‍ന്നു. കഥയും കവിതയും പ്രസംഗവുമായി  കോളേജിലെ  സജീവ സാന്നിധ്യമായി. പുസ്തകങ്ങളുടെ ലോകത്തേക്ക് ഒന്നുകൂടി തലതാഴ്ത്തി. 

'ഇത്താത്താ....ഇതൊന്ന് വായിച്ചിട്ട്  അഭിപ്രായം വേണം ട്ടോ.' 

റെക്കോര്‍ഡുകളുടെയും എഴുത്തിന്റെയും ലോകത്തു നിന്ന് അവന്‍ എന്റെ തല ശക്തിയായി തിരിച്ചു. അഭിപ്രായം പറയാതെ അവന്‍ വിടില്ല.

കാലത്തിന് ആരോടെങ്കിലും മമതയുണ്ടോ? ഇല്ലെന്നാണ് അനുഭവം. അതാരെയും കാത്തുനില്‍ക്കുന്നില്ല. ആര്‍ക്കു വേണ്ടിയും ചലിക്കുന്നുമില്ല. അതങ്ങനെ പോകും അതിന്റെ വഴിക്ക്. ആബിമ്മ എന്ന വലിയ തണല്‍ നീങ്ങിയപ്പോള്‍ പൊള്ളിപ്പോയി. അബ്ബ ഉണങ്ങിക്കരിഞ്ഞു നിന്നു. അടര്‍ന്നുവീഴാന്‍ പോലുമാകാതെ. അധ്യാപക പരിശീലനത്തിന്റെ രണ്ടാം വര്‍ഷത്തിന്റെ അവസാനമായിരുന്നു അത്. ശനിയാഴ്ചയുടെ ഒഴിവില്‍ കോയാക്കയോട് അബ്ബതന്നെയാണ് സമ്മതം വാങ്ങിയത്. ഞാനും സബൂട്ടിയും ഒന്നിച്ച് കയറിച്ചെല്ലുമ്പോള്‍ അടുക്കളയില്‍ നെയ്യപ്പത്തിന്റെ മണം.

'മക്കള് വര്ണതിന്റെ ഒരുക്കാ.' 

അബ്ബ കണ്ണിറുക്കി. തീറ്റിച്ച് തീറ്റിച്ച് മനസ്സ് നിറക്ക്ണ ഉമ്മ. അവസാനം സെന്തിലിന്റെ വായിലേക്ക് അപ്പത്തിന്റെ കഷണം വെച്ചുകൊടുക്കുന്ന മുഖത്ത് വല്ലായ്മ. വിയര്‍പ്പില്‍ കുതിരുന്ന ശരീരം. അബ്ബ എണീറ്റ് സ്വന്തം നെഞ്ചിലേക്ക് ആ മുഖം ചേര്‍ത്തു പിടിക്കുമ്പോഴും അമ്പരന്നു നില്‍ക്കുന്ന ഞങ്ങള്‍ മൂന്നാളുകള്‍. സംസമിന്റെ കുളിര് ആ തൊണ്ടയിലൂടെ ഇറങ്ങുന്നതറിഞ്ഞു. പതിയെ അബ്ബയുടെ നെറ്റിത്തടം ആ നെറ്റിയില്‍ പതിഞ്ഞു.

കലിമയുടെ കണ്ണീരില്‍ ചുട്ടുപൊള്ളി  തളര്‍ന്നു ഞങ്ങള്‍ നിന്നു. എത്ര പെട്ടെന്നായിരുന്നു എല്ലാം. ഡോക്ടര്‍ക്ക് വിളിച്ചത് സബൂട്ടി തന്നെയായിരുന്നു. ആ വിളി അവിടെ എത്തിയോ എന്ന് സംശയം. ഡോക്ടറുടെ കിതക്കുന്ന മുഖം വാതില്‍ക്കല്‍. അബ്ബയെ പിടിച്ച് കണ്ണു നിറച്ച് ശിഷ്യനായ ഡോക്ടര്‍ നിന്നു. സെന്തില്‍ എണീറ്റതേയില്ല. തളര്‍ന്നു പോയിരുന്നു അവന്‍. ആരുമില്ലാതെ വീണു പിടയുന്ന അവനെ മോനേ എന്നും വിളിച്ച് നെഞ്ചോടു ചേര്‍ത്തതാണ് ആബിമ്മ. എല്ലാം അവസാനിച്ചിരിക്കുന്നു.

കേട്ടവര്‍ മുഴുവന്‍ പാഞ്ഞെത്തി.അകവും മുറ്റവും നിറഞ്ഞു. കുളിപ്പിച്ച് പനിനീര് തെളിച്ച കഫന്‍പുടവ പൊതിയുമ്പോള്‍ വിറയല്‍ അമര്‍ത്തി.

'നമസ്‌കാരത്തിന് നീ തന്നെ നില്‍ക്ക്. അവള്‍ക്കതാവും ഇഷ്ടം.' നിരസിച്ചില്ല.

'കാരുണ്യത്തിന്റെ പൊരുളേ മകളായി നില്‍ക്കുന്നു. കനിയണം. നിന്റെ സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികള്‍കൊണ്ട് കുളിരായ് നിറയണം.' 

ഞാനപ്പോള്‍ അര്‍ശില്‍ അവന്റെ പുഞ്ചിരി കണ്ടു. എല്ലാമറിയുന്നവന്റെ, കാരുണ്യത്തിന്റെ രാജാവിന്റെ.

'അടുത്ത സ്റ്റോപ്പാണ്.'

കണ്ണടച്ച് ചാരികിടക്കുന്ന എന്നെ ബസിലെ കിളി ഓര്‍മിപ്പിച്ചു. ഏതുറക്കിലും ഈ സ്ഥലം എന്നെ ഉണര്‍ത്തുമെന്ന് മനസ്സില്‍ ചിരിച്ചു.

ബസിറങ്ങി നടക്കുമ്പോള്‍ ഒന്നും വാങ്ങിയില്ലല്ലോ എന്നോര്‍ത്തു. സാധാരണ എന്തെങ്കിലും പഴങ്ങള്‍         കരുതാറുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പിന്നെ അബ്ബ വേവിച്ചതൊന്നും കഴിക്കാറില്ല. എന്തെങ്കിലും പഴങ്ങള്‍ മാത്രമാണ് രാത്രി. വെപ്രാളത്തിനിടയില്‍ എല്ലാം മറന്നു. 

ഗേറ്റ് കടക്കുമ്പോള്‍ കോലായില്‍ നരച്ച മുഖത്തിന്റെ വെളുപ്പ് ആശ്വാസമായി. കണ്ണടച്ച് ചാരുകസേരയില്‍ ഇരിക്കുകയാണ്. സലാമിനു ശേഷം നീണ്ട പ്രത്യഭിവാദ്യം. അതങ്ങനെയാണ്. കിട്ടുന്നതിനേക്കാളേറെ കൊടുക്കുന്ന സ്വഭാവം.

'പേടിച്ചൂല്ലെ?'

ഒന്നും മിണ്ടിയില്ല. ഞാനപ്പോള്‍ തമ്പുരാനോട് സ്തുതി പറയുകയായിരുന്നു. 

'ഈ വയസ്സനിപ്പോ പേടിപ്പിക്കാനും തുടങ്ങി.'

ചിരിച്ചു തന്നെയാണ്. കൂടെ ചിരിച്ചു.

'ഒന്നൂല്ല. കാണണംന്ന് തോന്നി. എന്തെങ്കിലും പോയി കഴിക്ക്.  നിന്റെ ചങ്ങാതി വരൂലെ?'

'ഉച്ചയാകുമ്പോ എത്തും.'

'ഉം' 

അടുക്കളയിലേക്ക് നടന്നു. തൊടിയില്‍ നിന്ന് സെന്തില്‍ ഓടി വന്നു.

'ഇത്താത്ത എപ്പൊ വന്നു?'

'ദാ ഇപ്പൊ മോനൂ.....'

അവനിപ്പോള്‍ തെളിഞ്ഞ മലയാളമുണ്ട്. തൊടിയില്‍ അവിടവിടെ തൂക്കിയിട്ടിരിക്കുന്ന പാത്രങ്ങളില്‍ വെള്ളമൊഴിക്കാന്‍ പോയതാണവന്‍. പക്ഷികള്‍ക്കുള്ള ദാഹജലം.

ചോറും പരിപ്പുകറിയും ചീരത്തോരനും റെഡിയാണ്.

'എന്താടാ ഇന്നത്തെ സ്‌പെഷ്യല്‍?'

'ചീരത്തോരന്‍ മതീന്ന് അബ്ബ പറഞ്ഞു.' 

എനിക്കിഷ്ടപ്പെട്ട സാധനം. വലിയ പാചകക്കാരന്റെ മട്ടും ഭാവവും സെന്തിലിന്റെ മുഖത്ത്. ഇത്തിരി ചോറു തിന്ന് ഫ്രിഡ്ജിലെ മീനെടുത്ത് വെള്ളത്തിലിട്ടു. ഓര്‍ത്തോര്‍ത്തിരിക്കെ ഒരത്ഭുതം പോലെ എല്ലാം മനസ്സില്‍ നിറഞ്ഞു.

(തുടരും)

TAGS :

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top