സംഗീതം, സാഹിത്യം, സംഘാടനം

ആദം അയൂബ്

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആകെ പങ്കെടുത്ത ഒരേയൊരു കലാമത്സരം പ്രഛന്നവേഷ മത്സരമായിരുന്നു. ഒരു മദാമ്മയുടെ വേഷമാണ് ഞാന്‍ അണിഞ്ഞത്. അതില്‍ എനിക്ക് രണ്ടാം സമ്മാനം കിട്ടുകയും ചെയ്തു. പിന്നെ ഞാന്‍ വേഷം കെട്ടാനൊന്നും പോയില്ല. സ്‌കൂളിലെ ദേശീയ ഗാനാലാപനം അവസാനിച്ചെങ്കിലും, സംഗീതത്തോടുള്ള എന്റെ അഭിനിവേശം അവസാനിച്ചില്ല. പാട്ടു നിര്‍ത്തി എന്നത് ശരിയാണ്. പക്ഷേ പാട്ടു പാടല്‍ മാത്രമല്ലല്ലോ സംഗീതം. എന്റെ സംഗീതാഭിരുചി മറ്റു വഴികള്‍ തേടി. എന്റെ സുഹൃത്ത് രവി നന്നായി ഗിറ്റാര്‍ വായിക്കുമായിരുന്നു. അവന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ഞാനും ഗിറ്റാറിന്റെ ആരാധകനായി. ഒരു ആംഗ്ലോ ഇന്ത്യന്‍ സംഗീതാധ്യാപകനാണ് അവനെ ഗിറ്റാര്‍ പഠിപ്പിച്ചിരുന്നത്. 

കൂട്ടത്തില്‍ പറയട്ടെ, ഇതിനിടക്ക് എന്റെ പിതാവ് പ്രവാസം അവസാനിപ്പിച്ച് കുവൈത്തില്‍നിന്ന് മടങ്ങിയിരുന്നു. അദ്ദേഹം നാട്ടില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ട് ബിസിനസ് ആരംഭിച്ചു. എന്റെ അനിയന്‍ അക്ബര്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ അവനെ പിതാവിന്റെ അനിയന്‍ (ഡി.എ സേട്ട്) ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി, അവിടെ പഠിപ്പിക്കാന്‍. അപ്പോള്‍ വീട്ടില്‍ ആണ്‍തരി ആയിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നോടുള്ള അമിത വാത്സല്യം മൂലം എന്റെ  എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാന്‍ ബാപ്പ സന്നദ്ധനായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ മോഹം പറഞ്ഞ ഉടനെ തന്നെ പിതാവ് എനിക്ക് പുതിയ ഗിറ്റാര്‍ വാങ്ങിച്ചുതന്നു. അങ്ങനെ ഞാനും ആ ആംഗ്ലോ ഇന്ത്യന്‍ അധ്യാപകന്റെ ശിക്ഷണത്തില്‍ ഗിറ്റാര്‍ അഭ്യസിക്കാന്‍ തുടങ്ങി. അദ്ദേഹം എനിക്ക് കുറച്ച് ഹിന്ദി സിനിമാ ഗാനങ്ങള്‍ വായിക്കാന്‍ പഠിപ്പിച്ചുതന്നു. പക്ഷേ നാലഞ്ചു ഹിന്ദി പാട്ടുകള്‍ക്കപ്പുറം എന്റെ സംഗീതാഭ്യാസം മുന്നോട്ടുപോയില്ല. എന്നാല്‍ എന്റെ സുഹൃത്ത് രവി കേരളത്തിലെ മികച്ച ഗിറ്റാരിസ്റ്റുകളില്‍ ഒരാളായി മാറി. രവിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന്  'ഹൈജാക്കേഴ്‌സ്' എന്ന ബാന്‍ഡ് ഗ്രൂപ്പിന് രൂപം നല്‍കി. രവി ആയിരുന്നു ലീഡ് ഗിറ്റാരിസ്റ്റ്. ഹരീന്ദ്രന്‍ 

('ഹരിശ്രീ'യുടെ സ്ഥാപകന്‍) ബേസ് ഗിറ്റാരിസ്റ്റ്, കൃഷ്ണന്‍ (കിച്ചന്‍) ഡ്രമ്മര്‍, ജയന്‍ ക്രൂണര്‍ എന്നിവരായിരുന്നു ഗ്രൂപ്പിലെ അന്നത്തെ മറ്റു അംഗങ്ങള്‍. കേരളത്തിലും പുറത്തും അവര്‍ ധാരാളം പരിപാടികള്‍ അവതരിപ്പിച്ചു (രവിയും ഹരിയും ഇന്ന് ജീവിച്ചിരിപ്പില്ല).

എന്റെ സംഗീത സപര്യ നാലഞ്ചു ഹിന്ദി പാട്ടുകളുടെ ട്യൂണുകള്‍ വായിക്കുന്നതില്‍ ഒതുങ്ങി. ഉമ്മയെയും സഹോദരിമാരെയും പിടിച്ചിരുത്തി അതൊക്കെ പലവുരു കേള്‍പ്പിച്ചു. പിന്നെ വിളിച്ചാല്‍ അവര്‍ വരാതെയായി, പുതിയത് വല്ലതും ഉണ്ടെങ്കില്‍ വരാം എന്നായി അവരുടെ പ്രതികരണം. ചില പുതിയ പാട്ടുകള്‍ സ്വയം വായിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും മുഴുമിക്കാന്‍ കഴിഞ്ഞില്ല. 

വായനാശീലം അനുസ്യൂതം വളര്‍ന്നുകൊണ്ടിരുന്നു. മലയാളത്തോടൊപ്പം ഞാന്‍ ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജെയിംസ് ഹാഡ്‌ലീ ചെയ്‌സ് ആയിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ പുസ്തകങ്ങളും ഞാന്‍ അക്കാലത്തു തന്നെ വായിച്ചുതീര്‍ത്തു. മറ്റൊരു രസകരമായ കാര്യം ലൈബ്രറികളിലെ മറ്റാരും ശ്രദ്ധിക്കാത്ത ഹിന്ദി വിഭാഗം ഉപയോഗപ്പെടുത്തുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍. വളരെ കുറച്ചു പുസ്തകങ്ങളേ ആ വിഭാഗത്തില്‍ ഉണ്ടാവാറൂള്ളൂ. അവയില്‍ പലതും ഞാന്‍ വായിച്ചു.   

തേവര കോളേജിലെ കോളേജ് മാഗസിനില്‍ ഒരു കഥ എഴുതിക്കൊണ്ടാണ് സാഹിത്യത്തിലെ എന്റെ രംഗപ്രവേശം. പക്ഷേ കഥ ഹിന്ദിയില്‍ ആയിരുന്നു എന്നു മാത്രം. 'രാത് കേ അന്ധേരെ മേ' എന്ന ഒരു ഹൊറര്‍ കഥയായിരുന്നു അത്. എന്റെ ഫോട്ടോയോടു കൂടി അത് കോളേജ് മാഗസിനില്‍ അച്ചടിച്ചുവന്നു. അങ്ങനെ സംഗീത-സാഹിത്യ രംഗങ്ങളിലെ ചുവടുവെപ്പുകള്‍ക്കൊപ്പം ഞാന്‍ സംഘടനാ പ്രവര്‍ത്തന രംഗത്തും തുടക്കം കുറിച്ചു. കച്ചീ മേമന്‍ സമുദായത്തിലെ യുവാക്കളെ സംഘടിപ്പിച്ച് മേമന്‍ യൂത്ത് ഫോറം എന്ന സംഘടനക്ക് രൂപം നല്‍കി. ഏതാണ്ട് അതേസമയത്തുതന്നെ റോട്ടറി ക്ലബ്ബിന്റെ വിദ്യാര്‍ഥി വിഭാഗമായ റോട്ടറാക്റ്റ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി ആയി. പിന്നെ വൈ.എം.സി.എയുടെ വിദ്യാര്‍ഥി വിഭാഗമായ യുനിവൈ ക്ലബ്ബിന്റെയും ഭാരവാഹിയായി. മേമന്‍ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'മേമന്‍ മിറര്‍' എന്ന ത്രൈമാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതില്‍ ഞാന്‍ മലയാളത്തില്‍ കഥകളും ലേഖനങ്ങളും എഴുതി. അതോടൊപ്പം തന്നെ റോട്ടറി ക്ലബ്ബിന്റെ ഇംഗ്ലീഷ് ബുള്ളറ്റിനില്‍ ഇംഗ്ലീഷിലും ലേഖനങ്ങള്‍ എഴുതി. അങ്ങനെ സംഗീത, സാഹിത്യ, സാമൂഹിക രംഗങ്ങളില്‍ പരിലസിക്കുന്ന മകനെക്കുറിച്ച് പിതാവ് ഹര്‍ഷപുളകിതനായി ഇരിക്കുന്ന സമയത്താണ് പ്രീഡിഗ്രി പരീക്ഷ എഴുതുന്നത്. മറ്റെല്ലാ വിഷയങ്ങളും സാമാന്യം നന്നായി എഴുതിയെങ്കിലും, കെമിസ്ട്രി പരീക്ഷ കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു അങ്കലാപ്പായിരുന്നു. കെമിസ്ട്രിയുടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഞാന്‍ എല്ലാം തെറ്റിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ തോറ്റു. തോറ്റത് ഒരു വിഷയത്തിന് മാത്രമാണെങ്കിലും ഒരു വര്‍ഷം പോയിക്കിട്ടി. എന്നാല്‍ അതോടെ പൊലിഞ്ഞുപോയത് എന്നെ ഡോക്ടര്‍ ആക്കാനുള്ള എന്റെ പ്രിയപ്പെട്ട പിതാവിന്റെ സ്വപ്‌നമായിരുന്നു. എന്നേക്കാളുപരി എന്റെ പരാജയം അദ്ദേഹത്തെയാണ് അസ്വസ്ഥനാക്കിയത്. മകനെ ഓര്‍ത്ത്  അഭിമാനംകൊണ്ട ബാപ്പക്ക്, എന്നെ ലാളിച്ചു വഷളാക്കിയെന്ന ഉമ്മയുടെ പരാതികളും കേള്‍ക്കേണ്ടിവന്നു.

കൈയില്‍ ഗിറ്റാറും പരാജിതന്റെ ദുഃഖവുമായി ഞാന്‍ രവിയുടെ വീട്ടില്‍ ചെന്നപ്പോള്‍ രവിയുടെ അഛന്‍ അഡ്വക്കറ്റ് കുട്ടികൃഷ്ണ മേനോന്‍ ചോദിച്ചു; 'അപ്പൊ ഗിറ്റാരിസ്റ്റുകള്‍ രണ്ടു പേരും തോറ്റൂ അല്ലേ?' അപ്പോഴാണ് രവിയും തോറ്റ വിവരം ഞാനറിയുന്നത്. ഞങ്ങള്‍ രണ്ടു പേരും രവിയുടെ മുറിയില്‍ കയറിയിരുന്ന് ഗിറ്റാറില്‍ ഒരു ശോകഗാനം പാടി പിരിയാന്‍ തീരുമാനിച്ചു. ഗിറ്റാറിന്റെ ലോല തന്ത്രികളില്‍ ഞങ്ങളുടെ ഹൃദയരാഗം മീട്ടിക്കൊണ്ട് ഞങ്ങള്‍ സൃഷ്ടിച്ച വേദനയുടെ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ തളംകെട്ടിനില്‍ക്കെ ഞങ്ങള്‍ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. ഏതൊരു ഹൃദയത്തെയും ആര്‍ദ്രമാക്കുന്ന ശോക സംഗീതമാണ് ഞങ്ങള്‍ ഗിറ്റാറിലൂടെ ആവിഷ്‌കരിച്ചത്. എന്നാല്‍ ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് രവിയുടെ സഹോദരിമാര്‍ മുഖം പൊത്തി ചിരിക്കുന്നതാണ്. അനുകമ്പയില്ലാത്ത ഈ സമൂഹത്തോട് വിടപറഞ്ഞ് സെക്കന്റ് ഗ്രൂപ്പുകാരനായ ഞാനും തേഡ് ഗ്രൂപ്പുകാരനായ അവനും വെവ്വേറെ ട്യൂട്ടോറിയലുകള്‍ തേടി തല്‍ക്കാലം പിരിഞ്ഞു.

അന്നൊക്കെ മാര്‍ച്ചില്‍ തോറ്റാല്‍ സെപ്റ്റംബറില്‍ വീണ്ടും പരീക്ഷ എഴുതാം. അങ്ങനെ സെപ്റ്റംബര്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി ഞാന്‍ എറണാകുളത്തുള്ള വിസ്ഡം ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് ഹനീഫയെ പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് പ്രസിദ്ധ സിനിമാനടന്‍ ആയിത്തീര്‍ന്ന  കൊച്ചിന്‍ ഹനീഫ. സെന്റ് ആല്‍ബെര്‍ട്ട്‌സ്  കോളേജില്‍നിന്ന് പ്രീഡിഗ്രിക്ക് തോറ്റിട്ടാണ് ഇഷ്ടന്‍ ട്യൂട്ടോറിയലില്‍ എത്തിയത്. ഹനീഫ കോളേജില്‍ പഠിക്കുന്ന കാലത്ത് എന്നും യൂനിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സത്യന്‍, ശിവാജി ഗണേശന്‍ എന്നിവരെ അനുകരിക്കാന്‍ ഹനീഫ മിടുക്കനായിരുന്നു (അന്ന് മിമിക്രി വലിയ പ്രചാരം നേടിയിട്ടില്ല). ഏതായാലും വിസ്ഡം ട്യൂട്ടോറിയല്‍ കോളേജിലെ വിദഗ്ധമായ പരിശീലനം കൊണ്ട് സെപ്റ്റംബര്‍ പരീക്ഷ ഞങ്ങള്‍ അനായാസം പാസായി. 

അടുത്ത അധ്യയനവര്‍ഷം തുടങ്ങാന്‍ ഇനിയും ആറേഴു മാസമുണ്ട്. അപ്പോള്‍ എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്ന സിനിമാ മോഹം വീണ്ടുമുണര്‍ന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന വിജ്ഞാപനം പത്രത്തില്‍ കണ്ടതും പ്രചോദനമായി. തുടര്‍ന്ന്  പഠിക്കാന്‍ മിനക്കെടാതെ ഇപ്പോള്‍ തന്നെ സിനിമയിലേക്ക് പ്രവേശിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. സിനിമയില്‍ എന്താകണം എന്നും ഞാന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു-ക്യാമറാമാന്‍! അതായിരുന്നു സ്വപ്‌നം. വിഷയം പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു. മറ്റു പല ആണ്‍കുട്ടികളെയും പോലെ പിതാവിന് മുന്നില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്ക് മാതാവിന്റെ മധ്യസ്ഥത ആവശ്യമുണ്ടായിരുന്നില്ല. വാസ്തവത്തില്‍ എന്റെ സിനിമാ മോഹത്തോട് ഉമ്മാക്ക് വലിയ പ്രതിപത്തി ഇല്ലായിരുന്നു. ഡോക്ടര്‍ ആയില്ലെങ്കില്‍ ഞാന്‍  ഒരു ബാങ്ക് ഉദ്യോഗസ്ഥനെങ്കിലും ആകണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. അതിനാല്‍ അവിടെനിന്നും പിന്തുണ കിട്ടുകയില്ല എന്നറിയാമായിരുന്നതുകൊണ്ടാണ് ഞാന്‍ കേന്ദ്രത്തെ നേരിട്ട് സമീപിച്ചത്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന വിജ്ഞാപനത്തിന്റെ പത്രവാര്‍ത്ത  ഞാന്‍ പിതാവിനെ കാണിച്ചു. അദ്ദേഹം അത് മുഴുവന്‍ വായിച്ചതിനു ശേഷം ഏതു കോഴ്‌സിനു ചേരാനാണ് താല്‍പര്യം എന്ന് ചോദിച്ചു. 'സിനിമാട്ടോഗ്രഫി'- ഞാന്‍ സംശയലേശമന്യേ പറഞ്ഞു. അദ്ദേഹം അനുവാദം തന്നതനുസരിച്ച് ഞാന്‍ അപേക്ഷാ ഫോറം വരുത്തി, എല്ലാ ഔപചാരികതകളും പൂര്‍ത്തിയാക്കി, അപേക്ഷ അയച്ചു. പിന്നെ സിനിമാ ജീവിതവും സ്വപ്‌നം കണ്ടു കാത്തിരിപ്പായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു കത്ത് വന്നു. കത്ത് പൊട്ടിച്ചു വായിച്ചപ്പോള്‍ ഞാന്‍ നിരാശനായി. സിനിമാട്ടോഗ്രഫി കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത ഇന്റര്‍മീഡിയറ്റ് ആണെന്നും, കേരളത്തിലെ പ്രീഡിഗ്രി ഇന്റര്‍മീഡിയറ്റിനു തുല്യമാണെങ്കില്‍ അത് തെളിയിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ഒരാഴ്ചക്കകം നേരിട്ട് ഹാജാരാകാനുമായിരുന്നു കത്തിലെ നിര്‍ദേശം. അതുമായി ഞാനും പിതാവും വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികള്‍ കയറിയിറങ്ങി. പക്ഷേ പ്രീഡിഗ്രി ഇന്റര്‍മീഡിയറ്റിനു തുല്യമല്ല എന്ന ഔദ്യോഗിക വിശദീകരണമാണ് ലഭിച്ചത്. ഡിഗ്രി ഒന്നാം വര്‍ഷമാണ് ഇന്റര്‍മീഡിയറ്റിനു തുല്യം. അതോടെ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള എന്റെ മോഹം പൊലിഞ്ഞു.

പക്ഷേ സിനിമയല്ലാതെ മറ്റൊരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാതെ സിനിമയില്‍ കടന്നുകൂടാനുള്ള വഴികള്‍ ആലോചിച്ചു. അപ്പോഴാണ് കൊച്ചിയിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയെക്കുറിച്ച് ഓര്‍ത്തത്. 'കലാലയ ഫിലിംസ്', 'സുബൈദ', 'ഡോക്ടര്‍', 'ബാല്യകാല സഖി', 'വിലക്കപ്പെട്ട ബന്ധങ്ങള്‍', 'ജലകന്യക' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ആയിരുന്നു അവര്‍. അതിന്റെ നിര്‍മാതാക്കള്‍ കച്ചി മേമന്‍ സമുദായക്കാരായിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും സ്വന്തം പേരുകള്‍ ടൈറ്റിലിലോ പോസ്റ്ററിലോ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പരസ്യത്തിലും ടൈറ്റിലിലും 'നിര്‍മാണം-കലാലയ ഫിലിംസ്' എന്നു മാത്രമായിരുന്നു. അവരുടെ മാനേജരും 'ചക്രധാരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കഥാകൃത്തുമായ എം. ഹുസൈന്‍ സേട്ട് എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു. അവരുടെ ചിത്രങ്ങളില്‍ ഒരു അസിസ്റ്റന്റ് ആയി ചേരുക എന്നതായിരുന്നു എന്റെ ആഗ്രഹം. പിതാവ് എന്റെ ആഗ്രഹവുമായി ചക്രധാരിയെ സമീപിച്ചു. എന്നാല്‍ അവരുടെ അടുത്ത ചിത്രം തുടങ്ങാന്‍ കുറേ താമസമുള്ളതുകൊണ്ട് അവരുടെ സ്ഥിരം ക്യാമറാമാന്‍ ആയ യു. രാജഗോപാലിന്റെ അസിസ്റ്റന്റ് ആയി ചേര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത  കേട്ട് ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അന്ന് അറിയപ്പെടുന്ന ഒരു ക്യാമറാമാന്‍ ആയിരുന്നു യു. രാജഗോപാല്‍. ചെമ്മീനില്‍ മാര്‍കസ് ബാര്‍ട്‌ളിയുടെ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. 

യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം ഞാന്‍ ഒരിക്കല്‍കൂടി 'ഒീം ീേ എശഹാ' എന്ന പുസ്തകം ശ്രദ്ധയോടെ വായിച്ചു. രാജഗോപാല്‍ എന്തെങ്കിലും സാങ്കേതികമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ തെറ്റാതെ ഉത്തരം പറയണമല്ലോ!

അങ്ങനെ ചക്രധാരിയുടെ കത്തുമായി യു. രാജഗോപാലിനെ കാണാന്‍ ഞാന്‍ മദ്രാസിലേക്ക് യാത്രയായി. പതിനെട്ടാമത്തെ വയസ്സില്‍ മദിരാശിയിലേക്ക് ആദ്യമായി ഒറ്റക്ക് യാത്രചെയ്യുന്ന എനിക്ക് കൂട്ടിന് ഒരാളെ കിട്ടി. എന്റെ സുഹൃത്ത് മുഹമ്മദാലിയുടെ ക്ലാസ്‌മേറ്റായ സാദിഖ് പാഷ. അദ്ദേഹം  അതേ ട്രെയ്‌നില്‍ മദിരാശിയിലെ തന്റെ വീട്ടിലേക്കു പോവുകയായിരുന്നു. അപരിചിതമായ നഗരത്തിലേക്ക് ആദ്യമായി പോകുമ്പോള്‍, മദ്രാസ്വാസിയായ അദ്ദേഹത്തെ കിട്ടിയത് വലിയൊരു അനുഗ്രഹമായി. കൂട്ടുകാര്‍ എന്നെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിരുന്നു. വലിയൊരു ക്യാമറാമാന്‍ ആയി തിരിച്ചുവരട്ടെ എന്ന് അവര്‍ ആശംസകള്‍ നേര്‍ന്നു.

സിനിമാലോകം എന്നെ സ്വീകരിക്കാന്‍ രണ്ടു കൈയും നീട്ടി കാത്തിരിക്കുന്നു എന്ന് സ്വപ്‌നം കണ്ടുകൊണ്ട്, വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി ഞാന്‍ മദിരാശിയിലേക്ക് വണ്ടികയറി. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top